അതെ അതാണ് ഓരോ പ്രവാസിയുടെയും അച്ചീവ്‌മെന്റ്, ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ ഒരുപാട് നാരായണന്മാർ ഉണ്ടാകും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
38 VIEWS

പള്ളിക്കൽ നാരായണൻ ❣️(പത്തേമാരി സിനിമ)

രാഗീത് ആർ ബാലൻ

ചില സിനിമകൾ കാണുമ്പോൾ ചില കഥാപാത്രങ്ങൾ മനസ്സിൽ അങ്ങ് കയറി കൂടും..മറക്കാൻ പറ്റാത്ത വിധം മനസ്സിന്റെ ഉള്ളിൽ അങ്ങ് ഒരു നോവായി തെളിഞ്ഞു കിടക്കുന്ന ജീവനുള്ള ഒരു കഥാപാത്രം ആണ് പത്തേമാരി സിനിമയിലെ പള്ളിക്കൽ നാരായണൻ.നമുക്ക് വളരെ അടുത്തറിയാവുന്ന നമ്മളിൽ ഒരാൾ ആയ നമ്മുടെ പ്രിയപ്പെട്ട ഒരുപാട് പ്രവാസികളുടെ പ്രധിനിധി.സ്വന്തം നാടും വീടും വിട്ട് വർഷങ്ങളോളം പ്രവാസ ജീവിതം നയിക്കുന്ന നാരായണൻ അയാൾക്ക്‌ വേണ്ടി ഒരിക്കലും ജീവിച്ചിട്ടില്ല..വീട്ടിലേക്കു ഉള്ള അയാളുടെ ഓരോ ഫോൺ വിളികളും വീട്ടിലെ വിശേഷങ്ങൾ അറിയുവാനും പ്രിയപെട്ടവരുടെ ശബ്ദം കേൾക്കുവാനും ആണ്.. എന്നാൽ പലപ്പോഴും വീട്ടിലെ പ്രാരാബ്ധങ്ങളുടെ ഒരു നീണ്ട നിര മാത്രമേ അയാൾക്ക്‌ ഓരോ ഫോൺ വിളികളും സമ്മാനിക്കുന്നത്..

നാട്ടിലേക്കു അവധിക്കു വരാൻ ഉള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ സുഹൃത്തു മൊയ്‌ദീൻ നാരായണന് ഒരു പൊതി പിസ്ത കൊടുക്കും..അപ്പോൾ നാരായണൻ പറയുന്നുണ്ട് “ഇതൊക്കെ കടയിൽ ഇരിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെന്നു അല്ലാതെ ഞാൻ ഇതൊന്നും വാങ്ങിച്ചു കഴിച്ചിട്ടില്ല..”എന്നാണ്.. നാട്ടിൽ എത്തുന്ന നാരായണന്റെ പെട്ടി പൊട്ടിക്കുമ്പോൾ പെങ്ങൾ പുഷ്പക്ക് പിസ്ത പൊതി കിട്ടുകയും എല്ലാവർക്കും അവർ അത് നൽകുമ്പോൾ നാരായണന്റെ അമ്മ പറയും
നാരായണന്റെ അമ്മ: എടി നാരായണന് കൊടുക്ക്‌

പുഷ്പ : ഏട്ടൻ എന്തിനാ അമ്മേ ഇതൊക്കെ.. ഇരുപത്തി നാല് മണിക്കൂറും ഇതൊക്കെ അല്ലെ അവിടെ കഴിക്കുന്നേ.. ഞങ്ങളും അറിയട്ടെ ഇതിന്റെ ഒക്കെ രുചി..
നാരായണൻ ഒന്ന് ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..അയാളുടെ ഉള്ളിലും ഉണ്ടായിരുന്നിരിക്കണം അത് ഒന്ന് രുചിച്ചു നോക്കുവാനുള്ള ഒരു ആഗ്രഹം.നാട്ടിൽ നിന്നും തിരിച്ചു പോകാൻ നാരായണന് മനസ്സ് കൊണ്ട് ഇഷ്ടമല്ല.. അതിനു അയാൾ പറയുന്നത് “അറക്കാൻ കൊണ്ട് പോകുന്ന മാടിന്റെ അവസ്ഥയാ തിരിച്ചു പോകുമ്പോൾ “..പ്രിയപ്പെട്ടതെല്ലാം വേണ്ട എന്ന് തീരുമാനിച്ചു കൊണ്ടുള്ള ഒരു തിരിച്ചു പോക്ക്.തിരിച്ചു പോക്കിന്റെ തലേ രാത്രി നാരായണന് ഉറങ്ങാൻ പറ്റാറില്ല.. അപ്പോൾ അയാൾ അമ്മയുടെ അടുത്ത് പോയി ഒന്ന് കിടക്കും..

നാരായണൻ : ദുബായിലെ മുറിയില് കണ്ണടച്ച് കിടക്കുമ്പോ അമ്മ ഇതുപോലെ അടുത്തുള്ള പോലെ തോന്നും.. ഇനി ഒരു പ്രാവശ്യം കൂടെ പോയാൽ നമ്മുടെ പ്രശ്നങ്ങളൊക്കെ തീരും.. പിന്നെ ഒരു തിരിച്ചു പോക്കില്ല
അമ്മ : മ്മ് കഴിഞ്ഞ തവണയും നീ ഇതു തന്നെ അല്ലെ പറഞ്ഞത് തന്റെ സഹോദരിയുടെ മകളുടെ കല്ല്യാണദിവസം വീട്ടിലേക്ക് നാരായണൻ ഫോൺ ചെയ്യുന്ന ഒരു രംഗമുണ്ട്.കാൾ അറ്റൻഡ് ചെയ്യാൻ നാരായണന്റെ ഭാര്യ എത്തുന്നത് വരെ പുഷ്പ ഫോൺ റിസീവർ എടുത്ത് മാറ്റി വെച്ച് പോകുമ്പോൾ കല്ല്യാണവീട്ടിലെ ഒച്ചപ്പാടും ഒരുക്കങ്ങളും എല്ലാം അയാൾക്ക് അതിലൂടെ കേൾക്കാമായിരുന്നു..വളരെ ശ്രദ്ധയോടെ അവയെല്ലാം കേട്ടു നിൽക്കുക മാത്രമാണ് അയാൾ ചെയ്യുന്നത്.വളരെ അധികം ആഗ്രഹിച്ചിരുന്നതാണ് അയാൾ ആ കല്യാണം കൂടുവാൻ ആയി.. എന്നാൽ കല്യാണ വീട്ടിലെ ഒച്ചപ്പാടും ഒരുക്കങ്ങളും എല്ലാം ഒരുപാട് ദൂരങ്ങൾക്ക് അപ്പുറം നിന്ന് അയാൾ കേൾക്കുന്നു…

” നിങ്ങൾ കാരണം നിങ്ങളുടെ ചുറ്റുമുള്ളവർ സന്തോഷിക്കുന്നുണ്ടെങ്കിൽ. നിങ്ങളുടെ മാതാപിതാക്കൾ ഒരു രാത്രി എങ്കിലും മനസമാധാനത്തോടെ കിടന്നു ഉറങ്ങുന്നുണ്ടെങ്കിൽ.. അതിനു കാരണം നിങ്ങൾ ആണെങ്കിൽ അതാണ് അച്ചീവ്‌മെന്റ് ”

അതെ അതാണ് ഓരോ പ്രവാസിയുടെയും അച്ചീവ്‌മെന്റ്.. ചുറ്റിലും ഒന്ന് കണ്ണോടിച്ചാൽ ഒരുപാട് നാരായണന്മാർ ഉണ്ടാകും.. ഒരുപാട് പറയാൻ ബാക്കി വെച്ച കഥകൾ ഉണ്ടാകും.. അവരൊക്കെ കൊണ്ട് വന്നിരുന്ന ചോക്ലേറ്റുകൾ നമ്മൾ രുചിയോടെ നുണഞ്ഞവർ ആണെങ്കിൽ ഓർക്കുക അവയെല്ലാം ചോര നീരാക്കി പണിയെടുത്തവന്റെ കണ്ണീരിന്റെയും വിയർപ്പിന്റെയും രുചി ഉള്ളവയാണ്..

 

 

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്