പാപമോചനം – ജേക്കബ് നായത്തോട്
യേശുവിനു താന്‍ പള്ളിയകത്താണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പള്ളിയകം ആകെ ഒന്ന് നിരീക്ഷിച്ചു. ഇല്ല, ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ല.
186 total views
യേശുവിനു താന്‍ പള്ളിയകത്താണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പള്ളിയകം ആകെ ഒന്ന് നിരീക്ഷിച്ചു. ഇല്ല, ആരും തന്നെ തിരിച്ചറിഞ്ഞിട്ടില്ല.
കുര്‍ബ്ബാന കഴിഞ്ഞ് ഭക്തന്മാര് പള്ളിയകത്ത് നിന്ന് പുറത്തേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. സംതൃപ്തി നിറഞ്ഞ മുഖങ്ങള്‍. എല്ലാ നാവുകളും വാചാലമാണ്. ഒച്ചവെച്ചുള്ള സംസാരം. ദേവാലയത്തിന്റെ പരിശുദ്ധിയെ സ്പര്‍ശിക്കുന്ന ഒറ്റവാക്കെങ്കിലും അദ്ദേഹത്തിനു കേള്‍ക്കാനായില്ല. എല്ലാവരും സ്വന്തം ലോകത്തേക്ക് ചുരുങ്ങിയമരുന്ന കാഴ്ചമാത്രം. ചുട്ടുപൊള്ളുന്ന വെയിലിന് ടാറിട്ട റോഡില്‍കൂടി നടന്ന് പോരുമ്പോള്‍ കണ്ട ചന്തയാണ് ഓര്‍മ്മവന്നത്.
യേശു എല്ലാം മറന്ന് നിന്നു. പിതാവിന്റെ തിരുസന്നിധിയില്‍ നില്ക്കുമ്പോള് സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പരിശുദ്ധമായ വസ്ത്രംകൊണ്ട് താന്‍ ആവരണം ചെയ്യപ്പെടുകയാണെന്ന് തോന്നി. അല്പസമയം അങ്ങനെ വിസ്മൃതിയില്‍ നിന്നു.
പണ്ട് ദേവാലയത്തിലിരുന്ന് ഉപദേശങ്ങള്‍ കൊടുത്തരംഗം ഇപ്പോഴും മനസ്സില്‍ തെളിഞ്ഞ് കിടപ്പുണ്ട്. ശാസ്ത്രിമാരും പരീശന്മാരും ചെവികൂര്‍പ്പിച്ച് ചുറ്റുംകൂടി നിന്നു. തന്റെ വാക്കുകള്‍ ഒന്നൊഴിയാതെ ശ്രദ്ധിച്ചു. ശത്രുകളുടെ ആവനാഴിയില്‍ നിന്ന് എയ്ത്വിട്ട വാക്ശരങ്ങള്‍ തന്നെ സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ലെന്ന് യേശു ഓര്‍ത്തു. ഇന്ന് ശരങ്ങളുടെ മുനകള്‍ക്ക് മൂര്‍ച്ചയേറി വന്നിട്ടുണ്ടോ എന്ന് യേശുവിന് സംശയമുണ്ടായി.
അദ്ദേഹം പെട്ടെന്ന് തലവെട്ടിച്ച് ചുറ്റുംനോക്കി. പള്ളിയകം ശൂന്യമായിക്കൊണ്ടിരുന്നു. മുമ്പ് കണ്ട ഭക്തിയുടെ ലഹരിനിറഞ്ഞ അന്തരീക്ഷം സംവത്സരങ്ങള്‍ക്ക് മുമ്പുകണ്ട് മറഞ്ഞപോലെയാണ് തോന്നിയത്.
