തോമാശ്ലീഹയുടെ കേരളാഗമനം സത്യമോ ഐതീഹ്യമോ ?

0
216

Pallikkonam Rajeev

തോമാശ്ലീഹയുടെ കേരളാഗമന പുരാവൃത്തം; ചില ചിന്തകൾ

ക്രിസ്തുവിന്റെ ശിഷ്യനായ സെയിൻറ് തോമസ് (തോമാശ്ലീഹ ) AD 52ൽ കൊടുങ്ങല്ലൂരിനടുത്ത് മാലിയങ്കരയിൽ കപ്പലിറങ്ങി എന്നും നമ്പൂതിരിമാരുൾപ്പെടെ കേരളത്തിലെ വിവിധ ജനവിഭാഗങ്ങളെ ക്രിസ്തു മാർഗ്ഗത്തിലേക്ക് നയിച്ചെന്നും പാലയൂർ മുതൽ തിരുവിതാംകോട് വരെയുള്ള പ്രദേശത്ത് ഏഴരപ്പള്ളികൾ സ്ഥാപിച്ചുവെന്നും ആ പാരമ്പര്യത്തിലുള്ളവരാണ് തങ്ങളെന്നുമാണ് കേരളത്തിലെ മാർത്തോമാ നസ്രാണികൾ വിശ്വസിച്ചുവരുന്നത്. ഈ വിശ്വാസം കേവല ഐതിഹ്യങ്ങളുടെ അകമ്പടിയോടെ നിലനിൽക്കുന്നതുകൊണ്ടും ഐതിഹ്യങ്ങളിലെ നിറം പിടിപ്പിച്ച സന്ദർഭങ്ങൾ ഒന്നാം നൂറ്റാണ്ടിലെ സാഹചര്യങ്ങളുമായി യുക്തിപരമായി പൊരുത്തപ്പെടാത്തതു കൊണ്ടും അക്കാദമിക് ചരിത്രകാരന്മാർ ചരിത്ര വസ്തുത ആയി അംഗീകരിക്കുന്നുമില്ല.

നൂറ്റാണ്ടുകളായി ഒരു ജനസമൂഹം തങ്ങളുടെ നസ്രാണി സ്വത്വത്തിന് ആധാരമായി തലമുറകളിലൂടെ കൈമാറി നിലനിൽക്കുന്ന ഒന്നാണ് തോമാ മാർഗ്ഗം എന്നത്. ചരിത്രപഠനത്തിനും കണ്ടെത്തലുകൾക്കും ആധാരമായി പൊതുവെ സ്വീകരിക്കപ്പെടുന്ന ഉപാധാനങ്ങൾ കൃത്യമായ തെളിവുകളാണ്. പുരാരേഖകൾ, ശാസനങ്ങൾ, പുരാവസ്തുക്കൾ, പ്രാചീനകൃതികൾ തുടങ്ങിയ നിർദ്ധാരണം ചെയ്യാനും അവലോകനം ചെയ്യാനും നിഗമനങ്ങളിലെത്താനും സഹായിക്കുന്ന തെളിവുകൾ. എന്നാൽ ഇതുവരെ വെളിവാക്കപ്പെട്ട കേരള ചരിത്രത്തിൽ വാമൊഴിചരിത്രത്തിനും അതിന്റേതായ പങ്കുണ്ട്. അതാകട്ടെ ദുർബലമായതെങ്കിലും മറ്റു സാഹചര്യത്തെളിവുകളുമായി ചേർത്തു വായിച്ചിട്ടേ അംഗീകരിക്കപ്പെടാറുമുള്ളൂ. അത്തരത്തിൽ വാമൊഴിവഴക്കത്തിലൂടെ മാത്രം നിലനിന്നു വരുന്നതാണ് നസ്രാണികളുടെ തോമാപാരമ്പര്യവും.

ചരിത്രഗവേഷണത്തിലും രചനയിലും നിക്ഷിപ്തതാൽപര്യങ്ങളും വ്യാജനിർമ്മിതിയും അരങ്ങുവാഴാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ല. എങ്കിലും ഐതിഹ്യങ്ങളെയും കേട്ടുകേൾവിയെയും അടിസ്ഥാനമാക്കിയുള്ള ചരിത്രമാണ് പഴയ കാലത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. തോമാശ്ലീഹ എന്ന കെട്ടുകഥയെ നൂറ്റാണ്ടുകൾക്ക് മുമ്പ് കെട്ടിയിറക്കി എന്തെങ്കിലും നിക്ഷിപ്തതാൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത നസ്രാണി സമൂഹത്തിന് അന്നുണ്ടായിരുന്നു എന്ന് കരുതേണ്ട ഒരു സാഹചര്യവുമില്ല.
എന്നാൽ ഐതിഹ്യങ്ങളുടെ രൂപത്തിൽ നൂറ്റാണ്ടുകളോളം പ്രചരിച്ച തോമാശ്ലീഹയുടെ കേരളാഗമനപുരാവൃത്തത്തിൽ സംഭവിച്ച വലിയ പിഴവുകൾ ശ്ലീഹയുടെ വരവിനെ തന്നെ സംശയത്തിന്റെ മുനയിലാക്കി എന്നതാണ് സത്യം. ബ്രാഹ്മണർ സാമുദായികമേൽക്കോയ്മയ്ക്കായി പരശുരാമകഥ കെട്ടിയിറക്കിയതുപോലെ ജാതിമേന്മ ഇതരസമുദായങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നമ്പൂതിരിമാർ മാർഗ്ഗം ചേർന്നവരാണ് തങ്ങളുടെ പൂർവ്വികർ എന്ന കെട്ടുകഥ ഉന്നയിച്ചു എന്നതാണ് ഒന്നാമത്തെ പിശക്. ഒന്നാം നൂറ്റാണ്ടിലെത്തിയ തോമാശ്ലീഹ അഞ്ചാം നൂറ്റാണ്ടിനു ശേഷം മാത്രമെത്തിയ നമ്പൂതിരിമാരെ മതം മാറ്റി എന്ന യുക്തിരാഹിത്യമാണ് ഈ ഐതിഹ്യത്തെ ചരിത്രത്തിൽ ഉൾപ്പെടുത്താനാകാതെ പ്രത്യക്ഷത്തിൽ മാറ്റിനിർത്തിയിരിക്കുന്നത്.
മന്ത്രവാദത്തിൽ അഗ്രഗണ്യന്മാരായിരുന്ന, ഏതുതരം ഒടിവിദ്യകളെയും മറുവിദ്യകൊണ്ടു ചെറുക്കാൻ കഴിവുണ്ടായിരുന്ന നമ്പൂതിരിമാർ, ശ്ലീഹ ജലധാര ഉയർത്തി നിർത്തിയതു കണ്ടു മാത്രം മാർഗ്ഗം സ്വീകരിക്കാൻ പ്രേരിപ്പിക്കപ്പെട്ടു എന്നതും അവിശ്വസനീയം. ഒന്നാം നൂറ്റാണ്ട് ദക്ഷിണേന്ത്യയിൽ രണ്ടാം സംഘകാലത്തിന്റെ പ്രാരംഭദശയാണ്. മുസിരിസ് പോലെ കേരളത്തിലെ അപൂർവ്വം തുറമുഖങ്ങളോട് ചേർന്നു മാത്രം വാണിജ്യസംസ്കാരത്തിന്റെതായ വർത്തകജനത വസിക്കുന്നു. അവിടെ ഈജിപ്തുകാർ, യഹൂദർ, യവനർ തുടങ്ങി വിദേശവണിക്കുകളുടെ കോളനികളുണ്ട്. മലയോരത്തുള്ള കോതമംഗലം, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി പോലെയുള്ള ചെറിയ അങ്ങാടികളിൽ വനവാസികളിൽനിന്ന് കാട്ടുവിഭവങ്ങളായ കുരുമുളകും, മയിലും, കുരങ്ങും, ചന്ദനവുമൊക്കെ കൈമാറ്റം ചെയ്യുന്ന ഏർപ്പാടുകളും. മറ്റിടങ്ങളിലെല്ലാം കുടിയേറിയ ഗോത്രജനതയാകട്ടെ നവീനശിലായുഗസംസ്കാരത്തിൽനിന്ന് പൂർണ്ണമായും മുക്തരായിട്ടുമില്ല. പൂർവ്വികാരാധനയിൽനിന്ന് മാറി
ദേവതാസങ്കൽപ്പത്തിലേക്ക് പോലും വിശ്വാസം വളർന്നിരുന്നില്ല. അക്കാലത്ത് ജാതിസമൂഹങ്ങളെന്ന വേർതിരിവേമനുഷ്യരിൽ ഉണ്ടായിട്ടില്ല.

