വൻ കുറ്റകൃത്യങ്ങളെല്ലാം ചെയ്തത് ആസ്തികന്മാരാണ്, നാസ്തികന്മാർ അമ്പലങ്ങളും പള്ളികളും കത്തിക്കുകയോ ജനങ്ങളെ കൊല്ലുകയോ ചെയ്തിട്ടില്ല

0
92

ഓഷോ

വിദ്യാഭ്യാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും എന്തെങ്കിലും പറയുന്നതിന് മുമ്പേ മതം എന്നതുകൊണ്ട് ‘ മതങ്ങൾ ‘ എന്നല്ല ഞാൻ അർത്ഥമാക്കുന്നതെന്ന് നിങ്ങളോട് പറയേണ്ടതായ അത്യാവശ്യമുണ്ട്. ഒരു ഹിന്ദുവോ, മുഹമ്മദീയനോ ആയിരിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മതാത്മകരായിരിക്കുക എന്നത്. ഏതെങ്കിലും ഒരു മതവിശ്വാസം പിന്തുടരുക എന്നതല്ല മതാത്മകനായിരിക്കുക എന്നത്, നേരെ മറിച്ച് യഥാർത്ഥ മതാത്മകനായിരിക്കുക എന്നതിന് അത് വലിയ തടസ്സവുമാണ്. ഒരാൾ എക്കാലത്തോളം ഒരു ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആയിരുന്നുവോ അക്കാലത്തോളം അയാൾക്ക് യഥാർത്ഥ മതാത്മകനായിരിക്കാൻ സാധിക്കില്ല. വിദ്യാഭ്യസത്തെക്കുറിച്ചും മതത്തെക്കുറിച്ചും ചിന്തിക്കുന്ന എല്ലാവർക്കും മതത്തെ വിദ്യാഭ്യാസത്തോട് ബന്ധപ്പെടുത്തേണ്ടവർക്കും മതം എന്നതിനർത്ഥം ഹിന്ദു, മുഹമ്മദീയൻ അല്ലെങ്കിൽ ക്രിസ്ത്യൻ എന്നാണ്. അത്തരം മതപഠനങ്ങൾ മതബോധം കൊണ്ടുവരുന്നില്ല എന്നുമാത്രമല്ല ഒരു മനുഷ്യനെ മതവിരുദ്ധൻ ആക്കുകകൂടി ചെയ്യും. കഴിഞ്ഞ അയ്യായിരം വർഷങ്ങളായി ഇത്തരം വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നല്കികൊണ്ടിരിക്കുന്നത്. എന്നാൽ ഇതുവരെയായി ഒരു നല്ല മനുഷ്യനേയോ ഒരു നല്ല സമൂഹത്തെയോ സൃഷ്ട്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഹിന്ദുവിന്റെയും ഇസ്‌ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും പേരിൽ മറ്റെന്തിനേക്കാളും ഉണ്ടായത് കൂടുതൽ രക്തച്ചൊരിച്ചലും അക്രമവും മതവിരുദ്ധതയുമാണ്.

ഒരു മതത്തിലും വിശ്വാസമില്ലാത്ത നാസ്തികന്മാർ ഒരിക്കലും ഇത്തരം വൃത്തിഹീനമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളല്ല എന്നത് ആശ്ചര്യജനകമായ കാര്യമാണ്. വൻ കുറ്റകൃത്യങ്ങളെല്ലാം ചെയ്തത് ആസ്തികന്മാരാണ്. നാസ്തികന്മാർ അമ്പലങ്ങളും പള്ളികളും കത്തിക്കുകയോ ജനങ്ങളെ കൊല്ലുകയോ ചെയ്തിട്ടില്ല. ആസ്തികന്മാരാണ് മനുഷ്യരെ കൊന്നത്. ആസ്തികന്മാർ മാത്രമാണ് മനുഷ്യനെ മനുഷ്യനിൽ നിന്നും വിഭജിച്ച് മാറ്റിയത്. സ്വയം മതവിശ്വാസികളെന്ന് പറഞ്ഞവർ ആരാണോ അവരാണ് ഒരു മനുഷ്യനും മറ്റൊരു മനുഷ്യനുമിടയിൽ ചുമരുകൾ തീർത്ത് വേർതിരിച്ചത്. വചനങ്ങളും തത്വശാസ്ത്രങ്ങളും വേദപാഠങ്ങളും ഒരു മനുഷ്യനെ മറ്റൊരു മനുഷ്യന്റെ ശത്രുവാക്കിത്തീർത്തിട്ടുണ്ട്. മതവിശ്വാസങ്ങളും ‘ ഇസങ്ങളും ‘ കരകയറാൻ പറ്റാത്ത കുഴികൾ നിർമ്മിക്കുകയും മനുഷ്യത്വത്തെ ചെറിയതും സ്വയംകൃതവുമായ ദ്വീപുകളിൽ തടവിലാക്കുകയും ചെയ്തു.

