Entertainment
ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്കാരം

തയ്യാറാക്കിയത് രാജേഷ് ശിവ
അന്തരിച്ച പ്രശസ്ത കലാകാരൻ ജിതേഷ് കക്കിടിപ്പുറം എഴുതി അദ്ദേഹം തന്നെ സംഗീതം നിർവഹിച്ച ഗാനമാണ് പാലോം പാലോം നല്ല നടപ്പാലം . കവി, നാടൻപാട്ട് രചയിതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു പാട്ടുകളാണ് കൈതോല പായവിരിച്ച്, പാലോം പാലോം നല്ല നടപ്പാലം. ഇനിയും പിറക്കാനിരുന്ന ഒരുപാട് വിഖ്യാതഗാനങ്ങളെ മലയാളികൾക്ക് നഷ്ടമാക്കി കൊണ്ട് അദ്ദേഹം 2020 ഓഗസ്റ്റ് 1-ന് അന്തരിച്ചു. ഈ കലാകാരന്റെ ഗാനങ്ങളിൽ എല്ലാം തന്നെ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദങ്ങളാണ്.

ജിതേഷ് കക്കിടിപ്പുറം
പാലോം പാലോം നല്ല നടപ്പാലം എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം പ്രശസ്ത അഭിനേതാവ് വിനോദ് കോവൂർ വിദ്യാരംഭ ദിനത്തിൽ പത്മശ്രീ ഭരത് മമ്മുക്കയുടെ FB പേജിലൂടെ ഗാനം റിലീസ് ചെയ്തു. മമ്മുക്കയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഈ ഗാനം ചിത്രീകരിച്ചത്. മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം ജിതേഷേട്ടൻ സ്വർഗ്ഗത്തിലിരുന്ന് കാണട്ടെയെന്നു സ്നേഹപൂർവ്വം അദ്ദേഹം പറയുകയാണ്.
പാലോം പാലോം നല്ല നടപ്പാലം എന്ന ഗാനം ഒരു നല്ല ഗാനം എന്ന നിലയിൽ മാത്രം വെറുതെയെങ്ങു പരാമർശിച്ചു പോകാൻ നമുക്കാകില്ല. അതിന്റെ ആശയം കൂടി നമ്മൾ അറിഞ്ഞിരിക്കണം. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത ഒരുകാലത്തു നടന്ന കൊടിയ ചൂഷണങ്ങളും ക്രൂരതകളും അപ്പോൾ മറനീക്കി പുറത്തു വരും. അവിടെയാണ് ചരിത്രത്തിന്റെ ഇരുട്ടുകുഴികളിൽ മണ്ണിട്ടുമൂടപ്പെട്ടവരുടെ തേങ്ങലുകളും ആർത്തനങ്ങളും കാലങ്ങൾ താണ്ടി നമ്മുടെ ചെവികളിലേക്ക് അലയടിച്ചു എത്തുന്നത്. അവിടെയാണ് ഒരു കലാകാരൻ വാക്കുകളും ശബ്ദവും ഏതോ വെളിപാടെന്നപോലെ ചരിത്രങ്ങളിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും ഉദ്ഖനിച്ചെടുത്തതിന്റെ ലക്ഷ്യം നിറവേറ്റപ്പെടുന്നത്.
എല്ലാ രാജ്യങ്ങളും എല്ലാ നിർമ്മിതികളും പടുത്തുയർത്തപ്പെട്ടത് ചിലരുടെ രക്തത്തിന്റെയും കണ്ണീരിന്റെയും
പുറത്താണ്. അതൊരു ചരിത്രസത്യമെന്നു നമുക്കറിയാം. ‘കരു നിർത്തുക’ എന്നൊരു ആചാരത്തെ കുറിച്ച് എത്രപേർക്കറിയാം ?
