പാനിപ്പത്ത് യുദ്ധവും, ചരിത്രകാരനായ അച്ഛനും..

157

ചരിത്രം വളച്ചൊടിച്ചു എന്നതിന്റെ നിജസ്ഥിതി അറിയാനാണ് അയാള്‍ അത് ശ്രദ്ധിച്ചത്. പക്ഷേ ചരിത്ര പുസ്തകത്തിലേക്ക് വളഞ്ഞു ഒടിഞ്ഞു കിടന്നു പഠിക്കുന്ന മകനെയാണ് കാണാന്‍ കഴിഞ്ഞത്. തന്റെ ചരിത്രത്തിലുള്ള വിവരം മകന് മനസ്സിലാക്കി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചു അയാള്‍ തനിക്കു ഓര്‍മ്മയുള്ള ഏക യുദ്ധം പാനിപ്പത്ത് യുദ്ധത്തിനെ പറ്റി ചോദിക്കാന്‍ തീരുമാനിച്ചു.

‘എടാ, ചരിത്രം പഠിക്കേണ്ടത് ഒരു പായസം കുടിക്കുന്ന പോലെയാണ്.. ആസ്വദിച്ചു ഉള്‍ക്കൊണ്ട് പഠിക്കണം.. ഞാനൊക്കെ പഠിക്കുന്ന കാലത്ത് യുദ്ധങ്ങളെ പറ്റി പഠിച്ചത് ഒരു യുദ്ധത്തില്‍ പങ്കെടുക്കുന്ന വീര്യത്തോടെ ആയിരുന്നു… ഇത് കുത്തി ഒടിഞ്ഞു ചടഞ്ഞു കിടക്കുന്നത് പോലെയാണ് അവന്റെ പഠിത്തം .. ആ പോട്ടെ ഈ പാനിപ്പത്ത് യുദ്ധത്തിനെ പറ്റി നീ കേട്ടിട്ടുണ്ടോ?’

‘ഉം’

‘എന്നാല്‍ പറ ആരൊക്കെ തമ്മില്‍ ആയിരുന്നു?’

‘അച്ഛന്‍ ഏതു യുദ്ധമാണ് ഉദ്ദേശിക്കുന്നത് ഒന്നാമത്തേതോ, രണ്ടാമത്തേതോ, മൂന്നാമാത്തേതോ നാലാമത്തേതോ? ‘

അയാള്‍ ആകെ പരുങ്ങി.. പാനിപ്പത്ത് യുദ്ധം എന്ന വാക്ക് ഓര്‍മ്മയുണ്ട് എന്നല്ലാതെ അതിനെപറ്റി ഒരു വസ്തുവും അറിയാതെ ആളാവാന്‍ ഇറങ്ങിത്തിരിച്ചു .. തല്‍കാലം ഒന്ന്! മുങ്ങിയാലോ ..അയാള്‍ ആലോചിച്ചു

‘അച്ഛാ, ഏതാണ് വേണ്ടത്?’

‘ങേ, നാല് .. നാലാമത്തേത് അത് മതി’

‘ഹും, നാലാമത്തെ യുദ്ധം വേണമെങ്കില്‍ അച്ഛന്‍ തന്നെ പോയി യുദ്ധം ചെയ്യണമായിരുന്നു… അച്ഛാ, ഒന്നും, രണ്ടും, മൂന്നും പാനിപ്പത്ത് യുദ്ധം മാത്രമേയുള്ളൂ’

‘അത് എനിക്കറിയാം, ഞാന്‍ വെറുതെ നിന്നെയൊന്നു പരീക്ഷിക്കാന്‍ … ‘ അയാള്‍ ഉരുളാന്‍ ശ്രമിച്ചു ..

‘ചരിത്രം പായസം പോലെ കുറേ കുടിച്ചാല്‍ ഷുഗര്‍ വരുമോ അച്ഛാ?’

ഏതു സമയത്താണോ അനാവശ്യ ഉപമകള്‍ പറയാന്‍ തോന്നിയത് ദൈവമേ..

‘ഊതല്ലടാ ചെക്കാ, നാലാമത്തെ യുദ്ധം ഉണ്ടാവേണ്ടുന്ന സാഹചര്യം ഉണ്ടായിരുന്നു .. അത് ഇല്ലാതായതില്‍ സമാധാനിക്ക്, അല്ലെങ്കില്‍ അതുംകൂടി തലകുത്തി പഠിച്ചു നീ ഒക്കെ ഒരു പരുവത്തില്‍ ആവുമായിരുന്നു’

അയാള്‍ ഒരു പടയാളിയുടെ മെയ്യ് വഴക്കത്തോടെ അവിടെ നിന്നും ചറുകി ..