Other Universes are pulling on our Universe

Sabu Jose

അനന്തവും അതിരുകളില്ലാത്തതുമായ ഒരു ഏക പ്രപഞ്ചത്തിലാണോ അതോ ശതകോടിക്കണക്കിനുള്ള പ്രപഞ്ചങ്ങളില്‍ ഒന്നുമാത്രമായ ഒരു കുമിളാ പ്രപഞ്ചത്തിലാണോ നാം ജീവിക്കുന്നത്? പ്രവചനങ്ങള്‍ക്കും പരികല്‍പ്പനകള്‍ക്കും വിരാമമിടാന്‍ സമയമായി. നിരവധി പ്രപഞ്ചങ്ങളുടെ (multiverse) സാന്നിധ്യം ശാസ്ത്രലോകം ഗൗരവമായി ചര്‍ച്ച ചെയ്യുകയാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ‘കോസ്മിക് ടൈം മെഷീന്‍’ എന്ന് വിളിക്കുന്ന പ്ലാങ്ക് സ്‌പേസ് ക്രാഫ്റ്റ് പരഭാഗ വികിരണങ്ങളില്‍ (Cosmic Microwave Background) നടത്തിയ നിരീക്ഷണഫലം പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ഈ സന്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. 2012 ജൂണ്‍ മാസത്തില്‍ പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റ് നിര്‍മിച്ച പരഭാഗ വികിരണങ്ങളുടെ മാപില്‍ കാണപ്പെട്ട അപശ്രുതിക്ക് കാരണം സമാന്തര പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുത്വ വലിവുകൊണ്ടാണെന്ന പ്രാഥമിക നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്.

പെട്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു കിറുക്കന്‍ ആശയമാണിതെന്ന് തോന്നുന്നവര്‍ക്ക് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിക്‌സ് പ്രൊഫസായ ജോര്‍ജ് എഫ്‌സ്താതിയോക്ക് കൃത്യമായ മറുപടിയുണ്ട്.ഒരു മൂന്ന് തലമുറകള്‍ക്ക് മുമ്പ് മഹാവിസ്‌ഫോടന സിദ്ധാന്തമെന്ന് കേട്ടവരും ഇതിലേറെ നെറ്റി ചുളിച്ചിട്ടുണ്ടായിരുന്നു. നമുക്ക് തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ നിമിഷവും പ്രപഞ്ചത്തേക്കുറിച്ചുള്ള നമ്മുടെ ധാരണകൾ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റ് നിര്‍മിച്ച സ്‌കൈ മാപിലെ ദക്ഷിണ അര്‍ധ ഗോളത്തില്‍ പരഭാഗ വികിരണങ്ങളുടെ സാന്ദ്രതയില്‍ ഗണ്യമായ വര്‍ധനവുണ്ടാകാന്‍ കാരണം സമാന്തര പ്രപഞ്ചങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുത്വ വലിവുകാരണമാണെന്നാണ് ചില പ്ലാങ്ക് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. 2005 ല്‍ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞയായ ലോറ മെര്‍സിനിയും കാര്‍നെഗി മെലണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ റിച്ചാര്‍ഡ് ഹോള്‍മാനും പരഭാഗ വികിരണങ്ങളിലുണ്ടാകുന്ന അപശ്രുതിക്ക് കാരണം സമാന്തര പ്രപഞ്ചങ്ങളുടെ സാന്നിദ്ധ്യമാണെന്ന് പ്രവചിച്ചിരുന്നു. ഇപ്പോള്‍ പ്ലാങ്ക് സ്‌പേസ് ക്രാഫ്റ്റില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ തങ്ങളുടെ പ്രവചനം യാഥാര്‍ഥ്യമാണെന്ന് തെളിയിക്കുകയാണെന്നാണ് ഡോ. മെര്‍സിനി അവകാശപ്പെടുന്നത്. ഭീമന്‍ തമോദ്വാരങ്ങളും മറ്റ് ആക്ടീവ് ഗാലാക്ടിക് ന്യൂസ്ലിയസുകളും സൃഷ്ടിക്കുന്ന ശക്തമായ ഗുരുത്വക്ഷേത്രം പരഭാഗ വികിരണങ്ങളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ടാകാമെന്ന പരികല്‍പ്പന ഇനി നിലനില്‍ക്കില്ലെന്ന് തന്നെയാണ് നാസയിലെ ശാസ്ത്രജ്ഞരും പറയുന്നത്. ഗാലക്‌സി ക്ലസ്റ്ററുകളുടെ പലായന പ്രവേഗത്തിലുണ്ടാകുന്ന ഗണിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോസ്‌മോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന ‘ഡാര്‍ക്ക് ഫ്‌ളോ’ പ്രതിഭാസം പുനപരിശോധനക്ക് വിധേയമാക്കേണ്ടതാണെന്നും പ്ലാങ്ക് ഡാറ്റ അപഗ്രഥിച്ച ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ‘ഡാര്‍ക്ക് ഫ്‌ളോ’ പ്രതിഭാസം എന്നൊന്നില്ലെന്നാണ് പ്ലാങ്ക് സ്‌പേസ് ക്രാഫ്റ്റ് നല്‍കുന്ന വിവരം. ഗാലക്‌സി ക്ലസ്റ്ററുകളുടെ പലായനം വിദശീകരിക്കുമ്പോള്‍ കോസ്‌മോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന വാക്കാണ് ഡാര്‍ക്ക് ഫ്ളോ. പ്രപഞ്ച വികാസ നിരക്കിനൊപ്പം ഒരു ചെറിയ, വ്യക്തമായി നിര്‍വചിക്കാത്ത പ്രവേഗം കൂട്ടിചേര്‍ക്കുന്നുണ്ട്. പ്രപഞ്ചയത്തിന്റെ വലിയ ദൂരങ്ങളിലെ വികാസ വേഗത കണക്കു കൂട്ടുന്നതിലുള്ള ഗണിത ക്രിയകള്‍ എളുപ്പമാക്കുന്നതിനാണിത്.