കള്ളി, കാളിയാങ്കൽ, ശങ്കരപുരി, പകലോമറ്റം എന്നിങ്ങനെ നമ്പൂതിരി കുടുംബങ്ങൾ ക്രിസ്തുമാർഗ്ഗം സ്വീകരിച്ചു എന്നാണ് ഐതിഹ്യം. നമ്പൂതിരിമാർ അന്നുണ്ടായിരുന്നോ ഇല്ലയോ എന്നതവിടെ നിൽക്കട്ടെ, കുടുംബങ്ങൾക്ക് പ്രത്യേകമായി പേരിടുന്ന സമ്പ്രദായം കേരളത്തിൽ രൂപപ്പെട്ടിട്ട് ആയിരം വർഷങ്ങൾ പോലുമായിട്ടുണ്ടാവില്ല. ഗോത്രസമൂഹമായി കഴിഞ്ഞിരുന്ന കാലത്ത് കൃത്യമായ കുടുംബനാമമൊന്നും സ്വീകരിക്കത്തക്കവിധം കുടുംബസംവിധാനങ്ങൾ ശക്തമായിരുന്നില്ല. ശങ്കരപുരി എന്ന വാക്ക് തന്നെ സംസ്കൃതമാണ്. ശങ്കരൻ എന്നാൽ ശിവൻ. ശൈവമതവും ശൈവവിശ്വാസവും കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് അഞ്ചാം നൂറ്റാണ്ടിന് ശേഷമാണ്. പിന്നീട് വരുന്ന ശൈവ നായനാരായ മാണിക്യവാചകരുടെ കാലത്താണ് അത് പുഷ്ടിപ്പെടുന്നതും. സംസ്കൃതം കേരളത്തിൽ പ്രചരിപ്പിക്കപ്പെടുന്നതും നമ്പൂതിരിമാരുടെ ആഗമനത്തിന് ശേഷം മാത്രമാണ്. തോമാശ്ലീഹ എത്തിയതായി കരുതുന്ന ഒന്നാം നൂറ്റാണ്ടിൽ ശങ്കരപുരി എന്ന കുടുംബക്കാർ ഉണ്ടാകാൻ ഒരു ന്യായവുമില്ലല്ലോ. അപ്പോൾ മറ്റു പേരുകളുള്ള കുടുംബക്കാരും.
തോമാശ്ലീഹ ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്നാണ് ഐതിഹ്യ പരാമർശം. അങ്ങനെയുണ്ടായെങ്കിൽ പള്ളി എന്നുദ്ദേശിക്കുന്നത് വിശ്വാസിസമൂഹം മാത്രമാകാം. ദേവാലയങ്ങളാവില്ല. ക്രിസ്തുവിന്റെ കുരിശുമരണത്തിനും മൂന്നുനൂറ്റാണ്ടുകൾക്ക് ശേഷമാണ് ക്രിസ്തുവിശ്വാസികൾ ഒരു വിശ്വാസസമൂഹമായി സഭയുടെ രൂപത്തിലെത്തുന്നത്. തോമാശ്ലീഹ സ്ഥാപിച്ച കുരിശ് എന്നൊക്കെ പറഞ്ഞു കേൾക്കാറുണ്ട്. ശ്ലീഹയുടെ കാലത്ത് കുരിശ് ആരാധനയുടെ ഭാഗമായിരുന്നില്ല. അന്നത് ക്രിസ്തുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കഴുമരമായി മാത്രമേ കരുതിയിരുന്നുള്ളൂ. ക്രിസ്തുവിന്റെ ആത്മബലിയും വിശ്വാസികളുടെ പാപമോചനവുമെന്ന ദൈവശാസ്ത്രവ്യാഖ്യാനങ്ങൾ പിന്നെയും ഏറെ വൈകിയാണ് പിറവിയെടുക്കുന്നത്‌. അപ്പോൾ മാത്രമേ കുരിശിന് ആരാധനയിൽ സ്ഥാനം വരുന്നുള്ളൂ. ഏതായാലും മൂന്നാം നൂറ്റാണ്ടിനുശേഷം മാത്രമേ കുരിശ് ആധാരമാക്കിയുള്ള വിശ്വാസരീതി ക്രിസ്തുമതത്തിൽ പ്രചാരത്തിലാകുന്നുള്ളൂ.

