പപ്പേട്ടന്റെ മകന് സ്നേഹപൂർവ്വം

863

പി. പത്മരാജൻ എന്ന മഹാപ്രതിഭയുമായി ബന്ധപ്പെട്ടതെന്തും എനിക്ക് പ്രീയപ്പെട്ടതാണ് , അന്നും ഇന്നും എന്നും …
ആരാധകൻ എന്ന നിലയിൽ ഒത്തിരി കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഞാൻ അധികം പറയാറില്ല . അദ്ദേഹത്തെ കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഒന്നും നമുക്ക് ഇല്ല എന്ന തോന്നൽ തന്നെ ആണ് കാരണം . മറ്റുള്ളവർ പറയുന്നത് കേൾക്കാനാണ് കൂടുതൽ ഇഷ്ടം . ‘ വേവ് ലെങ്ത് ‘ ഏകദേശം ശരിയാകുന്ന ചില കൂട്ടുകാർക്കിടയിൽ മിക്കപ്പോഴത്തെയെയും ചർച്ചകൾക്കിടയിൽ പി.പത്മരാജൻ കടന്ന് വരും . കുറച്ചു ദിവസം മുൻമ്പും തിരക്കഥാ ചർച്ചാ വേളയിൽ വിഷയം അത് തന്നെ ആയിരുന്നു . കഥാകൃത്ത്, നോവലിസ്റ്റ് , തിരക്കഥാകൃത്ത് , സംവിധായകൻ … അങ്ങനെ പലർക്കും പലതാണ് അദ്ദേഹം. അല്ലെങ്കിൽ പലർക്കും അതെല്ലാം ആണ് അദ്ദേഹം . ഞാൻ പരിചയപ്പെട്ടിട്ടുള്ള ( ക്രിയേറ്റീവായ) ഭൂരിഭാഗം സഹസംവിധായകരും അവരുടെ ഭാവുകത്വ പരിണാമത്തിന് കൂട്ടുപിടിക്കുന്ന പല പേരുകളിൽ വളരെ പ്രധാനപ്പെട്ട പേരാണ് പി . പത്മരാജൻ .
(മാജിക്കൽ റിയലിസം )

