ഹാഗിയ സോഫിയ : സെക്യുലറിസത്തിന്റെ ശവപ്പെട്ടിയില്‍ ആണികളടിച്ചു കയറ്റുമ്പോള്‍

  67

  പി കൃഷ്ണദാസ്

  ഹാഗിയ സോഫിയ : സെക്യുലറിസത്തിന്റെ ശവപ്പെട്ടിയില്‍ ആണികളടിച്ചു കയറ്റുമ്പോള്‍

  തുര്‍ക്കിയിലെ പ്രസിദ്ധമായ ഹാഗ സോഫിയ, മുസ്ലീം പള്ളിയാക്കി കൊണ്ടുള്ള ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഓര്‍ഹാന്‍ പാമുക്ക് പ്രതികരിച്ചത് ഇങ്ങനെയാണ് “To convert it back to a mosque is to say to the rest of the world unfortunately we are not secular anymore.” ഒരു മതേതര സ്ഥാപനം മതാത്മകമാകുന്നത് സെക്യുലറിസത്തിന് ഒട്ടും ആശാസ്യമായ കാര്യമല്ല. ലോകമെങ്ങും സെക്യുലറിസ്റ്റ് മൂല്യങ്ങള്‍ മരണസന്ധിയിലായതിന്റെ പ്രതിഫലനങ്ങളാണ് തുര്‍ക്കിയിലും കാണുന്നത്.

  ഇസ്താംബുളിന്റെ ഫോട്ടോഗ്രാഫര്‍ എന്ന് അറിയപ്പെടുന്ന ആര ഗള്ളര്‍ എടുത്ത ഹാഗ സോഫിയയുടെ പ്രസിദ്ധമായ ചിത്രം ഓര്‍മ്മ വരുന്നു. ബോസ് പോറസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇസ്താംബുളിന്റെയും ഹാഗ സോഫിയയുടെയും നദിയിലൂടെ സഞ്ചരിക്കുന്ന യാനങ്ങളുടെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഇസ്താംബുളിന്റെ ചരിത്രം തന്നെയാണ്. ആ ഭൂഭംഗി ഇതിലും ഭംഗിയായി അടയാളപ്പെടുത്തിയത് പാമുക്കിന്റെ കൃതികള്‍ മാത്രമായിരിക്കും. പാമുക്കിലൂടെയും തുര്‍ക്കിയുടെ ചരിത്രത്തിലൂടെയും ആരാ ഗള്ളറുടെ ചിത്രങ്ങളിലൂടെയും ഇന്‍ഫെര്‍ണോ അടക്കമുള്ള നോവലുകളിലൂടെയും സെലാന്റെ സിനിമയിലൂടെയും നാം അറിഞ്ഞ ഹാഗ സോഫിയയുടെ ബഹുമുഖ വീക്ഷണങ്ങള്‍ ഒരു തത്ത്വത്തിലേക്ക് അണി ചേര്‍ത്ത ദിനമാണ് ഇന്നലെ കഴിഞ്ഞുപോയത്. റെജപ് തയ്യിപ് എര്‍ദ്വാന്റെ ഭരണകൂടമാണ് ഹാഗ സോഫിയയുടെ ചരിത്രപരമായ വിധിയെഴുതിയത്. ഇസ്ലാമികരാജ്യം എന്ന പരിപൂര്‍ണ്ണമായ മതസങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തില്‍ നിന്ന് സെക്യുലറിസം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

  Paris second stop for Ara Güler exhibition | Daily Sabahഅഴിമതി മുക്ത,വ്യക്തി സ്വാതന്ത്ര്യത്തെ മാനിച്ചുള്ള ഭരണം എന്ന് അധികാരമേല്‍കുമ്പോള്‍ പ്രഖ്യാപിച്ച എര്‍ദ്വാന്‍ പതുക്കെ ചുവട് മാറ്റുന്ന കാഴ്ച്ചയാണ് ഈ തീരുമാനത്തിലൂടെ കാണുന്നത്. സമാനമായ അവസ്ഥയാണ് ഇന്ത്യയടക്കം പല രാജ്യങ്ങളിലും മതവിശ്വാസത്തിലൂന്നിയ ഭരണകൂടങ്ങള്‍ നിര്‍വഹിക്കുന്നത്. താജ്‌മഹല്‍ തേജോമാലയമാക്കി മാറ്റുന്നതും ഔറംഗസീബിന്റെ പേരിലുള്ള പാതയുടെ പേര് മാറ്റുന്നതും ബാബറി മസ്ജീദ് തകര്‍ക്കുന്നതും മതരാഷ്ട്രത്തിലേക്കുള്ള പടി പടിയായിട്ടുള്ള മാറ്റത്തെയാണ് കാട്ടുന്നത്.
  ഹാഗിയ സോഫിയയുടെ ചരിത്രപഥങ്ങള്‍ സംഭവബഹുലവും കൗതുകനിര്‍ഭരവുമാണ്. ഒരു നോവലിലെന്ന പോലെ വായിച്ച് പോകാവുന്ന മാറ്റങ്ങളിലൂടെയും വിപ്ലവമുഖങ്ങളിലൂടെയുമാണ് ആ കലാസൗധം കടന്ന് വന്നിട്ടുള്ളത്. ശില്പപ്രൗഢിയാല്‍ ലോകത്തിലെ തന്നെ മനോഹരസൃഷ്ടികളിലൊന്നായ ഈ മന്ദിരത്തിന്റെ ചരിത്രം ചര്‍ച്ച് ഓഫ് ഹാഗിയ സോഫിയയായി ആരംഭിക്കുകയും ദേശീയ മ്യൂസിയമായി പരിണമിക്കുകയും ഇന്ന് അത് ഹോളി മോസ്ക് ഓഫ് ഹാഗിയ സോഫിയായി മാറുകയും ചെയ്തു. Greek Orthodox Christian patriarchal cathedral, Roman Catholic cathedral, Ottoman mosque, secular museum ഈ വിധം കാലാനുസൃതമായി ആ കെട്ടിടം ഭരണകൂട ഇച്ഛയ്ക്കനുസരിച്ച് മാറികൊണ്ടിരുന്നു. അത് ഒരു ജനതയുടെ ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റം കൂടിയായിരുന്നു. എ ഡി 530 കളിലാണ് ബൈസാന്തിയന്‍ സാമാജ്യം ഈ മന്ദിരം പണിയുന്നത്.

  ദേവാലയം എന്ന നിലയ്ക്കാണ് ബൈസാന്തിയന്‍ അധിപന്‍ ജെസ്റ്റിനിന്‍ ഹാഗിയ സോഫിയ നിര്‍മ്മിച്ചത്.വര്‍ഷങ്ങളോളം പ്രസ്തുത ധര്‍മ്മം ഹാഗിയ സോഫിയ നിര്‍വഹിക്കുകയും ചെയ്തു. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ ആധിപത്യകാലത്ത് പതിനാലാം നൂറ്റാണ്ടില്‍ ഇതൊരു മുസ്ലീം പള്ളിയായി മാറി. 1935ലാണ് തുര്‍ക്കിയിലെ വിപ്ലവങ്ങളുടെ ഫലമായി ഇത് ദേശീയ മ്യൂസിയമാവുന്നത്. ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഹാഗിയ സോഫിയ സ്ഥാനം പിടിച്ചു. കമാല്‍ അത്താതുര്‍ക്കാണ് ഒരു സെക്യുലറിസ്റ്റ് സ്ഥാപനമായി ഹാഗിയ സോഫിയയെ മാറ്റിയത്. ക്രൈസ്തവ – ഇസ്‌ലാമിക പ്രതീകകങ്ങള്‍ സമജ്ഞസമായി ആ ചുവരുകളിലും അകത്തളങ്ങളിലും കാണാം. ആധുനിക തുര്‍ക്കിയുടെ സ്രാഷ്ടാവായ കമാല്‍ പാഷായുടെ തീരുമാനമാണ് ഇന്ന് മാറ്റപ്പെടുന്നത്. മതേതരമൂല്യം പ്രസരിപ്പിച്ചിരുന്ന ഒരു സ്ഥാപനം മതമൂല്യങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ മനുഷ്യവംശത്തെ സംബന്ധിച്ച് അത് വിശാലതയില്‍ നിന്ന് സങ്കുചിതാവസ്ഥയിലേക്കുള്ള തിരിച്ച് പോകാണ്. ഓട്ടോമാന്‍ സാമ്രാജ്യത്തെയും ബൈസാന്തിയന്‍ ഭരണത്തെയും അതിജീവിച്ച ഹാഗിയ സോഫിയ അഥവാ ഹോളി വിസ്ഡം ഈ ഭരണകൂടത്തെയും അതിജീവിച്ച് കാലത്തിന്റെ സുന്ദരനിര്‍മ്മിതികളിലൊന്നായി എക്കാലവും ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെയും തുര്‍ക്കിയിലെയും മതഭരണകൂടങ്ങളെ ദാക്ഷിണ്യം കൂടാതെ എതിര്‍ക്കാം.

  Advertisements