നാരായണൻ
പറവ പാറണ കണ്ടാരേ : പന്തളം ബാലനും പത്തൊൻപതാം നൂറ്റാണ്ടും പിന്നെ വിനയനും..!!
വിനയൻ സംവിധാനം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തോട് അനുബന്ധിച്ച് കുറച്ചുനാൾ മുൻപ് കേട്ട ഒരു വിവാദത്തെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ പ്രാരംബ ജോലികൾ തുടങ്ങിയിട്ട് രണ്ട് രണ്ടര വർഷം ആയിക്കാണണം. ഒരു സിനിമ അന്നൗൺസ് ചെയ്ത് കഴിഞ്ഞാൽ അതിന്റെ കഥയ്ക്കനുസരിച്ചു ഗാനങ്ങൾ സൃഷ്ടിക്കുക എന്നത് ആദ്യം ചെയ്യുന്ന ജോലികളിൽ ഒന്നാണ്. അതിൻപ്രകാരം എം. ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പിറക്കുകയും റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് സാധാരണ സിനിമയുടെ ബാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുക.
പന്തളം ബാലൻ മലയാളിക്ക് അന്യനായ ഒരാളല്ല. മലയാളിയുടെ കലാപരിസരത്തിൽ തന്റേതായ ആലാപന ശൈലിയിലൂടെ ഗാനമേളകളിലൂടെ പ്രശസ്തി ആർജിച്ച ഗായകൻ ആണ് അദ്ദേഹം. സിനിമകളിൽ അധികം പാടിയിട്ടില്ലെങ്കിൽ പോലും ‘പന്തളം ബാലൻ’ എന്ന പേര് മലയാളിക്ക് സുപരിചിതം ആകണമെങ്കിൽ അദ്ദേഹം ഗാനമേള മേഖലയിൽ എടുത്തിട്ടുള്ള effort അത്രത്തോളം വലുതാണെന്ന് മനസിലാക്കാൻ സാധിക്കും. ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായിരുന്ന ബാലൻ മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകരുടെയും ഏറ്റവും പ്രിയപ്പെട്ട ‘ട്രാക്ക് ഗായകൻ’ ആയിരുന്നു. യേശുദാസ് പാടിയ പല ഹിറ്റ് ഗാനങ്ങൾക്കും ട്രാക്ക് പാടിയിട്ടുള്ളത് പന്തളം ബാലൻ ആയിരുന്നു. അങ്ങനെ ട്രാക്ക് ഒരുപാട് പാടിയത് കൊണ്ട് തന്നെ അങ്ങനെ ഒരു ട്രാക്ക് ഗായകൻ ആക്കി ഒതുക്കാൻ പലരും ശ്രമിച്ചിരുന്നു എന്നൊരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞു.
നിർഭാഗ്യവശാൽ അധികം മെയിൻസ്ട്രീം സിനിമകളിൽ ഒന്നും അദ്ദേഹത്തിന് പാടാൻ അവസരം ലഭിച്ചിരുന്നില്ല. രവീന്ദ്രന്റെ സംഗീതത്തിൽ ‘എന്റെ ഹൃദയത്തിന്റെ ഉടമ’ എന്ന സിനിമയിൽ ‘ഇല്ലൊരു മരിച്ചില്ല ചേക്കേറുവാൻ’ എന്ന ഗാനം അദ്ദേഹം ആലപിച്ചു. അത് തന്നെ സിനിമയുടെ നിർമാതാവ് കൂടിയായ ഭരത് ഗോപി അദ്ദേഹത്തിന്റെ ട്രാക്ക് കേട്ട് ഇഷ്ടപ്പെട്ട് നൽകിയതാണെന്ന് അദ്ദേഹം ഓർക്കുന്നു. പകൽപ്പൂരം എന്ന ചിത്രത്തിലെ തന്റെ ഗാനം ക്രെഡിറ്റ് വെക്കാതെ വന്ന കാര്യവും പല സംഗീത സംവിധായകരും തന്നെ അവഗണിച്ചതായും അദ്ദേഹം ഓർക്കുന്നു. തിരുവനന്തപുരത്തുള്ള ഒരു ‘പണ്ഡിറ്റ്’ വിശേഷണം ഉള്ള മലയാളത്തിലെ സംഗീത സംവിധായകൻ അദ്ദേഹത്തെ അപമാനിച്ചതും അതിനു ചുട്ട മറുപടി ഫോണിൽ വിളിച്ചു പറഞ്ഞതും പറഞ്ഞുകേട്ടിട്ടുണ്ട്. നിലനിൽപ്പിനു വേണ്ടിയോ എന്തോ ബേർണി ഈഗ്നെഷ്യസിന്റെ ഭാഗത്തു നിന്നുണ്ടായ വിഷമങ്ങളും ഓർത്തെടുക്കുന്നത് കണ്ടു. ഇടവ ബഷീർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവുമധികം ഗാനമേളകൾക്ക് പാടിയിട്ടുള്ളത് ബാലൻ ആയിരിക്കും. “എന്റെ ഒരു സ്വപ്നം സഫലമായി” എന്ന് ഈ പത്തൊൻപതാം നൂറ്റാണ്ടിലെ പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞതിനു ശേഷം എം. ജയചന്ദ്രൻ കുറിച്ചത് തന്നെ പന്തളം ബാലന് മലയാള ചരിത്രത്തിൽ ഉള്ള പ്രത്യേകത എടുത്ത് കാണിക്കുന്നു.
