Sandeep Sadasivan Mannarathodi
മറ്റ് പത്മരാജൻ സിനിമകളെപ്പോലെ അധികമാരും ചർച്ച ചെയ്യാത്ത അദ്ദേഹത്തിന്റെ സിനിമയാണ് ‘പറന്നു പറന്നു പറന്ന്…’ അധികമാരും ചർച്ച ചെയ്തിട്ടില്ല എന്നു മാത്രമല്ല, പത്മരാജന്റേതായി ഇങ്ങനെയൊരു ചിത്രമുള്ള വിവരം പോലും അധികമാർക്കും അറിയില്ല.
നഗരത്തിലെ കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടറായി ജോലി ചെയ്യുന്ന എലിസബത്ത് (സുകുമാരി). വക്കീലും സ്വർണപ്പണയത്തിനു മേൽ പണം കടം കൊടുപ്പും പിന്നെ അല്ലറ ചില്ലറ ബിസിനസ്സ് ഒക്കെയായി കഴിയുന്ന അവിവാഹിതനായ എലിസബത്തിന്റെ സഹോദരൻ വക്കച്ചൻ (നെടുമുടി വേണു). എലിസബത്തിന്റെ മകൻ എമിൽ (റഹ്‌മാൻ).
എലിസബത്ത് കോളേജിൽ നിന്നും റിട്ടയർ ആവുകയാണ്. പോകുന്നതിനു മുന്നേ സ്പോർട്സിന് തന്റെ കോളേജിന് ഒരു കിരീടം വാങ്ങി കൊടുത്തിട്ടാണ് അവരുടെ വിരമിക്കൽ. അവർക്ക് ആ കോളേജുമായും അവിടുത്തെ കുട്ടികളുമായും വല്ലാത്തൊരു ആത്മബന്ധം ആയിരുന്നു. കോളേജിലെ കുട്ടികളെ കാണാനും ആ ബന്ധം നിലനിർത്താനും എന്നോണം മകന്റെയും സഹോദരന്റെയും വാക്ക് നിഷേധിച്ച് കോളേജിലെ അവരുടെ വിദ്യാർത്ഥിനികളുടെ നിർദ്ദേശ പ്രകാരം പരിചയമില്ലാത്ത ബിസിനസ്സ് ആയിട്ടും വീട്ടിൽ തന്നെ എലിസബത്ത് ഒരു ബ്യുട്ടി പാർലർ തുടങ്ങുന്നു.
ഉദ്ഘാടന ദിവസം തന്നെ അവിടുത്തെ പരിചയ സമ്പന്ന അല്ലാത്ത സ്റ്റാഫ് കാരണം നിറയെ പ്രശ്നങ്ങൾ ഉണ്ടാകുന്നു. ആ പ്രശ്നങ്ങൾ തുടർന്ന് തുടർന്ന് ബ്യുട്ടി പാർലറിലേക്ക് ഒരാളും വരാതെയാകുന്നു. സ്റ്റാഫിനെ പിരിച്ച് വിട്ട ശേഷം പുതിയ സ്റ്റാഫിനെ അന്വേഷിച്ച് അവർ പത്രത്തിൽ ഒരു പരസ്യം കൊടുക്കുന്നു. പത്രപരസ്യം കണ്ട് ‘മിനി’ എന്ന പെൺകുട്ടി (രോഹിണി) അവിടെ ജോലിക്ക് വരുന്നു. മിനിയുടെ ജോലിയിലെ മികവും പ്രാവീണ്യവും കാരണം ബ്യുട്ടി പാർലർ പച്ചപിടിക്കുന്നു. ഇതിനിടയിൽ മിനിയോട് അടുക്കാൻ എമിൽ ആവുന്നതും ശ്രമിക്കുന്നു. എന്നാൽ മിനി കൂടുതൽ അകന്നുമാറിക്കൊണ്ടേയിരുന്നു. അവളുടെ ഈ അകന്നു മാറ്റങ്ങളുടെ കാരണം എമിൽ അന്വേഷിക്കുന്നതും, മിനിയുടെ പ്രശ്നങ്ങളും കുടുംബത്തിലെ പ്രശ്നങ്ങളും ഒക്കെയാണ് കഥ പിന്നീട് പറയുന്നത്.
ഈ താരനിരയോടൊപ്പം ജഗതി, ജോസ് പ്രകാശ്, കെ ആർ വിജയ, ലിസി എന്നിവരും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു.ചിത്രത്തിന്റെ ദൈർഘ്യം അല്പം പോരായ്മ ആയി പലർക്കും തോന്നിയതാവും അങ്ങനെ അധികം ആരും സംസാരിച്ചു കേൾക്കാത്തത്. പണ്ട് വളരെ മോശമാണ് എന്നു കരുതി കണ്ട ഒരു ചിത്രമാണിത്. പക്ഷേ കണ്ടുകഴിഞ്ഞപ്പോൾ അത്രയ്ക്കങ്ങോട്ട് മോശമല്ലെന്നും തോന്നി.പറന്നു പറന്നു പറന്ന്….