
പലർക്കും ഇന്ററ്നെറ്റ് വഴിയൊക്കെ പണം നഷ്ടപ്പെടുന്നുണ്ട്, പലരും തട്ടിപ്പിനിരയാകുന്നുണ്ട്. കാരണം എന്തുകൊണ്ടാകും ? എന്നാൽ അത് വെറുതെയൊന്നും അങ്ങനെ നഷ്ടപ്പെടുന്നതല്ല . ഉത്തരവാദികൾ നമ്മൾ തന്നെയാണ്. സംശയമുണ്ടോ ? സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം
സുജിത് കുമാർ
“ഞാൻ ഒന്നും ചെയ്തില്ല സാറേ, ഗൂഗിൾ പേ ഉപയോഗിച്ച് ഒരു പേയ്മെന്റ് നടത്തിയതേ ഉള്ളൂ ഇപ്പോ അക്കൗണ്ടിൽ നിന്ന് അമ്പതിയായിരം രൂപ പോയി”
പൊതുവേ ഇന്റർനെറ്റ് വഴിയും മറ്റുമുള്ള തട്ടിപ്പുകൾക്ക് ഇരയായവർ ഇതുപോലെയൊക്കെയേ പറയൂ. വെറുതേ ഒരു മെസേജ് വന്നു പൈസ പോയി, വെറുതേ ഒരു നമ്പരിൽ നിന്ന് വന്ന കാൾ അറ്റന്റ് ചെയ്തു പൈസ പോയി, വെറുതേ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു പൈസ പോയി അങ്ങനെ തികച്ചും നിഷ്കളങ്കമായ കാരണങ്ങൾ ഒക്കെ ആയിരിക്കും പരാതികളിൽ ഉണ്ടാവുക.
ഫേസ് ബുക്കിൽ പരസ്യം കണ്ട് ഇരുപതിനായിരം വിലവരുന്ന ഫോൺ ഓഫർ ആയി രണ്ടായിരം രൂപയ്ക്ക് കിട്ടൂമെന്ന് മോഹിച്ച് പണം അടയ്ക്കുന്നു. ഒരാഴ്ചയായും യാതൊരു വിവരവുമില്ലാത്തപ്പോൾ മെയിൽ അയക്കുന്നു, സൈറ്റിൽ കൊടുത്ത കസ്റ്റമർ കെയർ നമ്പരിലേക്ക് വിളിയോട് വിളി. അവരാകട്ടെ ഇതുപോലെയുള്ള മണ്ടന്മാരുടെ വിളിയും കാത്തിരിക്കുകയാണ്. പണം റീഫണ്ട് ചെയ്ത് തരാമെന്ന വാഗ്ദാനം. ഫോൺ കട്ട് ചെയ്യാതെ തന്നെ റീഫണ്ട് ചെയ്യുന്ന പ്രോസസ് തൂടങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് അവർ ഓരോ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കും. തരത്തിനനുസരിച്ച് ഗൂഗിൾ പേ ഐഡി ചോദിക്കും, അതിലേക്ക് പേയ്മെന്റ് റിക്വസ്റ്റ് അയക്കും, പ്രോസസ് ചെയ്യാനായി പിൻ എന്റർ ചെയ്യാൻ പറയും. ഈ സംസാരത്തിന്റെയും എങ്ങിനെ എങ്കിലും റീഫണ്ട് കിട്ടാനുള്ള തിടുക്കത്തിന്റെയുമൊക്കെ ഇടയിൽ ചെയ്യുന്നതെല്ലാം തികച്ചും യാന്ത്രികമായിരിക്കും. അവസാനം അവൻ കാശു മുഴുവൻ വലിച്ച് കഴിയുമ്പോൾ ഇതുപോലെ
“അയ്യോ ഞാനൊന്നുമറിഞ്ഞില്ലേ വെറുതേ ഗൂഗിൾ പേ ഐഡി കൊടുത്തതേ ഉള്ളൂ , ഒരു ലിങ്ക് ക്ലിക്ക് ചെയ്തേ ഉള്ളൂ എന്റെ ഫോൺ ഹാക്ക് ആയിപ്പോയി “ എന്നൊക്കെ കരച്ചിലോട് കരച്ചിലും.
OTP ഷെയർ ചെയ്യരുതെന്നൊക്കെ ഇപ്പോൾ മിക്കവർക്കും അറിയാം. അതുകൊണ്ട് തട്ടിപ്പുകാർ ഇപ്പോൾ ഓ ടി പി ചോദിക്കാറില്ല. മറിച്ച് മൊബൈലിൽ വന്ന “Refund activation code “ ഷെയർ ചെയ്യാനൊക്കെയായിരിക്കും പറയുക. ഇങ്ങനെ റീഫണ്ട് ആക്റ്റിവേഷൻ കോഡ് കൊടുത്തവർ ചിന്തിക്കുന്നത് താൻ ഓ ടി പിയൊന്നും ആർക്കും ഷെയർ ചെയ്തിട്ടേ ഇല്ലല്ലോ പിന്നെങ്ങനെ പണം പോയി എന്നായിരിക്കും. അതുപോലെ റീഫണ്ട് പ്രോസസ് ചെയ്യാനായും ക്രഡിറ്റ് കാർഡ് അൺബ്ലോക് ചെയ്യാനായുമൊക്കെ Any Desk പോലെയുള്ള റിമൊട്ട് കണ്ട്രോൾ അപ്ലിക്കേഷനുകൾ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കും. തട്ടിപ്പുകാരുടെ വാചകക്കസർത്തുകളിൽ വീഴുന്നവർക്ക് എന്താണ് ചെയ്തതെന്നു പോലും ഓർമ്മയുണ്ടാകില്ല. ഇതിൽ രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ പത്താം ക്ലാസ് പോലും പാസാകാത്ത , മലയാളം സംസാരിക്കാൻ അറിയാത്ത ഝാർഖണ്ഡുകാരനൊക്കെയായിരിക്കും അവന് അറിയുന്ന ഇംഗ്ലീഷൊക്കെ വച്ച് പ്രബുദ്ധരായ മലയാളിയെ കെണിയിൽ വീഴ്ത്തുന്നത്.