സത്യാനന്തരം, സവർക്കർ (ആരായിരുന്നു സവർക്കർ ?)

1192

കടപ്പാട്  : Beeja Vee Cee

നുണകൾക്ക്‌ മേൽ നുണകൾ അടുക്കിവച്ചുകൊണ്ട് ഹിന്ദുത്വഫാസിസ്റ്റുരാഷ്ട്രനിർമ്മാണം നടക്കുമ്പോൾ അതിനെതിരെയുള്ള പ്രതിരോധങ്ങൾ സാർത്ഥകമാവുന്നത് നിരന്തരം യാഥാർത്ഥ്യങ്ങൾ നിരത്തിവച്ചുകൊണ്ടാണ്. കാരണം അജ്ഞതയ്ക്ക് മുകളിലാണ് പൊതുബോധരുപീകരണം ഏറ്റവും ശക്തമായി നടക്കുന്നത്. നിർബന്ധമായും വായിക്കുക.

=====

സവർക്കർക്ക് ഭാരതരത്നം കൊടുക്കുന്നതിന് ബി.ജെ.പി- ശിവസേനാ സഖ്യം മുതൽ അണ്ണാ ഹസാരേ വരെ കൊണ്ട് പിടിച്ച് പരിശ്രമിക്കുന്ന കാലത്ത് ആരായിരുന്നു സവർക്കർ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ലേഖനം താഴെ കൊടുക്കുന്നു. 2019 ജനുവരിയിൽ എഴുതുകയും 2019 ഫെബ്രുവരി 11ന്റെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതുമായ ലേഖനം

സത്യാനന്തരം, സവർക്കർ

പി.എൻ .ഗോപീകൃഷ്ണൻ

ആൻഡമാനിലെ കുപ്രസിദ്ധമായ ബ്രിട്ടീഷ് സെല്ലുലാർ ജയിലിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഒരു കുറ്റവാളി എത്തി ചേർന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ അക്രമാസക്തമായി നിലകൊണ്ടു എന്നതിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് ആ ചിത്പാ വൻ ബ്രാഹ്മണൻ അവിടെ എത്തുന്നത്. സെല്ലുലാർ ജയിലിലെ മൂന്നാം വിതാനത്തിലെ ഏഴാം യാർഡിൽ അമ്പത്തിരണ്ടാം സെല്ലിലാണ് ആ 32778 എന്ന നമ്പർ പേറുന്ന തടവുകാരനെ അടച്ചത്. അയാളുടെ പേര് വിനായക് ദാമോദർ സവർക്കർ എന്നായിരുന്നു

വയസ്സ് നോക്കുകയാണെങ്കിൽ ഇരുപതുകളിലെ രണ്ടാം പാദത്തിലേ അയാൾ അപ്പോൾ എത്തിയിട്ടുള്ളു. നാസിക്കിലെ കളക്ടർ ആയിരുന്ന A M T ജാക്സനെ വധിക്കാൻസഹായം ഒരുക്കിഎന്ന കേസിലാണ് അയാളെ 1910 ൽ ഇംഗ്ലണ്ടിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയിലേയ്ക്ക് വിചാരണയ്ക്കായി കൊണ്ടുവരുന്നതിനിടയിൽ ഫ്രാൻസിന്റെ അതിർത്തിയെത്തിയപ്പോൾ കപ്പലിൽ നിന്ന് സാഹസികമാം വണ്ണം കടലിലേയ്ക്ക് ചാടുകയും ഫ്രാൻസിന്റെ ഭാഗമായ മാർസൈൽസിലേയ്ക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിയ്ക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു ഉജ്ജ്വല നായികയായ മാഡം കാമ അയാളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയുമായി അവിടെയെത്തിയെങ്കിലും അയാൾ അതിന് മുമ്പേ പിടിയിലായി. ഫ്രാൻസിന്റെ മണ്ണിൽ നിന്നും ബ്രിട്ടീഷ് പോലീസ് അയാളെ അറസ്റ്റു ചെയ്തത് ഒരു അന്താരാഷ്ട്ര തർക്കത്തിന് തന്നെ വഴിതെളിച്ചു.

അതിന് മുമ്പേ തന്നെ സവർക്കർ ശ്രദ്ധാകേന്ദ്രം ആയിരുന്നു. 1906 ൽ ഇംഗ്ലണ്ടിൽ പഠനത്തിനെത്തി ചേർന്ന സവർക്കർ അവിടെ പഠിച്ചു കൊണ്ടിരിയ്ക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ഫ്രീ ഇൻഡ്യാ സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. മർദ്ദക നിയമങ്ങൾക്കെതിരെ നിവേദനങ്ങൾ സമർപ്പിക്കുകയല്ല വേണ്ടതെന്നും സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനായ് പടപൊരുതുകയാണ് വേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അക്കാലത്താണ് അവിടെ വക്കീലായിരുന്ന ഗാന്ധിയെ അദ്ദേഹം ആദ്യം കാണുന്നത്. ഉച്ചഭക്ഷണത്തിന് സവർക്കർ ഗാന്ധിയ്ക്ക് പൊരിച്ച ചെമ്മീൻ കൊടുക്കാൻ ശ്രമിച്ചപ്പോൾ സസ്യാഹാരിയായ ഗാന്ധി എതിർത്തു . മാംസഭക്ഷണത്തിൽ നിന്ന് കിട്ടുന്ന മാംസ്യത്താൽ ശരീരത്തിന് കരുത്തുപകരാതെ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതാൻ നിശ്ചയിക്കുന്ന ഒരാൾ വിഡ്ഢി മാത്രമാണെന്ന് സവർക്കർ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു

അക്കാലത്ത ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച മന:സ്ഥിതിക്കാരനായിരുന്നു സവർക്കർ. അദ്ദേഹത്തിന്റെ ഉറച്ച അനുയായിയായ മദൻലാൽ ദിംഗ്രയെ ഉപയോഗിച്ച് ഇന്ത്യയിലെ വൈസ്റോയി ആയിരുന്ന കഴ്സൺ പ്രഭുവിനേയും ബംഗാൾ ഗവർണ്ണറായിരുന്ന ബ്രാം ഫീൽഡ് ഫുള്ളറേയും വധിക്കാൻ സവർക്കർ പദ്ധതിയുണ്ടാക്കി. എന്നാൽ അവർ പങ്കെടുത്ത മീറ്റിങ്ങിൽ ദിംഗ്ര എത്തുമ്പോഴേയ്ക്കും അവർ അവിടം വിട്ട് പോയിരുന്നു. എന്നാൽ ദിംഗ്ര അടങ്ങിയിരുന്നില്ല. ലണ്ടനിലെ ഇന്ത്യാ കാര്യാലയത്തിലെ പ്രധാന ചുമതലക്കാരനായ സർ വില്യം കഴ്സൺ വില്ലിയെ 1909 ജൂലൈ 1 ന് ദിംഗ്ര വധിക്കുകയുണ്ടായി . ബ്രിട്ടീഷ് പോലീസ് സവർക്കറുടെ പങ്കാളിത്തത്തെ സംശയിച്ചെങ്കിലും വേണ്ടത്ര തെളിവുകൾ ലഭിച്ചില്ല . ദിംഗ്രയാകട്ടെ തൂക്കിലേറ്റപ്പെട്ടു