സുഹ്യത്തുക്കളുടെ അഭിപ്രായങ്ങൾക്കിടയിൽ എന്റെ അഭിപ്രായം നിർബന്ധമായും പ്രകടിപ്പിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മാത്രം ഞാൻ പ്രധാനമായി പറയുന്ന ഒരു കാര്യം , കവിത , കഥ, നോവൽ എന്നിവ പൂർണ്ണമായും സർഗ്ഗ പ്രക്രിയ ആണ് , പ്രതിഭാധനരായ പലരും അത് വളരെ ഭംഗിയായി ചെയ്യുന്നു . പക്ഷെ കഥയെ തിരക്കഥയാക്കുമ്പോൾ അവിടെ അല്പം “സാങ്കേതികത്വത്തിന്റെ ” നൂലാമാലകൾ വരും . പല (നല്ല ) കഥ എഴുത്തുകാരും ഈ സാങ്കേതികത്വത്തിന്റെ നൂലാമാലയിൽ തട്ടി വീണിട്ടുണ്ട് , ചിലരൊക്കെ കുഴപ്പമില്ലാതെ കടന്നു പോകും , ചിലർ കൃത്യമായ കണിശത യോടെ അതിനെ ഓവർ ടേക്ക് ചെയ്യും , അങ്ങനെ പലരും പല രീതിയിൽ അതിനെ കൈകാര്യം ചെയ്യും . പക്ഷെ , ആ സാങ്കേതികത്വത്തെ പിടിച്ചു “കവിതയുടെ മടിയിൽ ” ഇരുത്തിയ ആളാണ് എന്റെ മനസിലുള്ള പത്മരാജൻ .
അതിമനോഹര സാഹിത്യം ,സംവിധാന മികവ് , ഇംഗ്ളീഷ് ഭാഷയും മലയാള ഭാഷയും തമ്മിൽ “ഒരമ്മ പെറ്റ മക്കളാണെന്ന് ” തോന്നിപ്പിക്കുന്ന ( മലയാളം വാക്കുകളും , ഇംഗ്ലീഷ് വാക്കുകളും ഒരുമിച്ച് പാലും വെള്ളവും പോലെ ) രീതിയിലുള്ള ഡയലോഗുകൾ .. കവിത തുളുമ്പുന്ന സിനിമാ പേരുകൾ … അങ്ങനെ ഒരുപാട് ഒരുപാട് (പഠിക്കേണ്ട , ചർച്ച ചെയ്യേണ്ട ) വിഷയങ്ങൾ വേറെയുമുണ്ടെന്ന് അറിയാം .
പക്ഷേ എല്ലാം ഒന്നും പറയാനും ചർച്ച ചെയ്യാനും ഞാനാളല്ല . (അനുകരിക്കാൻ ശ്രമിച്ചവരൊക്കെ തലകുത്തി വീണു എന്നത് രസകരമായ മറ്റൊരു കാര്യം ).അല്ലെങ്കിൽ തന്നെ ഒരു സഹസംവിധായകനെ സംബന്ധിച്ച് , പ്രതിഭയാം വിശാലതയുടെ കുമ്പിളിൽ തുളുമ്പി നിന്ന ഒരാളിനെ കുറിച്ച് എന്തൊക്കെയാണ് പറയാൻ പറ്റാത്തത് …
( രക്തം രക്തത്തെ തിരിച്ചറിയുന്നത്
ഒരു തരം സയലന്റ് കമ്മ്യൂണിക്കേഷനിലൂടെയാണ് )
.
പി. പത്മരാജൻ എന്ന കവിതയുള്ള ആ പേര് എന്റെ മനസ്സിൽ വരുമ്പോഴൊക്കെ , ഒറ്റ ഇല പോലും ഇല്ലാത്ത , നിറയെ ഇളം റോസ് നിറത്തിലുള്ള പൂവുകൾ ഉള്ള ഒരു വലിയ മരവും മനസ്സിൽ ഉണ്ടാവും , ആ മരത്തിന്റെ ശിഖരങ്ങൾ ഒന്നും കാണാത്ത രീതിയിൽ പൂവുകൾ കൊണ്ട് മൂടി നിൽക്കുകയാണ് . വിഹഗ വീക്ഷണത്തിൽ അത് ഇളം റോസ് നിറമുള്ള സുഗന്ധം പരത്തുന്ന ഒരു മല ആണോ എന്ന് തോന്നും , അത്തരത്തിൽ പൂക്കൾ ഞൊരച്ചു നിൽക്കുന്ന ഒരു വലിയ പൂമരമായി മനസ്സിൽ നിൽക്കുകയാണ് കവിതയുള്ള ആ പേര് . എന്ത് കൊണ്ട് അങ്ങനെ തോന്നുന്നു എന്ന് ചോദിച്ച് നിങ്ങൾ എന്നെ പരിഹസിക്കരുത് .
(എന്റെ വട്ട് / തകര )

