”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”

1130

ഓർമ്മ ആരംഭിക്കുന്ന കാലം തൊട്ടേ പലരിൽ നിന്നും കേൾക്കുന്നൊരു വിലാപമാണ്.
”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”

ആണും പെണ്ണും പറയുന്നത് കേട്ടിട്ടുണ്ട്.
അയൽക്കാരും ബന്ധുക്കാരും പറയുന്നത് കേട്ടിട്ടുണ്ട്.
ഒപ്പം പഠിച്ച മുസ്ഥഫയുടെ ഉപ്പ മിക്ക ദിവസങ്ങളിലും പറയുന്നത് കേട്ടിട്ടുണ്ട്. എന്തിന്, ധാരാളം പശുക്കളും കൃഷിയും പറമ്പും, അധ്വാനിക്കുന്ന അയ്യപ്പേട്ടനെ തന്നെ ഭർത്താവായി കിട്ടിയ, ഒന്നിനും ഒരു കുറവും ഇല്ലാത്ത മീനാക്ഷിയേടത്തി ഏത് നേരവും പറയുന്നത് കേട്ടിട്ടുണ്ട്. അഛൻ പണ്ട് ഓടിച്ചിരുന്ന ബെൻസ് ലോറിയുടെ ഉടമസ്ഥനായ പൈസക്കാരൻ ചന്തുമൂപ്പര് വർക്ക്ഷാപ്പിലെ ഓയിൽ പുരണ്ടുണങ്ങിയ ബഞ്ചിൽ ഇരുന്ന് തലയിലെ കെട്ടഴിച്ച് വിയർപ്പ് തുടച്ച് ഇഷ്ടക്കേടോടെ അഛനോട് സങ്കടം പറയുന്നത് കേട്ടിട്ടുണ്ട്.
”’രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ പെടുന്ന പാട് ആരോടാ പറയാ രാഘവാ…”

അഛൻ തിരിച്ചു ചോദിക്കും.
”ഒരറ്റത്തങ്ങ് പിടിച്ചാ പോരേ. എന്തിനാ മറ്റേ അറ്റത്തിന്റെ പിന്നാലെ പോണേ..”
ചന്തുമൂപ്പര് ചിരിക്കും.
”പറഞ്ഞു പോവുന്നതാടോ. ഇപ്പോ അറ്റങ്ങളൊന്നും കയ്യില് പിടുത്തം കിട്ടാണ്ടായി.”
അഛൻ സമാധാനിപ്പിക്കും.
”അങ്ങിനൊരു അറ്റം ഒന്നിനും ഇല്ല മൂപ്പരേ. നമ്മള് തന്നെ അറ്റോം അവസാനോം. ആയുസ്സ് ഒടുങ്ങുമ്പോ രണ്ടും ഏതാണ്ട് കൂട്ടിമുട്ടും. അവസാന ശ്വാസം ഒട്ടിച്ച് ആ വട്ടം പൂർത്തിയാക്കി നമ്മളങ്ങ് പോവും.”

വഴിയിൽ എവിടെയോ വെച്ച് ഒടിഞ്ഞ സബ്ആക്‌സിൽ പുതിയത് മാറ്റിയിട്ട് വർക്ക്ഷാപ്പിൽ കൊണ്ടുവന്ന ലോറിയുടെ പണിയും നോക്കി അരികിൽ ഇരിക്കുന്ന നേരത്താണ് ചന്തുമൂപ്പരും അഛനും അങ്ങിനെ സംസാരിച്ചത്. അഛന്റെ വർത്തമാനം കേട്ട് അദ്ദേഹം ചിരിച്ചത് ഇന്നും ഞാൻ മുന്നിൽ കാണുന്നു. എങ്ങിനൊക്കെയോ രണ്ടറ്റോം കൂട്ടിമുട്ടിച്ച് ചന്തുമൂപ്പര് പോയി. പിന്നീട് അഛനും. ഇന്നും അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുമ്പോൾ ഞാൻ അഛനെ ഓർക്കും. അമ്മയേം ഏട്ടന്മാരേം ഓർക്കും.