ഇതിന് ശേഷമാണ് സവർക്കർ പ്രതിയായ ജാക്സൺ വധക്കേസ് ഉണ്ടാകുന്നത്. സവർക്കറും ജ്യേഷ്ഠൻ ബാബുറാവു എന്ന ഗണേഷ് സവർക്കറും അംഗമായ രഹസ്യ സംഘടനയായ “മിത്രമേള ” എന്ന സംഘടനയാണ് ജാക്സൺ വധം ആസൂത്രണം ചെയ്തത്. അഭിനവ് ഭാരത് എന്ന് പിൽക്കാലത്ത് മിത്രമേളയെ പുനർനാമകരണം ചെയ്യുകയുണ്ടായി. ഗണേഷ് സവർക്കറെ ഇതിനിടെ ബോംബ് മാനുവൽ സഹിതം പോലീസ് പിടികൂടുകയും വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തു. 1909 ഡിസംബർ 29 ന് അനന്ത് കൻഹേര , ശാരദ എന്ന മറാഠി നാടകം കണ്ടു കൊണ്ടിരിയ്ക്കേ ജാക്സണെ വെടിവെച്ചു കൊന്നു. സവർക്കർ ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് കടത്തിയ 20 തോക്കുകളിൽ ഒന്ന് ഉപയോഗിച്ചാണ് അനന്ത് കൊല നടത്തിയതെന്ന് ബ്രിട്ടീഷ് പോലീസ് കണ്ടു പിടിച്ചു. അങ്ങനെയാണ് ഇരട്ട ജീവപര്യന്തത്തിന് ,50 വർഷത്തടവിന്, ശിക്ഷിക്കപ്പെട്ട് സവർക്കർ ആൻഡമാൻ ജയിലിൽ എത്തുന്നത്. ഒപ്പം സഹോദരനായ ബാബുറാവുവും നാടുകടത്തൽ ശിക്ഷയ്ക്ക് വിധേയനായി അതേ ജയിലിൽ എത്തി

ആറു മാസം സവർക്കർ ഏകാന്ത തടവിലായിരുന്നു. 13.5 അടി നീളവും 5 അടി വീതിയുമുള്ള അറ . ഇരുമ്പഴികളിട്ട ജനാല മുറിയിൽ 6 അടി നീളവും 3 അടി വീതിയുമുള്ള മരക്കിടക്ക. പിൽക്കാലത്ത് സവർക്കർ എഴുതി : ” മരണവക്ത്രത്തിലകപ്പെട്ട പോലെ എനിയ്ക്ക് തോന്നി ” . ഫൂക്കോ , ജയിലിന്റെ ജനനം എന്ന പുസ്തകത്തിൽ എഴുതിയ പോലെ ,ബന്ധാം എന്ന ആർക്കിടെക്റ്റ് ഉരുത്തിരിച്ചെടുത്ത “പനോപ്റ്റിക്കോൺ ” മാതൃകയിലുള്ള ആ തടവറയിൽ സവർക്കറുടെ സ്വാതന്ത്ര്യവീര്യം ചോർന്നു . നടുക്ക് സ്ഥാപിച്ച നിരീക്ഷണ ഗോപുരത്തിൽ നിന്ന് നിരീക്ഷകർക്ക് ഓരോരുത്തരേയും കാണാം. എന്നാൽ തടവുകാർക്ക് പരസ്പരം കാണാൻ നിവൃത്തിയില്ല .” കൈവിലങ്ങുകളും മറ്റ് നിരവധി മർദ്ദനോപകരണങ്ങളും നിരത്തിയിട്ട ചുമരുകൾ ” അയാളെ തളർത്തിയിരിക്കണം. ആദ്യഘട്ടത്തിൽ സവർക്കർ പിടിച്ചു നിന്നു. അനുമതിയില്ലാതെ കത്തുകൾ എഴുതിയതിന്റെ പേരിൽ 7 ദിവസം കൈവിലങ്ങിൽ കഴിയേണ്ടി വന്നിട്ടുണ്ട് ,അയാൾക്ക് . അത് പോലെത്തന്നെ ഒരു തവണ 4 മാസം കഴുത്തിൽ ചങ്ങലയിട്ടും. 1912 നും 14 നുമിടയ്ക്ക് 8 പ്രാവശ്യം തടവറയ്ക്കുള്ളിലെ ശിക്ഷയ്ക്ക് അയാൾ വിധേയനായി .

ആൻഡമാൻ തടവറയിലെ മറ്റ് സ്വാതന്ത്ര്യ സമര സേനാനികൾ ശിക്ഷയെ സമരമായിക്കണ്ട് കാലം പോക്കുമ്പോൾ സവർക്കർ ഒരു പരിണാമത്തിന് വിധേയമാക്കുകയായിരുന്നു. 1913 ൽ ജയിൽ സന്ദർശിച്ച സർ റെജിനാൾഡ് ക്രഡ് ഡോക്കിന് ,അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ ഹോം മെമ്പർക്ക് അദ്ദേഹം ദയാഹർജി കൊടുത്തു . ” ആറു മാസം ഞാൻ ഏകാന്ത തടവിന് വിധേയമായി. അന്നു മുതൽ ഇന്നുവരെ ഞാൻ എന്റെ സ്വഭാവത്തെ കഴിയും വിധം നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. 50 വർഷങ്ങൾ എന്നെ തുറിച്ചു നോക്കുന്നു … ” മറ്റ് രാഷ്ട്രീയത്തടവുകാർ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്നും അയാൾ കൈ കഴുകാൻ ശ്രമിച്ചു. ” ഞാൻ ചെയ്യുന്ന തെറ്റുകൾക്ക് മാത്രമാണ് ഞാൻ ഉത്തരവാദി. മറ്റുള്ളവരുടെ ചെയ്തികൾക്ക് ഞാൻ ഉത്തരവാദിയല്ല …. ” കത്തിന്റെ അവസാനമെത്തുമ്പോഴേയ്ക്കും അയാൾ സമ്പൂർണ്ണമായി ബ്രിട്ടീഷ് ഗവണ്മെന്റിന് അടിയറവു പറയുന്നു .” ഗവണ്മെന്റിന് ഇഷ്ടപ്പെട്ട ഏത് രീതിയിലും സേവനം അനുഷ്ഠിക്കാൻ ഞാൻ തയ്യാറാണ്. ബ്രിട്ടീഷ് രാജാവിന് മാത്രമാണ് എന്നോട് കരുണ ചൊരിയാനാകുക . ഗവണ്മെന്റിന്റെ രക്ഷാകർത്തൃത്വത്തിന്റെ വാതിലുകളിലേയ്ക്കല്ലാതെ മുടിയനായ പുത്രൻ എങ്ങോട്ടാണ് മടങ്ങിയെത്തുക?”. ഇതിന് മുമ്പ് 1911 ൽ തന്നെ സവർക്കർ ആദ്യ ദയാഹർജി സമർപ്പിച്ചിരുന്നു

