നമ്മുടെ കുഞ്ഞുങ്ങളെ ,സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം?

609

നമ്മുടെ കുഞ്ഞുങ്ങളെ ,സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം?

മഞ്ജു വർഗ്ഗീസിന്റെ ഏറെ പ്രസക്തമായ പോസ്റ്റ്

ഇപ്പോൾ പത്രങ്ങൾ വായിക്കാനേ പറ്റാത്തത്ര ഹൃദയഭേദകമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..കുഞ്ഞുങ്ങൾക്കും, സ്ത്രീകൾക്കും , പുരുഷന്മാർക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്തത്ര രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു.. ചേട്ടന്റെ ചുടുചോര വൃത്തിയാക്കേണ്ടി വന്ന ആ നാല് വയസ്സുകാരന്റെയും, പ്രതികരിക്കാനാകാതെ ക്രൂരതകൾ സഹിച്ച ആ ഏഴു വയസ്സുകാരനും, പട്ടിണി കിടന്നു മരിച്ച ഒരു നിസ്സഹായയായ പെൺകുട്ടിയുടെയും മുഖങ്ങൾ മനസ്സിൽ വേദനയായി നിറഞ്ഞു നിൽക്കുന്നു.. ഇവരെത്ര മാത്രം മാനസ്സികമായി സഹിച്ചിട്ടുണ്ടാകണം.. ഇനിയും ആ പേടിപ്പെടുത്തുന്ന ഓർമ്മകൾ ആ കുഞ്ഞു മനസ്സിൽ എന്നും നില നിൽക്കില്ലേ ? “Post traumatic stress syndrome” വേട്ടയാടില്ലേ?

ഇനിയും ഇതുപോലെ സംഭവിക്കാതിരിക്കാൻ നമ്മളാലാകാവുന്നത് നമ്മൾ ചെയ്യണ്ടേ?

 1. നമ്മുടെ സ്കൂളുകളിൽ കുട്ടികൾക്ക് കൗൺസിലിങ് തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വീടുകളിൽ ഇതുപോലെ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾ പലപ്പോഴും ഇക്കാര്യങ്ങൾ അദ്ധ്യാപകരോട് പങ്ക് വക്കാൻ മടി കാണിക്കും. ആവശ്യത്തിന് രെജിസ്റ്റേർഡ് കൗൺസിലർമാർ നമുക്കില്ലെങ്കിൽ കൗൺസിലിങ് സർവീസ് നടത്താൻ വോളന്റീയർമാരായി ചെറുപ്പക്കാർ മുൻപോട്ട് വരണം. അവർക്ക് വേണ്ട ട്രെയിനിംഗ് രെജിസ്റ്റേർഡ് കൗൺസിലർമാർ സൗജന്യമായി നൽകാൻ തയ്യാറാകണം. അതിനുള്ള നല്ല മനസ്സുകൾ സമൂഹത്തിൽ ഇനിയും ഉണ്ടെന്നുതന്നെ വിശ്വസിക്കുന്നു. സ്കൂളുകളിൽ ഇടയ്ക്കിടെ കൗൺസിലിങ് സേവനം ലഭ്യമാക്കുക. മൂന്നു മുതൽ ആറുമാസത്തിലൊരിക്കലെങ്കിലും..
 2. ഇത്തരത്തിൽ സമൂഹസേവനം ചെയ്യുന്ന നല്ല മനസ്സുകൾക്ക് ഈ പ്രവർത്തനം സി.വിയിൽ കാണിച്ചാൽ ജോലി കിട്ടാൻ മുൻഗണന കൊടുക്കണം. ഒരു സ്ഥാപനവും, വോളന്റീയർ പ്രവർത്തനം ചെയ്യാത്തവർക്ക് ചെയ്തു എന്ന് കള്ള സർട്ടിഫിക്കറ്റ് നല്കാതിരിക്കണം.
 3. ഓരോ അദ്ധ്യാപികയും /അദ്ധ്യാപകനും നല്ല ഒരു നിരീക്ഷകൻ കൂടി ആയിരിക്കണം. പഠിപ്പിക്കുന്നതിനോടൊപ്പം അധികം ആരോടും കൂട്ട് കൂടാതെ ഒറ്റക്കിരിക്കുന്ന കുട്ടികളെയും, സ്വഭാവവൈകല്യങ്ങൾ പ്രകടമാക്കുന്ന കുട്ടികളെയും തിരിച്ചറിയുകയും, അവർ പ്രശ്നങ്ങൾ അറിയിച്ചാൽ വേണ്ട നടപടികൾ എടുക്കാൻ തയ്യാറാവുകയും വേണം. തുറന്നു പ്രശ്നങ്ങൾ പറയാത്ത കുട്ടികളെ കൗൺസിലർമാർക്ക് ഒരു ലിസ്റ്റ് കൊടുക്കുകയും വേണം.
 4. സ്കൂളുകളിൽ കുട്ടികൾക്ക് “എന്താണ് ഒരു കുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ?”, “എന്ത് കാര്യങ്ങൾ ജീവിതത്തിൽ നടന്നാലാണ് അത് മുതിർന്നവരെ അറിയിക്കേണ്ടത്?” “ആരോടാണ് അവർ അത് പറയേണ്ടത്?” എന്ന ബോധവൽക്കരണ ക്ലാസ്സുകളും (സിനിമകൾ, കഥകൾ എന്നിവ വഴി പറഞ്ഞു കൊടുക്കുമ്പോൾ എളുപ്പം മനസ്സിലാകും), എന്തും തുറന്നു പറയാൻ അവരെ ധൈര്യപ്പെടുത്തുകയും, ആത്മവിശ്വാസം പകർന്നു കൊടുക്കുകയും വേണം. പല കുട്ടികളും “physical abuse”, “sexual abuse ” , “”negligence” ഇവയെന്തെന്നു അറിയുക പോലുമില്ലാത്തവരായിരിക്കും.