മതത്തിന്റെ പേരിൽ ഇത്തരമൊരു വിദ്യാഭ്യാസം തുടരുന്നത് തികച്ചും ആപത്ക്കരമാണ്. അത്തരം വിദ്യാഭ്യാസം മതസംബന്ധിയല്ല, അതായിരുന്നിട്ടുമില്ല, ഭാവിയിൽ അങ്ങിനെയായിത്തീരുകയുമില്ല. കാരണം അത് പഠിച്ചവരെല്ലാം തന്നെ നല്ല മനുഷ്യരായി തീരുന്നതിൽ പരാജയപ്പെട്ടവരാണ്. ഈ വിദ്യാഭ്യാസം കൊണ്ടുണ്ടായ സംഘർഷങ്ങൾ മനുഷ്യമനസ്സിൽ അത്രയും അക്രമവും കോപവും വിരോധവും നിറയ്ക്കുകയാണ് ചെയ്തത്.
അതുകൊണ്ട് ആദ്യമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് വിദ്യാഭ്യാസവും മതവും എന്നതുകൊണ്ട് ഏതെങ്കിലും മതവിശ്വാസത്തിലോ അതിന്റെ തത്വങ്ങളിലോ വിശ്വാസങ്ങളിലോ ഉള്ള വിദ്യാഭ്യാസം എന്നല്ല ഞാൻ അർത്ഥമാക്കുന്നത് എന്നാണ്. നമുക്ക് വിദ്യാഭ്യാസത്തെ മതത്തോട് ബന്ധപ്പെടുത്തണമെങ്കിൽ മതത്തിന് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നീ വാക്കുകളോടുള്ള ബന്ധം ആദ്യമേ അറുത്തുമാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസവുമായി യാതൊരു മതവിശ്വാസത്തിനും ബന്ധമുണ്ടായിരിക്കരുത്.

ഒരു മതാത്മക സംസ്ക്കാരം രൂപപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ഹിന്ദുവോ മുഹമ്മദീയനോ ക്രിസ്ത്യനോ ആയിരിക്കരുത്. അത് പാശ്ചാത്യമോ പൗരസ്ത്യമോ ആയിരിക്കരുത്. അത്തരമൊരു സംസ്ക്കാരം എല്ലാവർക്കും ഉള്ളതായിരിക്കണം. അത് ഏതെങ്കിലും ഒരു വിഭാഗത്തിന് ഉള്ളതാവാൻ പാടില്ല. കാരണം നമ്മൾ മനുഷ്യത്വത്തെ വിഭജിച്ചു നിർത്തുന്ന കാലത്തോളം ശത്രുതയിൽ നിന്നും യുദ്ധങ്ങളിൽ നിന്നും മോചിതരാകാൻ നമുക്ക് കഴിയില്ല. മനുഷ്യനെ മനുഷ്യനിൽ നിന്നും വേർതിരിച്ചു നിർത്തുന്ന ചുവരുകൾ നമുക്ക് തകർക്കാൻ കഴിഞ്ഞാൽ മാത്രമേ സ്നേഹത്തിലും ആനന്ദത്തിലും കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ നമുക്ക് കഴിയൂ.
എല്ലാ സംഘർഷങ്ങളുടെയും ശണ്ഠകളുടെയും പുറകിൽ ‘ ഇസങ്ങളാണ് ‘ ഇസങ്ങൾ മതപരമോ രാഷ്ട്രീയമോ ആകട്ടെ അവ സംഘർഷങ്ങൾ ഉണ്ടാക്കുന്നു ഈ സംഘർഷങ്ങൾ ആത്യന്തികമായും യുദ്ധത്തിലേക്ക് നയിക്കപ്പെടുന്നു. ഇന്നുപോലും സോവിയറ്റ് കമ്മ്യൂണിസവും അമേരിക്കൻ ഡെമോക്രസിയും രണ്ട് മതങ്ങളായി വിഭജിക്കപ്പെട്ടു കഴിഞ്ഞു. ഇത് രണ്ടു മതങ്ങൾ തമ്മിലുള്ള യുദ്ധം പോലെ ആയിക്കഴിഞ്ഞു. ചിന്തയുടെ പുറത്ത് സംഭവിക്കുന്ന ഈ മനുഷ്യത്വവിഭജനം അവസാനിപ്പിക്കാൻ കഴിയില്ലേ..? വെറുമൊരു ചിന്തപോലെ കാതലില്ലാത്ത കാര്യങ്ങൾക്ക് വേണ്ടി മനുഷ്യനെ കൊല്ലണോ..? എന്ന് ഞാൻ നിങ്ങളോട് ചോദിക്കുന്നു.
എന്നാൽ ഇക്കാലമത്രയും അതാണ്‌ സംഭവിച്ചത്. മതത്തിന്റെയും രാഷ്ട്രങ്ങളുടെയും പേരിൽ രൂപീകരിക്കപ്പെട്ട സംഘടനകളൊന്നും സ്നേഹത്തിന്റെ സംഘടനകളല്ല മറിച്ചു പരസ്പര വിധ്വേഷത്തിന്റെ സംഘടനകളാണ്. ഏതെങ്കിലുമൊരു വർഗ്ഗം സംഘടിച്ചാൽ മറ്റൊരു വർഗ്ഗത്തോടുള്ള വിരോധവും സംഘടിക്കപെടും എന്ന് അഡോൾഫ് ഹിറ്റ്ലർ എവിടയോ പറഞ്ഞിട്ടുണ്ട്. അയാളത് പറയുക മാത്രമല്ല അത് ചെയ്യുകയും അത് ഫലവത്തായി കാണുകയും ചെയ്തിട്ടുണ്ട്.