മദിരാശിക്ക് തെക്കും കാഞ്ചീപുരത്തിന് കിഴക്കുമായി സ്ഥിതിചെയ്തിരുന്ന മയിലാപൂരിൽ വച്ച് ഒരു ഏമ്പ്രാന്തിരി കുന്തമുപയോഗിച്ച് ശ്ലീഹയെ കുത്തി കൊലപ്പെടുത്തി എന്നാണ് ഒരു ഐതിഹ്യം. ഏമ്പ്രാന്തിരിമാർ എന്ന തുളുബ്രാഹ്മണർ തളിപ്പറമ്പു മുതൽ മഞ്ചേശ്വരം വരെയുള്ള വടക്കേ മലബാറിൽ ആറാം നൂറ്റാണ്ടിന് ശേഷം മാത്രം കുടിയേറിയവരാണ്. അതിന് മുമ്പ് വടക്കൻകർണ്ണാടകക്കാരായ അവരുടെ ജാതിനാമം പോലും മറ്റെന്തോ ആയിരുന്നു. മലബാർ തീരത്തുനിന്ന് ശ്ലീഹയെ കുത്തിക്കൊല്ലാൻ മാത്രം ഒരു ഏമ്പ്രാന്തിരി ആയിരക്കണക്കിന് കിലോമീറ്റർ കാടും മേടും താണ്ടി കിഴക്കോട്ട് സഞ്ചരിച്ച് മയിലാപ്പൂരിലെത്തിയെന്നോ! അറബിക്കടലിലൂടെ കപ്പലിൽ സഞ്ചരിച്ച് കുമരി മുനമ്പും പാക്ക് കടലിടുക്കും കടന്ന് കൊറോമാണ്ടൽ തീരത്ത് മാസങ്ങൾ കൊണ്ട് എത്താനാകും. എന്നാലും കൊലപാതകിയായ ബ്രാഹ്മണൻ നിഷിദ്ധമായ കടൽയാത്ര ചെയ്ത് മയിലാപൂരിൽ എത്തിയെന്നും കരുതാനാവില്ല.
ഇത്തരത്തിൽ ഏറെയേറെ പൊരുത്തക്കേടുകൾ ഈ ഐതിഹ്യങ്ങളിലുള്ളത് പറഞ്ഞാൽ തീരില്ല. ഇത്തരം പൊരുത്തക്കേടുകളെ പർവ്വതീകരിച്ചു കാട്ടിയാണ് സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ല എന്നു വാദിക്കുന്ന ചരിത്രകാരന്മാർ തങ്ങളുടെ പക്ഷത്തേക്ക് അഭിപ്രായങ്ങളെ സ്വരൂപിക്കുന്നത്.

തോമാശ്ലീഹ വന്നതിന്റെ ആധികാരികത ഉയർത്തിക്കാട്ടാൻ വ്യക്തമായ ഒരു തെളിവും ലഭ്യമല്ല എന്നത് ശ്ലീഹ വന്നു എന്നു വാദിക്കുന്നവർക്ക് തിരിച്ചടിയായി നിൽക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട Commerial Hubആയി ക്രിസ്തുവിന് മുമ്പുതന്നെ വികാസം പ്രാപിച്ചിരുന്ന മലബാർ തീരത്തേയ്ക്ക് പടിഞ്ഞാറു നിന്നും കിഴക്കുനിന്നും സമുദ്രമാർഗ്ഗം വന്നു പോയവരിൽ ഒരാൾ തോമാശ്ലീഹ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തോമസിന്റെ പ്രവർത്തികൾ ( Act of Thoma) എന്ന കൃതിയിൽ പറയുന്ന കാര്യങ്ങൾ അത് കണ്ടെത്തി പ്രചാരത്തിലെത്തും മുമ്പുള്ള പരമ്പരാഗതമായ റമ്പാൻ പാട്ടിൽ അങ്ങനെ തന്നെ കാണപ്പെടുന്നു. അത്തരത്തിൽ നിരവധി സാഹചര്യത്തെളിവുകൾ ദുർബലമായി തോമാശ്ലീഹയുടെ ആഗമനത്തിന് സാധ്യതയൊരുക്കി നിലവിലുണ്ട് .എന്നാൽ വന്നിട്ടില്ല എന്നു വാദിക്കുന്നവർക്ക് ഐതിഹ്യങ്ങളിൽ വന്ന പിഴവുകളല്ലാതെ ശക്തമായ തെളിവുകളൊന്നും ചൂണ്ടിക്കാട്ടാനുമില്ല

തോമാശ്ലീഹ ഇന്നത്തെ ബലൂചിസ്ഥാൻ ഉൾപ്പെടുന്ന പാർത്ഥീനിയ എന്ന രാജ്യത്ത് ഗൊണ്ടാഫറസ് എന്ന രാജാവിന്റെ ആസ്ഥാനത്ത് എത്തി എന്നത് പൊതുവിൽ ചരിത്രകാരന്മാരും അംഗീകരിക്കുന്നതാണ്. തോമാശ്ലീഹ തന്റെ ഒരു അനുചരനോടൊപ്പം വ്യാപാരികളെന്ന ഭാവേന എത്തിയെന്നും വൈകാതെ ഗൊണ്ടഫോറസിനെ ക്രിസ്തുവിന്റെ അനുയായി ആക്കിയെന്നുമുള്ളത് അംഗീകരിക്കപ്പെടുന്നതാണ്. അന്ന് ഇന്ത്യയുടെ പടിഞ്ഞാറേ കവാടം സസ്സാനിയ കഴിഞ്ഞുള്ള പാർത്ഥിനിയ തന്നെയാണ്. ശ്ലീഹയുടെ ഭാരതപര്യടനം അവിടെ ആരംഭിച്ചു എന്നത് ശരിയാണ്. പക്ഷേ, അവിടെ മാത്രമേ വന്നിട്ടുള്ളൂ എന്നതിന് തെളിവൊന്നുമില്ല. തോമായുടെ അനുയായികൾ ആ പ്രദേശത്തൊന്നും പിൽക്കാലത്തുണ്ടായിട്ടില്ല. എന്നാൽ ഉണ്ടായത് ദക്ഷിണേന്ത്യയിലാണു താനും.
ചെങ്കടൽ കടന്ന് യാത്ര ചെയ്തിരുന്ന സമുദ്രസഞ്ചാരികളുടെ ഏറ്റവും വലിയ സ്വപ്നം ഏതു കാലത്തും മലബാർ തീരം (കേരളം) തന്നെയായിരുന്നു. ഇവിടെ വന്നു പോകാത്തവർ ചുരുക്കം. ലോകത്തിലെ മികച്ച വാണിജ്യ പ്രമുഖന്മാരെല്ലാം അടിക്കടി വന്നുപോകുമ്പോൾ വിജ്ഞാനദാഹം തീർക്കാനും സാംസ്കാരികപൈതൃകം കൈമാറാനും ദാർശനിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിരവധി പണ്ഡിതരും ആത്മാന്വേഷണത്തിൽ മുഴുകിയ യോഗിവര്യന്മാരും ഒപ്പം എത്തിയിരുന്നു എന്നതിന് പിൽക്കാലത്തുപോലും വലിയ തെളിവുകളുണ്ട്.

