ഓരോ പുതിയവര്‍ഷം പിറക്കുമ്പോഴും, നാം എടുക്കുന്ന കുറെ തീരുമാനങ്ങളുണ്ട്. അടുത്ത വര്‍ഷം ഞാന്‍ അങ്ങിനെയാവണം, അല്ലെങ്കില്‍ ഇന്ന കാര്യങ്ങള്‍ ചെയ്യണം എന്നിങ്ങനെ. എല്ലാ വര്‍ഷവും ഡിസംബര്‍ മാസം കൂട്ടുകാരുമായി വാശിയില്‍ പന്തയം വെക്കുന്ന കുറെ നല്ല തീരുമാനങ്ങള്‍. ദൃഢനിശ്ചയത്തോടുകൂടി നാമെടുക്കുന്ന പല തീരുമാനങ്ങളും പക്ഷെ പുതുവര്‍ഷം പിറന്നാല്‍ നമ്മള് അറിയാതെ അല്ലെങ്കില്‍ മനപ്പൂര്‍വ്വം മറക്കാറാണ് പതിവ്. അത്തരത്തില്‍ നാമെല്ലാവരും പുതുവര്‍ഷത്തിലെടുക്കുന്ന, നടക്കാത്ത ചില തീരുമാനങ്ങള്‍ ( ഒരു പക്ഷെ അതിനെ നടക്കാത്ത സ്വപ്നങ്ങള്‍ എന്നൊക്കെ വിളിക്കാം ) ഏതൊക്കെയാണെന്ന് നോക്കാം..
1.പോണ്ണത്തടി, അമിതഭാരം കുറയ്ക്കുക.
മലയാളി ഇപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് എങ്ങിനെ തടി കുറയ്ക്കാം എന്ന്. തടികുറക്കാന്‍ എന്തൊക്കെ വഴികളുണ്ടോ അതൊക്കെ പരീക്ഷിക്കാനും, അതിനെത്ര കാശ് ചിലവാക്കാനും മലയാളിക്ക് ഒരു മടിയുമില്ല എന്നതാണ് വാസ്തവം. അലോപ്പതി, ആയുര്‍വേദം, യുനാനി, നാഡീചികിത്സ, സിദ്ധൌഷധം, ഹോമിയോപ്പതി, നാട്ടുവൈദ്യം തുടങ്ങി മന്ത്രവാദം, ജ്യോതിഷം വരെ പരീക്ഷിച്ച ആളുകളുണ്ട് നമുക്കിടയില്‍. എല്ലാ വര്‍ഷവും, വര്‍ഷാവസാനം ഒരു ശരാശരി തടിയുള്ളയാള്‍ സ്വയമേ എടുക്കുന്ന അടുത്തവര്‍ഷം തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ആരോ ഉറച്ച തീരുമാനമാണ് ” അടുത്ത വര്‍ഷം ഞാന്‍ എന്റെ തടി പകുതി കുറയ്ക്കും” എന്നത്.
2. വായനാശീലം വര്‍ദ്ധിപ്പിക്കണം
കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സജീവമായ ഈ പുതിയ യുഗത്തില്‍ സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം വായന എന്നത് മലയാളികളുടെ ഇടയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു സ്വഭാവഗുണമാണ്. നാടോടുമ്പോള്‍ നടുവെയല്ലെങ്കിലും ഒരു വശത്തുകൂടിയെങ്കിലും ഓടണമെന്ന ത്വര മലയാളികള്‍ക്ക് പൊതുവെകൂടുതലാണ്. അതിനാല്‍ തന്നെ ഈ ഹൈ സ്പീഡ് യുഗത്തില്‍, ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാത്ത കാലത്ത്, കുത്തിയിരുന്ന് പുസ്തകം വായിക്കാന്‍ ആരെക്കൊണ്ടുപറ്റും എന്നായിരിക്കും നമ്മള് ചിന്തിക്കുക. ഒരു പക്ഷെ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഒരുപക്ഷെ ഇ മാഗസിനുകളും പത്രങ്ങളും ഐ പാഡിലും, ടാബിലും വായിക്കുവാനായിരിക്കും യുവതലമുറക്ക് ഏറെ ഇഷ്ടം.
