അപരവൽക്കരണത്തെ ശത്രുവായി പ്രഖ്യാപിച്ച മഹത് വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ

23

P A Muhammad Riyas

ഇതു പോലൊരു ജൂലൈ 4നാണ് 1902ൽ സ്വാമി വിവേകാനന്ദൻ ലോകത്തെ വിട്ടു പിരിഞ്ഞത്. ഐക്യപ്പെടലിന്റെയും സഹവർത്തിത്വത്തിന്റെയും മാനവിക ദർശനമായിരുന്നു സ്വാമിജിയുടെത്. അപരവൽക്കരണത്തെ ശത്രുവായി പ്രഖ്യാപിച്ച മഹത് വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ. ഒഴിവാക്കൽ (Exclusion) എന്ന ഇക്കാലത്തെ ഏറ്റവും തെറ്റായ പ്രവണതക്കെതിരെ അന്നു തന്നെ സന്ധിയില്ലാതെ പടവെട്ടിയ ദർശനമായിരുന്നു സ്വാമിവിവേകാനന്ദന്റേത്.

മതവർഗീയത, മതസ്പർധ,വിഭജിക്കൽ എന്നിവയ്ക്കെതിരെ പ്രതിരോധത്തിന്റെ ഊർജ്ജമാണ് സ്വാമിയുടെ ദർശനം.1893 ലെ അമേരിക്കയിലെ വിശ്വ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം “എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ” എന്നു തുടങ്ങുന്നത് തന്നെ സമത്വത്തെ സ്വാമിജി എത്രയോ ഉയരങ്ങളിൽ കാണുന്ന എന്നുള്ളതിന്റെ ഉദാഹരണമാണ്.വർണ്ണവെറിക്കെതിരെ ജാതി മേൽക്കോയ്മക്കെതിരെ സാമ്പത്തിക ചൂഷണത്തിനെതിരെ ‘സമത്വം’ എന്ന മഹത്തരമായ ആശയം ഉയർത്തിപ്പിടിക്കുക എന്നതിനേക്കാൾ വലിയ ഒരു പ്രതിരോധം മറ്റെന്തുണ്ട്?

വർത്തമാനകാല ഇന്ത്യയിലെ സമത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കരുത്താണ് സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകൾ. സമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും വിറങ്ങലിക്കാത്ത ഇച്ഛാശക്തിയുമുള്ള യുവതലമുറ നമ്മുടെ രാജ്യത്ത് ഉയർത്തെഴുന്നേൽക്കുകത്തന്നെ ചെയ്യും.ധീരൻമാർക്കുള്ള ഈ ലോകത്ത് അടിമയെപ്പോലെ ജോലി ചെയ്യാതെ മുതലാളിക്ക് തുല്യമായി തൊഴിലാളി ഉയർന്നു വരുന്ന കാലത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ആയുധമാണ് സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകൾ.