ഓഷോ

രാഷ്ട്രം, സ്വാതന്ത്ര്യം

മാനവരാശിയെ അസംബന്ധ പൂർണമായ ശകലങ്ങളായി വിഭജിക്കുന്ന രാഷ്ട്രങ്ങൾ, രാജ്യങ്ങൾ എന്നിവ ഇല്ലാതാവണം. രാജ്യങ്ങളുടെ ആവശ്യമെന്താണ് ? ഭൂമിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം എന്തുകൊണ്ട് നമുക്കായിക്കൂടാ? ഇത് നമ്മുടെ ഭൂമിയാണ്! ഭൂമിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ജന്മവകാശം എല്ലാ മനുഷ്യർക്കും ഉണ്ടായിരിക്കണം. എല്ലാ അതിർത്തികളെയും അതിർത്തികൾ മൂലമുള്ള എല്ലാ അസംബന്ധങ്ങളെയും നാം ഇല്ലായ്മ ചെയ്യേണ്ടിയിരിക്കുന്നു. എന്തു ന്യായീകരണങ്ങളുടെ പേരിലായാലും മനുഷ്യരെ വിഭജിക്കുന്നവരാരും മാപ്പർഹിക്കുന്നില്ല. ഭൂമുഖത്തെ ഓരോ മനുഷ്യവ്യക്തിയും ഭൂമിയും ഒന്നാണ്. മാനവരാശി ഒന്നാണ്. നമുക്ക് രാജ്യങ്ങൾ ആവശ്യമില്ല.

യഥാർത്ഥത്തിൽ രാഷ്ട്രങ്ങൾക്ക് യാതൊരു സാധുതയുമില്ല. അവ ഒരു അത്യാഹിതം മാത്രമാണ്. എത്യോപ്യയിൽ ജനങ്ങൾ പട്ടിണികൊണ്ട് മരിക്കുന്നു. യൂറോപ്പിൽ ഭക്ഷണസാധനങ്ങൾ അധികമായതുകൊണ്ട് കടലിൽ തള്ളുന്നു. അവരത് കൂട്ടിവെച്ചാൽ ഭക്ഷ്യവസ്തുക്കളുടെ വില കുറയും. വില കയറിക്കൊണ്ടേയിരിക്കണം, അതിനുള്ള ഒരേയൊരു മാർഗ്ഗം അതൊഴിവാക്കുക എന്നതാണ്. കടലിൽ തള്ളുന്നതിനുള്ള ചെലവ് മാത്രം ഒരു കോടി ഡോളറിന് അടുത്തുവരുന്നു. ഇതൊരു ഭ്രാന്തുപിടിച്ച ലോകമാണ്. എത്യോപ്യ യൂറോപ്പിന് വളരെയടുത്താണ്. ഒരു കോടി ഡോളർ കൊണ്ട് ഭക്ഷണമെല്ലാം എത്യോപ്യയിൽ എത്തിക്കാൻ കഴിയുമായിരുന്നു. പാഴാകുന്നത് അത്ര നിസ്സാരമായ അളവൊന്നുമല്ല. ടൺകണക്കിന് ഭക്ഷ്യവസ്തുക്കളാണ് ഈവിധം പാഴാക്കുന്നത്.

തങ്ങളുടെ രാജ്യത്തു ഭക്ഷണമില്ലാത്തതിനാൽ മാത്രം ജനങ്ങൾ പട്ടിണികിടന്ന് മരിക്കുമ്പോൾ മനുഷ്യർ ഇത്രമാത്രം മനുഷ്യത്വരഹിതമായി പെരുമാറുമെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് കഴിയുമോ? നാലു വർഷമായി അവിടെ മഴ പെയ്തിട്ട്. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ കണികകൾകൂടി ഇല്ലാതായി. ജനങ്ങൾക്ക് കുടിക്കാൻ വെള്ളമില്ല. ദാഹം കൊണ്ട് അവർ മരിക്കുകയാണ്. അപ്പോഴും നിങ്ങൾ ഭക്ഷണം കടലിലെറിയുന്നു ! ഇതാണ് രാഷ്ട്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
എന്താണ് രാഷ്ട്രം? ഭൂപടത്തിലെ വെറും രേഖകൾ. ഭൂമി അവിഭജിതമായി നിൽക്കുന്നു. മാനവരാശി അവിഭജിതമായി നിൽക്കുന്നു. വാസ്തവത്തിൽ അസ്തിത്വമാകെ അവിഭജിതമാണ്, ജൈവസാകല്യമാണ്. അസ്തിത്വത്തിന് വിഭജനങ്ങളില്ല. അദൃശ്യമായ മാർഗ്ഗങ്ങളിലൂടെ നാം നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.