ഇന്ന് ഫോട്ടോഗ്രാഫി ദിനം, ഇരുപതാം നൂറ്റാണ്ടിന്‍റെ കലാ-സാംസ്കാരിക-രാഷ്ട്രീയത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കലാരൂപമില്ല

    59

    P Sreeramakrishnan

    ഫോട്ടോഗ്രാഫി ദിനം

    സമയത്തെ ‘ഫ്രീസ്’ ചെയ്തു വയ്ക്കുന്ന ഫോട്ടോഗ്രാഫുകള്‍ സാങ്കേതിക വിദ്യയുടെ ഉല്‍പ്പന്നമാണെങ്കിലും അതിനു പിന്നില്‍ ഒരു കലാകാരനുണ്ടെന്നും അയാള്‍ തന്‍റെ ക്യാമറയിലൂടെ ഒരു ദൃശ്യത്തെ എങ്ങനെ വീക്ഷിച്ചു എന്നതാണ് നമുക്ക് മുന്നില്‍ തെളിയുന്നതെന്നും പലപ്പോഴും നാമോര്‍ക്കാറില്ല. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിന്‍റെ ആത്മനിഷ്ഠ പ്രകാശനമാണ് കല എന്ന് ലെനിന്‍ പറഞ്ഞത് ഛായാഗ്രഹണകലയെ സംബന്ധിച്ച് അന്വര്‍ത്ഥമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അസംസ്കൃതമായ രീതിയില്‍ പിറവിയെടുത്ത ഛായാഗ്രഹണ കല ഡഗറോടൈപ്പു ( daguerreotype )കളില്‍നിന്ന് ഡിജിറ്റല്‍-വെര്‍ച്വല്‍ ഇമേജുകളിലേക്കെത്തിയത് സാങ്കേതിക വിദ്യയുടെ ഗതിവേഗത്തിന്‍റെ അത്ഭുതകരമായ കുതിപ്പിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ കലാ-സാംസ്കാരിക-രാഷ്ട്രീയത്തെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കലാരൂപമില്ല.

    സങ്കീര്‍ണമായ ക്യാമറകളില്‍നിന്നും ഫിലിം റോളുകളില്‍നിന്നും കെട്ടുപൊട്ടിച്ച് ഡിജിറ്റല്‍ യുഗത്തിലേക്ക് ഫോട്ടോഗ്രാഫി സംക്രമിച്ചപ്പോള്‍ ഈ കലയെ ജീവനോപാധിയാക്കിയിരുന്നവരുടെ തൊഴിലിനെ അത് ബാധിച്ചുവെന്നത് നേരാണ്. ഒരു മൊബൈല്‍ ഫോണ്‍ കൈയിലുള്ള ഏതൊരാളും ഫോട്ടോഗ്രാഫര്‍ ആണെന്ന തരത്തിലേക്ക് ജനകീയവത്കരിക്കപ്പെട്ടുവെങ്കിലും ഈ രംഗത്തെ പ്രതിഭകളെ അത് തെല്ലും ബാധിച്ചിട്ടില്ല. മറ്റാരും പങ്കെടുത്തില്ലെങ്കിലും ഫോട്ടോഗ്രാഫറില്ലാത്ത ഒരു വിവാഹച്ചടങ്ങിനെപ്പറ്റി സങ്കല്‍പ്പിക്കാനാവില്ല എന്നഭിമാനിച്ചിരുന്ന ഫോട്ടോഗ്രാഫര്‍മാരുടെ തലമുറ കുറ്റിയറ്റു പോയിരിക്കുന്നു. എങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ ക്യാമറ തിരിച്ച പ്രതിഭാധനരുടെ ചിത്രങ്ങള്‍ മഹത്തായ ഗ്രന്ഥങ്ങളെപ്പോലെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. മലയാള സാംസ്കാരിക ലോകത്തെ അനര്‍ഘ നിമിഷങ്ങള്‍ ഒപ്പിയെടുത്ത മഹാനായ ഫോട്ടോഗ്രാഫര്‍ കഴിഞ്ഞ ദിവസം അന്തരിച്ച പുനലൂര്‍ രാജനെയും കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ ദുര്‍ഘട സാഹചര്യങ്ങളില്‍ തങ്ങളുടെ ജീവന്‍തന്നെ നല്‍കി മറഞ്ഞുപോയ ഛായാഗ്രാഹകരെയും ഈ ഫോട്ടോഗ്രാഫി ദിനത്തില്‍ ഞാന്‍ സ്മരിക്കുന്നു. ‘നിങ്ങള്‍ ഒരു മുഖത്തിന്‍റെ ചിത്രമെടുക്കുമ്പോള്‍ അതിനു പുറകിലുള്ള ആത്മാവിനെയാണ് ചിത്രീകരിക്കുന്നത്’ എന്ന് പ്രശസ്ത ചലച്ചിത്രകാരന്‍ ഗൊദാര്‍ദ് പറഞ്ഞത് എത്ര ശരിയാണ്.