പാർത്ഥിനിയയിൽ നിന്ന് സിന്ധിലേയ്ക്കും അവിടെ നിന്ന് മലബാറിലേയ്ക്കും നിരവധി കപ്പലുകൾ അടയ്ക്കടി സഞ്ചരിച്ച് ശ്രേഷ്ടിസമൂഹങ്ങൾ വൻതോതിൽ വ്യാപാരം ചെയ്തു വന്നിരുന്നു. അത്തരം കടൽയാത്രയുടെ സാധ്യതകൾ ശ്ലീഹയും ഉപയോഗപ്പെടുത്തിയിരിക്കാനും ഇടയുണ്ട്.
തോമാശ്ശീഹയിൽ തുടങ്ങുന്നതാണ് തങ്ങളുടെ ക്രൈസ്തവ വിശ്വാസമാർഗ്ഗത്തിന്റെ തുടക്കമെന്ന കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ പരമ്പരാഗതവിശ്വാസം മാത്രമേ തെളിവിന്റെ ഭാഗത്ത് നിർത്തി വാദിക്കാനായി ആശ്രയിക്കാവുന്ന നിലവിലുള്ള വസ്തുത.
എന്നാൽ സംഘകാല സാഹിത്യകൃതികളായ പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ് എന്നീ കൃതികളിൽ തോമാമുനിയുടെ ആഗമനത്തെ സൂചിപ്പിക്കുന്ന പരാമർശങ്ങളുണ്ട് എന്ന് ഉയർത്തിക്കാട്ടിയുള്ള പഠനങ്ങൾ നടത്തുകയും ശ്ലീഹയുടെ ആഗമനം അത്തരത്തിൽ തെളിവായി കാണിക്കുകയും ചെയ്യുന്ന ചരിത്രകാരന്മാരുടെ നിരയുമുണ്ട്. തമിഴ്നാട്ടിലെ പ്രമുഖചരിത്രകാരനായ ദേവനായകം അത്തരം പഠനങ്ങളിൽ അഗ്രഗണ്യനാണ്.
ക്രിസ്തുശിഷ്യനായ തോമാശ്ലീഹയെ കൂടാതെ വിദേശിയരായ നിരവധി മാർ തോമമാർ ദക്ഷിണേന്ത്യ സന്ദർശിച്ച് പ്രേഷിതപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
മൂന്നാം നൂറ്റാണ്ടിൽ പേർഷ്യയിൽ പ്രവാചകനായി സ്വയം അവരോധിച്ച മാനിയുടെ ശിഷ്യനായ ഒരു മാർതോമ റോമൻ വ്യാപാരികളുടെ താവളമായിരുന്ന അരിക്കമേട്ടിൽ (പോണ്ടിച്ചേരിക്ക് തെക്ക്) വന്നിറങ്ങിയതായി ചരിത്രസൂചനയുണ്ട്. ചെട്ടികളുടെ വിപുലമായ വ്യാപാരസമൂഹങ്ങളുടെ ഇടയിലാണ് ഈ മിഷണറിയും പ്രവർത്തനം ആരംഭിക്കുന്നത്. പിന്നിട് വന്ന സഭകൾ വികലമായ വീക്ഷണമെന്ന നിലയിൽ മാനിമതത്തെ (Manicaism) തള്ളിപ്പറഞ്ഞുമെങ്കിലും അക്കാലത്ത് തീരപ്രദേശത്ത് വളരെ സ്വാധീനത്തിലിരുന്ന വിശ്വാസധാരയായിരുന്നു അത്. മാനി വിശ്വാസം ദക്ഷിണേന്ത്യയിൽ വ്യാപിച്ചിരുന്നതിന് യാതൊരു തെളിവുമില്ല എന്ന് ശക്തമായി വാദിക്കുന്ന സഭാചരിത്രകാരന്മാരുമുണ്ട്. മാനിയുടെ സിദ്ധാന്തം ക്രൈസ്തവവിരുദ്ധമായിരുന്നു എന്ന് പിന്നീടു വന്ന സഭാനേതൃത്വം നിലപാടെടുത്തതോടെ അത്തരമൊന്ന് ഇവിടെയുണ്ടയിട്ടേയില്ല എന്നു വരുത്തി തീർക്കേണ്ടി വന്നേക്കാം. ഈജിപ്ത് മുതൽ ചൈന വരെ നൂറ്റാണ്ടുകളോളം സ്വാധീനം ചെലുത്തിയ മാനിക്കേയിസം ദക്ഷിണേന്ത്യയിൽ എത്തിപ്പെട്ടില്ലെങ്കിൽ അത് വലിയ അത്ഭുതം തന്നെയായിരിക്കും.

