നഗരത്തിന്‍റെ മരണവേഗതയ്ക്കൊപ്പം ഓടിയെത്താനാവാതെ വഴിയരുകില്‍ പലപ്പോഴും കിതച്ചു നിന്നു. അപ്പോഴൊക്കെ ഉപേക്ഷിച്ചു പോന്ന നാട്ടുവഴികളെ ഓര്‍ത്തുപോയി. നിറംകെട്ട സ്വപ്നങ്ങളുടെ രാത്രികളില്‍ പാല്‍പ്പുഴ എന്ന ഗ്രാമത്തിന്‍റെ മുഖങ്ങള്‍ ഒരിക്കല്‍ കൂടി കാണണമെന്ന മോഹം ശക്തമായി. തിരക്കില്ലാത്തതിനാല്‍ അവസാനത്തെ വണ്ടിയ്ക്ക് യാത്രതിരിച്ചു. മൂന്നാമത്തെ ദിവസം ഇരുട്ടു വീണുതുടങ്ങുമ്പോഴേയ്ക്കും അവിടെ എത്താം.അടുത്തിരിക്കുന്ന യാത്രക്കാരനെ പരിചയപ്പെടാന്‍ താല്പര്യം തോന്നിയില്ല.. ജീവിതത്തിന്റെ മടുപ്പില്‍ വാക്കുകളും മരിച്ചു തുടങ്ങി. പൂര്‍ത്തിയാക്കാന്‍ കഴിയാത്ത റിപ്പോര്‍ട്ടുകള്‍ കവര്‍ന്നെടുത്ത ഉറക്കമെല്ലാം കൂടി പതിയെ കണ്ണിലെക്കിറങ്ങി വന്നു…..
സര്‍ പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന്‍ തട്ടിവിളിച്ചു.
ങേ… ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന കമാനങ്ങള്‍!
എനിക്ക്… ഇതല്ല സ്ഥലം.. കുറച്ചുകൂടി പോകാനുണ്ട്..
അതെ സര്‍… ഇതിപ്പോള്‍ പാല്‍പ്പുഴയല്ല… സ്മാര്‍ട്ട് സിറ്റിയാണ്. നേരെ നടന്നാല്‍ പുഴക്കര എത്താം, വേഗമാകട്ടെ.. വണ്ടി ഇപ്പോള്‍ വിടും.
കൂടെ ഭാരങ്ങളോന്നുമില്ലാത്തതിനാല്‍ വേഗമിറങ്ങി. പരിചയമുള്ള മുഖങ്ങളോന്നുമില്ല. ഏതൊക്കെയോ ഭാഷ സംസാരിക്കുന്നവര്‍. രാത്രിയായെങ്കിലും നഗരം പകല്‍ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. ഹസ്തിനപുരിയിലെത്തിയ ദുര്യോധനനെ പോലെയായി ഞാന്‍. വെണ്ണക്കല്ലുകള്‍ പോലെ മിനുസമായ വീഥികള്‍. കാലെടുത്തു വച്ചതും ആകെയൊരു ബഹളം, ചുവപ്പ് ലൈറ്റുകള്‍ ഒച്ചയോടെ തെളിഞ്ഞു. കണ്ണാടി കൂട്ടില്‍ നിന്നും ഗൂര്‍ഖ ഓടി വന്നു.
ടാക്സ് കാര്‍ഡ് പ്ലീസ്…
ടാക്സ് കാര്‍ഡോ…..
അതെ.. ഈ വഴി പോകണമെങ്കില്‍ പണമടച്ച കാര്‍ഡ് വേണം.
എനിക്ക് പാല്‍പ്പുഴയിലേക്ക്, എന്റെ ഗ്രാമത്തിലേക്ക് പോണം. അതിലേക്കുള്ള വഴി ഏതാണെന്നു പറയണം.
ഓ.. ലോക്കല്‍സിനുള്ള വഴി ആ കാണുന്ന ഓടയ്ക്കപ്പുറമുള്ള നടവഴിയാണ്. അതിലെ പോകൂ..
അയാളോട് തര്‍ക്കിച്ചിട്ടു കാര്യമില്ല. നിറഞ്ഞ ചിരിയോടെ ഒരാള്‍ എന്‍റെ കൈപിടിച്ചു.