പരഭാഗ വികിരണങ്ങള്‍ (Cosmic Microwave Background)

പദാര്‍ഥത്തിന്റെ അനന്തമായ മര്‍ദ, താപ, സാന്ദ്ര അവസ്ഥയില്‍ നിന്നുണ്ടായ വികാസത്തേത്ത തുടര്‍ന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നാണ് മഹാവിസ്‌ഫോടന സിദ്ധാന്തം പറയുന്നത്. ഏകദേശം 1382 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഈ മഹാവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രപഞ്ചം വികസിക്കാനാരംഭിച്ചു. ആ വികാസം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ ശരാശരി താപനില 2.725 കെല്‍വിന്‍ (-270.275 ഡിഗ്രി സെല്‍ഷ്യസ്) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ താപനിലയുമായി ബന്ധപ്പെട്ട വികിരണങ്ങളാണ് പരഭാഗ വികിരണങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രപഞ്ചത്തിന്റെ പ്രായമളക്കുന്നതും ശൈശവ പ്രപഞ്ചത്തിന്റെ സവിശേഷതകള്‍ പഠിക്കുന്നതും ഈ വികിരണങ്ങളിലുള്ള പഠനം വഴിയാണ്. 1965 ല്‍ അര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വില്‍സന്‍ എന്നീ ശാസ്ത്രജ്ഞര്‍ ആക്‌സ്മികമായാണ് ഈ വികിരണങ്ങള്‍ കണ്ടെത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ട ഊര്‍ജ്ജമെന്ന് കരുതപ്പെടുന്ന പരഭാഗ വികിരണങ്ങളെ ദൃശ്യപ്രകാശത്തെക്കാള്‍ ഉയര്‍ന്ന തരംഗദൈഘ്യമുള്ള മൈക്രാവേവ് ശ്രേണിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഈ വികിരണങ്ങള്‍ ഭൂമിയിലെത്തുന്നുണ്ട്. വളരെ താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള ഇവയെ കുറിച്ച് കൃത്യമായ പഠനം നടത്തുക വളരെ പ്രയാസമാണ്. നാസയുടെ കോബി (Cosmic Microwave Background Explorer-COBE), ഡബ്ല്യു-മാപ് (Wilkinson Microwave Anisotropy Prob-WMAP) എന്നീ സ്‌പേസ്ക്രാഫ്റ്റുകള്‍ പരഭാഗ വികിരണങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്. ഈ പഠനങ്ങളില്‍ ഏറ്റവും ആധുനികവും വ്യക്തവുമായ ചിത്രം നല്‍കുന്നത് പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റാണ്.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ പര്യവേഷണ നിലയമാണ് പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റ്. ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞനായ മാക്‌സ് പ്ലാങ്കിന്റെ സ്മരണയിലാണ് ഈ ബഹിരാകാശ പേടകത്തിന് പ്ലാങ്ക് എന്ന് നാമകരണം ചെയ്തിട്ടുള്ളത്. പരഭാഗവികിരണങ്ങളുടെ അപശ്രുതികള്‍ നിരീക്ഷിക്കുന്നതിനുവേണ്ടി സവിശേഷമായി രൂപകല്‍പ്പന നിര്‍വഹിച്ച ഈ പേടകം 2009 മെയ് 14 നാണ് വിക്ഷേപിച്ചത്. ഭൂമിയുടെ അടുത്തായിരിക്കുമ്പോള്‍ (perigee) 270 കിലോമീറ്ററും അകലെയായിരിക്കുമ്പോള്‍ (apogee)11,20,000 കിലോമീറ്ററുള്ള ഒരു അതിദീര്‍ഘ വൃത്തപഥമാണ് പ്ലാങ്കിനായി സജ്ജീകരിച്ചിട്ടുള്ളത്. പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2013 മാര്‍ച്ച് 21 ന് പ്രപഞ്ചയത്തിന്റെ പ്രായവും ദ്രവ്യ – ഊര്‍ജ്ജ അനുപാതവും പുനര്‍നിര്‍ണയിക്കുകയുണ്ടായി. ഇതനുസരിച്ച് പപഞ്ചത്തിന്റെ പ്രായം 1382 കോടി വര്‍ഷമായി തിരുത്തിവായിക്കണം. സാധാരണ ദ്രവ്യം 4.9 ശതമാനവും ഡാർക്ക് മാറ്റർ 26.8 ശതമാനവും ഡാർക്ക് എനർജി 68.3 ശതമാനവുമാണെന്നാണ് പുതിയ കണ്ടെത്തല്‍. പ്രപഞ്ചവികാസ നിരക്ക് (Hubble constant) മുമ്പ് കരുതിയിരുന്നതിലും കുറവാണെന്നും (68 Km/Sec/Mpc) കണ്ടെത്തിയിരുന്നു. 2018 ൽ അത് 67.4 Kന/Sec/Mpc ആണെന്ന് തിരുത്തി.

നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തിനൊടുവില്‍ പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റ് 2013 ഒക്ടോബര്‍ 23ന് വിരമിച്ചു. പ്രപഞ്ചത്തിന്റെ ഭൂതകാലത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകളായതുകൊണ്ടാണ് പ്ലാങ്ക് സ്‌പേസ്ക്രാഫ്റ്റിനെ ‘കോസ്മിക് ടൈം മെഷീന്‍’ എന്ന് വിളിക്കുന്നത്. പ്ലാങ്ക് ശേഖരിച്ച വിവരങ്ങള്‍ പൂര്‍ണമായി അപഗ്രഥിച്ചു കഴിഞ്ഞിട്ടില്ല. പ്ലാങ്കിന്റെ കണ്ടെത്തലിന് ‘ഫന്റാസ്റ്റിക്’ എന്ന വിശേഷണമാണ് നാസയിലെ ശാസ്ത്രജ്ഞര്‍ നല്‍കിയത്. അനന്തമെന്നും വിശാലമെന്നും കരുതുന്ന ഈ പ്രപഞ്ചം ശതകോടിക്കണക്കിന് പ്രപഞ്ചങ്ങളിലൊന്ന് മാത്രമായിരിക്കാം. പരമ്പരാഗത ഏക പ്രപഞ്ച മാതൃകയില്‍ നിന്ന് നമ്മുടെ ഭൗതികശാസ്ത്ര പാഠപുസ്തകങ്ങള്‍ നാളെ ഒരുപക്ഷേ സമാന്തര പ്രപഞ്ചങ്ങളുടെ അനന്ത സാധ്യതയിലേക്ക് വളർന്നേക്കാം.

Leave a Reply
You May Also Like

ഈച്ചകൾ അവയുടെ മുൻകാലുകൾ പരസ്പരം ഉരസുന്നത് എന്തിന് ?

വൃത്തിയില്ലാത്ത സ്ഥലങ്ങളിലും, ചപ്പുചവറുക ളിലുമെല്ലാം ഈച്ചകൾ വന്നിരിക്കും. അപകടകാരികളായ ബാക്ടീരിയകൾ ഇവിടെ നിന്നുമാണ് അവയുടെ കാലുകളിലെത്തുന്നത്

റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യ‌മുള്ള രാജ്യമാണ് സ്വീഡൻ

ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് യാഥാർഥ്യമാക്കാനൊരുങ്ങുക‌യാണ് സ്വീഡൻ.

എന്തുകൊണ്ട് എയർ കണ്ടിഷറിന്റെ കപ്പാസിറ്റി ടണ്ണിൽ അളക്കുന്നത് ?

എയർ കണ്ടീഷനിംഗ് വ്യവസായത്തിലെ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്ന പദങ്ങളിലൊന്ന് “ടൺ” ആണ്

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ?

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ? അറിവ് തേടുന്ന പാവം…