തോമാശ്ലീഹ വന്നിട്ടുണ്ടെങ്കിൽ അന്നുതന്നെ മതപരിവർത്തനം നടന്നിട്ടുണ്ടെങ്കിൽ കേരളത്തിലെയും നസ്രാണിസമൂഹം പിൽക്കാലത്ത് ചുരുങ്ങിയ കാലയളവിലെങ്കിലും മാനിയുടെ മാർഗ്ഗത്തെ പിന്തുടർന്നിരിക്കാം. തികച്ചും വാണിജ്യ സംസ്കാരത്തിന്റെ ഉപോത്പന്നമായി തന്നെയാണ് ലോകമാസകലം മാനിവാദം പച്ച പിടിച്ചതും! മാനിശിഷ്യനായ മേൽപറഞ്ഞ മാർ തോമ പ്രചരിപ്പിച്ച മാണിമാർഗ്ഗത്തെ മാണിക്കവാചകരുടെ പേരുമായുള്ള സാമ്യം ഉയർത്തിക്കാട്ടി വഴിതെറ്റിക്കാൻ ചില സഭാചരിത്രകാരന്മാരും ശ്രമിച്ചിട്ടുണ്ട്. മാർത്തോമാ കുരിശ് എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പരമ്പരാഗതമായ കുരിശുരൂപം മേൽപറഞ്ഞ മാർതോമാ മുൻകൈയെടുത്ത് തമിഴ്നാട്ടിലെ കല്ലന്മാരുടെ സഹായത്താൽ കൊത്തിയുണ്ടാക്കിയതാണെന്ന് ചില വാദങ്ങളുണ്ട്. അത്തരം ഒരു പേർഷ്യൻകുരിശ് കോട്ടയം വലിയ പള്ളിയിലും അതേ രൂപത്തിൽ മറ്റൊന്ന് സെൻറ് തോമസ് മൗണ്ടിലെ പള്ളിയിലും കാണപ്പെടുന്നുണ്ട്.
“പ്രവാചകനായ” മാനിയെ പെർഷ്യൻ ചക്രവർത്തി വധിച്ചുവെങ്കിൽ മാനിശിഷ്യനായ മാർ തോമയും വധിക്കപ്പെടുകയായിരുന്നു. സെൻറ് തോമസ് മൗണ്ടിലെ കല്ലറയിൽ നിന്ന് പോർച്ചുഗീസുകാർ കണ്ടെടുത്ത അസ്ഥി ഖണ്ഡത്തിന് കാർബൺ ടെസ്റ്റ് ഫലമായി AD 150 നും 330 നും ഇടയിൽ ജീവിച്ചിരുന്ന ഒരാളുടേതെന്ന് തെളിഞ്ഞിരുന്നു.മൂന്നാം നൂറ്റാണ്ടിന്റെ ഉത്തര ദിശയിലെത്തിയ മാ നിശിഷ്യനായ മാർത്തോമമാകാം എന്ന് സംശയിക്കപ്പെടാൻ ഇതു മതി. മിക്കവാറും കൊറമാണ്ടൽ തീരത്ത് കേന്ദ്രീകരിച്ചിരുന്ന ഈ മാർതോമയാകാം അരിക്കമേടിന് തൊട്ട് വടക്കുള്ള മയിലാപ്പൂരിൽ വച്ച് കൊല ചെയ്യപ്പെട്ട മാർതോമ എന്നു കരുതാൻ ഇതു ധാരാളം.

മാനിക്കേയിസം ഈജിപ്തിലും അറേബ്യയിലും തുടങ്ങി ചൈന വരെ ഒരു കാലത്ത് വ്യാപിച്ചുകിടന്ന ജ്ഞാനമാർഗ്ഗത്തെ ആധാരമാക്കിയ ആദിമക്രൈസ്തവ വിശ്വാസധാരയായിരുന്നു. അതിന് ഭാരതീയ വേദാന്തചിന്തയുമായി വലിയ സാമ്യങ്ങളുണ്ടായിരുന്നു. പിൽക്കാലത്ത് ആ വിശ്വാസം തെറ്റായിരുന്നു എന്ന് പിന്നീടു വന്ന മതപ്രചാരകർ വ്യാഖ്യാനിച്ച് പൂർണ്ണമായും തുടച്ചുനീക്കുകയായിരുന്നു.
ഈ മാർ തോമയാകാം മണിഗ്രാമം അഥവാ മാണിഗ്രാമം എന്ന വണിക്കുകളുടെ സംഘത്തിന്റെ ഉപജ്ഞാതാവ്: അത്തരത്തിൽ ക്രൈസ്തവർ കൂടുതലായുണ്ടായിരുന്ന പശ്ചിമതീരത്തും ഈ തോമയുടെ പ്രവർത്തികൾ സ്വാധീനം ചെലുത്തിയിരിക്കാം.
അടുത്ത തോമ ചരിത്രത്തിൽ കൂടുതൽ പരാമർശിക്കപ്പെടുന്ന ക്നായി തോമയാണ്. AD 345 ൽ കൊടുങ്ങല്ലൂരിൽ ഉറഹ മാർ യൗസേഫ് എന്ന മെത്രാനോടും ക്നാനായദേശത്തെ എഡേസ്സയിൽ നിന്നുള്ള പരിവാരങ്ങൾക്കുമൊപ്പം കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയെന്ന് അന്നെത്തി ചേർന്നവരുടെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്ന തെക്കുംഭാഗക്കാർ ( ക്നാനായക്കാർ) വിശ്വസിക്കുന്നു.
കൊടുങ്ങല്ലൂർ രാജാവായ കോച്ചേരൽകോൻ 72 പട്ടങ്ങൾ നൽകി ആദരിച്ചു എന്ന് വീരടിയാൻപാട്ടിനെ ആധാരമാക്കി ആധികാരികത അവർ അവകാശപ്പെടുന്നുമുണ്ട്. 72 പട്ടങ്ങൾ നൽകിയതായി രേഖപ്പെടുത്തിയ ചെമ്പുപട്ടയം ചരിത്രഗതിയിൽ എവിടെയോ നഷ്ടമായി. “കോച്ചേരൽകോൻ” എന്നാൽ കുലശേഖര കോയിലധികാരികൾ എന്നറിയപ്പെട്ടിരുന്ന ചേരപ്പെരുമാൾ ആയിരുന്നു എന്നോർക്കണം. പള്ളിവാണപ്പെരുമാൾ എന്നറിയപ്പെട്ടിരുന്ന ചേരചക്രവർത്തിയാണ് തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്റെ തെക്കേനടയിൽ വച്ച് തെക്കുംഭാഗക്കാർക്ക് 72 പട്ടം കൊടുത്തതെന്ന് കേസരി പറയുന്നു.