അള്‍ത്താരയില്‍ അപ്പോഴും പുരോഹിതനുണ്ട്. തൊട്ടുമുകളിലുള്ള പീഠത്തില്വച്ചിട്ടുള്ള തന്റെ ഛായാ ചിത്രം യേശു ശ്രദ്ധിച്ചു. മുടിയും താടിയും നീട്ടിവളര്‍ത്തിയ ആ ചരിത്രത്തിന് മങ്ങലേറ്റിരിക്കുന്നു. തന്റെ ചിത്രത്തിന് താഴെ എരിഞ്ഞടങ്ങുന്ന മെഴുകുതിരികള്‍. നടുവിലായി ഒരു സ്വര്‍ണ്ണക്കുരിശ്. അന്ന് കല്ലും മുള്ളും കൂര്‍ത്ത പാറക്കഷണങ്ങളും ചവിട്ടി ഗാഗുല്‍ത്താ മലയിലേക്ക് കയറിയതോടെ ചുമലിലേറ്റിയിരുന്ന ആദരക്കുരിശിന് ഇതിനേ
ക്കാള്‍ ദീപ്രതയുണ്ടായിരുന്നെന്ന് അദ്ദേഹത്തിനറിയാം. ത്യാഗത്തിന്റെയും സ്നേഹത്തിന്റെയുംതീവ്രത.
യേശുവിന്റെ പാദങ്ങള്‍ അള്‍ത്താരയുടെ മുമ്പിലേക്ക് നീങ്ങി.
അവിടെ ഒരു സ്ത്രീ മെഴുകുതിരി കത്തിച്ച്, ഒരു നാണയത്തുട്ടും വച്ച് കുമ്പിട്ട് നമസ്കരിച്ച് മാറിനിന്ന ഉടനെ തന്നെ അടുത്ത് നിന്നിരുന്ന ആ മനുഷ്യന് നാണയത്തുട്ടെടുത്ത് പോക്കറ്റിലിട്ടു. എന്നിട്ട് അയാള്‍ യേശുവിന്റെ മുഖത്തേക്ക് തറച്ച് നോക്കി. അയാള്‍ക്കും തന്നെ മനസ്സിലായിട്ടില്ല.
യേശു ഒരു മെഴുകുതിരിയെടുത്ത് കത്തിച്ച് വച്ചു. കുമ്പിടാന്‍ കുനിഞ്ഞപ്പോള്‍ കഴുത്ത് മറഞ്ഞ് കിടന്ന മുടിയില്‍ പിടിച്ച് അയാള്‍ പറഞ്ഞു:
‘പണം വെച്ച് കുമ്പിട്.’
യേശു ഒന്നും മിണ്ടിയില്ല. നിസ്സാഹയതയോടെ തലയും താഴ്ത്തി നിന്നു. അല്പം കഴിഞ്ഞ് യേശു സാവധാനം മുഖമുയര്‍ത്തി അയാളെനോക്കി. ചന്തയില്‍ പണത്തിന് വേണ്ടി കാത്തിരിക്കുന്ന വില്പനക്കാരന്റെ ഭാവമാണയാള്‍ക്ക്.
യേശുപള്ളിയുടെ തെക്കെവാതിലില്ക്കൂടി പുറത്തേക്ക് കടന്നു. ഒരു നേര്‍ത്ത കാറ്റ് തഴുകിപ്പോയപ്പോള്‍ വിയര്‍പ്പ് വറ്റിയുണങ്ങി. ചുറ്റും എരിഞ്ഞ് നില്ക്കുന്ന അഗ്നികുണ്ഡത്തിന്റെ നടുവില്‍ നിന്ന് രക്ഷപ്പെട്ടപോലെ ആശ്വസിച്ചു.
പള്ളിമുറ്റം ശൂന്യമായിരുന്നു. വെയിലിന്റെ ശക്തിയില്‍ വാടിത്തളര്‍ന്ന് നില്ക്കുന്ന പുല്‍ച്ചെടികള്‍. പള്ളിമുറ്റത്ത് നില്ക്കുന്ന കൂറ്റന്‍ കെട്ടിടം ആളുകളെക്കൊണ്ട് ഞെരിഞ്ഞമരുന്നതായി തോന്നി. രണ്ടാം നിലയില്‍ നിന്ന് തെറിച്ച് വീഴുന്ന കനത്ത ശബ്ദങ്ങള്‍ കൂടിക്കുഴഞ്ഞുവന്നു. എന്താണവിടെ ഇത്ര ബഹളം? ഒന്നും മനസ്സിലായില്ല.
യേശു വരാന്തയിലേക്ക് കയറിച്ചെന്നു.
പെട്ടെന്ന് കോണിപ്പടിയിറങ്ങി വേഗത്തില്‍ വന്ന മനുഷ്യന്റെ മുഖം ക്ഷോഭംകൊണ്ട് കറുത്തിരുന്നു. അയാളുടെ നാവുകള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട്.