രണ്ടറ്റം ഇല്ലാത്ത ആരും ഇല്ല. ദൈവങ്ങൾക്ക്‌പോലും അവരുടെ ജീവിതത്തിന് അവർക്കും പിടികിട്ടാത്ത അറ്റങ്ങൾ ഉണ്ട്. ചിലത് കൂട്ടിമുട്ടും. ചിലത് നേരം കഴിഞ്ഞാലും കൂട്ടിമുട്ടാതെ പിണങ്ങി നിൽക്കും. ശരീരം ഇല്ലാതായത് ആത്മാവറിയാത്ത അവസ്ഥയുണ്ട് ജീവിതത്തിൽ എന്നെനിക്ക് തോന്നാറുണ്ട്. അത്തരം അവസ്ഥകളിലൂടെ കടന്നു പോകുമ്പോഴാണ് അറ്റങ്ങളെക്കുറിച്ച് മിക്കവരും ചിന്തിക്കുക. അതൊരു അന്ധന്റെ കണ്ണടച്ചുള്ള ഓട്ടംപോലെയാണ്. ഇരുട്ടത്ത് ഓടുന്നവന് വെളിച്ചവും ഇരുട്ടാണല്ലൊ. അവൻ ഒന്നും കാണില്ല. ഒന്നും അറിയില്ല. കിട്ടുന്ന ഇരുട്ടിലൂടെ അങ്ങ് ഓടും. അത്ര തന്നെ.

പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്‌ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം കാൽമുട്ടിനും താഴേക്ക് ഇറങ്ങി
ഇടക്കിടെ അയഞ്ഞു വീഴുന്ന ട്രൗസറാവും. അപ്പോഴൊക്കെ ട്രൗസർ മുകളിലേക്ക് പിടിച്ചു കയറ്റിയുള്ള അവന്റെ നടത്തം കാണവേ സാവകാശമാണ് ഞാനത് മനസ്സിലാക്കിയത്. ഇന്ന് ഇടുന്നത് താഴെ ക്ലാസിൽ പഠിക്കുന്ന അനിയന്റെ ട്രൗസറാണെങ്കിൽ നാളെ ഇടുന്നത് മുകളിലെ ക്ലാസിൽ പഠിക്കുന്ന ഏട്ടന്റെതാവും. അബ്ദു റഹ്മാനായിട്ട് ഒരു ട്രൗസർ വീട്ടിൽ ഇല്ല. അതിനെക്കുറിച്ച് അബ്ദു റഹ്മാൻ പറഞ്ഞത് ഇങ്ങിനെ.
”രണ്ടാൾടേം അളവെടുത്ത് ബാപ്പ അഞ്ച് ട്രൗസറും ഷർട്ടും തുന്നും. അവര്‌ടെ നടൂല് കെടന്ന് ഞാനതില് ഒരോന്നൊപ്പിക്കും.”