ഞാന്‍ രാമന്‍.. പണ്ടൊക്കെ ഇവിടെയുള്ളവര്‍ സ്നേഹത്തോടെ രാമേട്ടാ എന്ന് വിളിച്ചിരുന്നു… ഇപ്പോള്‍ ഹെ രാം എന്ന വിളിയെ കേള്‍ക്കാനുള്ളു. വരൂ.. എന്‍റെ ഒപ്പം പോകാം… മാസത്തില്‍ ഒരു ഗസ്റ്റിനെ ഫ്രീയായി കൊണ്ട് പോകാം.അതാണ് നിയമം. കുറേകാലമായി ഇതുവഴി വന്നിട്ടല്ലേ? ഇതു മിടുക്കന്മാരുടെ നഗരമല്ലേ. സ്മാര്‍ട്ട് സിറ്റി. ഞാനും വഴിതെറ്റി വന്നതാ വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഇപ്പോള്‍ ഇതിനകത്ത് കച്ചവടമാ.
ഞാന്‍ അലസമായി നടന്നു. കപ്പലും വിമാനങ്ങളുമൊക്കെ പോലെ കണ്ണാടി കെട്ടിടങ്ങള്‍. ഒരു മനുഷ്യനെയും പുറത്തു കാണാനില്ല. നമുക്കിത്തിരി വേഗം നടക്കാം. ഞാന്‍ ചെന്നിട്ട് വേണം മകന്
ചിരിശാലയിലേക്ക് പോകാന്‍. രാമേട്ടന്‍ തിരക്ക് കൂട്ടി.
ചിരിശാലയോ… അതെന്തു ശാല?
ചിരിക്കാനറിയത്തവരെ ചിരി പഠിപ്പിക്കുന്ന സ്ഥലം. കുട്ടികള്‍ക്കുമുണ്ട് ട്യുഷന്‍…
എനിക്ക് തറയില്‍ കിടന്നു ചിരിക്കാന്‍ തോന്നി. ചിരിക്കാന്‍ പഠിപ്പിക്കുന്ന ശാല. കൊള്ളാം …
അതാ എന്‍റെ കടയെത്തി. കടയല്ല കേട്ടോ. ഫുഡ് കോര്‍ട്ട് ആണ്.
മകന്‍ അക്ഷമയോടെ കാത്ത് നില്‍പ്പുണ്ടായിരുന്നു. അച്ഛനെ കണ്ടതും ഒരു യന്ത്രത്തെ പോലെ അയാള്‍ പുറത്തേക്കിറങ്ങി നടന്നു.കടയ്ക്കെതിരെയാണ് ചിരിശാല. ഒരു സര്‍ക്കസ് കൂടാരം പോലെ മനോഹരമായ ടെന്‍റ്.
നിങ്ങള്‍ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ… എന്തെങ്കിലും കഴിക്കൂ…
ഞാന്‍ ചായ മാത്രം കുടിക്കാമെന്നു കരുതി. തലപ്പാവ് വച്ച വെയിറ്റര്‍ വന്നു.
വണ്‍ ടീ പ്ലീസ്.
നോ സാര്‍, ഇവിടെ ഗ്രീന്‍ ടീയെ ഉള്ളൂ.
രാമേട്ടന്‍ ഇടപെട്ടു. അതെ ചായപ്പൊടി തന്നെയാ. കുടിച്ചോ. നല്ലതാ.. ചവര്‍പ്പുള്ള വെള്ളം എങ്ങനെയോ കുടിച്ചു തീര്‍ത്തു. രമേട്ടനോട് ചോദിച്ചു. നമുക്ക് അവിടെ ഒന്ന് പോയാലോ?
അയ്യോ… അങ്ങനെയൊന്നും കേറി ചെല്ലാന്‍ പറ്റില്ല.
എന്‍റെ മുഖം മങ്ങിയത് കണ്ടാവാം രാമേട്ടന്‍ പറഞ്ഞു,
ആ കാവല്‍ക്കാരന്‍ എന്‍റെ പരിചയകാരനാണ്. ഊം നോക്കട്ടെ…
ഞങ്ങള്‍ ചിരിശാലയിലേക്ക് നടന്നു. . കാവല്‍ക്കാരന്‍റെ ചെവിയില്‍ രാമേട്ടന്‍ എന്തോ പറഞ്ഞു. അയാള്‍ തലകുലുക്കി.
ഇവിടെ നിന്ന് ഇത്തിരി കണ്ടു പോന്നോള്ളൂ..
രാമേട്ടന്‍ വാതിലിനരുകില്‍ എന്നെ നിര്‍ത്തി പോയി. ശീതീകരിച്ച ഹാളില്‍ ടൈ കെട്ടിയവരും കെട്ടാത്തവരുമൊക്കെ ഇരിക്കുന്നു. പത്തു നൂറ് പേര്‍ കാണും. ഹൃദ്യമായ സംഗീതം പെട്ടെന്ന് നിലച്ചു. വേദിയില്‍ വെള്ള കുപ്പായമണിഞ്ഞു പരിശീലകന്‍ നില്‍ക്കുന്നു.