ഒത്തിരി നാളുകൾക്ക് ശേഷം അദ്ദേഹത്തെ സിനിമ പിന്നണി ഗാനരംഗത്തേക്ക് തിരികെ എത്തിച്ച പാട്ടാണ് പത്തൊൻപതാം നൂറ്റാണ്ടിലെ എം. ജയചന്ദ്രൻ സംഗീതം നൽകി റഫീഖ് അഹമ്മദ് രചിച്ച “പറവ പാറണ കണ്ടാരേ”.
സിനിമ ഗാനം കൊണ്ട് പ്രശസ്തി നേടേണ്ട കാര്യമുള്ള ഒരു വ്യക്തി അല്ല പന്തളം ബാലൻ. അങ്ങനെ ഒരാൾക്ക് പക്ഷേ അദ്ദേഹം സിനിമയിൽ ഒരുപാട് നാൾക്ക് ശേഷം mainstream സിനിമയിൽ പാടിയ ഗാനത്തോട് ഒരു ഇമോഷണൽ attachment ഉണ്ടാകും. അത് കൊണ്ടാകാം ആ ഗാനം സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ അദ്ദേഹം വൈകാരികമായി പ്രതികരിച്ചത്. അതിനേക്കാൾ ഉപരി തന്നെ treat ചെയ്ത രീതിയോടും ബാലന് എതിരഭിപ്രായമുണ്ട്. ഗാനം ഒഴിവാക്കുമ്പോൾ ഒന്ന് വിളിച്ചു പറയണമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തന്നെക്കൊണ്ട് പാടിച്ചതിനു ശേഷം അതേ ഗാനം മറ്റൊരാളെ കൊണ്ട് പാടിച്ചിട്ടുള്ളതും, അതുപോലെ ചില ഗാനങ്ങൾ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ഒക്കെ ഭാവഗായകൻ ജയചന്ദ്രൻ പണ്ട് പ്രതികരിച്ചിരുന്നത് ഓർക്കുന്നു. കുറച്ചു experienced ആയ ഗായകർക്ക് അതൊരു insult ആയി തോന്നിയേക്കാം. ബാലന്റെ കേസിലും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത്രെയും നാൾ കേരളത്തിന്റെ കലാമണ്ഡലത്തിൽ ഉള്ള തന്നെ ഗാനം ഒഴിവാക്കുമ്പോൾ വിളിച്ചറിയിച്ചില്ല എന്നത് ഒരു ന്യായമായ പരിഗണന ആയിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർ ആ കാര്യത്തിൽ ഇത്തിരി ജാഗ്രത പുലർത്തണമായിരുന്നു എന്നഭിപ്രായം ഉണ്ട്.
വിനയൻ എന്ന മാസ്റ്റർ ഡയറക്ടറുടെ കഴിവിനെയും നിലപാടിനെയും എന്നും ആരാധിച്ചിരുന്ന വ്യക്തിയാണ് ഞാൻ. സിനിമയിലെ സുപ്പീരിയർ വ്യവസ്ഥയ്ക്ക് എതിരെ ഒറ്റക്ക് നിന്ന് പൊരുതിയ വ്യക്തിയാണ് വിനയൻ. വിലക്കുകൾ വന്നപ്പോൾ പോലും ഉള്ള രണ്ടാം നിര ടെക്നിഷ്യൻസ്, actors ചേർത്തുകൊണ്ട് സിനിമകൾ സൃഷ്ടിച്ചിരുന്നു വിനയൻ. സിനിമയുടെ ക്വാളിറ്റി മോശം ആയിരുന്നെങ്കിൽ പോലും തോറ്റ് പോകാതെ attempt ചെയ്തത് വിനയന്റെ ചങ്കൂറ്റം തന്നെയാണ്. അവസാനം വിനയന് അനുകൂലമായി കോടതി വിധി വന്നപ്പോൾ അദ്ദേഹമായിരുന്നു ശെരി എന്നെല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.
പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം സൃഷ്ടിച്ചെടുക്കാൻ വിനയൻ എടുത്ത effort എത്രത്തോളം ആണെന്ന് സിനിമ കണ്ടവർക്ക് മനസിലാകും. സിനിമയിൽ ആദ്യം ഒരു നാടൻ ചുവയുള്ള ഉണർത്തുപാട്ട് പോലെയൊരു ഗാനം സൃഷ്ടിക്കാൻ ഉള്ള സിറ്റുവേഷൻ ഉണ്ടായപ്പോൾ ആയിരിക്കാം “പറവ പാറണ കണ്ടാരേ ” എന്ന പാട്ടുണ്ടായത്. ബാലനെക്കൊണ്ട് ആ ഗാനം പാടിച്ചതും അതുകൊണ്ടാണ്. എന്നാൽ സിനിമ പുരോഗമിച്ചപ്പോൾ കുറച്ചുകൂടി intense ആയൊരു ഗാനമാണ് ആ situation apt എന്ന് തോന്നിക്കാണണം.