മണ്ണിടിഞ്ഞു വീണതല്ല മണ്ണിട്ടു മൂടിയ ഒരു മനുഷ്യക്കുരുതി ആയിരുന്നു . ചുരുളഴിയാതെ കാതുകളിൽ വാർത്തകളായി .നെടുമാട് കണ്ണൻ അഴകൻ, ചാത്തൻ അയ്യർ,ചാത്തൻ പുളിപ്പാടൻ ,ചോതി പെണ്ണമ്മ എന്നിങ്ങനെ നീളും ബലിനൽകപ്പെട്ടവരുടെ പേരുകൾ. പാലത്തിന്റെ തൂണുറയ്ക്കാൻ മണ്ണിൽ ഇന്നും നിലനിൽക്കുന്ന പുലയ ജീവനുകൾ പൊലിഞ്ഞ ആ ചരിത്രം അന്ന് എറണാകുളം ഡയറക്ടറുടെ 156 ആം പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു . ഒരുപക്ഷെ ഈ ചരിത്ര സത്യങ്ങളിൽ നിന്നും ആശയം ഉൾക്കൊണ്ടിട്ടാകും ..ദിലീപ് നായകനായ നാടോടി മന്നൻ എന്ന ചിത്രത്തിൽ സമരനേതാവായ അശോകനെ മുതലാളിയും ഗുണ്ടകളും ചേർന്ന് പാലത്തിന്റെ പില്ലർ വാർക്കുന്ന കുഴിയിലേക്ക് തള്ളിയിട്ടു പൈലിംഗ് മെഷീൻ കൊണ്ട് ചതച്ചു കൊന്നിട്ട് പാലത്തിനു ഉറപ്പു കൂടട്ടെ എന്ന് അട്ടഹസിച്ചതു. ചിലപ്പോൾ യാദൃശ്ചികവുമാകാം ആ സീൻ . സാമ്യം തോന്നി പറഞ്ഞു എന്നേയുള്ളൂ

Vinod kovoor
ഇങ്ങനെ കാലാകാലങ്ങളിൽ അരങ്ങേറിയ മനുഷ്യകുരുതിയുടെ ചരിത്രസത്യങ്ങൾ നാം വിസ്മരിക്കാൻ പാടില്ല. ജിതേഷ് കക്കിടിപ്പുറം എന്ന മഹാനായ കലാകാരന്റെ സ്മരണകൾക്ക് മുന്നിൽ ഒരുപിടി പൂക്കൾ അർപ്പിക്കുകയാണ് . അതോടൊപ്പം ഈ കലാപരമായ ഉദ്യമത്തെ മനോഹരമാക്കി തീർത്ത മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവ് വിനോദ് കോവൂരിനു എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും. നമുക്ക് പാലോം പാലോം നല്ല നടപ്പാലം എന്ന പാട്ടിന്റെ ദൃശ്യാവിഷ്കാരം കാണാം . ഇതിൽ അഭിനയിച്ചിരിക്കുന്നത് വിനോദ് കോവൂർ, ,കബനി, ഋതുവീണ രെജീഷ് ,ശിവാനി എസ് ഷൈജു .
പാലത്തിലൂടെ മകളുടെ കൈയുംപിടിച്ചു നടക്കുകയാണ് അച്ഛൻ . അപ്പോൾ പാലത്തിന്റെ തൂണിൽ നിന്നും പൊന്നൂ… എന്നുള്ള അവളുടെ അമ്മയുടെ സ്നേഹ വിളികേട്ട് മകൾ അച്ഛനോട് ചോദിക്കുകയാണ്, അമ്മയ്ക്ക് സംഭവിച്ചത് എന്താണ് എന്ന്. അങ്ങനെ അച്ഛൻ ആ കഥ മകളോട് പറയുകയാണ്. പാലത്തിന്റെ തൂണുറയ്ക്കാൻ അമ്മയെ ‘കരുനിർത്തിയ’ കഥ . പെണ്ണിന്റെ ചോര വീണാലേ പാലത്തിന്റെ തൂൺ ഉറയ്ക്കൂ എന്ന തമ്പ്രാക്കന്മാരുടെ കല്പനയുടെ കഥ. അങ്ങനെയാണ് മകളെ നിന്റമ്മ മണ്ണോട് മണ്ണായത് എന്ന് ചങ്കുപൊട്ടി ആ അച്ഛൻ പാടുകയാണ്, വിനോദ് കോവൂർ എന്ന നടന്റെ അഭിനയം എടുത്തുപറയേണ്ടതുതന്നെയാണ്. ആരുടെയും ഹൃദയത്തെ സ്പർശിക്കുന്ന ആശയത്തെ അത്രമേൽ അദ്ദേഹം മനോഹരമാക്കി .