ഇന്ന് ഞങ്ങള്‍ നൂറാമത്തെ ബാച്ച് ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും സ്വാഗതം. പരിചാരകന്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പറഞ്ഞു തുടങ്ങി.
എല്ലാവരും ഒരു പുഞ്ചിരിയോടെ പരസ്പരം വിഷ് ചെയ്യൂ.. പലരും വിഷ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ചിരിച്ചില്ല. ചിരി മരുന്നാണ്. ആയുസ്സിന്, ആരോഗ്യത്തിന്, സന്തോഷകരമായ കുടുംബജീവിതത്തിന്, മറ്റുള്ളവരെ സ്വാധീനിക്കാന്‍, ബിസിനസ്സ് വര്‍ദ്ധിപ്പിക്കാന്‍. നമ്മുടെ ജീവിതം യാന്ത്രികമാകുന്നത് തന്നെ ചിരിക്കാന്‍ മറന്നു പോകുന്നത് കൊണ്ടാണ്. പത്ത് വര്‍ഷം മുന്‍പ് നാം ദിവസം മുപ്പത്തിയാറു മിനിറ്റ് ചിരിച്ചിരുന്നു എങ്കില്‍ ഇന്ന് പലരും ചിരിക്കാന്‍ മറന്നുപോയിരിക്കുന്നു. ചിരിക്കാതിരിക്കാന്‍ നമ്മള്‍ അറുപത്തിനാല് മസിലുകള്‍ പ്രവര്‍ത്തിപ്പിക്കണം. പക്ഷെ ഒന്ന് ചിരിക്കാന്‍ പതിനെട്ടു മസിലുകള്‍ പ്രവര്‍ത്തിച്ചാല്‍ മതി. ഒന്ന് ശ്രമിച്ചു നോക്കൂ…
മിക്കവരുടെയും ശ്രമങ്ങള്‍ പാഴായി.
ശരി ഇതാ നോക്കൂ… കയ്യിലിരിക്കുന്ന പെന്‍സില്‍ കടിച്ചു പിടിക്കാന്‍ പറഞ്ഞു.
ഇനി പരസ്പരം നോക്കൂ… ചിരി കാണുന്നില്ലേ..
ഞാന്‍ കണ്ടത് എല്ലാവരുടെയും വക്രിച്ചു വികൃതമായ മുഖങ്ങളാണ്. എനിക്ക് വല്ലാതെ പേടി തോന്നി.ഞാന്‍ അവിടെ നിന്നിറങ്ങി. ബിസിനസ്സ് ചിരി, പ്ലാസ്റ്റിക് ചിരി അങ്ങനെ പരിശീലകന്‍
പറയുന്നത് കേട്ടൂ. എനിക്ക് പലതും മനസ്സിലായില്ല.
നിറയെ പ്രതിമകള്‍ നിരത്തി വച്ചിരിക്കുന്ന ആന്റിക് ഷോപ്പിനു മുന്‍പില്‍ രാമേട്ടന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കണ്ണാടി കൂട്ടിലെ പ്രതിമകളില്‍ കൂടുതലും ചിരിക്കുന്ന ബുദ്ധന്മാര്‍.
എല്ലാം കണ്ടോ? ഇയാള്‍ ചിരിച്ചോ? രാമേട്ടന്‍ ചോദിച്ചു.
ഇല്ലാ…. പേടി തോന്നി.
ഉം… ഒക്കെ ഹൃദയമില്ലാത്ത ചിരികള്‍.
ഒരു മിനിട്ട് നില്‍ക്കൂ. ഇനി ഒരു ഗേറ്റ് കൂടിയുണ്ട്. അവര്‍ കടത്തി വിടില്ല. ഞാനിതൊന്നു വാങ്ങിയിട്ട് വരം, മരുമകള്‍ക്ക് വേണ്ടിയാണ്. ഇപ്പോള്‍ വീടുകള്‍ നിറയെ ചിരിക്കുന്ന ബുദ്ധന്മാരാണ്. പക്ഷെ അവര്‍ക്കാര്‍ക്കും ചിരിക്കാനറിയില്ല. എന്‍റെ പേരകുട്ടി ഇടയ്ക്കിടെ ചോദിക്കുന്നത് കേള്‍ക്കാം. വൈ ദിസ് ഓള്‍ഡ് മാന്‍ ഈസ് ഗിഗ്ലിംഗ് മോം?
