സത്യത്തിൽ ഈ ജനപ്രതിനിധികൾക്ക് എന്താണ് പണി ?

180

P K Sureshkumar

കോമളവല്ലി… വിശപ്പു കൊണ്ട് കുഞ്ഞുങ്ങൾ മണ്ണ് വാരി തിന്നു എന്ന് പറയപ്പെടുന്ന ദലിത് കുടുംബം ഉൾപ്പെടുന്ന ഡിവിഷനിലെ തിരുവനന്തപുരം കോർപ്പറേഷൻ BJP കൗൺസിലർ… കേന്ദ- സംസ്ഥാന സർക്കാരുകൾ അന്ത്യോദയ അന്ന യോജന ( AAY) സ്കീമിൽപ്പെടുത്തി പ്രതിമാസം 35 കിലോ അരി സൗജന്യമായി ലഭിക്കുന്നത് എന്തുകൊണ്ട് ഈ കുടുംബത്തിന് ലഭ്യമാക്കാൻ ഇവർ നടപടി സ്വീകരിച്ചില്ല ? പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ലൈഫ് സ്കീമിൽ സൗജന്യമായി ലഭിക്കുന്ന വീട് / ഫ്ലാറ്റ് പദ്ധതിയിൽ ഈ കുടുംബത്തെ പെടുത്താൻ എന്ത് കൊണ്ട് ഇവർ നടപടി സ്വീകരിച്ചില്ല. ? കുട്ടികളുടെ പിതാവ് പറയുന്നു അയാൾ BJP ക്കാരൻ ആണെന്ന് ,സ്വന്തം പാർട്ടിക്കാരന്റെ കുടുംബം ഇത്രയേറെ നരകിച്ചിട്ടും കൗൺസിലർ ഇതൊന്നും അറിഞ്ഞിട്ടില്ല .. ഇതേ വരെ തിരിഞ്ഞ് നോക്കിയിട്ടില്ല ..

ദലിത് വിഭാഗങ്ങളുടെ ഒരു ആനുകൂല്യങ്ങളും ആരും തട്ടിപ്പറിക്കുന്നില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ ഇവരിലേക്ക് എത്തിക്കുന്നത് വാർഡ് കൗൺസിലർ / മെമ്പർമാർ വഴിയാണ് ..

കോമളവല്ലി ഇപ്പോൾ BJP വാർഡ് കൗൺസിലർ. കഴിഞ്ഞ ടേമിൽ ഇവരുടെ ഭർത്താവ് രാജേന്ദ്രൻ വാർഡ് കൗൺസിലർ… വാർഡ് വനിതാ സംവരണം ആയപ്പോൾ ഭർത്താവിന് പകരം ഭാര്യ കൗൺസിലർ ആയി.. ഭാര്യയും ഭർത്താവും മാറി മാറി ജന സേവനം നടത്തുന്നിടത്താണ് ഈ ദുരവസ്ഥ .. കോമളവല്ലിയുടെ ഭർത്താവ് രാജേന്ദ്രൻ മുൻ കൗൺസിലർ മാത്രമല്ല BJP യുടെ പ്രമുഖ നേതാവ് കൂടിയാണ്…

തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ ഫ്ലക്സും തകരഷീറ്റും ഉപയോഗിച്ചുള്ള കൂരയിൽ ജീവിച്ച അമ്മയ്ക്കും മക്കൾക്കും ഇപ്പോഴെങ്കിലും കരുതലും നീതിയും ലഭിച്ചത് സിപിഐ എം പ്രവർത്തകർ ശിശുക്ഷേമ സമിതിയുടെ തണൽ ഹെൽപ്പ് ലൈനിൽ അറിയിച്ചത് കൊണ്ടാണ്.

29 വയസ് മാത്രമുള്ള സ്ത്രീയും കുട്ടികളും അനുഭവിച്ചത് നരകയാതനകൾ തന്നെയായിരുന്നു. കല്യാണം കഴിഞ്ഞ് ഏഴ് വർഷത്തിനിടയിൽ ആറ് കുഞ്ഞുങ്ങളെ പ്രസവിക്കാൻ ആ സ്ത്രീ നിർബന്ധിതയാവുകയായിരുന്നു. ബി ജെ പി പ്രവർത്തകനായ ഭർത്താവിന് മുലപ്പാൽ വറ്റുന്നത് ഇഷ്ടമല്ലാത്തതിനാൽ പ്രസവം നിർത്താൻ സമ്മതിക്കാത്തതിനാലാണ് ആ സ്ത്രീ പ്രസവിച്ചുകൊണ്ടേയിരുന്നത്. പലപ്പോഴും ഡിവൈഎഫ്ഐ പ്രവർത്തകരാണ് കുട്ടികൾക്ക് ഭക്ഷണം എത്തിച്ചിരുന്നത്. അവർക്ക് പഠിക്കാനുള്ള പുസ്തകങ്ങളും മറ്റും പഠനോത്സവത്തിന്റെ ഭാഗമായി നൽകിയിരുന്നു.

