സാറ്റലൈറ്റ് വഴി ഉപയോഗിക്കാവുന്ന, സൗജന്യമായി വിവരങ്ങള്‍ കണ്ടെത്താനും കൈമാറാനും സാധിക്കുന്ന ഈ സംവിധാനം തീര്‍ച്ചയായും വിവരസാങ്കേതികവിദ്യാരംഗത്തെ ഒരു കുതിച്ചുചാട്ടം ആയി വേണം കരുതാന്‍. മീഡിയ ഡെവലപ്പ്മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(MDIF) എന്ന അമേരിക്കന്‍ കമ്പനിയാണ് 2015ഓടെ ലോകത്താകമാനം സൗജന്യമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും എന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ഔട്ടര്‍നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ് എന്ന വ്യാപകമായി അംഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്‍കുന്നുവെന്നും അറിയാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.
എന്താണ് ഔട്ടര്‍നെറ്റ്?
പണം കൊടുത്തു നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് എന്ന അതിവിശാലമായ സംവിധാനത്തിന്റെ എല്ലാ സൗകര്യങ്ങളും ഭൂമിയെ വലയം വെക്കുന്ന നൂറോളം ചെറു സാറ്റലൈറ്റുകളുടെ സഹായത്തോടെ ലോകത്താകമാനമുള്ള ജനങ്ങളിലേയ്ക്ക് സൗജന്യമായി എത്തിക്കുന്ന സംവിധാനമാണ് ഔട്ടര്‍നെറ്റ്. Information for the world from the outer space എന്നതാണ് ഔട്ടര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്ന ആശയം. ഒരുതരത്തില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസിന് ലിനക്സ് എങ്ങനെ പകരക്കാരന്‍ ആയോ, അതുപോലെ തന്നെയാവും ഇന്‍റര്‍നെറ്റിന് ഔട്ടര്‍നെറ്റും.
ആരാണ് ഔട്ടര്‍നെറ്റിനു പിന്നില്‍?
മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളിലെ പത്രമാധ്യമങ്ങള്‍ക്ക് ചെറിയ രീതിയിലുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്ന ഒരു നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ് MDIF. 1996 മുതല്‍ 2013 വരെ 218 മില്ല്യന്‍ യു.എസ്.ഡോളര്‍ ആണ് ഇവര്‍ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വായ്പയായി നല്‍കിയിട്ടുള്ളത്. ഈ സംഘടനയുടെ ആദ്യ പ്രൊജക്റ്റ് ആണ് ഔട്ടര്നെറ്റ്.
MDIF നെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
എന്തൊക്കെ പ്രശ്നങ്ങളാണ് ഔട്ടര്‍നെറ്റ് വഴി പരിഹരിക്കപ്പെടുക?
ലോകത്തിലെ ആളുകളുടെ എണ്ണത്തെക്കാളധികം വൈ-ഫൈ ഡിവൈസുകള്‍ നാം ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജനസംഖ്യയുടെ 60 ശതമാനത്തിനു മാത്രമേ ഇന്‍റര്‍നെറ്റിലുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുള്ളൂ. സ്മാര്‍ട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും വില ഓരോ വര്‍ഷവും താഴുമ്പോഴും ‘ഡേറ്റ’ സൗകര്യങ്ങളുടെ ചിലവ് കുറയുന്നില്ല. ഈയടുത്ത കാലത്ത് ഇന്ത്യയിലും ഡേറ്റ പാക്കേജുകളുടെ വിലയില്‍ വര്‍ധന വന്നിരുന്നു. അതുപോലെതന്നെ വന്‍കിട നഗരങ്ങളില്‍ ലഭ്യമാകുന്ന അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഗ്രാമങ്ങളിലെ ജനതയ്ക്ക് ഇന്നും അന്യമാണ്. ശരിയായി മൊബൈല്‍ സിഗ്നല്‍ പോലും കിട്ടാത്ത ഇടങ്ങള്‍ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ഈ അസമത്വം ഒഴിവാക്കുവാനും ഔട്ടര്‍നെറ്റിനു കഴിയും. ഇന്‍റര്‍നെറ്റ് നിരോധനം ഉള്ള രാജ്യങ്ങളില്‍ പോലും ആളുകള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആവും എന്നാണ് ഔട്ടര്‍നെറ്റിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഡേറ്റ ബ്രോഡ്കാസ്റ്റ് ചെയ്യുന്നത് വഴി ഭീമമായ മാസവാടക നല്‍കാതെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ആളുകള്‍ക്ക് സാധിക്കും. ജനസംഖ്യയുടെ നല്ലൊരു ശതമാനത്തോളം വരുന്ന സാധാരണക്കാരായ ആളുകളെയാണ് ഇത് ഏറെ സഹായിക്കുക. വൈഡ് റേഡിയോ തരംഗങ്ങളുപയോഗിച്ച് ഡാറ്റ അയക്കുനന ഡാറ്റ കാസ്റ്റിങ് എന്ന സാങ്കേതിക വിദ്യ ആയിരിക്കും ഔട്ടര്‍നെറ്റില്‍ ഉപയോഗപ്പെടുത്തുക. വൈ-ഫൈയിലേയ്ക്കു ഡിജിറ്റല്‍ വിവരശേഖരം നേരിട്ട് ലഭ്യമാക്കുന്നതിലൂടെ എല്ലാ ആളുകള്‍ക്കും ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ആകും.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഫൈബര്‍ ഒപ്ടിക്സ് കേബിളുകള്‍ മുറിഞ്ഞു ഒരു പ്രദേശം മുഴുവന്‍ ഒറ്റപ്പെട്ടുപോകുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഔട്ടര്‍നെറ്റ് വരുന്നതോടെ ഇത്തരം അടിയന്തിര സന്ദര്‍ഭങ്ങളില്‍ പുറം ലോകവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും അതിലൂടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജസ്വലമാക്കാനും കഴിയും.
എങ്ങനെയാവും ഔട്ടര്‍നെറ്റ് പ്രവര്‍ത്തിക്കുക?
ഭൂമിയോട് ചേര്‍ന്നുള്ള ഒരു ഭ്രമണപഥത്തില്‍ നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് ചെറു സാറ്റലൈറ്റുകളുടെ ഒരു കൂട്ടം ആണ് ഔട്ടര്‍നെറ്റിന്റെ അടിസ്ഥാനം. ഭൂമിയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന റേഡിയോ സ്റ്റേഷനുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഈ സാറ്റലൈറ്റുകള്‍ തമ്മില്‍ കൈമാറിക്കൊണ്ടേയിരിക്കും. ഏറ്റവും മെച്ചപ്പെട്ട ഫലം ലഭ്യമാക്കുവാന്‍ വേണ്ടി വൈ-ഫൈ മള്‍ട്ടികാസ്റിംഗ് എന്ന അതിനൂതന സംവിധാനം ആയിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടില്ല എങ്കിലും ഈ സംവിധാനം വളരെ കാര്യക്ഷമത ഉള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ലോകത്താകമാനമുള്ള ആളുകളുടെ സഹകരണത്തോടെ ആവും ഔട്ടര്‍നെറ്റില്‍ ലഭ്യമാക്കേണ്ട വിവരങ്ങളുടെ പ്രാധാന്യം തീരുമാനിക്കപെടുക. എസ്.എം.എസ്. വഴിയും മൊബൈല്‍ ആപ്പളിക്കേഷന്‍ വഴിയും ആളുകള്‍ക്ക് ഇതില്‍ പങ്കാളികള്‍ ആവാം. ഔട്ടര്‍നെറ്റിന്റെ വെബ്‌സൈറ്റിലൂടെയും ആളുകള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.ചുരുക്കത്തില്‍, ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തത് മൂലം ലോകത്ത് നടക്കുന്ന പുതിയ വിശേഷങ്ങളും ക്രിയാത്മകമായ മുന്നേറ്റങ്ങളും ആരും അറിയാതെ പോകരുത് എന്നതാണ് ഈ സംവിധാനത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.
കാര്യങ്ങള്‍ തീരുമാനിച്ചത് പോലെ നടന്നാല്‍ 2015 ജൂണ്‍ മാസത്തോടെ ഔട്ടര്‍നെറ്റ് നിലവില്‍ വരും എന്നാണ് കരുതുന്നത്.
എന്താണ് നമ്മുക്ക് ചെയ്യുവാനുള്ളത്?
പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് ഔട്ടര്‍നെറ്റിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാവുക. വിവരസാങ്കേതികരംഗത്തെ ഒരു വമ്പന്‍ കുതിച്ചുചാട്ടം എന്ന നിലയില്‍ എല്ലാവരും വളരെ പ്രതീക്ഷയോടെ ആണ് ഈ സംരംഭത്തെ നോക്കിക്കാണുന്നത്. സാമ്പത്തികമായി സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔട്ടര്‍നെറ്റ് വെബ്‌സൈറ്റിലൂടെ അതിന് അവസരമുണ്ട്. ഔട്ടര്‍നെറ്റില്‍ എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് നിങ്ങള്ക്ക് നിര്‍ദേശിക്കുകയും ചെയ്യാം.
മഹത്തായ ഒരു ആശയം ആണ് ഔട്ടര്‍നെറ്റ് മുന്നോട്ടു വയ്ക്കുന്നത് എന്നതില്‍ തെല്ലും സംശയം വേണ്ട. എന്നാല്‍, ഇത് ഒരു ചെറിയ പരിശ്രമം അല്ല താനും.അനേകം ആളുകളുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് വിജയത്തില്‍ എത്തിക്കാന്‍ സാധിക്കൂ. നമ്മള്‍ മലയാളികള്‍ക്ക് ഒരു ചെറിയ കുഴപ്പം ഉണ്ട്. പുതിയ കാര്യങ്ങളെ പറ്റി അറിയുവാനും അതിനെ പറ്റി സംവാദങ്ങള്‍ നടത്തുവാനും നമ്മുക്ക് അതിയായ താല്പര്യമുണ്ട്. എന്നാല്‍, നമ്മുടെ അഭിപ്രായങ്ങള്‍ ശരിയായ സ്ഥലത്ത് പറയുന്നതില്‍ നാം പലപ്പോഴും പിന്നോട്ടാണ്. ഈ സാങ്കേതിക വിദ്യ തീര്‍ച്ചയായും നാളത്തെ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കെല്‍പുള്ളതാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ നിങ്ങള്ക്ക് മുന്നോട്ടു വയ്ക്കുവാന്‍ ഉണ്ടെങ്കില്‍ അതിനായി ഔട്ടര്‍നെറ്റിന്റെ വെബ്‌സൈറ്റിലുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക. ഔട്ടര്‍നെറ്റ് അതിന്റെ ഫലപ്രാപ്തിയില്‍ എത്തട്ടെ. വിവര കൈമാറ്റ-വിനിമയ രംഗത്തെ അസമത്വം ഇല്ലാതാക്കാന്‍ അതിനു കഴിയട്ടെ.
ഔട്ടര്‍നെറ്റിന്റെ വെബ്‌പേജ് സന്ദര്‍ശിക്കുവാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ മതി
ഔട്ടര്‍നെറ്റിനെ പറ്റിയുള്ള സംശയങ്ങള്‍ക്കും നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കും ഈ ലിങ്ക് സന്ദര്‍ശിക്കാം