ക്രഡ്ഡോക്ക് സവർക്കറിൽ വന്ന മാറ്റത്തെപ്പറ്റി ഗവണ്മെന്റിനെ അറിയിച്ചെങ്കിലും, സവർക്കറെ പൂർണ്ണമായി വിശ്വസിക്കാൻ തുനിഞ്ഞില്ല. ഗവണ്മെന്റും സവർക്കർ വിശ്വസ്തനാണെന്ന് തെളിയിക്കുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനിച്ചത്. 1914 സെപ്തംബർ 14 ന് സവർക്കർ വീണ്ടും ദയാഹർജി സമർപ്പിച്ചു. അപ്പോഴേയ്ക്കും ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു . ” ഇന്ത്യൻ ഗവണ്മെന്റിന്റെ സേവകനായി ഈ യുദ്ധത്തിൽ പങ്കെടുത്ത് എന്ത് ചെയ്യാനും ഞാൻ തയ്യാറാണ് ” സവർക്കർ എഴുതി. പക്ഷേ ,അതും നിരാകരിയ്ക്കപ്പെട്ടു. അടുത്ത ഹർജി കൊടുത്തത് 1917 ഒക്ടോബർ 2 ന് . അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യ 1915 ൽ രണ്ടു ഹർജിയും 1919ൽ ഒരു ഹർജിയും അദ്ദേഹത്തിന്റെ ജയിൽ മോചനത്തിനായി സമർപ്പിക്കുന്നുണ്ട്. ഇതൊക്കെ വഴി ജയിൽ ജീവിതത്തിന്റെ കഠിനതകളിൽ നിന്നുള്ള പല ഇളവുകളും അദ്ദേഹത്തിന് ലഭിയ്ക്കുകയുണ്ടായി. എങ്കിലും ജയിൽ മോചനത്തിനായുള്ള വഴി തെളിഞ്ഞു കിട്ടുകയുണ്ടായില്ല. എന്നാൽ 1920 ജനുവരി 24 നും 1920 മാർച്ച് 30 നും സമർപ്പിച്ച ഹർജികൾ ഫലം ചെയ്തു. താൻ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അനുകൂലിയാകുക വഴി ,ഒരു കാലത്ത് തന്നെ ഗുരുവായി അംഗീകരിച്ചിരുന്ന ഇന്ത്യയിലേയും വിദേശത്തെയും ‘വഴി തെറ്റിയ ‘ ചെറുപ്പക്കാരെ നിയമം അനുസരിക്കുന്നവരായി മാറ്റാമെന്ന വാഗ്ദാനവും സവർക്കർ ഈ ഹർജികളിലൂടെ നൽകുകയുണ്ടായി. അങ്ങനെ ഒമ്പത് വർഷവും പത്തു മാസവും നീണ്ടു നിന്ന ആൻഡമാൻ ജയിൽ വാസത്തിൽ നിന്നും സവർക്കർ മുക്തനായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മുഖ്യ പ്രവിശ്യയിലേയ്ക്ക് എത്തപ്പെട്ട സവർക്കറിനെ ആദ്യം യെർവാദാ ജയിലിൽ പാർപ്പിച്ചു. മൂന്നു് വർഷം കഴിഞ്ഞ് രത്നഗിരി ജില്ല വിട്ടു പോകരുത് എന്ന വ്യവസ്ഥയിൽ സവർക്കർ വിമോചിതനായി.

ഇങ്ങനെ നിരന്തരം മാപ്പപേക്ഷകൾ കൊടുത്ത് പുറത്തു വന്ന സവർക്കർ എങ്ങനെയാണ് “വീർ ” സവർക്കർ ആയത്? 1926 ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്ര പുസ്തകമാണ് ആദ്യം തന്നെ സവർക്കറുടെ “വീരചരിത്ര ” ത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ചിത്രഗുപ്ത എന്ന ആളാണ് പൊടിപ്പും തൊങ്ങലും വെച്ച ആ ജീവചരിത്രം രചിച്ചത്. 1987 ൽ അതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുകയുണ്ടായി. വീർസവർക്കർ പ്രകാശൻ എന്ന പ്രസാധന സ്ഥാപനമാണ് അത് പുറത്തിറക്കിയത്. ആ രണ്ടാം പതിപ്പിന്റെ മുഖവുരയിൽ പ്രസാധകനായ രവീന്ദ്ര രാമദാസ് ആ രഹസ്യം വെളിപ്പെടുത്തുകയുണ്ടായി . ” ചിത്രഗുപ്ത വീർസവർക്കർ തന്നെയായിരുന്നു ”

സവർക്കർ ഇന്നത്തെ ലോകത്തിൽ ശരിയായും തെറ്റായും സ്മരിയ്ക്കപ്പെടുന്നത്, പക്ഷെ ,ഇത്തരം യു – ടേണുകൾ കൊണ്ട് മാത്രമല്ല. ” ഹിന്ദുത്വ ” എന്ന ഫാസിസ്റ്റ് ആശയത്തിന് ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ വിത്തിട്ടു എന്നത് കൊണ്ടാണ്. 1923 ൽ പ്രസിദ്ധീകരിച്ച ” ഹിന്ദുത്വത്തിന്റെ അടിസ്ഥാനാശയങ്ങൾ ” ( Essentials of Hindutwa ) എന്ന ഗ്രന്ഥം വഴിയാണ് ” ഹിന്ദുത്വ ” എന്ന പിൽക്കാലത്ത് പേടി സ്വപ്നമായിത്തീർന്ന ആശയം ഇന്ത്യയിൽ എത്തുന്നത്. 1928 ൽ ഇതിന്റെ വിപുലീകരിച്ച രൂപമായ ” ഹിന്ദുത്വ : ആരാണ് ഹിന്ദു ?” പുറത്തിറങ്ങി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും യോജിച്ച് സ്വാതന്ത്ര്യ സമര പോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇത് ഇറങ്ങുന്നത് എന്നത് തിരിഞ്ഞു നോക്കുമ്പോൾ ശ്രദ്ധേയമായ വസ്തുതയാണ്. മുസ്ലീങ്ങളെ ഹിന്ദുക്കളുടെ കൊടും ശത്രുക്കളായി പ്രഖ്യാപിക്കുക വഴി ,ബ്രിട്ടീഷുകാരിൽ നിന്നും സാമൂഹ്യ ശ്രദ്ധയുടെ കേന്ദ്രം തെറ്റിയ്ക്കുകയായിരുന്നു , അവരുടെ വിനീത ദാസനായി പ്രവർത്തിക്കാമെന്ന് ഉറപ്പുകൊടുത്ത് പുറത്തു വന്ന സവർക്കറുടെ ഉന്നമെന്ന് ,പലരും കരുതുന്നു. വിഭജിച്ച് ഭരിയ്ക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന് സ്വാദേശികമായ ഒരു അടിത്തറ സൃഷ്ടിക്കാനാണ് ഹിന്ദുത്വ എന്ന പരികല്പന രൂപീകരിച്ചത് എന്നർത്ഥം. അതോടൊപ്പം തന്റെ ചിത്പാവൻ ബ്രാഹ്മണ്യത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യാം.പ്രത്യുപകാരം എന്ന വണ്ണം രത്നഗിരി ജില്ലയിൽ “ഘർവാപസി ” തുടങ്ങി വെയ്ക്കാനും ബ്രിട്ടീഷ് സർക്കാർ സവർക്കറെ അനുവദിച്ചു.