ഫ്‌ളാഷ് ബാക്ക് .
സ്‌കൂൾ കഴിഞ്ഞു കോളേജിൽ കയറിയ പതിനാറു വയസുകാരന് സഹസംവിധയക മോഹം ഉണരുന്നു . ആ സമയത് അയാൾ കണ്ടു ഇഷ്ട്ടപ്പെട്ട മിക്ക സിനിമകളിലും കാണുന്ന രണ്ടു പേരുകൾ ആയിരുന്നു പി പത്മരാജനും , ഭരതനും . പത്തിയൂർ ലൈബ്രറിയിലെ പുസ്തകങ്ങൾ തിന്നു തീർക്കുന്നതിനിടയിൽ നല്ല കറുപ്പ് നിറമുള്ള , മെലിഞ്ഞ ശരീരപ്രകൃതമുള്ള , കട്ട താടിയുള്ള ലൈബ്രറേറിയൻ ചേട്ടനാണ് പറഞ്ഞത് , പത്മരാജൻ സാറ് നമ്മുടെ മുതുകുളത്തു കാരൻ ആണെന്ന് , ഞവരയ്ക്കൽ എന്നാണു തറവാട്ടു പേര് എന്ന് . സൈക്കിൾ ചവുട്ടി , വിയർത്തൊലിച്ച ശരീരവുമായി എത്ര തവണ ഞാൻ മുതുകുളത്തു പോയി എന്ന് എനിക്ക് തന്നെ അറിയില്ല . പത്മരാജൻ സാറിനെയും ഭരതൻ സാറിനെയും വിടാതെ പിന്തുടർന്നു , തിരുവനന്തപുരത്ത് പൂജപ്പുരയിലേക്കും , ചെന്നൈയിൽ കെ കെ നഗറിലേക്കും (ഭരതൻ സാറിന്റെ വീട് ) ഞാൻ കത്തുകൾ കൊണ്ട് ആക്രമിച്ചു !.എന്റെ “കദന കഥകൾ ” നിറഞ്ഞ കത്തുകൾ ഈ രണ്ടു വീടുകളിലേക്കും തുടരെ തുടരെ ചെന്നു കൊണ്ടിരുന്നു. പല കത്തിലും വ്യത്യസ്തമായ “കദനം ” ആയിരുന്നെങ്കിലും എല്ലാത്തിലും പൊതുവായി ഒരു വരി ഉണ്ടായിരുന്നു , ” സാർ , ഞാൻ പാട്ടു പാടും , പടം വരയ്ക്കും , അത്യാവശ്യം എഴുതും , ധാരാളം

പത്മരാജന്റെ മകൻ അനന്തപത്മനാഭൻ

പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് , എനിക്ക് അങ്ങയോടൊപ്പം സഹസംവിധായകനായി നിൽക്കാൻ അതിയായ ആഗ്രഹം ഉണ്ട് ” എന്ന് .(ആ കത്തിലെ മറ്റു വാചകങ്ങൾ ഇന്ന് ഓർക്കുമ്പോൾ എനിക്ക് തന്നെ ലജ്ജ തോന്നും , യാചനയും കാല് പിടുത്തവും ).
പക്ഷെ ഒന്നും സംഭവിച്ചില്ല , ഞാൻ വിടാൻ ഭാവമില്ലായിരുന്നു , തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും പല തവണ വണ്ടി കയറി , പക്ഷെ അപ്പോഴും ഒന്നും സംഭവിച്ചില്ല , എന്റെ പ്രീയപ്പെട്ട രണ്ടുപേരെയും ഒരിക്കൽ പോലും ഞാൻ നേരിട്ട് ഒന്ന് കണ്ടിട്ടില്ല എന്നത് ക്രൂരമായ ഒരു യാഥാർഥ്യമായി (വേദനിപ്പിച്ചു കൊണ്ട് ) അവശേഷിക്കുന്നു ….
(നവംബറിന്റെയല്ല , എന്റെ മാത്രം നഷ്ടം)