‘മുഹമ്മദീയർ അപകടത്തിലാണ്’ എന്ന മുദ്രാവാക്യത്തിലൂടെ മുഹമ്മദീയരെ സംഘടിപ്പിക്കാനാകും. ‘ഹിന്ദുക്കൾ അപകടത്തിലാണ്’ എന്ന മുദ്രാവാക്യത്തിലൂടെ ഹിന്ദുക്കളെ സംഘടിപ്പിക്കാനാകും. അപകടം ഭീതിയെ സൃഷ്‌ടിക്കുന്നു. ആരെയാണോ നമ്മൾ പേടിക്കുന്നത് അവരോട് നമുക്ക് വിരോധമുണ്ടാകും. അതുകൊണ്ട് എല്ലാ സംഘടനകളും മതങ്ങളും വിധ്വേഷത്തിന്റെയും ഭീതിയുടെയും മേലാണ് നിലനിൽക്കുന്നത്. എല്ലാ മതങ്ങളും സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് വേണ്ടത് ഐക്യമാണ്, ആത്യന്തികമായി അവർ വിധ്വേഷത്തിന്റ സഹായം മാത്രം തേടുന്നു. അപ്പോൾ സ്നേഹം കേവലം വ്യർത്ഥവചനവും വിധ്വേഷം അടിത്തറയുമായിത്തീരുന്നു.
അതുകൊണ്ട് ഞാൻ പറയുന്ന മതം ഏതെങ്കിലും സംഘമോ സംഘടനയോ അല്ല. അതൊരു ആദ്ധ്യാത്മിക വ്യാപാരമാണ്. അതൊരാളുടെ വ്യക്തിഗത അനുഭവമാണ്. ഒരു ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നതിൽ അതിന് താൽപ്പര്യമില്ല. സത്യത്തിൽ മതപരമായ അനുഭവങ്ങൾ അടിസ്ഥാനപരമായും വ്യക്തിഗതമാണ്.

നമ്മുടെ എല്ലാ സംഘടനകളും, മതങ്ങളും സ്ഥാപിക്കപ്പെട്ടത് വിധ്വേഷത്തിന്റ മേലാണ്. ഞാനും നിങ്ങളും തമ്മിൽ വിരോധം സൃഷ്ട്ടിക്കുന്നത് എന്തുതന്നെയായാലും അത് മതമായിരിക്കില്ല. ക്രിസ്തുമതം സ്നേഹത്തെക്കുറിച്ചു സംസാരിക്കുന്നു എന്നാൽ ക്രിസ്ത്യാനികൾ കൊന്നതുപോലെ മറ്റാരും ആളുകളെ കൊന്നിട്ടില്ല. മുഹമ്മദീയ മതം ഒരു സമാധാനത്തിന്റെ മതമാണ്. എന്നാൽ അശാന്തി വിതക്കുന്നതിൽ മറ്റാരാണ് ഇത്രയേറെ വിജയം വരിച്ചിട്ടുള്ളത്.
മതത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട സംഘടിക്കപെട്ട സംഘടനകൾക്ക് ദൈവമോ സ്നേഹമോ പ്രാർത്ഥനയോ മതവുമായോ യാതൊരു ബന്ധവുമില്ല. നിങ്ങളുടെ അസൂയയും വിധ്വേഷവും മാത്രമാണ് സംഘടിക്കപ്പെട്ടത്. അല്ലെങ്കിൽ പള്ളികൾ തകർക്കാനും അമ്പലങ്ങൾ കത്തിക്കാനും വിഗ്രഹങ്ങൾ നശിപ്പിക്കാനും ജനങ്ങളെ കൊല്ലാനും എങ്ങിനെയാണ് സാധിക്കുക എന്നാൽ ഇതാണ് സംഭവിക്കുന്നതും ഒരുപാട് കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതും. ഇതാണ് മതമെങ്കിൽ ഞാൻ ചോദിക്കുന്നു പിന്നെ ഏതാണ് മതവിരോധം? മതഭ്രാന്തല്ല മതം.മതഭ്രാന്ത് ഒളിപ്പിച്ചു വച്ച മതവിരോധം മാത്രമാണ്. അതുകൊണ്ട് മതവിദ്യാഭ്യാസത്തിന്റ ഒന്നാമത്തെ വ്യവസ്ഥ. എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള മതത്തിന്റെ സ്വാതന്ത്ര്യമാണ്.