അത് പറയുമ്പോഴും രാമേട്ടന്‍ ചിരിച്ചു .അതിനു കരച്ചിലിന്റെ നനവ്. എനിക്ക്തോന്നിയതാവം…
ദൂരെ കാണുന്ന കെട്ടിടം എന്താ വിറക്കുന്നത് രാമേട്ട..?
അത് വിറക്കുകയല്ല തിരിയുകയല്ലേ..റിവോള്‍വിംഗ് റസ്ട്റന്റ്.. കറങ്ങി കാഴ്ചകള്‍ കണ്ടു ഭക്ഷണം കഴിക്കാം ..
ഇത്തിരിനേരം ആകാശം കണ്ടാല്‍ ആളുകള്‍ക്ക ഇത്ര വേഗം മടുക്കുമോ..?
കൂറ്റന്‍ കമാനത്തിന്‍റെ ചെറിയൊരു വാതില്‍പ്പാളി പതുക്കെ തുറന്നു. ഞാന്‍ പുറത്തേക്കിറങ്ങി. രമേട്ടനോട് തലയാട്ടി യാത്ര പറയാന്‍ തുടങ്ങുന്നതിനു മുന്‍പേ കറുത്ത വാതില്‍ താനെ അടഞ്ഞു. മനുഷ്യത്വത്തിന്റെ വാതില്‍ അടഞ്ഞപോലെ എനിക്ക് തോന്നി!
..
ഇരുട്ട് കനം വച്ച് തുടങ്ങി. ഞാന്‍ പാല്‍പ്പുഴ കടവിലെക്കുള്ള വഴിയും തിരഞ്ഞു നടന്നു. ഉണങ്ങി വരണ്ട മണ്ണിലുടെ കുറച്ചു ദൂരം നടന്നു. ആളുകള്‍ തിരക്കിട്ട് എങ്ങോട്ടെക്കോ പോകുന്നു..പുഴയില്‍ നിന്നും വരുന്ന തണുത്ത കാറ്റിലെ നെല്ലിന്‍ പൂമണത്തിനായി ഞാന്‍ ദീര്‍ഘമായിശ്വസിച്ചു … വിലകുറഞ്ഞ അത്തറിന്റെയും, ചതഞ്ഞരഞ മുല്ലപൂക്കള്ടെയും ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. മാക്കാച്ചി തവളകളുടെ ശബ്ദവും കേട്ടില്ല. പാല്‍നുര പോലെ പതഞ്ഞൊഴുകുന്ന തെളിഞ്ഞ വെള്ളത്തിലെ പരല്‍ മീനുകളെയും നോക്കി എത്രയോ സന്ധ്യകളില്‍ ജീവിതത്തിന്‍റെ കയ്പ്പ് ആ പുഴക്കരയില്‍ ഒഴുക്കി കളഞ്ഞിരിക്കുന്നു. ഒരിക്കല്‍ രാത്രിയിലെ അവസാന യാത്രക്കാരനായി തോണിയില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഴ പകുതി കടക്കവേ പെട്ടെന്ന് വെള്ളി
തിളക്കത്തോടെ ഒരു വലിയ മീന്‍ തോണിയിലേക്ക് പറന്നു വീണതും പേടിച്ചു നിലവിളിച്ചു ഞാന്‍ വെള്ളത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു. അതോര്‍ത്തു അറിയാതെ ഞാന്‍ ചിരിച്ചു. കണ്ണ് തുറന്നപ്പോള്‍ കണ്ടത് വറ്റി വരണ്ടു ഉണങ്ങി കറുത്ത പേക്കോലം പോലെ ഒരു ചെറിയ തോട്. എങ്ങോട്ട് പോകണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്നു. കുറച്ചകലെ ഉണങ്ങിയ ചീലാന്തി മരത്തിനു താഴെ കടത്ത് തോണി തകര്‍ന്നു കിടക്കുന്നു.
തിരികെ നടക്കവേ പതഞ്ഞൊഴുകുന്ന പാല്‍പ്പുഴ എന്റെ ഓര്‍മ്മകളില്‍ അലകളിളക്കി. ആരോ പറഞ്ഞ വരികള്‍ അവളെന്നോട് ചോദിക്കുന്നുണ്ടായിരുന്നു, ജീവിതം “ആകുലമാം ഒഴുക്ക് ചാലായി” മാറാത്ത ഗ്രാമം ഇന്നെവിടെ കാണാം..?