പിന്നീട് നടൂല് വളർന്ന അബ്ദു റഹ്മാനാണ് എല്ലാരേക്കാളും ഉയരം വെച്ചത്. ഏതോ തീവണ്ടിയിൽ വെച്ച് ഒരിക്കൽ കണ്ടുമുട്ടുമ്പോൾ അബ്ദു റഹ്മാൻ സിംഗിൾ സീറ്റിൽ ജനലും ചാരി ഉറങ്ങുകയായിരുന്നു. വേഷം പാന്റും ഷർട്ടും. മടിയിൽ ചേർത്തു പിടിച്ച് ഒപ്പം ഉറങ്ങുന്നൊരു തോൾ സഞ്ചിയും. ഞാനവനെ രണ്ടും കൽപ്പിച്ച് ഉണർത്തി. ഉണർത്തിയത് നന്നായെന്ന് അബ്ദു റഹ്മാൻ പറഞ്ഞു. അവന് ഇറങ്ങേണ്ടിയിരുന്ന സ്റ്റേഷൻ അരമണിക്കൂർ മുൻപെ കഴിഞ്ഞിരുന്നു. സ്റ്റേഷൻ കഴിഞ്ഞു പോയതിൽ അവൻ പരിഭ്രമിക്കുംന്നാണ് വിചാരിച്ചത്. എന്നാൽ അവനിൽ ഒരു പരിഭ്രമവും ഉണ്ടായിരുന്നില്ല. തീവണ്ടി ഇനി നിൽക്കുക മണിക്കൂറുകൾ ഓടിയിട്ടാണ്. അത് സാരമില്ല. ടിക്കറ്റെടുക്കാതെ അത്രേം ദൂരം പിറകോട്ടോടുന്നതും കണ്ടിരിക്കാലോ. ഇത്തിരി നീങ്ങി ഇരുന്ന് അവൻ എനിക്കും ഇരിക്കാൻ സ്ഥലം തന്നു. ഏട്ടനേം അനിയനേം കുറിച്ചു എന്തൊക്കെയോ സന്തോഷം പറഞ്ഞു. അവരുടെ ജീവിതത്തെക്കുറിച്ചു പറഞ്ഞു.
”ഇപ്പഴും ഞാൻ തന്നെയാടാ നടൂല്. പക്ഷെ രണ്ടാൾക്കും കറക്ട് അളവിൽ പാന്റും ഷർട്ടും ഉണ്ട്. എനിക്കും ഉണ്ട്. അതൊക്കെ ഉപ്പേടേം ഉമ്മേടേം പൊകേം തീയ്യും കണ്ട് വളർന്ന കാലം. നമ്മളെ ഒക്കെ കൈ പിടിച്ച് ഒരരൂക്കാക്കാൻ ഓർക്കൊക്കെ എത്ര തോനെ പൊള്ളീറ്റ്ണ്ടാവുംന്ന് ഓർക്കുമ്പഴാ ഞാനൊക്കെ എത്ര ഭാഗ്യവാനാന്ന് അറിയണത്.”
”ഉപ്പ ഇപ്പോ…”
”പള്ളിപ്പറമ്പില് സ്ഥലം വാങ്ങി. ഫ്രീയായി കിട്ടി.”
”ഉമ്മ..?”
”ഉമ്മച്ചി നേരത്തെ വാങ്ങി.”
അബ്ദു റഹ്മാൻ കണ്ണൂര് ഇറങ്ങി. എനിക്ക് പോകേണ്ടത് മംഗലാപുരത്തേക്ക്. പുറത്ത് ജനലരുകിൽ അഴികളിൽ വെച്ച എന്റെ വിരലും പിടിച്ച് നിൽക്കേ അബ്ദു പറഞ്ഞു.
”നീ ഇറങ്ങുന്നോ. അടുത്ത വണ്ടിക്ക് പോയാ പോരേ..”
അവനെ തനിച്ചാക്കാൻ മനസ്സു വന്നില്ല.
ഞാനും കണ്ണൂര് ഇറങ്ങി.
പഴയ സ്‌ക്കൂൾ ക്ലാസുകളിൽ അന്നത്തെ കൂട്ടുകാർക്കൊപ്പം വീണ്ടും ചെന്നിരിക്കാൻ എനിക്കോ നിങ്ങൾക്കോ ഒരിക്കലും സാധിക്കില്ല. പക്ഷെ ഇടക്കെപ്പോഴെങ്കിലും കണ്ടുമുട്ടുന്ന
ചിലരുടെ ഒപ്പമെങ്കിലും അടുത്ത ബെല്ലടിക്കുന്നതുവരെ ഇത്തിരി നേരം പഴയ പാഠങ്ങളും ഉരുവിട്ട് വെറുതെ ചേർന്നു നിൽക്കാലോ. അങ്ങിനെ കിട്ടുന്ന ഒരവസരം അബ്ദുവും ഞാനും എന്തിനാ കളയുന്നത്. ഞങ്ങൾ കളഞ്ഞില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ അബ്ദുവും ഞാനും ഒരു ക്ലാസ്മുറി നേരത്തോളം കണ്ണൂർ സ്റ്റേഷനിലെ സിമന്റ് ബെഞ്ച് ക്ലാസാക്കി. സമ്മതംപോലും ചോദിക്കാതെ പഴയ മാഷന്മാരും ടീച്ചർമാരുമെല്ലാം കയറി വന്ന് അവർക്കിഷ്ടമുള്ള പാഠങ്ങൾ വീണ്ടും പഠിപ്പിച്ച് സ്ഥലം വിട്ടു.
…………..

ഓടിയോടി ശരീരം വിശ്രമിക്കുന്നത് മനസ്സെന്ന വിശാല പ്രതലത്തിലാണ്.
ആ വിശ്രമം, രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി പെടാപാടു പെട്ട് ഓടുന്ന നേരത്തും കിട്ടാൻ വല്ല വഴിയും ഉണ്ടോ.?
ഒരൂ വഴിയേ ഉള്ളൂ.
ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് ജീവിതത്തോട് തന്നെ തിരിച്ചു പറയുക.
ജീവിതം നമ്മെ സദാ തലോടിക്കൊണ്ടിരിക്കും.

ചിത്രത്തിൽ ഒരറ്റം കയ്യിൽ നിന്നും വഴുതി മറ്റേ അറ്റത്തേക്ക് നോക്കി ഇരിക്കുന്ന എന്നെപ്പോലെ മറ്റൊരു ഞാൻ..
കടപ്പാട് ഗൂഗിളേട്ടനും ഏടത്തിക്കും.