 5. പ്രശ്നങ്ങൾ തുറന്നു പറയുന്ന കുട്ടികൾക്ക് എങ്ങനെയാണ് സംരക്ഷണം നൽകേണ്ടത് എന്നതിന് ഒരു “proper channel ” (സംവിധാനം) & “ഗൈഡ് ലൈൻസ്” വേണ്ടതുണ്ട്. സർക്കാരിന്റെ ഇപ്പോഴുള്ള വ്യവസ്ഥിതികൾ എത്ര മാത്രം ഉപകാരപ്രദമാണ്, കൂടുതൽ ഫലവത്താക്കാൻ എന്തെല്ലാം ചെയ്യണം എന്നും ശരിയായ ധാരണ വേണം. വെറുതെ രാഷ്ട്രീയപ്രചാരണത്തിനായി നടത്തുന്ന പല പേരിൽ അറിയപ്പെടുന്ന പ്രഹസനങ്ങൾ ഒഴിവാക്കി അതിനായി ചിലവാക്കുന്ന കോടികൾ നമ്മുടെ ജനസേവനത്തിന് , പ്രത്യേകിച്ചും കുട്ടികളുടെ സംരക്ഷണക്ക് ഉപയോഗിക്കുക.
 6. സ്കൂളിൽ പോകാത്ത കുട്ടികൾ, പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾ, “അപകടമല്ലാത്ത അപകടമരണങ്ങൾ സംഭവിക്കാവുന്ന പുരുഷന്മാർ”, ഇവരെയെല്ലാം തിരിച്ചറിയാൻ എളുപ്പം സാധിക്കുക അയൽവക്കക്കാർക്കും, പഞ്ചായത്ത് മെമ്പർമാർക്കുമാകും. ഇത് തിരിച്ചറിഞ്ഞു എത്രയും നേരത്തെ അധികാരികളെ അറിയിക്കേണ്ട ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. നാടിന്റെ സ്പന്ദനം തിരിച്ചറിഞ്ഞു അവരുടെ നന്മക്ക് പ്രവർത്തിക്കുന്നതാകട്ടെ ഓരോ രാഷ്ട്രീയപ്രവർത്തകനും. അവർ കാലങ്ങൾക്കതീതമായി ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കും.