3.കുറെ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യണം
ഒരു ദിവസം 24 മണിക്കൂര്‍ ഉള്ളത്, അല്‍പ്പം കൂട്ടിക്കിട്ടിയാല്‍ ആ സമയം ഓവര്‍ടൈം ചെയ്തു പത്ത് കാശുണ്ടാക്കാമെന്ന് ചിന്തിക്കുന്ന തലതിരിഞ്ഞ സിദ്ധാന്തത്തിന് അടിമകളാണ് നമ്മള് മലയാളികള്‍.ഒരിക്കലും ആരും സമയം കൂടുതലുണ്ട് ഒന്നും ചെയ്യാനില്ല എന്ന് പറയില്ല, പകരം ഒന്നിനും സമയം തികയുന്നില്ല എന്നെ പറയൂ. രാവിലെ മുതല്‍ വൈകുന്നേരം വരെ ഓഫീസില്‍ ജോലിയുമായി മല്‍പ്പിടുത്തം. വൈകുന്നേരം ഓഫീസ് കഴിഞ്ഞാല്‍ വീട്ടിലെ ടെന്‍ഷനുകള്‍, കുടുംബം, കുട്ടികള്‍, പ്രാരബ്ദ്ധങ്ങള്‍ എന്നിവയായി. ഒരു ഞായറാഴ്ചയുണ്ടെങ്കില് അന്ന് റസിഡന്‍സ് അസോസിയേഷന് മീറ്റിംഗ്, അല്ലെങ്കില്‍ കുടുംബ സംഗമം എന്നിങ്ങനെ എന്തെങ്കിലും വള്ളികള്‍ കാണും. പിന്നെവിടെ മനസമാധാനത്തോടെ ഒരു യാത്രപോവാന്‍ സമയം അല്ലെ..?
4.ഇന്റര്‍നെറ്റില്‍ സമയം കുറച്ച് ചിലവഴിക്കുക
പ്രിന്റിംഗ് മീഡിയകളുടെ ഉപയോഗം കുറഞ്ഞുവരികയും, എല്ലാം ഡിജിറ്റല്‍ മീഡിയകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശരാശരി ഒരു 8 മണിക്കൂറെങ്കിലും ഒരു മലയാളി ഇന്റര്‍നെറ്റില്‍ ചിലവിടുന്നുണ്ട്. ഫേസ്ബുക്ക്, ഓര്‍ക്കൂട്ട്, ട്വിറ്റെര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, മലയാളിയുടെ വര്‍ക്കിലുടനീളം കിടന്നിഴയുമ്പോള് മലയാളി ആറല്ല 24 മണിക്കൂറും ഓണ്‍ലൈനാണെന്ന് പറയുന്നതില്‍ അതിശയമില്ല. ഇപ്പോള്‍ എല്ലാ മൊബൈലുകളിലും, ഇന്റര്‍നെറ്റ് സൗകര്യമുള്ളതിനാല്‍ മലയാളി ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, കിടക്കുമ്പോഴും, ഇരിക്കുമ്പോഴുമെല്ലാം നോട്ടിഫിക്കേഷന്‍ ടോണ്‍ കേള്‍ക്കാം. ഇങ്ങിനെയുള്ളപ്പോള്‍ എങ്ങിനെയാണ് ഇന്റര്‍നെറ്റില്‍ ചിലവിടുന്ന സമയം കുറക്കാന്‍ കഴിയുക..?
5. പണം മിച്ചം വെക്കണം.
മലയാളികളില്‍ അധികംപേരും മിതവ്യയികളാണ്, എന്നിരുന്നാലും അധികം പണം മിച്ചം വെക്കുവാനും, ഭാവിയിലേക്കൊരു നീക്കിയിരുപ്പ്, ഒരു കരുതല്‍ നിക്ഷേപം ഉണ്ടാക്കാനും കഴിയുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. ലൈഫ് ഇന്‍ഷുറന്‍സുകളും, മ്യൂച്വല്‍ ഫണ്ടുകളും മലയാളിയുടെ ഭാവി ഭാസുരമാക്കാന്‍ ഓടിനടക്കുന്ന ഈ കാലഘട്ടത്തില്‍, എന്തുകൊണ്ട് മിച്ചം പിടുത്തവും, കരുതല്‍ നിക്ഷേപവും മലയാളിക്ക് അപ്രാപ്യമാവുന്നു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെ.