ലോകം കീഴടക്കുന്നു നമ്മുടെ മുരിങ്ങ
അധികാരത്തിൽനിന്നു വിരമിച്ച ശേഷം ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ ഇഷ്ട വിഷയങ്ങളിലൊന്ന് മുരിങ്ങക്കൃഷിയായിരുന്നെന്നു വിഖ്യാത പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ എഴുതിയിട്ടുണ്ട്. ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചും ഉദ്യാനസസ്യങ്ങളോടു സല്ലപിച്ചും വാർധക്യം ചെലവിട്ട കാസ്ട്രോ മുരിങ്ങയുടെ മേന്മകളറിഞ്ഞപ്പോൾ ആവേശഭരിതനായത്രെ.
ലോകമെമ്പാടുമുള്ള മുരിങ്ങയിനങ്ങളിൽ മേന്മയേറിയ മുരിങ്ങ (moringa oleifera) വളരുന്നത് ദക്ഷിണേന്ത്യയിലാണെന്നു കേട്ട് കാസ്ട്രോ സുഹൃത്തിനെ ഇങ്ങോട്ടയച്ചു. മുന്തിയ ഇനം മുരിങ്ങയ്ക്കു കേൾവികേട്ട തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽനിന്നു മാത്രമല്ല, കേരളത്തിൽനിന്നും മുരിങ്ങവിത്തുകൾ ശേഖരിച്ചു, കാസ്ട്രോയുടെ സുഹൃത്ത്. വിത്തുകൾ നട്ടുവളർത്തിയ കാസ്ട്രോ മുരിങ്ങയെ വിശേഷിപ്പിച്ചത്, ശരീരത്തിനും മനസ്സിനും പുതുയൗവനം നൽകാൻ ശേഷിയുള്ള അത്ഭുത സസ്യമെന്നാണ്.
താമസിയാതെ, ക്യൂബൻ അംബാസിഡറുടെ മേൽനോട്ടത്തിൽ തമിഴ്നാട്ടിൽനിന്നു കൂടുതൽ മുരിങ്ങവിത്ത് ക്യൂബയിലെത്തി. ലോകം സൂപ്പർ ഫുഡ് എന്നു വാഴ്ത്തുന്ന നമ്മുടെ മുരിങ്ങയെക്കുറിച്ച് ചിലതു കൂടി അറിയണം.
അതിജീവനത്തിനും ആരോഗ്യത്തിനും
ക്യൂബയ്ക്കടുത്തുള്ള ചെറു കരീബിയൻ രാജ്യം ഹെയ്തി മുരിങ്ങക്കൃഷിയിലേക്കു തിരിഞ്ഞതിലും കാസ്ട്രോയുടെ സ്വാധീനമുണ്ടായിരുന്നത്രെ. 2010 ലെ ഭൂകമ്പവും 2012ലെ കൊടുങ്കാറ്റും ചേർന്നു തകർത്തു തരിപ്പണമാക്കിയ ഹെയ്തിയുടെ പുനർനിർമാണത്തിലെ പിടിവള്ളികളിലൊന്ന് മുരിങ്ങയായിരുന്നു. ദാരിദ്ര്യവും പോഷകാഹാരക്കുറവുംകൊണ്ട് വലഞ്ഞ ഹെയ്തി, ആദായത്തിനും അതിലുപരി ആരോഗ്യത്തിനുമായാണ് മുരിങ്ങയെ ആശ്രയിച്ചത്. അവരും നല്ല മുരിങ്ങവിത്തുകൾ തേടിയതു ദക്ഷിണേന്ത്യയിൽതന്നെ. പോഷകമേന്മ മാത്രമല്ല, വരൾച്ചയെ പ്രതിരോധിക്കുന്ന വിള എന്ന മെച്ചം കൂടി കണക്കിലെടുത്താണ് ഹെയ്തിയും ടുണീഷ്യപോലുള്ള ആഫ്രിക്കൻ രാജ്യങ്ങളും മുരിങ്ങയിൽ പ്രതീക്ഷ വയ്ക്കുന്നത് എന്നതും ശ്രദ്ധിക്കണം.
നമ്മളറിയുന്നുണ്ടോ നമ്മുടെ മുരിങ്ങ ഇങ്ങനെ ലോകം കീഴടക്കുന്ന സൂപ്പർ ഫുഡായി മാറുന്നത്. ‘നമ്മൾ’ എന്നാൽ മലയാളികൾ. അതിർത്തിക്കപ്പുറം തമിഴ്നാടും അതിനപ്പുറമുള്ള ആന്ധ്രയും അങ്ങേയറ്റത്ത് ഗുജറാത്തുമെല്ലാം പണ്ടേ അറിഞ്ഞു. വാളയാർ ചുരത്തിനപ്പുറത്ത് കോയമ്പത്തൂരും ഈറോഡും കരൂരും പിന്നെ കന്യാകുമാരിയും തൂത്തുക്കുടിയും തിരുനൽവേലിയുമെല്ലാം മുരിങ്ങയിലൂടെ മുന്നേറാൻ ശ്രമിക്കുമ്പോൾ ഈറയോടെ നമ്മൾ പറഞ്ഞെന്നിരിക്കും; ‘മുരിങ്ങ നമുക്കൊന്നും പറ്റിയ വിളയല്ല. അന്നാട്ടിലെപ്പോലെ ഇവിടെയൊന്നും കായ്ക്കാനും പോണില്ല’.
ശ്രദ്ധിക്കുക, ക്യൂബയും ഹെയ്തിയും പിന്നെ തമിഴ്നാടും ഗുജറാത്തുമെല്ലാം മുരിങ്ങക്കൃഷിയിൽ ഇന്നു താൽപര്യമെടുക്കുന്നത് കായയ്ക്കു വേണ്ടിയല്ല; ഇലയ്ക്കു വേണ്ടിയത്രെ. കായയ്ക്കുവേണ്ടിയുള്ള മുരിങ്ങക്കൃഷി തന്നെയാണ് മുഖ്യമായും തമിഴ്നാട്ടിൽ നടക്കുന്നതെങ്കിലും കൃഷിക്കാരിൽ പലരും ഇല കൂടി വിറ്റ് വരുമാനം നേടുന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ വളർന്നിരിക്കുന്നു. മുരിങ്ങക്കായയ്ക്കു വിലയിടിയുന്ന കാലത്തു കായ്കൾ മൂപ്പെത്തിച്ച് വിത്തെടുത്തു നൽകിയാൽ മോശമല്ലാത്ത വിലകിട്ടുമെന്ന സാഹചര്യവും കർഷകരെ സന്തുഷ്ടരാക്കുന്നു. ഇലയെടുക്കാൻ യോജിച്ച മുരിങ്ങയിനം നോക്കി കൃഷിയിറക്കുന്ന മുരിങ്ങയുൽപന്ന സംരംഭകരും സജീവമാണു തമിഴ്നാട്ടിൽ.
ഇനി, ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഓൺലൈൻ ചന്തകളിലൊന്നു കറങ്ങിനോക്കുക. മുരിങ്ങയിലപ്പൊടി, മുരിങ്ങ ക്യാപ്സൂൾ, മുരിങ്ങ ടീ, മുരിങ്ങപ്പരിപ്പ്, മുരിങ്ങ ഓയിൽ; കയ്യിലൊതുങ്ങാത്ത വിലയിൽ കാണാം മുരിങ്ങയുടെ ദശാവതാരങ്ങൾ. വൻകിട സംരംഭകരുടെ രാജ്യാന്തര സാക്ഷ്യപത്രമുള്ള ഓർഗാനിക് മുരിങ്ങയിലപ്പൊടി മുതൽ കുടിൽവ്യവസായ യൂണിറ്റുകൾ വിപണിയിലെത്തിക്കുന്ന ഉണക്കമുരിങ്ങയില വരെ കൂട്ടത്തിലുണ്ട്. ആഭ്യന്തരവിപണിയിൽ കിലോ ശരാശരി 1000 രൂപ ഈടാക്കുന്നുണ്ട് മുരിങ്ങയിലപ്പൊടിക്കെങ്കിൽ മുരിങ്ങയെണ്ണ വില കിലോയ്ക്ക് 3000 രൂപ കടക്കും. മേൽപ്പറഞ്ഞവയിൽത്തന്നെ മുരിങ്ങച്ചായയ്ക്കു വേണ്ടിയുള്ള ഉണക്ക മുരിങ്ങയിലയ്ക്ക് – ടീ കട്ട്– ആഭ്യന്തര വിപണിയിൽ ഇപ്പോൾത്തന്നെ ഒട്ടേറെ ഉപഭോക്താക്കളുണ്ട്.
നവയൗവനത്തിന് നല്ല മുരിങ്ങയില വൈറ്റമിനുകളും ധാതുലവണങ്ങളുംകൊണ്ട് സമ്പന്നമെന്നതു മാത്രമല്ല ലൈംഗികോത്തേജകമെന്ന ഗുണവും വെൽനസ് വിപണിയിൽ മുരിങ്ങ ആഘോഷിക്കപ്പെടാന് കാരണമാകുന്നുണ്ട്. ന്യൂട്രാസ്യൂട്ടിക്കൽ വ്യവസായത്തിന്റെ തുറുപ്പുചീട്ടുകളിലൊന്നായി മുരിങ്ങ മാറുന്നതും മേൽപറഞ്ഞ ഗുണഗണങ്ങൾകൊണ്ടുതന്നെ.
പശ്ചിമഘട്ട മലനിരകളുടെ വാലറ്റത്തെ താഴ്വരകളിലാണ് ലോകത്തിലെ ഏറ്റവും മികച്ച മുരിങ്ങയുള്ളതെന്നു ലോകർ പറയുമ്പോൾ നമ്മളും അതിന്റെ സാധ്യതകൾ കാണണ്ടേ? അതിർത്തിക്കപ്പുറത്തു മാത്രമല്ല ഇപ്പുറത്തും തഴച്ചു വളരും മുരിങ്ങ. കാര്യമായി കായ്പിടിച്ചില്ലെങ്കിലെന്ത്, അടിമുടി അത്ഭുത സസ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുരിങ്ങയുടെ മേൽപറഞ്ഞ ലാഭസാധ്യതകളിൽ നമുക്കും കണ്ണുവയ്ക്കാമല്ലോ. വിശേഷിച്ചും ദക്ഷിണേന്ത്യയിലെ മുരിങ്ങ മുന്തിയത് എന്നു ലോകം തലകുലുക്കുന്ന സാഹചര്യത്തിൽ.