എന്നാൽ മതവിശ്വാസികൾ എന്നുപറയുന്നവർ മതത്തിന്റെ പേരിൽ കുട്ടികളിലേക്ക് കടത്തിവിടുന്നത് വർഗ്ഗീയ വിഷമല്ലാതെ മറ്റൊന്നുമല്ല. എന്തിനാണവരിതു ചെയ്യുന്നത്? യഥാർത്ഥത്തിൽ അവർക്ക് മതത്തിൽ താൽപ്പര്യമുണ്ടോ? ഇല്ല അവർക്ക് അവരുടെ മതത്തിലാണ് താല്പര്യം. അത്തരം താല്പര്യം മതവിരോധമാണ്. മതം എപ്പോഴാണോ നിങ്ങളുടേതോ എന്റെതോ ആയിത്തീരുന്നത് അപ്പോഴത്‌ മതമല്ലാതായിത്തീരുന്നു. എവിടെ അത് എന്റെതോ നിന്റേതോ അല്ലാതാവുന്നുവോ അവിടെയാണത് ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിന്റ തുടക്കം.
മതവിദ്യാഭ്യാസത്തിൽ മതവിശ്വാസികളെന്ന് വിളിക്കപ്പെടുന്നവർ കാണിച്ച താൽപര്യത്തിൽ ചൂഷണങ്ങളിൽ വേരോടിയിരിക്കുന്ന സ്വാർത്ഥ താല്പര്യങ്ങളാണുള്ളത്. യുവതലമുറ ഇന്നകപ്പെട്ടിരിക്കുന്ന തടവറയിൽ നിന്ന് രക്ഷപ്പെട്ടാൽ ഒരു സമൂഹത്തിന്റെ ജീവിതത്തിൽ അടിസ്ഥാനപരമായ ഒരു വിപ്ലവം സാധ്യമായിത്തീരും. അത്തരമൊരു വിപ്ലവത്തിന് എണ്ണമറ്റ ഫലങ്ങളുണ്ടാകും. അതിൽ എല്ലാത്തരം താല്പര്യങ്ങൾക്കും മുറിവേൽക്കുകയും, മനുഷ്യരെ തമ്മിലടുപ്പിച്ചു ജീവിത വരുമാനം കാണുന്നവർക്ക് അവരുടെ വരുമാനം കുറയുകയും ചെയ്യും. മതപരമായ ഗൂഡാലോചന തൊഴിലായി സ്വീകരിച്ചവർക്ക് അവരുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും പിന്നീട് വർഗ്ഗചൂഷണമോ വർഗ്ഗതാൽപ്പര്യമോ സംരക്ഷിക്കാനും വിഭജിക്കുന്നതിലൂടെ ചൂഷണം ചെയ്യാനും കഴിയില്ല.

ചിന്തയാണ് പഠിപ്പിക്കേണ്ടത്. വിശ്വാസമല്ല. യുക്തിചിന്തയാണ് പഠിപ്പിക്കേണ്ടത് വിശ്വാസമർപ്പിക്കലല്ല. എന്നാൽ മാത്രമേ മതവിശ്വാസം അന്ധവിശ്വാസമായിത്തീരുന്നത് നിലയ്ക്കുകയും അതൊരു മഹോന്നത ശാസ്ത്രമായി തീരുകയും ചെയ്യുകയുള്ളൂ. അത്തരമൊരു ശാസ്ത്രത്താൽ വിദ്യാഭ്യാസത്തിന് ഗുണകരമായ ഒരു ബന്ധമുണ്ടാക്കാൻ കഴിയും. ഇത് അന്ധമായ വിശ്വാസം കൊണ്ടല്ല, മറിച്ച് മനുഷ്യന് ഗുണകരമാകുന്ന വിമോചന ചിന്താശേഷിയുടെ ഉരകല്ലിൽ ശാസ്ത്രീയ സത്യങ്ങളെ ഉരച്ചുനോക്കിയിട്ടാണ്…
ഓഷോ