 7. നമ്മുടെ നാട്ടിൻപുറത്തെ കവലകളിൽ ഉള്ള പ്രസംഗങ്ങളിൽ ഏതു തരത്തിലുള്ള ഗാർഹികപീഡനത്തിനും എവിടെയാണ് സഹായം തേടേണ്ടത് എന്നും, ഏതു നമ്പറുകളിൽ വിളിച്ചാൽ അഭയം ലഭിക്കും എന്നും, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും എന്ന പൊള്ളയല്ലാത്ത ആശ്വാസവാക്കുകൾ ഉയരട്ടെ.. അവ പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിയുകയും വേണം. വീട്ടുതടങ്കലിൽ കഴിയുന്ന ഒരാൾക്കെങ്കിലും ഇത് ഉപകാരപ്രദമാകട്ടെ..തുറന്നുപറയാനും , പുറത്തു വരാനും അവർക്ക് ആത്മവിശ്വാസം ലഭിക്കട്ടെ.. പലപ്പോഴും, ഭയം കൊണ്ടാണ് സ്ത്രീകളും, കുട്ടികളും ഇത് തുറന്നു പറയാത്തത്..

 8. ആശുപത്രിയിൽ കൊണ്ടുവരുന്ന കേസുകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ പോലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്വം ജീവനക്കാർക്കുണ്ട്. അതിനായി എങ്ങനെയാണ് “abuse” തിരിച്ചറിയുക എന്നതിനെക്കുറിച്ചും , തിരിച്ചറിഞ്ഞാൽ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും ഡോക്ടർമാർക്കും, നഴ്‌സുമാർക്കും പരിശീലനം നൽകണം . ഉദാഹരണത്തിന് , ചില മുറിവുകൾ, ഒടിവുകൾ ഓടിക്കളിക്കുന്ന ഏതു കുട്ടിക്കും ഉണ്ടാകാവുന്നതാണ് . മറ്റു ചിലതിൽ അസ്വാഭാവികതയുണ്ടാകും. പക്ഷെ , സിഗരറ്റ് പൊള്ളലുകൾ, ശരീരത്തിന്റെ പ്രൈവറ്റ് സ്ഥലങ്ങളിലെ മുറിവ് ഇവ “abuse” മൂലം ഉണ്ടാകാവുന്നതാണ്. സംശയം തോന്നിയാൽ മെഡിക്കൽ ഹിസ്റ്ററി എടുക്കുമ്പോൾ അപ്പനെയും, അമ്മയെയും ഒറ്റയ്ക്ക് ചോദ്യം ചെയ്യുക, കുട്ടിയോടുള്ള അവരുടെ പെരുമാറ്റം, കുട്ടി അവരുമായി മിണ്ടുന്നുണ്ടോ , “eye contact” ഉണ്ടോ എന്നതും, ശരീരഭാഷയും, സംസാരവും ചേർത്ത് വച്ചാൽ “abuse” ഒരു വിധം നന്നായി തിരിച്ചറിയാൻ സാധിക്കും.

 9. കുട്ടികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ ജയിലിൽ അടക്കാതെ ( സിനിമ തീയേറ്ററിലെ സംഭവം പോലെ) ക്രൂരത ചെയ്യുന്നവരെ നീതിപീഠത്തിന് മുൻപിൽ കൊണ്ട് വരാൻ കൈക്കൂലി കണ്ടു കണ്ണ് മഞ്ഞളിക്കാത്ത ചങ്കൂറ്റമുള്ള ഉദോഗസ്ഥർ നമുക്കുണ്ടാകണം. നിങ്ങൾ ഏതു ജോലി ചെയ്താലും കൈക്കൂലി വാങ്ങാതിരിക്കൂ.

 10. കുട്ടികൾക്കെതിരെയുള്ള എല്ലാ അതിക്രമങ്ങൾക്കും ശക്തമായ ശിക്ഷാനടപടികൾ വളരെ വേഗത്തിൽ തന്നെ നടപ്പിലാക്കുന്ന സംവിധാനം വരട്ടെ..

 11. എല്ലാത്തിനും പുറമെ നമ്മുടെ കുടുംബം സംരക്ഷിക്കാൻ നമുക്ക് ഓരോരുത്തർക്കും പൂർണ്ണ ഉത്തരവാദിത്വമുണ്ട്..

Manju Varghese