മുരിങ്ങയിലയുടെ പൗഡര് ഓണ്ലൈന് വിപണിയില്; കിലോയ്ക്ക് 1000 രൂപയോളം
Moringa oleifera
മുരിങ്ങ ”സൂപ്പർ ഫുഡായി” മാറുകയാണ്. ഒരു കിലോ മുരിങ്ങയില പൗഡറിന് ഓൺലൈൻ വിപണിയിൽ 1000 രൂപയോളവും മുരിങ്ങയുടെ കുരുവെണ്ണയ്ക്ക് ലിറ്ററിന് 4000 രൂപയോളവുമാണ് വില. പോഷകമേന്മയുള്ളതിനാലും (വിറ്റമിൻ സി ഓറഞ്ചിൽ ഉള്ളതിന്റെ ഏഴിരട്ടി, വിറ്റമിൻ എ ക്യാരറ്റിൽ ഉള്ളതിന്റെ പത്തിരട്ടി, കാൽസിയം പാലിലുള്ളതിന്റെ 17 ഇരട്ടി, പ്രോട്ടീൻ യോഗർട്ടിൽ ഉള്ളതിന്റെ 9 ഇരട്ടി, ഇരുമ്പ് സ്പിനാച്ചിൽ ഉള്ളതിന്റെ 25 ഇരട്ടി …എന്നിങ്ങനെ ) ജീവിതശൈലീ രോഗങ്ങൾക്കുള്ള ഔഷധമെന്ന നിലയിലുമാണ് മുരിങ്ങയ്ക്കു പ്രസക്തി ഏറുന്നത്. കൊളസ്ട്രോൾ , ഹൃദ്രോഗങ്ങൾ, പ്രമേഹം, ഗൗട്ടിനോടും മറ്റും അനുബന്ധിച്ചുണ്ടാകുന്ന വീക്കവും വേദനയും എന്നിവയൊക്കെ അകറ്റാൻ മുരിങ്ങയിലയിലെ ഘടകങ്ങൾക്കാവും.
മുരിങ്ങയില സോളാർ ഡ്രയറിലും മറ്റും ഉണക്കി പൊടിച്ചുണ്ടാക്കുന്ന പൗഡറിന് ഔഷധ-പോഷകമേന്മ കൂടുതലാണ് . മുരിങ്ങക്കുരു ചൂടാക്കാതെ യന്ത്രസഹായത്തിൽ ആട്ടിയെടുക്കുന്ന എണ്ണ പ്രകൃതിദത്തമായ കോസ്മെറ്റിക് ലേപനമായും മസ്സാജ് ഓയിലായും പ്രിയം നേടിയിട്ടുണ്ട്. മുരിങ്ങ ഉൽപ്പന്നങ്ങൾ നിർമിച്ചു നാട്ടിൽ വിപണനം ചെയ്യുകയും വിദേശത്തു കയറ്റി അയയ്ക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങൾ തമിഴ്നാട്ടിലുണ്ട്.
മുരിങ്ങയില പൗഡർ, മുരിങ്ങക്കുരുയെണ്ണ എന്നിവയ്ക്ക് പുറമെ മുരിങ്ങയില ടാബ്ലറ്റ് , ക്യാപ്സ്യൂൾ, എനർജി ബാർ, മുരിങ്ങാ ടീ, മുരിങ്ങപ്പൂവ് ഉണക്കിയത് തുടങ്ങി ഇരുപതോളം ഉൽപ്പന്നങ്ങളാണ് ഇവരുണ്ടാക്കുന്നത്. മുരിങ്ങയുടെ ആഗോള വിപണി ഏഴ് ബില്യൺ ഡോളറിന്റേതാണ്. ഉൽപ്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ തന്നെയാണ് മുന്നിൽ.
കേരളത്തിൽ മുരിങ്ങയുടെ വാണിജ്യ കൃഷി ഇല്ല. വരൾച്ചയെ നന്നായി ചെറുക്കുന്ന, രോഗകീടബാധ കുറവായ ഈ വൃക്ഷ പച്ചക്കറിയുടെ വാണിജ്യ കൃഷി നാം കൂടുതൽ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. മുരിങ്ങയിലയ്ക്കു ചീരയോളമോ അതിലേറെയോ വില കിട്ടുന്ന സ്ഥിതിയാണ് വരുന്നത്. മുരിങ്ങയില പൗഡറിന്റെയും മറ്റും നിർമാണം ചെറുകിട വ്യവസായമായി ഏറ്റെടുക്കാനും സാധ്യത കുറവല്ല.