പള്ളിവാണപ്പെരുമാളിന്റെ അനുജനായ തുളുവൻ പെരുമാളും ക്നായിത്തൊമ്മനും ഇരുപതു പടകുകളിലേറി ഈഴത്തുനാട്ടിൽ പോയി ചോളാക്രമണകാലത്ത് ഗജബാഹു കടത്തിക്കൊണ്ടുപോയ ചേകവരെയും നായ്ങ്കുടി പരിഷകളെയും (വിശ്വകർമ്മജർ) തിരികെയെത്തിച്ചുവെന്ന് കേസരിയുടെ നിഗമനം. അങ്ങനെയെങ്കിൽ ക്നായിത്തോമയുടെ കേരളസന്ദർശനം പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ആകാനാണ് സാധ്യത കൂടുതൽ. 345 എന്നത് കൊല്ലവർഷമായി കണക്കാക്കിയാൽ അത് ശരിയാണുതാനും.
ഈ തോമായുടെയും മതബോധനങ്ങളും പ്രവർത്തനങ്ങളും ശ്ലീഹയുടെ കണക്കിലേയ്ക്ക് എഴുതിച്ചേർത്തിരിക്കാം. കൊടുങ്ങല്ലൂരിലെ വലിയൊരു പങ്ക് യഹൂദരെ തന്റെ പാതയിലേയ്ക്ക് കൊണ്ടുവരാൻ തോമയ്ക്ക് സാധിച്ചിട്ടുണ്ടാവാം. അത്തരത്തിൽ ക്രിസ്തുമതം സ്വീകരിച്ച യഹൂദരാകാം ക്നാനായക്കാരുടെ മുൻഗാമികൾ എന്നും കരുതാവുന്നതാണ്.

അടുത്ത മാർ തോമ പതിനഞ്ചാം നൂറ്റാണ്ടിലെത്തിയ ആ പേരിലുള്ള കേരളത്തിലെത്തിയ അവസാനത്തെ വൈദേശിക മെത്രാനാണ്. കേരള നസ്രാണിസമൂഹത്തിനു മേലുണ്ടായ പോർച്ചുഗീസ് സ്വാധീനത്തെ ചെറുക്കാനും സഭാപരമായ നേതൃത്വം കൊടുക്കുന്നതിനുമായി വിദേശ മെത്രാൻ മാരുടെ സാന്നിധ്യം ആവശ്യമായി വന്നു. അതിനായി ക്രൈസ്തവ പുരോഹിതനായ ജോസഫ് കത്തനാർ ബാബിലോണിയയിലെത്തി. തൽഫലമായി മാർ ശിമയോൻ പാത്രിയർക്കീസിന്റെ നിർദ്ദേശ പ്രകാരം അയയ്ക്കപ്പെട്ട മാർ തോമസ്, മാർ ജോൺ എന്നീ തദ്ദേശിയരായ മെത്രാൻമാരെ കൂട്ടി 1492 ൽ തിരിച്ചെത്തി.
മാർ ജോൺ വൈകാതെ മടങ്ങിയെങ്കിലും മാർ തോമസ് പിന്നെയും വളരെക്കാലം കേരളത്തിലെ ക്രൈസ്തവസഭയുടെ ആത്മീയനേതൃത്വം ഏറ്റെടുത്ത് ദിശാബോധം നൽകിയതായി ചരിത്രരേഖകളിലുണ്ട്.
ഈ മാർ തോമയുടെ സഭാപരമായ പ്രവർത്തനങ്ങളെയും കൃത്യമായി ചരിത്രമെഴുതി സൂക്ഷിക്കാത്ത അക്കാലത്തെ സാധാരണ വിശ്വാസിസമൂഹത്തിന്റെയിടയിൽ അതിനും 1500 വർഷങ്ങൾക്ക് മുമ്പ് വന്നുവെന്നു കരുതുന്ന ശ്ലീഹയുടെ കഥകളുമായി കൂട്ടിക്കലർത്തിയിട്ടുണ്ടാകാം.

എന്തായാലും വിവിധ കാലഘട്ടങ്ങളിലെ സാഹചര്യങ്ങൾ മാർത്തോമാശ്ലീഹയുടെ നിലവിലുള്ള പരമ്പരാഗത ഐതിഹ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് പല കാലത്തു വന്ന തോമമാരുടെ സ്മരണകൾ വേർതിരിവില്ലാതെ ഐതിഹ്യത്തിൽ കൂട്ടിച്ചേർത്തതു കൊണ്ടാവാം.
നമ്പൂതിരി ബ്രാഹ്മണർ മാർഗ്ഗം ചേർന്നാണ് ആദ്യത്തെ അഞ്ചു കുടുംബങ്ങളും അവരുടെ പിൻമുറക്കാരും ക്രൈസ്തവരായതെന്ന കഥ തങ്ങളുടെ വംശമഹിമ ഉയർത്തിക്കാട്ടുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നത് ഇന്നും സഭകൾ കൈവിട്ടിട്ടില്ല. അത് ചരിത്രത്തിന് നിരക്കുന്നതല്ല എന്നറിയാമെങ്കിലും കക്ഷത്തിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നതു കൊണ്ട് ശ്ലീഹയുടെ കേരളാഗമനത്തിന്റെ സാധ്യത വീണ്ടും വീണ്ടും ചരിത്രകാരന്മാരാൽ ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്നു.
കേരളത്തിൽ നിരവധി നമ്പൂതിരിമാർ ഒറ്റയ്ക്കും കുടുംബമായും ക്രിസ്തുമാർഗ്ഗം സ്വീകരിച്ചതിന് തെളിവുണ്ട്. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് പുറത്താക്കപ്പെടുന്ന നിരവധി ബ്രാഹ്മണർ ക്രിസ്ത്യാനികളായിട്ടുണ്ട്. കൂടാതെ മതദർശനത്തിൽ ആകൃഷ്ടരായി മതപരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടാകാം. കാരണം ഒരു നൂറ്റാണ്ടു മുമ്പുവരെ മതപരിവർത്തനം ഒരു സാധാരണ കാര്യമായിരുന്നതിനാലും ബ്രാഹ്മണർ പൊതുവേ വേദവിഷയങ്ങളിൽ താൽപ്പര്യമുള്ളവരായിരുന്നതിനാലും.
എന്നാൽ കേരളത്തിലെ ഭൂരിപക്ഷം വരുന്ന നസ്രാണിജനത ആ പാരമ്പര്യത്തിലുള്ളതല്ല.
കേരളത്തിൽ ബുദ്ധമതത്തിന് തുടർച്ചയായിട്ടാണ് ക്രിസ്തുമതം എത്തുന്നത്. കേരളത്തിലെ നസ്രാണി ചരിത്രം കൃത്യമായ തെളിവുകളോടെ ആരംഭിക്കുന്നത് കുരക്കേണിക്കൊല്ലം കച്ചവടത്തിനായി വർത്തക പ്രമുഖനായ മാർ സാബ്രീശോയ്ക്ക് നാടുവാഴിയായ അയ്യനടികൾ തിരുവടികൾ എഴുതിക്കൊടുക്കുന്ന സ്ഥാണു രവിവർമ്മ പെരുമാളുടെ കാലത്തെ തരിസാപ്പള്ളി ചെപ്പേട്, അതേ പോലെ മറ്റൊന്നായ താഴക്കാട്ട് ശാസനം എന്നിവയിൽ നിന്നാണ്.

