ഓസ്കാർ നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകൾ

  397

  Rajeeb Alathur 

  ഓസ്കാർ നോമിനേറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകൾ

  മദർ ഇന്ത്യ (1957)

  1957 ൽ പുറത്തിറങ്ങിയ മെഹബൂബ് ഖാൻ സംവിധാനം ചെയ്ത ഹിന്ദി സിനിമയാണ് “മദർ ഇന്ത്യ”. ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമയായിരുന്നു മദർ ഇന്ത്യ. മെഹബൂബ് ഖാന്റെ മുൻ ചിത്രമായ ഔറത്തിന്റെ (1940) റീമേക്കായിരുന്നു ഈ സിനിമ. രാധ (നർഗിസ്) എന്ന ദാരിദ്ര്യബാധിതയായ ഗ്രാമീണ സ്ത്രീ ഭർത്താവിന്റെ അഭാവത്തിൽ, തന്റെ മക്കളെ വളർത്താനും തന്ത്രപൂർവ്വം പണമിടപാടുകാരെ അതിജീവിക്കാനും പല കഷ്ടതകൾക്കിടയിലും അവൾ പോരാടുന്ന കഥയാണിത്. അക്കാലത്തെ ഏറ്റവും ചെലവേറിയ ഹിന്ദി സിനിമാ നിർമ്മാണങ്ങളിലൊന്നായ ഈ ചിത്രം അതുവരെ ഇറങ്ങിയ ഏതൊരു ഇന്ത്യൻ ചിത്രത്തിനേക്കാളും ഏറ്റവും കൂടുതൽ കളക്ഷൻ നേടി വൻ ഹിറ്റായി മാറിയിരുന്നു. ഈ സിനിമ മുംബൈയിലെ ഒരു തിയേറ്ററിൽ ഒരു കൊല്ലത്തോളം ഓടിയിരുന്നു. പല അവാർഡുകളും വാരിക്കൂട്ടിയ ഈ സിനിമ 1958 ൽ മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിൽ മറ്റ് നാല് വിദേശ സിനിമകളോടൊപ്പം ഓസ്കാർ അവാർഡിനും നോമിനേറ്റ് ചെയ്യപ്പെട്ടു. മറ്റ് ചിത്രങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ഈ സിനിമയായിരുന്നു സത്യത്തിൽ എല്ലാവിധത്തിലും ഓസ്കാർ അർഹിക്കുന്നതെന്ന് മെഹബൂബ് ഖാൻ ഉറച്ച് വിശ്വസിച്ചിരുന്നു. ചിത്രം അക്കാദമി അവാർഡ് നേടുന്നതിന് വളരെ അടുത്തെത്തിയാതായിരുന്നു പക്ഷെ ജൂറികളുടെ ഒരു വോട്ടിന് അവാർഡ് ഇറ്റാലിയൻ സിനിമയായ നൈറ്റ്സ് ഓഫ് കരീബിയക്ക്‌ പോയി. അങ്ങനെ ഒരു വോട്ടിന്റെ കുറവിൽ മദർ ഇന്ത്യക്ക് ഓസ്കാർ നഷ്ടമാവുകയായിരുന്നു.Related image

  സലാം ബോംബെ (1988)

  1988 ൽ മീരാ നായർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് സലാം ബോംബെ. ബോംബെ നഗരത്തിൽ കുടുങ്ങിയ ഒരു കുട്ടിയുടെ നരകതുല്യമായ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. മോട്ടോർ വർക്ക്ഷോപ്പിൽ ജോലിചെയ്യുന്ന ചേട്ടൻ കൊണ്ടുവന്ന ബൈക്ക് അരിശത്തിനു കത്തിച്ചതിനാൽ അതിനു വേണ്ട പണമായ അഞ്ഞൂറു രൂപ ഉണ്ടാക്കാൻ അമ്മ സർക്കസ്സിൽ കൊണ്ടാക്കിയ ഗ്രാമീണനായ കൃഷ്ണ എന്ന കുട്ടി അവിടെനിന്നും മഹാനഗരമായ ബോംബെയിലും പിന്നീട് പോക്കറ്റടിക്കാർക്കും കാമാട്ടിപുരയിലെ ലൈംഗികതൊഴിലാളികൾക്കും മയക്കുമരുന്നുകാർക്കും ഒക്കെ ഒപ്പം ജീവിക്കുന്നു. ബോംബെയിലെ ചേരികളിൽ താമസിക്കുന്ന കുട്ടികളുടെ ദൈനംദിന ജീവിതത്തെ ഈ ചിത്രം വിവരിക്കുന്നു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യയിലെ രണ്ടാമത്തെ ചലച്ചിത്രമായിരുന്നു സലാം ബോംബെ. പക്ഷെ ആ വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ ഡാനിഷ് ചിത്രമായ പെല്ലെ ദി കോൺക്വററിനായിരുന്നു ലഭിച്ചത്.Image result for salam bombay

  ലഗാൻ (2001)

  2001 ൽ പുറത്തിറങ്ങിയ ആമിർ ഖാന്റെ ഹിന്ദി ചലച്ചിത്രമാണ് ‘ലഗാൻ’. അശുതോഷ് ഗോവാരിക്കർ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് കെ പി സക്സേനയാണ്. കഥയുടെ ആശയം അശുതോഷ് ഗോവാരിക്കർ 1996 മുതലുള്ള പ്രയത്നങ്ങൾക്കൊടുവിലാണ് രൂപവത്കരിച്ചത്. സിനിമയിൽ ജാവേദ് അക്തറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.ആർ. റഹ്‌മാൻ ആയിരുന്നു. ബ്രിട്ടിഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സൽ എന്ന ബ്രിട്ടീഷ് ഭരണാധികാരി തന്റെ ഗ്രാമത്തിൽ വളരെ വലിയ ഭൂനികുതി ഏർപ്പെടുത്തി. ഇതിൽ കുപിതനായ ഭുവൻ എന്ന ചെറുപ്പക്കാരൻ ഗ്രാമവാസികളോട് ഈ നടപടി എതിർക്കാൻ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ ക്യാപ്റ്റൻ റസ്സൽ ഒരു നിർദ്ദേശം വെച്ചു, “ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം”. അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം. ദേശിയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലഗാൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ ചിത്രമായിരുന്നു ലഗാൻ. ഇന്ത്യൻ ജനത ഒന്നടങ്കം ഈ സിനിമയുടെ ഓസ്കാർ വിജയത്തിനായി കാത്തിരുന്നെങ്കിലും നിർഭാഗ്യവശാൽ ലഗാനെ തഴഞ്ഞു അക്കൊല്ലത്തെ ഓസ്കാർ ബോസ്‌നിയൻ ചിത്രമായ ‘നോ മാൻസ് ലാന്റ്’ നു കൊടുക്കുകയായിരുന്നു ജൂറികൾ ചെയ്തത്.

  Image result for lagan