ഈ വിഷയത്തെ സർക്കാരിന്റെ വീഴ്ചയായി കാണിക്കാൻ പെടാപ്പാട് പെടുന്ന രണ്ടു കൂട്ടരുണ്ട്. കോൺഗ്രസുകാരും ബി ജെ പിക്കാരുമാണ് അത്. കൈതമുക്ക് പ്രദേശത്തെ ഭരണകൂട വക്താക്കൾ ഈ രണ്ട് രാഷ്ട്രീയപാർട്ടികളുമാണ്. നിയമസഭാ മണ്ഡലത്തെ പ്രതിനിധികരിക്കുന്നത് കോൺഗ്രസും കോർപ്പറേഷൻ വാർഡിനെ പ്രതിനിധീകരിക്കുന്നത് ബി ജെ പിയുമാണ്. ‘വിശ്വപൗരനും ബാഴ്സലോണ സിറ്റിയെ പോലെ ട്രിവാൻഡ്രത്തെ മാറ്റാൻ പ്രതിജ്ഞാബദ്ധ’നുമായ ശശി തരൂരാണ് സ്ഥലം എം പി.

ബി ജെ പിയുടെ ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ കോമളവല്ലിയോ, സ്ഥലം എം എൽ എ വിഎസ് ശിവകുമാറോ ഏതെങ്കിലും കൗൺസിൽ യോഗത്തിലോ, നിയമസഭാ സമ്മേളനത്തിലോ ഇത്തരം ” പുറമ്പോക്ക് ജീവിതങ്ങളെ” പുനരധിവസിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടോ?

നമ്മൾ എന്തിനാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്? നമ്മുടെയും നാടിന്റെയും മേൽഗതിയ്ക്ക് ഭരണകൂടങ്ങളിൽ ഇടപെടാനും നമുക്ക് വേണ്ടി ശബ്ദിക്കാനും പ്രവർത്തിക്കാനും അല്ലെ?

ഇവിടെ എം എൽ എ വി എസ് ശിവകുമാർ. കഴിഞ്ഞ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് ആയിരുന്നു. തന്റെ മണ്ഡലത്തിലെ ഇത്തരം ‘പുറമ്പോക്ക് ജീവിതങ്ങളെ’ പൊതുധാരയിലെത്തിക്കാൻ എന്താണ് അദ്ദേഹം ചെയ്തത്? അദ്ദേഹത്തിന്റെ പാർട്ടി ചെയ്തത്?

എം എൽ എ യെക്കാൾ കൂടുതൽ കാര്യങ്ങൾ ഇത്തരം വിഷയങ്ങളിൽ ചെയ്യാൻ സാധിക്കുന്നത് വാർഡ് കൗൺസിലർക്കാണ്. കഴിഞ്ഞ രണ്ട് ടേമായി ബി ജെ പിയാണ് ആ വാർഡിൽ വിജയിക്കുന്നത്. ജനങ്ങളുടെ കൂടെയെന്ന് അവകാശപ്പെടുന്നത്.!

ലൈഫ്മിഷൻ വീട് വിതരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും ഇവർക്ക് ഒരു കൂര കിട്ടിയില്ലെങ്കിൽ വാർഡ് കൗൺസിലറായ വനിതയല്ലാതെ മറ്റാരാണ് ഉത്തരവാദി?

പട്ടികജാതി വിഭാഗങ്ങളിലുള്ളവർക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ കോർപ്പറേഷനും സർക്കാരും നൽകുന്നുണ്ട്? അതൊന്നും ഈ വീട്ടിലേക്ക് എത്താതിരിക്കാൻ കാരണം ബി ജെ പിയുടെ കൗൺസിലർ മാത്രമാണ്. ഒരു വാർഡ്സഭ പോലും ഇവരെ അറിയിച്ചിരുന്നില്ല. ഇവരെയൊക്കെ മനുഷ്യരായി പരിഗണിക്കാൻ പോലും കൗൺസിലർ തയ്യാറായിരുന്നില്ല.

തൊട്ടടുത്ത വാർഡാണ് വഞ്ചിയൂർ. അവിടെ കൗൺസിലറായ വഞ്ചിയൂർ പി ബാബു സിപിഐ എം നേതാവാണ്. ആ വാർഡിലും പുറമ്പോക്കിൽ താമസിക്കുന്നവരുണ്ടായിരുന്നു. ലൈഫ്മിഷൻ ഒന്നാം ഘട്ടത്തിൽ തന്നെ അവർക്ക് വീടായി. ചിലർക്ക് ഫ്ലാറ്റായി. അവിടെ പട്ടിണി കിടക്കുന്ന കുടുംബങ്ങളോ, കുട്ടികളോ ഇല്ല.

ഇത് കണ്ണുണ്ടായിട്ടും കാണാത്തതിന്റെ പ്രശ്നമാണ്. ജനപ്രതിനിധികൾ ഉത്തരവാദിത്തം നിറവേറ്റാത്തതിന്റെ പ്രശ്നമാണ്.

പിൻകുറി :- ആദിവാസി വിഭാഗങ്ങൾ പോലും സ്വമേധയാ ജനസംഖ്യാനിയന്ത്രണം സാദ്ധ്യമാക്കുന്നിടത്താണ് ഏഴര വർഷം കൊണ്ട് 6 മക്കളെ അയാൾ സൃഷ്ടിച്ചത് .. പട്ടിണിയും വീടും അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായ സ്ഥിതിക്ക് ഇനി ചെയ്യേണ്ടത് അയാളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുകയും ഡീ-അഡിക്ഷൻ സെന്ററിൽ വിദഗ്ദ ചികിത്സയുമാണ്