അതു കൊണ്ട് കേരളത്തിൽ നസ്രാണിജനത അന്നു മുതലേ നിലവിലുള്ളൂ എന്നു കരുതുന്നതും തെറ്റ്. രണ്ടാം നൂറ്റാണ്ടു മുതൽ കേരളത്തിൽ വന്നു പോയിരുന്ന വിവിധ വിദേശിയരായ സഞ്ചാരികളും ഇവിടെ ക്രൈസ്തവരെ കാണാൻ കഴിഞ്ഞതായി സൂചിപ്പിക്കുന്നു.കൂടാതെ മാനിക്കേയൻ, നെസ്തോറിയൻ സ്വാധീനത്തിന്റെ അവ്യക്തതയോടു കൂടിയ മേൽ സൂചിപ്പിച്ച ചരിത്ര ശകലങ്ങളും. തികച്ചും നെസ്തോറിയൻ പാരമ്പര്യത്തിൽ പെട്ട മാർ സാബോർ ഈശോയും മാർ സാബോർ അഫ്രോത്തും ഇരട്ടപെറ്റ മെത്രാൻമാരായിരുന്നു എന്നും മാണിഗ്രാമമെന്ന വണികസംഘത്തിന്റെ തലവൻമാർ കൂടിയായ അവരിൽ മാർ സാബറിശോ കൊല്ലത്തും മാർ അഫ്രോത്ത് കൊടുങ്ങല്ലൂരും കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. മാർ അഫ്രോത്ത് കൊത്തിച്ചുണ്ടാക്കിയ മാർത്തോമാ കുരിശുകളിൽ ഒന്നാണ് കോട്ടയം വലിയ പള്ളിയുടെ ത്രോണോസിന്റെ വലതുഭാഗത്തിരിക്കുന്നത് എന്ന് ചരിത്രമതം.

തരിയായി ക്രിസ്ത്യാനികൾ എന്നറിയപ്പെട്ടിരുന്ന പരിവർത്തിത വെള്ളാളസമൂഹമായിരുന്നു കച്ചവടവുമായി ബന്ധപ്പെട്ട് തീരപ്രദേശത്ത് സജീവമായിരുന്ന ക്രിസ്ത്യാനികൾ. സിന്ധ് മേഖലയിൽ നിന്ന് കച്ചവടത്തിനായി പുരാതനകാലത്ത് ദക്ഷിണേന്ത്യയിലേയ്ക്ക് കുടിയേറിയ ശ്രേഷ്ഠികളുടെ പിൻഗാമികളായ വെള്ളാള ചെട്ടികളിലെ പരിവർത്തനപ്പെട്ടവരായിരുന്നുവത്രെ അവർ. മാണിഗ്രാമക്കാരിൽ ഭൂരിപക്ഷവും അവരായിരുന്നുവത്രെ. പേർഷ്യൻ, സിറിയൻ വ്യാപാരികളായ ക്രൈസ്തവ മിഷണറിമാരുടെ സ്വാധീനത്തിൽപ്പെട്ട് ക്രൈസ്തവ മാർഗ്ഗം സ്വീകരിച്ച അവരെ തരിയായ് ചെട്ടികൾ എന്നു വിളിച്ചു വന്നു. ഈ ജനത കാലാകാലങ്ങളായി ഉൾനാടുകളിലെ മാർത്തോമാ നസ്രാണി സമൂഹവുമായി സങ്കലനപ്പെട്ടിട്ടുണ്ടാവാം.