ഹിന്ദുത്വ എന്ന ആശയം ബ്രിട്ടീഷ് ഗവണ്മെന്റിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് വിശ്വസിക്കാൻ വീണ്ടും തെളിവുകൾ ചരിത്രത്തിൽ ഉണ്ട്. 1937ൽ സവർക്കർ ഹിന്ദുമഹാസഭാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .അതേ കൊല്ലം തന്നെ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വൻ വിജയം നേടി. ഹിന്ദുമഹാസഭയും ജിന്നയുടെ മുസ്ലീം ലീഗും തറപറ്റി. എന്നാൽ രണ്ടു കൊല്ലത്തിനകം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ,ബ്രിട്ടന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് മന്ത്രിമാർ രാജിവെച്ചു. ഇത് മുതലാക്കി സവർക്കർ അന്നത്തെ വൈസ് റോയി ആയിരുന്ന ലിൻ ലിത് ഗോ പ്രഭുവിനെ കാണാനെത്തി. ഈ കൂടിക്കാഴ്ചയെ പ്പറ്റി ലിൻ ലിത് ഗോ പ്രഭു പിന്നീടെഴുതി : ” സവർക്കർ പറഞ്ഞത്, ഇത്തരുണത്തിൽ ഗവണ്മെന്റ് ഹിന്ദുക്കളുടെ സഹായം തേടണം എന്നാണ്. നമ്മുടെ താത്പര്യങ്ങൾ ഒന്നായത് കൊണ്ട് നമ്മൾ ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ഹിന്ദുയിസവും ബ്രിട്ടിഷ് ഗവണ്മെന്റും സുഹൃത്തുക്കൾ ആകേണ്ടത് ഇപ്പോൾ രണ്ടു കൂട്ടരുടേയും ആവശ്യമാണ്. പഴയ വൈരം ഇനി ആവശ്യമില്ല. ”

ഇതേ തുടർന്ന് ഹിന്ദു മഹാസഭയുടെ പ്രവർത്തകരോട് ബ്രിട്ടീഷുകാരെ ആവും വിധം സഹായിക്കാൻ സവർക്കർ ആഹ്വാനം ചെയ്തു. സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള ഐ എൻ എ ജപ്പാൻ ഗവണ്മെന്റിന്റെ സഹായത്തോടെ കടന്നു വരുന്നത് തടയാൻ സവർക്കറുടേയും ഹിന്ദുമഹാസഭയുടേയും നിലപാട് സഹായിച്ചു എന്ന് ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് രേഖപ്പെടുത്തുകയും ചെയ്തു

1942ൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ച കാലത്ത് ,സവർക്കർ പ്രസിഡണ്ടായ ഹിന്ദു മഹാസഭ ,തങ്ങളുടെ മുസ്ലീം വിരോധത്തെ താത്ക്കാലികമായി മാറ്റി വെച്ച് സിന്ധി ലും ബംഗാളിലും മുസ്ലീം ലീഗുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കി. ശ്യാമപ്രസാദ് മുഖർജി ബംഗാളിൽ മുസ്ലീം ലീഗ് നേതാവായ ഫസ്ലുൽ ഹഖ് മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി. മാത്രമല്ല, ഹിന്ദുമഹാസഭ പങ്കു ചേർന്ന സിന്ധ് മന്ത്രിസഭ പാകിസ്ഥാന് വേണ്ടി പ്രമേയം പാസ്സാക്കുകയും ചെയ്തു.

അങ്ങനെ അഖണ്ഡ ഭാരതമെന്ന ഹിന്ദുവിന്റെ പുണ്യഭൂമിയ്ക്ക് വേണ്ടി നിലകൊണ്ടു എന്ന് പറയപ്പെടുന്ന സവർക്കർ യഥാർത്ഥ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ദ്വിരാഷ്ട്ര വാദത്തിന്റെ വ്യക്താവായാണ് . മാത്രമല്ല , പഞ്ചാബിലെ സിക്കുകാർ ഒരു സിക്കിസ്ഥാൻ രൂപീകരിക്കാനുള്ള സാധ്യതയേയും അദ്ദേഹം സ്വാഗതം ചെയ്തു. 1948 ജൂൺ 18 ന് സി.പി.രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ തേടിയെത്തിയ ആദ്യ കമ്പി സന്ദേശങ്ങളിൽ ഒന്ന് സവർക്കറുടേതാണ്. ” തിരുവിതാംകൂർ എന്ന ഹിന്ദുരാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ദൂരക്കാഴ്ചയുള്ള , ധൈര്യം നിറഞ്ഞ പ്രഖ്യാപനത്തി” നുള്ള പിന്തുണ ആയിരുന്നു അത്.

എന്നാൽ ഹിന്ദുത്വ ഒരു കൂടം പോലെ ഇന്ത്യാ ചരിത്രത്തിൽ ആഞ്ഞടിച്ചത് സ്വാതന്ത്ര്യത്തിന് ശേഷം ആണ്. കൃത്യമായി പറഞ്ഞാൽ 1948 ജനുവരി 30 ന് . നാഥുറാം വിനായക് ഗോഡ്സേ എന്ന ഹിന്ദു മഹാസഭാ പ്രവർത്തകൻ മഹാത്മാഗാന്ധിയുടെ നെഞ്ചിന് നേരെ ,തന്റെ ബെരെറ്റാ 9 mm തോക്കിൽ നിന്നും മൂന്ന് വെടിയുണ്ടകൾ ഉതിർത്തു. അതേ തുടർന്ന് നടന്ന അന്വേഷണത്തിൽ സവർക്കർ ഏഴാം പ്രതിയായി കേസ് ചാർജ് ചെയ്യപ്പെട്ടു. പിന്നീട് നടന്ന വിചാരണയിൽ നാഥുറാം ഗോഡ്സേയ്ക്കും നാരായൺ ആപ്തേയ്ക്കും കോടതി വധശിക്ഷ നൽകി. മറ്റ് ആറ് പേർക്ക് ജീവപര്യന്തവും .ഗൂഢാലോചനാ കുറ്റമായിരുന്നു സവർക്കറുടെ മേൽ ചുമത്തിയിരുന്നത്. ഗോഡ്സേ മുഴുവൻ കുറ്റവും ഏറ്റ് പറഞ്ഞത് കൊണ്ടും സമ്പൂർണ്ണ തെളിവുകളുടെ അഭാവത്തിലും സവർക്കർ ഒഴിവാക്കപ്പെട്ടു .

പക്ഷെ, സവർക്കറുടെ പങ്ക് ഗോഡ്സേ തന്നെ അബോധപൂർവ്വം വെളിവാക്കുകയുണ്ടായി. 1949 മെയ് 5 ന് ഷിംല കോടതിയിൽ ”ഞാനെന്ത് കൊണ്ട് ഗാന്ധിയെ കൊന്നു? ” എന്നതിന് നാഥുറാം ഗോഡ്സേ ഒരു പ്രസ്താവന നടത്തുകയുണ്ടായി. അതിൽ തന്റെ സ്വഭാവ രൂപീകരണത്തെക്കുറിച്ചും ലോകവീക്ഷണാർജ്ജനത്തെക്കുറിച്ചും ഗോഡ്സേ പറയുന്നുണ്ട്. ആർ എസ് എസിൽ ചേർന്ന് കൊണ്ടാണ് താൻ പൊതുപ്രവർത്തനം തുടങ്ങിയതെന്ന് വെളിപ്പെടുത്തിയ ശേഷം തന്റെ വായനകളെക്കുറിച്ച് ഗോഡ്സേ ഇങ്ങനെ പറയുന്നു : “ഞാൻ രാവണന്റേയും ചാണക്യന്റേയും ദാദാബായ് നവറോജിയുടേയും വിവേകാനന്ദന്റേയും ഗോഖലേയുടേയും തിലകന്റേയും പ്രഭാഷണങ്ങളും എഴുത്തുകളും വായിച്ചു. അതോടൊപ്പം ഇന്ത്യയുടേയും മറ്റ് പ്രമുഖ രാഷ്ട്രങ്ങളായ ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക ,റഷ്യ തുടങ്ങിയവയുടേയും പ്രാചീനവും ആധുനികവുമായ ചരിത്രം പറയുന്ന പുസ്തകങ്ങൾ വായിച്ചു .അതോടൊപ്പം ഞാൻ സോഷ്യലിസത്തിന്റേയും മാർക്സിസത്തിന്റേയും തത്വങ്ങൾ പഠിച്ചു

