Oskar S എഴുതുന്നു 

Oskar S

റസ്സൽ ചായക്കപ്പ്
************
നമ്മൾ കേട്ടു പഴകിയ ഒരു പ്രയോഗം തന്നെ ആണ് ഇത് എന്താണ് എന്ന് നമുക്ക് നോക്കാം

റസ്സലിന്റെ ചായക്കപ്പ് എന്നത് ബെർട്രാൻഡ് റസ്സൽ തന്റെ തത്ത്വശാസ്ത്രത്തെ വിവരിക്കാനായി ഉപയോഗിച്ച ഒരു സാങ്കല്പിക ഉദാഹരണമാണ്. റസ്സലിന്റെ പ്രാപഞ്ചിക ചായക്കപ്പ് എന്നും ഇത് അറിയപ്പെടുന്നു. ഒരു വ്യക്തി ശാസ്ത്രീയമായ ഒരു അവകാശവാദം ഉന്നയിക്കുമ്പോൾ അതു തെളിയിക്കാനുള്ള ബാദ്ധ്യത അയാളിൽത്തന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്നു കാണിക്കാനാണ് ഈ ഉദാഹരണം അദ്ദേഹം കൊണ്ടുവന്നത്. പ്രത്യേകിച്ച് മതത്തിന്റെ കാര്യത്തിൽ ഇത്തരം അവകാശവാദങ്ങൾ തെളിയിക്കാനുള്ള ബാദ്ധ്യതയിൽ നിന്നും ആ വ്യക്തി ഒഴിഞ്ഞുമാറാതെ അതു സ്വയം തെളിയിക്കണം എന്നതാണിതിനർഥം. റസ്സൽ എഴുതുന്നത്: താൻ ഒരു ചായക്കപ്പ് ഭൂമിക്കും സൂര്യനും ഇടയിൽ സൂര്യനു ചുറ്റും എവിടെയെങ്കിലും കറങ്ങുന്നതായി അവകാശപ്പെടുന്നുവെന്നിരിക്കട്ടെ. തന്നെ മറ്റുള്ളവർക്ക് തെറ്റെന്നു തെളിയിക്കാൻ കഴിയില്ല എന്നതുകൊണ്ട് അദ്ദേഹം പറയുന്നത് മറ്റുള്ളവർ വിശ്വസിക്കണം എന്നു പറയുന്നത് ബുദ്ധിക്കു നിരക്കുന്നതാണോ എന്നാണ്. ദൈവാസ്തിത്വ ചർച്ചകളിൽ റസ്സലിന്റെ ചായക്കപ്പ് ഇപ്പോഴും പലരും ഉപയോഗിച്ചു വരുന്നുണ്ട്.

പിന്നിൽ ഉള്ള കഥ
*************
1952 ൽ പ്രസിദ്ധീകരണത്തിന് തയ്യാറാക്കിയ ഈസ് ദേർ എ ഗോഡ് ? (ദൈവം ഉണ്ടോ?) എന്ന ലേഖനത്തിൽ റസ്സൽ എഴുതിയത് ഇപ്രകാരം ആണ് :

യാഥാസ്ഥിതിക വിശ്വാസികൾ പലരും അവരുടെ വിശ്വാസങ്ങൾ തെറ്റാണെന്നു തെളിയിക്കേണ്ടത് അത്തരം വിശ്വാസങ്ങളിൽ സംശയമുള്ളവർ തന്നെയാണ് എന്ന വാദം ഉന്നയിക്കാറുണ്ട്. ഇത് തീർച്ചയായും ഒരു തെറ്റായ ധാരണയാണ്. ഏറ്റവും ശക്തിയേറിയ ടെലസ്‌കോപ്പ് കൊണ്ടു പോലും കാണാൻ സാധിക്കാത്ത വിധം ചെറിയ ഒരു ചൈനീസ് ചായക്കോപ്പ ഒരു ഭ്രമണപഥത്തിൽ കൂടി ഭൂമിക്കും സൂര്യനും ഇടയിൽ സൂര്യനെ വലംവെക്കുന്നു എന്ന് ഞാൻ പറയുകയാണെങ്കിൽ ആർക്കും അതു തെറ്റാണെന്നു തെളിയിക്കാൻ സാധിക്കില്ല. പക്ഷെ തെറ്റാണെന്നു തെളിയിക്കാൻ അസാധ്യമായിരിക്കുമ്പോഴും സാമാന്യ ബുദ്ധി കൊണ്ട് ആരും അതിനെ അംഗീകരിക്കില്ല എന്നു മാത്രമല്ല അതിനെ വിഡ്ഢിത്തമായി കണ്ടു തള്ളിക്കളയുകയും ചെയ്യും. എന്നാൽ ഇതേ ചായക്കോപ്പയെക്കുറിച്ച് പുരാതനമായ ഏതെങ്കിലും പുസ്തകങ്ങളിൽ പരാമർശിക്കുകയും അത് ഒരു പാവന സത്യമായി എല്ലാ ഞായറാഴ്ചകളിലും കുട്ടികളെ പഠിപ്പിക്കുകയും ചെയ്‌താൽ, അത്തരം ഒരു സംഗതിയെ സംശയത്തോടെ വീക്ഷിക്കുന്നത്‌ നിലവിലുള്ള വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെടുകയും അത്തരം ആളുകളെ മനഃശാസ്ത്രജ്ഞരുടെയോ പുരോഹിതന്മാരുടെയോ മറ്റു ബന്ധപ്പെട്ടവരുടെയോ അടുത്ത് കൊണ്ടുപോയി പരിവർത്തനത്തിനു ശ്രമിക്കുകയും ചെയ്യും.

1958 ൽ റസ്സൽ തന്റെ ഉദാഹരണം തന്റെ നാസ്തിക കാഴ്ചപ്പാടിനുള്ള കാരണമായി സൂചിപ്പിച്ചു:

ഞാൻ ഒരു ആജ്ഞേയവാദി ആയി ആണ് സ്വയം കണക്കാക്കുന്നത്, എന്നാൽ പ്രായോഗികമായ എല്ലാ അർത്ഥത്തിലും ഞാൻ ഒരു നിരീശ്വരവാദിയാണ്. ഗ്രീക്ക് ദൈവങ്ങൾക്കും മറ്റും ഉള്ളതിനേക്കാൾ കൂടുതൽ ഒരു സാദ്ധ്യതയും ഞാൻ ക്രിസ്ത്യൻ ദൈവങ്ങൾക്കും കാണുന്നില്ല.തെറ്റാണെന്നു ആർക്കും തെളിയിക്കാൻ പറ്റാഞ്ഞിട്ടും ചൈനീസ് ചായക്കോപ്പയിൽ വിശ്വത്തിക്കാത്തതുപോലെ തന്നെ ആണ് ക്രിസ്ത്യൻ ദൈവത്തിന്റെയും സാധ്യത
കടപ്പാട് ഗൂഗിൾ
By
Oskar S

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.