ബുദ്ധമതത്തിന്റെ തകർച്ചയോടെ വൈദികബ്രാഹ്മണമതം കേരളത്തിലെ സെമറ്റിക് ഇതര ഗോത്രസമൂഹത്തിനു മേൽ ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ചു തുടങ്ങിയപ്പോഴേയ്ക്കും ആ ദുരവസ്ഥയിൽ നിന്ന് മോചനം നേടാൻ കൂട്ടായുള്ള പരിവർത്തനമുണ്ടായി. ചാതുർവർണ്യത്തിന് പുറത്തുവരുന്ന പഞ്ചമർ മാത്രമല്ല നാലാമതായി വരുന്ന ശൂദ്രർ പോലും കൂട്ടായി രക്ഷാമാർഗ്ഗങ്ങൾ തേടി. അത് നൂറ്റാണ്ടുകളായി തുടർന്നുകൊണ്ടേയിരുന്നു. വംശീയമായ തനിമയും പാരമ്പര്യവുമല്ല ക്രിസ്ത്രീയ വിശ്വാസമാണ് നസ്രാണി സ്വത്വത്തിന്റെ അടിസ്ഥാനം എന്നതുകൊണ്ടുതന്നെ കേരളത്തിലെ വിവിധ വംശ വർണ്ണവിഭാഗത്തിൽ പെട്ടവരുടെ സങ്കര സംസ്കാരം നസ്രാണി സംസ്കാരത്തിൽ ലയിച്ചു ചേർന്നു.വിവിധ കാലഘട്ടങ്ങളിലായി കേരളത്തിലെത്തിയ പെർഷ്യൻ, സുറിയാനിവർത്തകരും മതപ്രചാരകരും വൈവാഹിക ബന്ധത്തിലൂടെ വൈദേശികമായ വംശ സങ്കലത്തിനും ഈ സമൂഹത്തെ വിധേയമാക്കി.
കൊളോണിയൽ കാലഘട്ടത്തിൽ മലങ്കര നസ്രാണിസഭയിൽ ആചാരപരമായും ആത്മീയമായും സ്വാധീനം നേടാൻ പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് വൈദേശികശക്തികൾക്ക് ഒട്ടൊക്കെ സാധിച്ചതുപോലെ തന്നെ കുറെയൊക്കെ വംശീയമായ കലർപ്പ് വരുത്തുകയും ചെയ്തു. അത്തരത്തിൽ വംശീയവും ജാതീയവുമായ വൈവിധ്യങ്ങളുടെ സങ്കലനമാണ് നസ്രാണികളുടെ സ്വത്വം.
ഇവാഞ്ചലിക്കൽ സഭകളുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഭാഗമായി കൊളോണിയൽ ആധിപത്യത്തിന്റെ അനന്തരഫലമെന്ന നിലയിൽ അധസ്ഥിതരായ അടിസ്ഥാന വർഗ്ഗജനതയിൽ വലിയൊരു പങ്ക് ക്രൈസ്തവമാർഗ്ഗം സ്വീകരിച്ചുവെങ്കിലും അതു വരെ വിവിധ കലർപ്പുകളോടെ നിലവിൽ വന്ന നസ്രാണീയതയിലേയ്ക്ക് കൂട്ടിച്ചേർക്കാതെ അവരെ അവശക്രൈസ്തവർ എന്ന പേരിട്ട് വേറിട്ട് നിർത്തിയിരിക്കുന്നത് ചരിത്രത്തിലെ വിരോധാഭാസമായി നിലനിൽക്കുന്നു.
കേരളത്തിൽ ചരിത്രപരമായി വൈശ്യരുടെ ജീവിതവൃത്തിയാണ് നസ്രാണികൾ നയിച്ചു പോരുന്നത്. ആദ്യകാലത്ത് കച്ചവടത്തിൽ ആയിരുന്നു കേന്ദ്രീകരിച്ചിരുന്നത്. മധ്യകാലത്ത് തുറമുഖങ്ങളും അങ്ങാടികളും സജീവമായതോടെ വാണിജ്യ വിഭവങ്ങളുടെ ആവശ്യകത വർദ്ധിച്ചു. കാർഷികരംഗത്തേയ്ക്കുള്ള പറിച്ചുനടീലിന് വലിയൊരു വിഭാഗം നസ്രാണികൾ നാടുവാഴികളുടെ നിർദ്ദേശപ്രകാരം തയ്യാറായി. പെരിയാറിനും പമ്പയ്ക്കുമിടയിലുള്ള ഭൂപ്രദേശത്തേയ്ക്കാണ് ഇത്തരത്തിലുള്ള കുടിയേറ്റം ഏറ്റവും ശക്തമായി നടക്കുന്നത്. അത്തരത്തിൽ വാണിജ്യവും കൃഷിയും അടിസ്ഥാനമാക്കിയ ജനസമൂഹമായി ക്രൈസ്തവർ മാറി.
വൈശ്യർ, തുടർന്ന് ശൂദ്രർ പഞ്ചമരിലെ മേൽവിഭാഗങ്ങൾ ഇവരെയൊക്കെയും ഉൾക്കൊള്ളാനായ നസ്രാണിജനതയ്ക്ക് തെക്കുംഭാഗക്കാർ ഉയർത്തിക്കാട്ടുന്ന യഹൂദ പാരമ്പര്യമെന്ന വംശമഹിമയോട് ഏറ്റുമുട്ടാൻ നമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ പാരമ്പര്യം പുറത്തെടുക്കേണ്ടി വന്നു. അതിനായാണ് അഞ്ചു നമ്പൂതിരി കുടുംബങ്ങൾ ശ്ലീഹയുടെ സ്വാധീനത്താൽ മാർഗ്ഗം കൂടിയതായുള്ള കഥ വീണ്ടും പറഞ്ഞും പൊലിപ്പിച്ചും സ്വയം അഭിമാനം കൊള്ളാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ക്രിസ്തുമാർഗ്ഗത്തിൽ അവസാനമായി എത്തിയ അനുയായികളെ അവശരായും അസ്പൃശ്യരായും മാറ്റിനിർത്തിയിരിക്കുന്നതും.

മാർ തോമാശ്ലീഹയുടെ കേരളാഗമനത്തിലേയ്ക്ക് ഒരിക്കൽ കൂടി തിരിച്ചുവരാം. ശ്ലീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മാല്യങ്കരയിൽ കപ്പലിറങ്ങി എന്നാണല്ലോ പാരമ്പര്യവാദം. പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടെയും പൊഴിയായ മുനമ്പം-അഴീക്കോട് ഭാഗത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന AD 1341ലെ മഹാപ്രളയത്തിനു ശേഷം മാറി മറിഞ്ഞിട്ടുണ്ട്. വിശദമായി പരിശോധിച്ചാൽ ഇന്ന് മാലിയങ്കര എന്നറിയപ്പെടുന്ന തുരുത്ത് അതിന് മുമ്പ് ഉണ്ടായിരിക്കാനുള്ള സാധ്യതയേയില്ല. പോർച്ചുഗീസുകാരുടെ ആഗമനകാലത്ത് ആ പ്രദേശമാകട്ടെ മനുഷ്യവാസം തീരെയില്ലാത്ത ചെളിത്തിട്ട മാത്രമായിരുന്നു. ഐതിഹ്യങ്ങളെ ചരിത്രമായി പുനരാവിഷ്കരിച്ച ക്രൈസ്തവ സഭാചരിത്രകാരന്മാർ കേരളത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പൊതുവായ വികാസപരിണാമങ്ങളെ ഗൗരവതരമായി പഠിക്കാനും പുനർവിചിന്തനം ചെയ്യാനും തയ്യാറാകാതെ ഇരുന്നതു കൊണ്ടു കൂടിയാണ് മാർത്തോമാശ്ലീഹയുടെ കേരളാഗമനപുരാവൃത്തം ചരിത്രമാകാതെ ഐതിഹ്യമായി തന്നെ അവശേഷിക്കുന്നത്.


(ചിത്രം :മത്തിയാസ്സ് സ്റ്റോം വരച്ച “സംശയിക്കുന്ന തോമസ് ” )