പക്ഷെ, അതിനേക്കാളെല്ലാം ഉപരിയായി ഞാൻ അഗാധമായി പഠിച്ചത് വീർ സവർക്കറും ഗാന്ധിജിയും എന്തൊക്കെ പറഞ്ഞുവോ, എഴുതിയോ അതെല്ലാമാണ് .എന്നെ സംബന്ധിച്ചിടത്തോളം ,ഇക്കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ ,മറ്റേത് ഘടകത്തേക്കാളുമധികം ഇന്ത്യൻ ജനതയുടെ ചിന്തയേയും പ്രവൃത്തിയേയും കരുപ്പിടിപ്പിക്കാൻ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് ഈ രണ്ട് പ്രത്യയ ശാസ്ത്രങ്ങൾ ആണ് ”

അതെ തുടർന്ന് ഗോഡ്സേ പറയുന്നു

” ഈ വായനകളും ചിന്തകളും എന്നെ നയിച്ചത്, ഒരു രാജ്യസ്നേഹി എന്ന നിലയിലും ലോക പൗരൻ എന്ന നിലയിലും ഹിന്ദുക്കളേയും ഹിന്ദു മണ്ഡലത്തേയും സേവിയ്ക്കുക എന്നതാണ് എന്റെ പ്രഥമ കർത്തവ്യം എന്നതിലേയ്ക്കാണ് ”

തുടർന്ന് ഗാന്ധി എങ്ങനെയാണ് ഈ ഹിന്ദു മണ്ഡലത്തെ നശിപ്പിച്ചതെന്ന് ഗോഡ്സേ വിശദീകരിക്കുന്നു. ഗാന്ധി സത്യത്തേയും അഹിംസയേയും മുന്നിൽ നിർത്തി. ഭൂരിപക്ഷം മനുഷ്യർക്കും ഇത്തരം ഉയർന്ന മൂല്യങ്ങളോട് ദൈനംദിന ജീവിതത്തിൽ ഒട്ടി നിൽക്കാനാവില്ല. മാത്രമല്ല ,അഹിംസ എന്നത് വർജ്ജിക്കപ്പെടേണ്ടതാണ് . രാമൻ രാവണനെക്കൊന്ന് സീതയെ വീണ്ടെടുത്തു .കൃഷ്ണൻ കംസനെക്കൊന്ന് അയാളുടെ ക്രൂരത അവസാനിപ്പിച്ചു. അർജ്ജുനന് തന്റെ നിരവധി ബന്ധുക്കളേയും സുഹൃത്തുക്കളേയും, ഭീഷ്മർ അടക്കം ,കൊല്ലേണ്ടതായി വന്നു. അവർ അക്രമകാരിയുടെ പക്ഷത്ത് നിന്നതിനാൽ .രാമനേയും കൃഷ്ണനേയും അർജ്ജുനനേയും ഹിംസ നടത്തിയ കുറ്റവാളികൾ ആയി ചിത്രീകരിക്കുക വഴി,മഹാത്മാഗാന്ധി ,മനുഷ്യ പ്രവൃത്തിയുടെ പ്രഭവത്തെ ഉദാസീനമായി കാണുക എന്ന ചതിയാണ് നടത്തിയതെന്ന് താൻ ഉറച്ചു വിശ്വസിയ്ക്കുന്നു എന്നും അയാൾ കൂട്ടിച്ചേർക്കുന്നു. ഐതിഹ്യങ്ങളിൽ നിന്ന് മാത്രമല്ല ഗോഡ്സേ ഉദാഹരണങ്ങൾ കൊണ്ട് വരുന്നത്. ഛത്രപതി ശിവജി അഫ്സൽ ഖാനെ കൊന്നില്ലായിരുന്നെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ടേനെ .ചരിത്രത്തിലെ ഗംഭീര പോരാളികളായ ശിവജിയും റാണാ പ്രതാപനും ഗുരു ഗോവിന്ദ് സിങ്ങും വഴി തെറ്റിയ രാജ്യസ്നേഹികൾ ആയി അപലപിക്കപ്പെടുകയാണെങ്കിൽ ഗാന്ധിജി തന്റെ സ്വയം പ്രശംസയെ തുറന്ന് കാണിക്കുകയാണ്

ഈ വാദഗതികൾ നിരീക്ഷിച്ചാൽ എളുപ്പത്തിൽ മനസ്സിലാകുന്ന കാര്യം ഗാന്ധി v/s സവർക്കർ എന്ന ദ്വന്ദ്വത്തിൽ എന്ത് കൊണ്ട് താൻ സവർക്കർക്കൊപ്പമാണ് എന്ന വിശദീകരണമാണ് ഗോഡ്സേ നടത്തുന്നത്. ഗോഡ്സേ നടത്തിയ ഈ പ്രസ്താവനയിലെ ഗാന്ധി / സവർക്കർ ദ്വന്ദ്വത്തെ അപഗ്രഥിക്കാനാണ് യു.ആർ .അനന്തമൂർത്തി രോഗക്കിടക്കയിൽ വച്ചെഴുതിയ ഹിന്ദുത്വ ഓർ ഹിന്ദ് സ്വരാജ് എന്ന അവസാന പുസ്തകത്തിൽ ശ്രമിച്ചത്. സവർക്കറുടെ പുസ്തകം ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തുമ്പോൾ ഗാന്ധിയുടെ “ഹിന്ദ് സ്വരാജ് ” എങ്ങനെയാണ് ബ്രിട്ടീഷ് ഇന്ത്യ പ്രതിനിധീകരിക്കുന്ന ആധുനിക നാഗരികതയെ സൂക്ഷ്മമായി വിമർശിച്ച് ഒരു രാഷ്ട്ര സങ്കല്പം കെട്ടിപ്പെടുക്കുന്നത് എന്ന് അനന്തമൂർത്തി വിശദീകരിക്കുന്നുണ്ട്.
ഗാന്ധി വധത്തെ തുടർന്ന് ഇന്ത്യയിൽ ആർ എസ് എസ് എന്ന സംഘടനയുടെ പ്രവർത്തനം അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ പട്ടേൽ നിരോധിച്ചു ( ഇതേ സർദാർ പട്ടേലിന്റെ പ്രതിമ വെച്ചാണ് ആർ എസ് എസ് രാഷ്ട്രീയം മുന്നോട്ട് പോകുന്നത് എന്നത് ഓർക്കുക ) . 1948 ഫെബ്രുവരി 27 ന് പട്ടേൽ പ്രധാനമന്ത്രി നെഹ്റുവിന് എഴുതി ‘. ” സവർക്കർ നേരിട്ട് നിയന്ത്രിക്കുന്ന ഹിന്ദു മഹാസഭയുടെ ഭീകര വിഭാഗമാണ് ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതും അത് നടപ്പിലാക്കിയതും ”