‘കള്ളന്മാര്! മുഴുവന്‍ കള്ളക്കണക്കാണെന്നോ!’
ആ പരുഷമായ വാക്കുകള്‍ യേശുവിന് മനസ്സിലായില്ല. അദ്ദേഹം അയാളുടെ മുഖത്തേയ്ക്ക് ആകാംക്ഷയോടെ നോക്കി. അയാള്‍ ഒന്ന് തറച്ച് നോക്കിയിട്ട് ചാടിയിറങ്ങിപ്പോയി.
യേശു അല്പം കൂടി മുമ്പോട്ട് കയറി.
പെട്ടെന്നൊരു മനുഷ്യന് കോണിപ്പടി ചാടിയിറങ്ങിവന്നു. അയാള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. യേശുവിനെ കണ്ടപ്പോള്‍ അയാള്‍ രുക്ഷമായൊന്ന് നോക്കി.
‘മാറിപ്പൊക്കോ മനുഷ്യാ. വല്ലോരും ചവിട്ടിക്കൂട്ടിക്കൊല്ലാതെ!’
അയാളുടെ താക്കിത് കനമേറിയതായിരുന്നു.
യേശു തിരിഞ്ഞ് നിന്നു.
സഹോദരാ, എന്താണവിടെ?
അവിടെ കണക്കവതരിപ്പിക്കലും തെരഞ്ഞെടുപ്പുമാ. അയാള്‍ തിരിഞ്ഞുനിന്ന് പറഞ്ഞു: ‘മാറിപ്പൊക്കോ അവ്ടന്ന്, ചാവാന്‍ മോഹമില്ലെങ്കില്‍’.
‘എന്തിനാണീ ബഹളം വയ്ക്കുന്നത്? യേശു ശാന്തനായിരുന്നു.
‘ഇത്തവണ കൊറേ രൂപ പള്ളീല് വരവൊണ്ട്. അതുകൊണ്ടല്ലാവര്ക്കും അധികാരം കിട്ടണം’.
അത് പറഞ്ഞുതീരുന്നതിന് മുമ്പ് മുകളില്‍ കേട്ട ബഹളം കീഴോട്ടും വ്യാപിച്ചു. ബഹളം വീണ്ടും ഉച്ചത്തിലായി. വാക്കുകള്‍ക്ക് കനമുണ്ടായി. ജനല്പ്പാളികള് വലിച്ചടയ്ക്കുന്ന ശബ്ദം. ഭീഷണി, വെല്ലുവിളി, തെറിവാക്കുകള്‍. അടിയുടെയും ഇടിയുടെയും ശബ്ദം. കരച്ചില്…
തീപിടിച്ചപുരയ്ക്കുള്ളില് നിന്ന് ആളുകള്‍ വെളിയിലേയ്ക്കോടുന്നത് പോലെ കോണിപ്പടി തിക്കിത്തിരക്കി ആളുകള്‍ താഴോട്ട് ഓടിയിറങ്ങി. ആരൊക്കെയോ തന്റെ ശരീരത്തില്‍ വന്നലച്ചു. ആരുടേയോ ഒക്കെ കാലും കയ്യും തന്റെ മേല്‍ ആഞ്ഞ് വീണു. ചെന്നായ്ക്കളുടെ മുമ്പില്‍ അകപ്പെട്ട ആടിനെപ്പോലെ നിസ്സാഹായനായി യേശു ഞെരക്കി.
എത്രസമയം അങ്ങനെ കഴിഞ്ഞെന്നറിയില്ല.
യേശുകണ്ണ് തുറന്ന് നോക്കിയപ്പോള്‍ പരസരം ശൂന്യമാണ്. എല്ലാ ശബ്ദകോലാഹലങ്ങളും അവസാനിച്ചിരിക്കുന്നു.
അദ്ദേഹം ഒന്ന് നിവര്‍ന്നിരുന്നു. ശരീരമാസകലം നല്ല വേദന. നെറ്റിയില്‍ നനവ് തോന്നി. തടവിയപ്പോള്‍ കൈവിരലുകളില്‍ ചോര.
യേശുപതുക്കെ എഴുന്നേറ്റു. പാമ്പിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ട ഇരയെപ്പോലെ അദ്ദേഹം പള്ളിമുറ്റത്ത് കൂടെ നടന്നു. തിരിഞ്ഞ് നിന്ന് പള്ളിയെ ദയനീയമായി ഒന്ന് നോക്കി. മുട്ടുമടക്കി കൈകളുയര്‍ത്തിയാണ് പള്ളി നില്‍ക്കുന്നതെന്ന് തോന്നി.
പണ്ടത്തെ ഓര്‍മ്മകളെല്ലാം മനസ്സില്‍ തിക്കിത്തിരക്കി വന്നു.
യെരുശലേമില്‍ ഉയര്‍ന്ന് നില്ക്കുന്ന പള്ളി. പ്രാര്‍ത്ഥനാഗാനത്തിന്റെ പ്രതിധ്വനിപോലും മറന്ന്പോയ പള്ളി. ദേവാലയത്തില്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവരേയും ചമ്മട്ടികൊണ്ടടിച്ച് വെളിയിലാക്കി. പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ട് കളഞ്ഞു.
എന്നിട്ട് പറഞ്ഞത് ഇന്നും മറന്നിടില്ല. ‘എന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്ന് വിളിക്ക!െയും, നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിതീര്ത്തുകളഞ്ഞു.
യേശു നടന്നു.
തീജ്വാലയുണര്ത്തുന്ന വെയിലില്‍ തലചായ്ച്ച് കിടക്കുന്ന നെല്‍പ്പാടം. വരമ്പില്‍ കാലുകളൂന്നി അദ്ദേഹം മുന്നോട്ട് നടന്നു. വിജനമായ ആ വയലിന്റെ അങ്ങേത്തല എവിടെയെന്ന് പോലുമറിയില്ല. പലസ്തീനിലെ മരുഭൂമിപോലെ.
നേര്‍ത്ത വരമ്പ് ചവിട്ടി വളരെ ദൂരം നടന്നു.
ശരീരവും തലയും വേദനകൊണ്ട് മരവിച്ചിരുന്നു. വിശപ്പും ദാഹവും കാര്‍ന്ന് തിന്നുകയായിരുന്നു. വരണ്ട ചുണ്ടുകള്‍ നാവ്കൊണ്ട് നനച്ചു.
ഭൂമി ഇരുട്ടിന്റെ പുതപ്പ് വലിച്ചിടാന്‍ തുടങ്ങിയിരുന്നു. നേര്‍ത്ത വെളിച്ചത്തില്‍ ഇടവഴി കയറി നടന്നു.
പെട്ടെന്നദ്ദേഹം ഒന്ന് നിന്നു. ഒരു കൊച്ചുപള്ളി. ഏകാന്തത്തയിലിരുന്ന് പ്രാര്‍ത്ഥിക്കുന്നപോലെ തോന്നി. അവിടെ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളില്ല. വരവ് ചിലവ് കണക്കുകളില്ല. വാക്കേറ്റമില്ല. അടിയും ബഹളവുമില്ല. ഒരു മെഴുകുതിരി അതിനുള്ളില്‍ മിന്നിമിന്നി കത്തുന്നു.
യേശു അടഞ്ഞ് കിടന്ന വാതില്‍ പതുക്കെ തള്ളിത്തുറന്ന് അകത്ത് കടന്നിരുന്നു. ഒരു വലിയ ചുമടിറക്കിവെച്ചതുപോലെ തളര്‍ന്നിരുന്ന് പോയി. അല്പസമയം കൈകളയുര്ത്തിയിരുന്ന് പ്രാര്‍ത്ഥിച്ചു.
പെട്ടെന്ന് വെളിയില്‍ ഒരു ബഹളം. ഒരു സ്ത്രീവാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നു വാതില്‍ അടച്ചു കുറ്റിയിട്ടു.
മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തില്‍ യേശു ആ സ്ത്രീയെ കണ്ടു. അവള് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. മുഖം കരുവാളിച്ചിരിക്കുന്നു. അവളുടെ വസ്ത്രം പൊടിപറ്റി മങ്ങിയിരുന്നു.
അവള് വന്നപാടെ യേശുവിന്റെ കാല്ക്കല് വീണു.
‘കര്‍ത്താവേ, എന്നെ രക്ഷിക്കേണേ!’ അവള് ഏങ്ങിക്കരയാന്‍ തുടങ്ങി.
വെളിയില്‍ ഉയര്‍ന്നുകേട്ട ബഹളം അടുത്ത് വന്നു. യേശു തലയുയര്‍ത്തിനോക്കി. വാതിലിനപ്പുറം കുറേ മനുഷ്യര്‍ നിന്ന് അലറുന്നു.
‘നീയിങ്ങോട്ട് കടക്കെടീ’
യേശു വീണ്ടും തലതാഴ്ത്തി തന്റെ മുമ്പില്‍ കിടക്കുന്ന ആ സ്ത്രീയെ സൂക്ഷിച്ച് നോക്കി.
‘കുഞ്ഞേ’ അദ്ദേഹത്തിന്റെ സ്വരം ശാന്തമായിരുന്നു.
‘കര്‍ത്താവേ!’ അവള് വീണ്ടും കരയാന്‍ തുടങ്ങി.
‘അവര്‍ക്കെന്താണ് നിന്നേക്കൊണ്ടാവശ്യം?’
അവള് വീണ്ടും കരഞ്ഞു.
അദ്ദേഹം അവളുടെ മുഖം പിടിച്ചുയര്‍ത്തി. പെട്ടെന്ന് അദ്ദേഹം ഒന്ന് ഞെട്ടി. വീണ്ടും ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
‘മറിയം’
‘അതെ കര്‍ത്താവേ, മഗ്ദലനാക്കാരി മറിയം’
‘കുഞ്ഞേ, നിനക്കെന്നെ മനസ്സിലായോ?
അങ്ങനെ മനസ്സിലാക്കിയില്ലെങ്കില്പ്പിന്
നെ ഞാനാരെയാണ് അറിയുക?
യേശു മുകളിലേക്കു നോക്കി.
അന്നും ദേവാലയത്തില്‍ ഉപദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട മറിയത്തെ തന്റെ മുമ്പില്‍ കൊണ്ട് നിര്‍ത്തി.
‘ഇവള് വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെട്ടവളാണ്. മോശയുടെ കല്‍പ്പനപ്രകാരം ഇവളെ കല്ലെറിഞ്ഞുകൊല്ലണം.’ ആ ജനക്കൂട്ടം അലറി.
കുനിഞ്ഞിരുന്ന് വിരല്‍കൊണ്ട് മണ്ണിലെഴുതുന്നതിനിടയില് താന്‍ പറഞ്ഞു.
‘നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം കല്ലെറിയട്ടെ.’
അല്‍പ്പം കഴിഞ്ഞ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ആരുമില്ലായിരുന്നു.
‘സ്ത്രീയോ ആരും നിനക്ക് ശിക്ഷവിധിച്ചല്ലയോ?
ഇല്ല കര്‍ത്താവേ
ഞാനും നിനക്ക് ശിക്ഷവിധിക്കുന്നില്ല. പോകൂ ഇനിമേലില്‍ പാപം ചെയ്യരുത്.
ആ പാപമോചനത്തില് നിന്നെന്നെ വിമുക്തയാക്കൂ’
മറിയത്തിന്റെ അപേക്ഷകേട്ട് യേശു ഞെട്ടിത്തെറിച്ചു.
‘ഇവളെ ഇങ്ങ് വിട്ട് തരൂ, ഞങ്ങള്‍ക്കവളെ ആവശ്യമുണ്ട്. അവള്‍ക്കെത്ര പണം വേണമെങ്കിലും കൊടുക്കാം.’ പുറമെ വീണ്ടും അലര്‍ച്ച.
‘മറിയേ!’ യേശു അവളുടെ മുഖമുയര്‍ത്തി.
‘കര്‍ത്താവേ! അല്ലാതെ എനിക്ക്, ജീവിക്കാന്‍ നിവൃത്തിയില്ല. എനിക്ക് പാപമോചനം തരൂ’. അവള് വീണ്ടും കരഞ്ഞു.
യേശു അവളുടെ കണ്ണുനീര് തുടച്ചു കൂമ്പിയ അവളുടെ കൈകളില്‍ പിടിച്ചുകൊണ്ട് അദ്ദേഹം അപേക്ഷിച്ചു.
‘മറിയേ, എനിക്ക് മാപ്പ് തരൂ. മാപ്പ്!’
187 total views, 1 views today