വിനോദ് കോവൂരിന്റെ വാക്കുകൾ
“വിദ്യാരംഭ ദിനത്തിൽ പത്മശ്രീ ഭരത് മമ്മുക്കയുടെ FB പേജിലൂടെ ഗാനം റിലീസ് ചെയ്തു. മമ്മുക്കയുടെ നിർദ്ദേശപ്രകാരമാണ് ഞാൻ ഈ ഗാനം ചിത്രീകരിച്ചത്. ജിതേഷേട്ടൻ സ്വർഗ്ഗത്തിലിരുന്ന് കാണട്ടെ ഈ സന്തോഷം .മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം ഒന്ന് കണ്ട് നോക്കു . കഴിവതും ഹെഡ്ഫോൺ വെച്ച് കേൾക്കാൻ ശ്രമിക്കു. അഭിപ്രായങ്ങൾ അറിയിക്കണം.”
പാലോം പാലോം വരികൾ
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്
എന്താണപ്പാ ഒരു വിളിയും കേട്ട്
എന്റമ്മ വിളിക്കെണൊരൊച്ച പോലെ
എന്റമ്മ മണ്ണോടു മണ്ണായെന്ന്
അപ്പന് തന്നല്ലേ പറയാറ്ള്ളേ
അപ്പന് തന്നല്ലേ പറയാറ്ള്ളേ
ആയകഥ കേട്ട് കരയരുതെ പൊന്നു
ആയകഥ ഞാന്‍ ശൊല്ലിത്തരാം
(2)
അന്നൊരു വറുതി മാസം
കള്ളക്കറക്കിടകം
തിന്നാനും കുടിക്കാനുല്യാത്ത കാലം
നീ അന്ന് നീന്തി നടക്കണ കാലം
അടിവെച്ചു വീണ് കരയണ പ്രായം
അറുതിക്ക് തീര്‍പ്പ് കലിപ്പിച്ച{¼mന്
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
ഉണ്ണീടമ്മേനെ കരു നിര്‍ത്താന്‍
എന്തിനാണമ്മേനെ കരു നിര്‍ത്തി
പകരത്തിന് അപ്പനെന്തേ
പോവാന്നത്
(2)
മാറത്തെന്ന് അന്നെന്നെ
അടര്‍ത്തിയെടുത്ത്
എന്തിനാണമ്മ കരുവായത്
എന്തിനാണമ്മ കരുവായത്
പെണ്ണിന്റെ ചോര വീണാലാത്രെ
പാലത്തിന് തൂണ് ഉറക്കുള്ളൂന്ന്
(2)
തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല
എന്റെ കിടാത്യോളെ കൊണ്ടും പോയി
അന്റമ്മ മണ്ണോട് മണ്ണുമായി
അന്റമ്മ മണ്ണോട് മണ്ണുമായി
പാലോം പാലോം നല്ല നടപ്പാലം
അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം
ആയൊരു പാലത്തിന്റെ തൂണീനിന്നും
പൊന്നു എന്നൊരു വിളിയും കേട്ട്
പൊന്നു എന്നൊരു വിളിയും കേട്ട്
ഏ… ഏ… ഏ…
ആ.. ആ…
*******
ചരിത്ര സംഭവങ്ങളുടെ രേഖകൾക്കു കടപ്പാട്
2,440 total views, 4 views today