1964 ൽ ഗാന്ധി വധത്തിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാൾ ,നാഥുറാം വിനായക് ഗോഡ്സേയുടെ സഹോദരൻ ,ഗോപാൽ ഗോഡ്സേ ജയിൽ വിമുക്തനാക്കപ്പെട്ടു. അയാൾക്ക് ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒരു സ്വീകരണം നൽകുകയുണ്ടായി. അതിൽ പ്രസംഗിച്ച പത്രാധിപർ ജി.വി. കേത്ക്കർ ,ഗാന്ധിയെ കൊല്ലുക വഴി രാഷ്ട്രത്തിനുണ്ടാകുന്ന നേട്ടത്തെ പറ്റി നാഥുറാം വിനായക് ഗോഡ്സേ ഗാന്ധി വധത്തിന് മുൻപ് പലപ്പോഴും തന്നോട് ചർച്ച ചെയ്യുകയുണ്ടായിട്ടുണ്ട് എന്നവകാശപ്പെട്ടു. ഈ അവകാശവാദം പാർലിമെന്റിൽ വലിയ ബഹളത്തിന് വഴി തെളിച്ചു. അതേ തുടർന്ന് ജസ്റ്റീസ് ജെ.എൽ. കപൂർ അദ്ധ്യക്ഷനായ ഒരു കമ്മീഷൻ ഗാന്ധിവധത്തിലെ ഗൂഢാലോചനകൾ കണ്ടെത്തുന്നതിനായി നിയോഗിക്കപ്പെട്ടു. സവർക്കറുടെ അംഗരക്ഷകനായിരുന്ന അപ്പ രാമചന്ദ്ര കസാറും സെക്രട്ടറിയായിരുന്ന വിഷ്ണു ഡാംലേയും കൊടുത്ത മൊഴിയനുസരിച്ച് സവർക്കർക്ക് ഗോഡ്സേയും ആപ്തേയുമായി അഗാധമായ അടുപ്പമുണ്ടായിരുന്നു. മാത്രമല്ല ,മറ്റൊരു പ്രതിയായിരുന്ന വിഷ്ണു കാർക്കരേ, ഗാന്ധിയുടെ ജീവനെടുക്കാൻ ശ്രമിച്ച മറ്റൊരാളായ മദൻലാൽ പഹ്വയെ സവർക്കറുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരികയുണ്ടായി എന്നും സവർക്കർ അയാളുമായി 30 – 45 മിനിറ്റ് നേരം സംഭാഷണം നടത്തി എന്നും അവർ മൊഴി നൽകിയിരുന്നു .

ഗാന്ധി വധത്തിന്റെ വിചാരണ വേളയിൽ തന്നെ ഒരു പ്രതിയായ ദിഗംബർ ആർ ബാഡ്ഗേ സവർക്കറുടെ പങ്കിനെക്കുറിച്ച് വ്യക്തമായ വിവരണം നൽകിയിരുന്നു. താനും ഗോഡ്സേയും അപ്തേയും ബോംബെയിലെ സവർക്കർ സദൻ രണ്ടുവട്ടം സന്ദർശിച്ചിരുന്നു എന്ന് ബാഡ്ഗേ മൊഴിയിൽ പറഞ്ഞു. ആദ്യ സന്ദർശനത്തിൽ ബാഡ്ഗേ പുറത്ത് നിന്നതേയുള്ളു. ഗോഡ്സേയും ആപ്തേയും അകത്ത് കടന്ന് സവർക്കറെ സന്ദർശിച്ചു. ഗാന്ധിയും നെഹ്റുവും കൊല്ലപ്പെടേണ്ടവർ ആണെന്നും ആ ജോലി അവരെ ഏല്പിക്കുകയാണെന്നും സവർക്കർ പറഞ്ഞതായി ആപ്തേ തന്നോട് പറഞ്ഞുവെന്ന് ബാഡ്ഗേ വെളിപ്പെടുത്തി. രണ്ടാം തവണ ബാഡ്ഗേ അവർക്കൊപ്പം ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നുണ്ട്. അതേ സമയം മുകളിലെ നിലയിലായിരുന്ന സവർക്കറെ കാണാൻ ഗോഡ്സേയും ആപ്തേയും ആണ് പോകുന്നത് . പത്തു മിനിറ്റിനു ശേഷം സവർക്കറും മറ്റു രണ്ടു പേരും ഗോവണിയിറങ്ങി വന്നു . സവർക്കർ മറ്റ് രണ്ട് പേരോടും മറാത്തിയിൽ ഇങ്ങനെ പറഞ്ഞുവെന്ന് ബാഡ്ഗേ മൊഴി കൊടുത്തു . ” വിജയിച്ച് തിരിച്ചു വാ ”

ഈ വസ്തുതകൾ എല്ലാം പരിശോധിച്ച ശേഷം കപൂർ കമ്മീഷൻ താഴെക്കാണുന്ന നിഗമനത്തിൽ എത്തി
“ഈ വസ്തുതകളെല്ലാം ഒരുമിച്ചെടുക്കുമ്പോൾ സവർക്കറും കൂട്ടാളികളും കൊലപാതകത്തിനായി നടത്തിയ ഉപജാപം ഒഴികെയുള്ള മറ്റെല്ലാ നിഗമനങ്ങളും ഇല്ലാതാകുന്നു”

പക്ഷേ ,1969 ൽകപൂർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വരുന്നതിന് മുമ്പ് തന്നെ സവർക്കർ ഇഹലോകം വെടിഞ്ഞിരുന്നു. 1966 ഫെബ്രുവരി 26 ന്. മരിയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പേ സവർക്കർ ആഹാരവും മരുന്നുകളും നിർത്തി. ഒരർത്ഥത്തിൽ ആത്മഹത്യ .തന്റെ ജീവിതത്തിന്റെ ദൗത്യം അവസാനിച്ചുവെന്നും മരണത്തിന് കാത്തിരിയ്ക്കുന്നതിലും ഭേദമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും അയാൾ കുറിച്ചു. കപൂർ കമ്മീഷൻ തന്നെ കുറ്റവാളിയാക്കും എന്ന് മുൻകൂട്ടി ഊഹിച്ചത് കൊണ്ടാണ് ഇത്തരമൊരു മരണം തെരഞ്ഞെടുത്തത് എന്നും അനുമാനിയ്ക്കുന്നവർ ഉണ്ട്. ഏറ്റവും ചുരുങ്ങിയത് തന്റെ അംഗരക്ഷകനെയും സെക്രട്ടറിയേയും കമ്മീഷന്റെ മുന്നിൽ വീണ്ടും ഹാജരാകുന്നതിൽ നിന്ന് തടയാനെങ്കിലും തന്റെ മരണത്തിനാകും എന്ന വിചാരം കൊണ്ടാണെന്ന് ഊഹിയ്ക്കുന്നവരും.

സവർക്കറുടെ ഹിന്ദുത്വ എന്ന ആശയത്തെ തങ്ങളുടെ രാഷ്ട്രീയാത്മാവായി സ്വീകരിച്ചത് ആർ എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘ് പരിവാർ സംഘടനകൾ ആയിരുന്നു. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ ,ഗാന്ധി വധത്തെ തുടർന്ന് ഏതാണ്ട് ഒരു വർഷത്തോളം ഈ സംഘടനയെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. അന്ന് ആർ എസ് എസിന്റെ പരമാധികാരി ആയിരുന്ന എം .എസ് .ഗോൾവാൾക്കർ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തര മന്ത്രിയായ പട്ടേലിന് എഴുതുകയുണ്ടായി. എന്നാൽ വർഗ്ഗീയതയും വിദ്വേഷവും ഇളക്കിവിടുന്ന പ്രചാരണങ്ങൾ വഴി ആർ എസ് എസ് ഗാന്ധി വധത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു എന്ന നിലപാട് ഉയർത്തിക്കാണിക്കുന്ന മറുപടിയാണ് പട്ടേൽ നൽകിയത് . ഗോഡ്സേയുടെ നേരത്തേ പരാമർശിച്ച കോടതി പ്രസ്താവത്തിലും അയാളുടെ ആർ എസ് എസ് ബന്ധം എടുത്ത് പറയുന്നുണ്ട്. ആർ എസ് എസിൽ പ്രവർത്തിച്ചു കൊണ്ടാണ് താൻ പൊതുരംഗത്തേയ്ക്ക് വന്നത് എന്ന് ആ പ്രസ്താവനയുടെ തുടക്കത്തിൽ തന്നെ ഗോഡ്സേ പറയുന്നുണ്ട്. എന്നാൽ ആർ എസ് എസ് ഗോഡ്സേയെ ഒരിക്കലും തെളിച്ചത്തിൽ ഏറ്റെടുത്തില്ല. ഗോപാൽ ഗോഡ്സേ ഫ്രണ്ട് ലൈനിലെ അരവിന്ദ് രാജഗോപാലിന് നൽകിയ അഭിമുഖത്തിൽ ഈ നിലപാട് സ്വീകരിക്കുന്നതിനെതിരെ ബി.ജെ.പി .നേതാവായ എൽ .കെ .അദ്വാനിയ്ക്കെതിരെ നീരസം പ്രകടിപ്പിയ്ക്കുന്നുണ്ട് . സംഘ കുടുംബത്തിലാണ് താനും മറ്റ് സഹോദരങ്ങളായ നാഥുറാം ,ദത്താത്രേയ ,ഗോവിന്ദ് എന്നിവരും സ്വന്തം വീട്ടിൽ എന്നതിനേക്കാൾ ചെലവഴിച്ചത് എന്ന് അയാൾ ആ അഭിമുഖത്തിൽ പറയുന്നു. നാഥുറാം ആർ എസ് എസിന്റെ ബൗദ്ധിക കാര്യവാഹ് ആയിരുന്നുവെന്നും . ഗോൾവാൾക്കറും ആർ എസ് എസും ഗാന്ധി വധത്തിന് ശേഷം വലിയ കുഴപ്പത്തിലായെന്നും അതിൽ നിന്ന് അവരെ രക്ഷിക്കാനാണ് നാഥുറാം ആർ എസ് എസ് വിട്ടെന്ന പ്രസ്താവന നൽകിയതെന്നും പ്രസ്തുത അഭിമുഖത്തിൽ ഗോപാൽ ഗോഡ്സേ പറയുന്നു .2016 സെപ്തംബർ 8 ന് എക്കണോമിക് ടൈംസിൽ വസുധ വേണുഗോപാൽ പേര് വെച്ചെഴുതിയ റിപ്പോർട്ടിൽ ഗോപാൽ ഗോഡ്സേയുടെ ചെറുമകനും സോഫ്റ്റ് വെയർ പ്രൊഫഷണലുമായ സാത്യകി സവർക്കർ ഇങ്ങനെ അഭിപ്രായപ്പെട്ടതായി പറയുന്നു : “1932 ൽ സാംഗ്ളിയിൽ താമസിക്കുന്ന കാലത്ത് നാഥുറാം ആർ എസ് എസിൽ ചേരുകയുണ്ടായി. മരിയ്ക്കും വരെ അദ്ദേഹം ആർ എസ് എസിന്റെ ബൗദ്ധിക കാര്യവാഹ് ആയിരുന്നു. ആർ എസ് എസ് നാഥുറാമിനെ പുറത്താക്കുകയോ നാഥുറാം ആർ എസ് എസ് വിടുകയോ ചെയ്തിട്ടില്ല ”

എന്തായാലും കപൂർ കമ്മീഷനിലൂടെ ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആർ എസ് എസ് പൊതുവേദിയിൽ നാഥുറാമിനെ ഏറ്റെടുക്കാൻ നിന്നില്ല. എന്നാൽ ഗാന്ധി വധത്തിലെ പ്രതിയും കപൂർ കമ്മീഷൻ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്ത വി. ഡി. സവർക്കറെ ഏറ്റെടുക്കാൻ ആർ എസ് എ സോ ബി.ജെ.പി യോ മടി കാണിച്ചില്ല .

ഒരർത്ഥത്തിൽ സവർക്കറുടെ ആശയങ്ങളിൽ നിന്നാണ് ആർ എസ് എസ് ജന്മമെടുക്കുന്നത്. അയാൾ എഴുതിയ ഹിന്ദുത്വ ത്തിന്റെ അടിസ്ഥാന തത്വങ്ങൾ എന്ന പുസ്തകത്താൽ പ്രചോദിതരാക്കപ്പെട്ടാണ് പിൽക്കാലത്ത് ആർ എസ് എസിന്റെ സ്ഥാപക സർ സംഘചാലക് ആയ കെ.ബി .ഹെഡ്ഗേവാറും അദ്ദേഹത്തിന്റെ വഴികാട്ടിയായ ബി.എസ്. മുഞ്ചേയും രത്നഗിരിയിൽ ചെന്ന് സവർക്കറെ സന്ദർശിക്കുന്നത്.
അതേ തുടർന്ന് 1925 ൽ ആർ എസ് എസ് സ്ഥാപിക്കപ്പെട്ടു