അങ്ങനെ ഒരു ദിവസം ആ ദുരന്ത വാർത്ത എന്നെ തേടി വന്നു , പി പത്മരാജൻ അന്തരിച്ചു .ഞാൻ തരിച്ചിരുന്നു .
കൂട്ടുകാരെല്ലാം സൈക്കിളുമായി വന്നു(എന്റെ സഹസംവിധാന പരിശ്രമങ്ങളെപ്പറ്റി അവർക്കറിയില്ല ) ഞവരയ്ക്കൽ വീട്ടിലാണ് അടക്കം, മമ്മൂട്ടിയും , മോഹൻലാലും , ജയറാമും , റഹ്‌മാനും , അശോകനും ഒക്കെ വന്നിട്ടുണ്ട് , നമുക്ക് പോയി കാണാം എന്ന് പറഞ്ഞു . എത്രയോ നാളുകളായി ഞാൻ കാണാനും സംസാരിക്കാനും ശ്രമിച്ച ആളാണ് , പക്ഷെ ഇനി എനിക്ക് കാണണ്ടാ . ” ആ കിടപ്പ് ” എനിക്ക് കാണണ്ടാ , ആ കിടപ്പ് ഞാൻ കണ്ടാൽ എന്റെ മനസിലെ ആ പൂമരം എനിക്ക് നഷ്ട്മാകും . പിന്നെ ആ കിടപ്പിന്റെ ചിത്രം ആകും എന്റെ മനസ്സിൽ എന്ന് ഞാൻ ഭയപ്പെട്ടു .എന്റെ പൂമരം അങ്ങനെ അവിടെ നിൽക്കട്ടെ എന്ന് കരുതി …ഞാൻ പോയില്ല .കൂട്ടുകാർ കാണാൻ പോയി .( മുൻമ്പ് ഞാൻ പല പ്രാവശ്യം കാണാനായി പോയപ്പോഴൊന്നും അവരാരും കൂടെ വന്നതുമില്ല ഞാൻ അദ്ദേഹത്തെ കണ്ടതുമില്ല , ഇപ്പോൾ ഉറപ്പായും കാണാൻ പറ്റും എന്ന വിശ്വാസത്തോടെ അവർ പോകുമ്പോൾ എനിക്ക് കാണണ്ടാ ,ഞാൻ പോകുന്നുമില്ല , എന്തൊരു വൈരുദ്ധ്യം ! ) കൂട്ടുകാര് പോയിട്ട് വന്നു , താരങ്ങളെ കണ്ട കഥയുടെ ദീർഘമായ വിശകലനങ്ങൾക്കിടയിൽ ഞാനൊരു പ്രതിമപോലെ ഇരുന്നു കൊടുത്തു .
(പ്രതിമയും രാജകുമാരിയും അല്ല പ്രതിമയും കൂട്ടുകാരും ! )

നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നിങ്ങൾക്ക് വേണ്ടി ഗൂഡാലോചന നടത്തും എന്ന് ഒരാൾ പറഞ്ഞിട്ടുണ്ടല്ലോ , അത് പോലെ , ഒട്ടും പ്രതീക്ഷിക്കാതെ ,ഒടുവിൽ ഞാൻ കമൽ സാറിന്റെ സഹസംവിധായകൻ ആകുന്നു . ഗ്രാമഫോൺ എന്ന ആദ്യ സിനിമ , ഷൂട്ട് തുടങ്ങി , ഞാനും , രാധാകൃഷ്ണൻ ചേട്ടനും , സുഗീതും , ശ്രീജിത്തും ഒക്കെ (സലീമിക്കയുടെയും സൂര്യേട്ടൻറെയും , ഹരീഷിന്റെയും താഴെ )കമൽ സാറിന്റെ ഒപ്പം (മട്ടാഞ്ചേരി ജ്യൂ സ്ട്രീറ്റിൽ ) ഷൂട്ട്‌ ചെയ്യുമ്പോൾ , നല്ല മൂഡിലാണേൽ കമൽ സാറ് “മോനെ ” എന്ന് വിളിക്കും , അങ്ങനെ ഒരു വിളി കിട്ടിയാൽ അന്ന് പിന്നെ ആഹാരം പോലും വേണ്ടാ എന്ന മട്ടിൽ നടക്കുന്ന ഒരു ദിവസം , ഞാൻ നോക്കിയപ്പോൾ കമൽ സാറ് ഒരു ചെറുപ്പക്കാരനോട് അതീവ സ്നേഹത്തോടെയും വാൽസല്യത്തോടെയും സംസാരിക്കുന്നു . അയാളോട് അസൂയയായോ , ദേഷ്യമോ ഒക്കെ അന്ന് തോന്നിയിരുന്നു . രാധാകൃഷ്ണൻ ചേട്ടൻ ചോദിച്ചു ആ ആളിനെ അറിയാമോ എന്ന് , അറിയാം എന്ന് പറഞ്ഞപ്പോൾ പേര് അറിയാമോ എന്ന് ,, ഞാൻ പറഞ്ഞു , തിരുവനന്തപുരത്തുകാരുടെ ആസ്ഥാന

