എങ്ങനെയാണു ഒരു സംവിധായകൻ ഔട്ട് ഡേറ്റഡ് ആവുന്നത് ?
RJ Salim
സിനിമയുടെ ടെക്നിഷ്യന്മാരിൽ ഒരുപക്ഷെ ഏറ്റവുമാദ്യം പഴഞ്ചനാവുന്നത് സംവിധായകരാവും എന്ന് തോന്നുന്നു. തൊണ്ണൂറുകളുടെ പകുതിയിൽ സൂപ്പർ ഹിറ്റുകളുടെ മേൽ സൂപ്പർ ഹിറ്റുകൾ നൽകിയ സംവിധായകർ മിക്കവരും ഇന്ന് വെടി തീർന്ന് ഷെഡിൽ കേറിയ മട്ടാണ്. എന്തുകൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത് ?അവർ സംവിധാനം മറന്നുപോകുന്നതുകൊണ്ടാണോ? അല്ലല്ലോ. ഒരുപക്ഷെ കാലക്രമേണ അവർക്ക് ആ ജോലി കൂടുതൽ എളുപ്പമാവാനാണ് സാധ്യത. അങ്ങനെ നോക്കുമ്പോൾ അവർ കൂടുതൽ നല്ല സംവിധായകരാവും ഇപ്പൊ. അപ്പൊ അതല്ല. അവർ കാലത്തിനൊത്തു അപ്ഡേറ്റഡ് ആവാത്തതുകൊണ്ടാണ് എന്നൊക്കെ നമുക്ക് പൊതുവിൽ പറയാമെന്നേയുള്ളൂ.
എന്ത് കാര്യത്തിലാണ് അപ്ഡേറ്റഡ് ആവേണ്ടത് ? ടെക്നോളജി ? സിനിമയുടെ മാർക്കറ്റിങ് ? സിനിമയുടെ തീം ? എന്തിലാണ് അപ്ഡേറ്റഡ് ആവേണ്ടത് ? ഏതെങ്കിലും ഒന്നിലോ അതോ ഇതിലെല്ലാമോ ? രാജസേനൻ, കമൽ, സിബി മലയിൽ, ഐവി ശശി, കെ മധു തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ഇവരുടെ. അതിലേക്കുള്ള ഏറ്റവും ലേറ്റസ്റ്റ് അഡ്മിഷനാണ് ലാൽ ജോസിന്റേത്. സോളമന്റെ തേനീച്ചകളെന്ന് പേരുള്ള ലാൽ ജോസിന്റെ ഒരു പടം ഇറങ്ങിയിട്ടുണ്ട് മിനിയാന്ന്. അതിന്റെ ട്രെയിലർ കണ്ടപ്പോ തന്നെ ഓർത്തുപോയി, എന്തൊരു മലങ്കൾട്ടെന്ന്.എനിക്ക് തോന്നുന്നു, ഒരു സംവിധായകൻ ഔട്ട് ഡേറ്റഡ് ആവുന്നതിന്റെ ആദ്യ ലക്ഷണം കാണുന്നത് അയാൾക്ക് സമൂഹവുമായുള്ള ടച് വിടുമ്പോഴാണെന്ന്. അവർ എഴുത്തുകാരായ സംവിധായകർ കൂടിയാണെങ്കിൽ പറയുകയും വേണ്ട.
ഒരു സമൂഹത്തിന്റെ ആകെ പൾസ് നിശ്ചയിക്കുന്നത് അതിലെ യങ് പോപ്പുലേഷനാണ്. അവരുടെ അഭിരുചി, മൂല്യങ്ങൾ, കാഴ്ചപ്പാട്, നിരാശകൾ, അഭിലാഷങ്ങൾ ഒക്കെയുമായി ഏത് സ്റ്റേജിലാണോ ഒരു സംവിധായകന് കണക്ട് നഷ്ടമാവുന്നത് അന്നേരം മുതൽ അയാൾ പൊതു അഭിരുചിയിൽ നിന്ന് പുറത്തുപോകും. അത് ഏറ്റവും കൂടുതൽ പ്രകടമാവുന്നത് അവർ തങ്ങൾ പക്കാ അപ്ഡേറ്റഡ് ആണെന്ന് കാണിക്കാനെടുക്കുന്ന യൂത് പടങ്ങളിലാവും. കമലിന്റെ മിന്നാമിന്നിക്കൂട്ടം, രാജസേനന്റെ 72 മോഡൽ, ഇന്നാണ് ആ കല്യാണം ഒക്കെ ഉദാഹരണങ്ങളാണ്. അതിലേക്കാണ് ലാൽജോസിന്റെ സോളമന്റെ തേനീച്ചകൾ അഡ്മിഷനെടുക്കുന്നത്.
കാരണം ഇവർ പറയാൻ പോകുന്നവരുടെ ജീവിതത്തെക്കുറിച്ചു ഇവർക്ക് തന്നെ ധാരണയുണ്ടാവില്ല. ഇരുട്ടിലേക്ക് വെടി വെയ്ക്കുന്നപോലെ വെറുതെ അന്തംവിട്ട് ചെയ്യാമെന്നല്ലാതെ വേറെ വഴിയില്ല. പിന്നെ ഒരു വഴിയുള്ളത് ഇവർ ഇവരുടെ അല്ലെങ്കിൽ ഒരു മിഡിൽ ഏജ് ആയവരുടെ കഥ പറയണം. ഇവർക്ക് ഈ സ്റ്റേജിൽ വെച്ച് കിട്ടാവുന്ന ആകെയൊരു സെൻസിബിലിറ്റി അതാണ്. സത്യൻ അന്തിക്കാടിന്റെ അമ്മാവൻ ഉപദേശം ടൈപ്പ് പടങ്ങൾ ഒരുവിധം രക്ഷപ്പെട്ടുപോകുന്നതിന്റെ കാരണമിതാണ്. പക്ഷെ എപ്പോഴൊക്കെ ഒരു ചെറുപ്പക്കാരുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ അസഹനീയമായ റിസൾട്ടാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ പ്രണയകഥയിലെ അമല പോളൊക്കെ അമ്മായിരി ഐറ്റംസാണ്. മകൾ സിനിമ കണ്ടവർക്ക് അതിന്റെ ഷോക് മാറിയിരിക്കാൻ സാധ്യതയില്ല.ജോഷിയാണ് തമ്മിൽ ഭേദം. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ലോഞ്ചിവിറ്റി ഉള്ള സംവിധായകൻ. പിന്നെയുള്ളത് ഹരിഹരനാണ്. പക്ഷെ രണ്ടുപേരും കയ്യാലപ്പുറത്താണ് കുറച്ചുകാലമായിട്ട്.
(പാപ്പൻ ഒരു കംബാക്കാണ് എന്ന് വിശ്വസിക്കുന്നവര് എന്നോട് ക്ഷമിക്കുമല്ലോ.)