ഇങ്ങനെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ആൻഡമാൻ ജയിലിൽ നിന്ന് രക്ഷ നേടുകയും അവരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുകയും ഗാന്ധി വധത്തിലെ പ്രധാന പ്രേരകശക്തി എന്ന് ചരിത്രം തെളിയിക്കുകയും ചെയ്ത വി.ഡി .സവർക്കറെ ധീര ദേശാഭിമാനിയായും ഗാന്ധിജിയ്ക്ക് ബദലായി രാഷ്ട്രപിതാ സമാനനായും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ സംഘപരിവാർ തുടർച്ചയായി നടത്തി വരുന്നത് , ഹിന്ദു ഫാസിസ്റ്റ് രാഷ്ട്ര സ്ഥാപനം എന്ന അവരുടെ ലക്ഷ്യവുമായി ചേർത്ത് വേണം വായിക്കാൻ. 2003 ൽ ആൻഡമാനിലെ പോർട്ട് ബ്ലെയർ എയർപോർട്ടിന്, വ്യാപക പ്രതിഷേധം വകവെയ്ക്കാതെ ,വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ ഗവണ്മെന്റ് വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് എന്ന് പേര് നൽകി. 2003 ഫെബ്രുവരി 26 ന് എൻ ഡി എ ഗവണ്മെന്റ് പാർലിമെന്റിന്റെ സെൻട്രൽ ഹാളിൽ ചന്ദ്ര കല കുമാർ കദം എന്ന ചിത്രകാരൻ വരച്ച സവർക്കറുടെ ഛായാപടം പ്രതിഷ്ഠിച്ചു. പ്രതിപക്ഷ കക്ഷികൾ ചടങ്ങ് ബഹിഷ്ക്കരിച്ചു .ആ ഛായാപടം അനാവരണം ചെയ്യുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് അന്നത്തെ പ്രസിഡണ്ട് ആയിരുന്ന ഏ പി ജെ അബ്ദുൾ കലാമിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അതൊന്നും വിലപ്പോയില്ല. അങ്ങനെ പാർലിമെന്റിന്റെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് നേരെ എതിരായി ഗാന്ധി വധത്തിന്റെ ആസൂത്രകൻ എന്ന് വിശ്വസിക്കപ്പെടുന്ന സവർക്കറുടെ ചിത്രം തൂങ്ങിക്കിടക്കുന്നു. ഒരിക്കൽ ഗാന്ധിയെ വിശാലമായ ഹൃദയവും ഇടുങ്ങിയ തലച്ചോറും ഉള്ള ആൾ എന്ന് പരിഹസിച്ച അതേ സവർക്കർ .ദി വീക്ക് വാരികയിൽ നിരഞ്ജൻ ടാക്ലേ എഴുതിയ പോലെ ” സവർക്കറുടെ നേരെ നോക്കാൻ എല്ലാ നേതാക്കൾക്കും രാഷ്ട്രപിതാവിന് നേരെ പൃഷ്ഠം തിരിക്കേണ്ടി ” വരുന്നു.

ചരിത്ര യാഥാർത്ഥ്യങ്ങളേക്കാൾ , പ്രചാരണങ്ങൾ സത്യമായിത്തീരുന്ന സത്യാനന്തര കാലത്ത് മോദി ഗവണ്മെന്റും വെറുതെയിരുന്നില്ല. പ്രധാനമന്ത്രി മോദിയും കൂട്ടരും സവർക്കറെ വീരസ്വാതന്ത്ര്യ സമര സേനാനിയാക്കി വാർത്തെടുക്കാൻ നിരന്തര ശ്രമങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ്. 2015 ഫെബ്രുവരി 25ന് മോദി ഇങ്ങനെ ട്വീറ്റ് ചെയ്യുകയുണ്ടായി. ” വീര സവർക്കർക്ക് അദ്ദേഹത്തിന്റെ പുണ്യതിഥിയിൽ അഭിവാദനങ്ങൾ. നിരവധി ജീവിതങ്ങളിൽ അദ്ദേഹം ദേശീയതയുടെ സ്ഫുലിംഗങ്ങൾ ജ്വലിപ്പിച്ചു ” . 2015 മെയ് 27 ന് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു .” മഹാനായ വീർ സവർക്ക് മുന്നിൽ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഞാൻ തല കുനിയ്ക്കുന്നു. അദ്ദേഹത്തിന്റെ അധൃഷ്യമായ ഇച്ഛാശക്തിയും ഇന്ത്യൻ ചരിത്രത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനയും ഞങ്ങൾ ഓർമ്മിക്കുന്നു ” .2014 ൽ ഇതേ ദിവസം മോദിയുടെ ട്വീറ്റ് ഇങ്ങനെ ” വീർ സവർക്കർക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ . നമ്മുടെ മാതൃ രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിനായി നടത്തിയ അദ്ദേഹത്തിന്റെ അക്ഷീണമായ പ്രയത്നങ്ങളെ ഞങ്ങളോർക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു ”
ഇങ്ങനെ ചരിത്രത്തിൽ നിഴൽ പുരണ്ട ഒരു കഥാപാത്രമായി രേഖപ്പെടുത്തപ്പെട്ട , സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മാരകമായ കൊലപാതകത്തിന്റെ ആസൂത്രകനായി ഇപ്പോഴും പലരും ചൂണ്ടിക്കാണിക്കുന്ന ഒരാളെ സംശയത്തിന്റെ ആനുകൂല്യമെങ്കിലും നൽകാതെ പൊള്ളയായ അഭിവാദനങ്ങൾ കൊണ്ട് ഉയർത്താൻ ശ്രമിയ്ക്കുന്ന ഒരു ആർ എസ് എസ് പ്രവർത്തകനെയാണ്, പ്രധാനമന്ത്രിയെ അല്ല ഈ ട്വീറ്റുകളിൽ കാണാൻ കഴിയുക .ഇക്കഴിഞ്ഞ ഡിസംബർ 30 ന് ആൻഡമാനിലെ ജയിലിൽ സവർക്കറെ അടച്ചിട്ടിരുന്ന ജയിലിൽ ,അയാളുടെ ഛായാചിത്രത്തെ നോക്കി ഇരുന്ന് കൊണ്ട് കൈകൂപ്പുന്ന മോദിയുടെ ചിത്രം മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചു. അന്ന് ചെയ്ത ട്വീറ്റ് ഇതായിരുന്നു ” ” സെല്ലുലാർ ജയിലിൽ അടക്കപ്പെട്ടവരിൽ മഹാനായ വീർ സവർക്കറും ഉണ്ടായിരുന്നു. അധൃ ഷ്യനായ വീർ സവർക്കറെ പാർപ്പിച്ചിരുന്ന സെൽ ഞാൻ സന്ദർശിച്ചു. കഠിനമായ തടവ് വീർ സവർക്കറുടെ ഇച്ഛാശക്തിയെ തളർത്തിയില്ല. ജയിലിൽ നിന്ന് പോലും അദ്ദേഹം സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് എഴുതുന്നതും സംസാരിയ്ക്കുന്നതും തുടർന്നു”

ഇത്തരം വാചകങ്ങൾ ,സവർക്കർ മാംസാഹാരിയായത് കൊണ്ടോ ,നിരീശ്വരവാദിയായത് കൊണ്ടോ അല്ല കപടമാകുന്നത്. ചരിത്രത്തെ വളിച്ചൊടിക്കാൻ വലിയ വായിൽ പറയുന്ന വാചകങ്ങൾ പോരാ എന്നത് കൊണ്ടാണ്

സവർക്കർ മാപ്പപേക്ഷകൾ അതേ സെല്ലിൽ തന്നെ ഇരുന്നാകണം എഴുതിയിട്ടുണ്ടാകുക . ചരിത്ര സത്യങ്ങൾക്ക് മേൽ ചർച്ചകൾ സാധ്യമാണ്. പക്ഷെ ,നുണയുടെ ഗോപുരങ്ങൾ നില നിൽക്കില്ല

………………………………………….
ഈ ലേഖനം തയ്യാറാക്കുന്നതിന് സഹായിച്ച ലേഖനങ്ങളും ഗ്രന്ഥങ്ങളും

1 .History revisited : Was Veer Savarkar really all that brave, 1st Part , Ajaz Ashraf , May 27, 2016 scroll.in
2 . How Did savarkar, a Staunch Supporter of British Colonialism, Come to Be Known as ‘ Veer’ ,1st Part , Pavan Kulkarni , May 28, 2017 , the wire.in
3 . A lamb, lionised , Niranjan Takle , January 24, 20l6, The Week
4. Savarkar And Hindutva : The Godse Connection , A. G . Noorani
5 . Hindutva or Hind Swaraj , U .R . Ananthamurthy
6 .Why I killed Gandhi , Nathuram Vinayak Godse

Advertisements