Rajesh Pathiyoor

ദൈവത്തിന്റെ പേരല്ലേ പുള്ളിക്ക് എന്ന് .
അന്നാണ് അനന്തപത്മനാഭൻ എന്ന പത്മരാജൻ സാറിന്റെ മകനെ ആദ്യമായി നേരിൽ കാണുന്നത് . അതിനു ശേഷം പല സ്ഥലത്തു വെച്ചും കണ്ടിട്ടുണ്ട് . ഒടുവിൽ കുറച്ചു നാൾ മുൻപ് തിരുവനന്തപുരത്തു ടാഗോർ തിയേറ്ററിൽ വെച്ച് ഒരു ഫോട്ടോ പ്രദർശനം കണ്ടു നടക്കുന്നതിനിടയിൽ , സന്ധ്യയ്ക്കു , വലിയ ആൾക്കൂട്ടവും ആരവവും ഒന്നും ഇല്ലാതെ , നിശബ്ദമായ ഒരന്തരീക്ഷത്തിൽ , ഒരു വിരൽ നീളമുള്ള ദൂരത്തിൽ തൊട്ടടുത്ത് ഒരുമിച്ചു നിന്ന് ഫോട്ടോ പ്രദർശനം കാണുമ്പോൾ , ഞാൻ അയാൾ അറിയാതെ അയാളെ ശ്രദ്ധിക്കുകയായിരുന്നു , അയാളുടെ ചെരുപ്പ് , പാന്റ്സ് , ഷർട്ട് , തലമുടി , താടി ,മുഖം , കൈ വിരലുകൾ., അയാളുടെ ചലനം ……
ഇളം റോസ് നിറമുള്ള ആ മരം ചെറുതായി ഉലയുന്നത് ഞാൻ അറിഞ്ഞു ….
(നൊമ്പരത്തിപ്പൂവുകൾ കൊണ്ടൊരു മരം )

എത്രയോ വർഷങ്ങളായി മാതൃഭൂമി (മാഗസിൻ )വായിക്കുന്നു , മാതൃഭൂമി കയ്യിൽ കിട്ടിയാൽ അത് മാറ്റി വെക്കും . മനസ് പൂർണ്ണമായും ശാന്തമായിട്ട് മാത്രമേ വായിക്കൂ . പക്ഷെ കഴിഞ്ഞ കുറെ ലക്കങ്ങളായി , മാതൃഭൂമി കയ്യിൽ കിട്ടുമ്പോഴേക്കും , നിന്ന നിൽപ്പിൽ പരിസരം മറന്നു വായിക്കുകയാണ് . തുടക്കത്തിൽ എനിക്ക് വളരെ പ്രീയപ്പെട്ട ആളിനെ കുറിച്ച് അദ്ദേഹത്തിന്റെ മകൻ എഴുതുന്നു എന്ന കൗതുകം ആയിരുന്നു , പക്ഷെ ആ കൗതുകം അല്ല ഇപ്പോൾ , എഴുത്തിലൂടെ അനന്തപത്മനാഭൻ ഒരുപാട് മുന്നിലേക്ക് പോകുന്നു , പത്തിയൂരിൽ മഴ പെയ്താൽ മുതുകുളത്ത് നനയും , മുതുകുളത്ത് മഴ പെയ്താൽ പത്തിയൂരിലും നനയും , അനന്തപത്മനാഭന്റെ എഴുത്തിൽ ഞാൻ വല്ലാതെ നനഞ്ഞ് നിൽക്കുമ്പോൾ , അയാൾ പ്രതിഭയുടെ കൈ (വിരലുകൾ) കൊണ്ട് എന്റെ മനസിലെ പൂമരം പിടിച്ചു ഉലയ്ക്കുന്നു …അതിൽ നിന്ന് പൂക്കൾ പൊഴിയുന്നു …ഒപ്പം സുഗന്ധം പരക്കുന്നു ….

കാലം ഇനിയും ഉരുളട്ടെ , ഓണം വരട്ടെ , വിഷു വരട്ടെ … അനന്ത പത്മനാഭന് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ ….
ആശംസകൾ …….

രാജേഷ് പതിയൂരിന്റെ (Rajesh Pathiyoor)പോസ്റ്റ്

Previous articleനാറാണേട്ടൻറെ ടിക്കറ്റ്
Next articleഇന്ത്യൻ രാഷ്ട്രീയം അപകടത്തിൽ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.