പിന്നീട് ആ സിറ്റുവേഷനിൽ “പൂതം വരുന്നെടി” എന്ന സയനോറ പാടിയ ഗാനം ഉപയോഗിക്കുകയും ചെയ്തു. അതിൽ ഒരു തെറ്റും തോന്നിയില്ല. സിനിമ കാണുന്നവർക്ക് മനസിലാകും, ആ intense സിറ്റുവേഷനിൽ “പറവ പാറണ ” എന്ന ഗാനത്തേക്കാൾ “പൂതം വരുന്നെടി” തന്നെയാണ് perfectly apt. ഒരു സംവിധായകന്റെ discretion ആണ് ഏത് ഗാനം ഉൾപ്പെടുത്തണം, ഒഴിവാക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. യേശുദാസിന്റെ “മാന്മിഴി പൂവ്” (മഹാസമുദ്രം), “തുമ്പികിന്നാരം” (നരൻ), “പുള്ളിമാൻ കിടാവേ”(മഴവില്ല്), “മണിക്കിനാവിൻ” (പോക്കിരിരാജ) തുടങ്ങി അനവധി പാട്ടുകൾ ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മാത്രമല്ല, മറ്റ് പല ഗായകരുടെയും. Ar റഹ്മാൻ ഒക്കെ ഇങ്ങനെ ഒരുപാട് ചെയ്യാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതെല്ലാം ultimately പാട്ടിന്റെയും situationടെയും പൂർണതക്ക് വേണ്ടിയും ഡയറക്ടറുടെ താല്പര്യത്തിനും കഥക്കും അനുസരിച്ചാകാം.
ഈ വിവാദങ്ങൾ എല്ലാം ചെറിയ ഈഗോ മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. കലാകാരന്മാർ ആകുമ്പോൾ ഇത്തരം ഈഗോ സ്വാഭാവികം ആണ്. “ഞാൻ സമൂഹത്തിൽ അറിയപ്പെടുന്ന ആളാണ് , അപ്പോ എനിക്ക് കുറച്ചു respect തരണം” അല്ലെങ്കിൽ “സമൂഹത്തിൽ അറിയപ്പെടുന്ന എന്നേ disrespect ചെയ്തു” അങ്ങനെയൊക്കെ ചിന്തകൾ കണ്ടുവരാറുണ്ട്. അതിനെ തരണം ചെയ്ത് അത് ക്ഷമിക്കാൻ കഴിഞ്ഞാൽ സമൂഹത്തിൽ അവരുടെ value വർധിക്കുകയാണ് ചെയ്യുക എന്നും മനസിലാക്കണം. വിനയൻ ആയാലും പന്തളം ബാലൻ ആയാലും ഈ വിഷയത്തിൽ ഒന്ന് താഴ്ന്നു കൊടുത്തിരുന്നെങ്കിൽ സമൂഹത്തിൽ അവരുടെ value ഉയർന്നു തന്നെ നിന്നേനെ എന്ന് തോന്നിയിട്ടുണ്ട്. രണ്ട് കലാകാരന്മാരുടെയും സിനിമകളും പാട്ടുകളും ഒത്തിരി ഇഷ്ടമുള്ള പ്രേക്ഷകൻ എന്ന നിലയിൽ രണ്ട് പേരും പിണക്കങ്ങൾ മറന്ന്, അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് വീണ്ടും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്.
അത് പോലെ തന്നെ “പറവ പാറണ കണ്ടാരെ” എന്ന ഗാനം ഒഫീഷ്യൽ ആയി പത്തൊൻപതാം നൂറ്റാണ്ട് ടീം യൂട്യൂബിലോ, പേജിലെ റിലീസ് ചെയ്യണം എന്നും ആഗ്രഹമുണ്ട്. Tips malayalam ആണ് പത്തൊൻപതാം നൂറ്റാണ്ടിലെ മറ്റ് ഗാനങ്ങൾ റിലീസ് ചെയ്തത്. ഗായകന് ഒരു വിഷമം ഉണ്ടായ സ്ഥിതിക്ക് അദ്ദേഹത്തോട് ഒരു നീതി എന്ന നിലയിൽ ആ ഗാനം ഒഫീഷ്യൽ ആയി റിലീസ് ചെയ്താൽ നന്നായിരിക്കും. കാരണം, അതൊരു മനോഹരമായ ഗാനമാണ്. ഒരുപാട് variation ഉള്ള പാട്ട്. റഫീഖ് അഹമ്മദിന്റെ അർത്ഥവത്തായ വരികൾ. എം. ജയചന്ദ്രന്റെ തന്നെ സൗണ്ടിനു ചേരുന്ന പാട്ടായിരുന്നു അത്. എന്നിട്ടും അദ്ദേഹം അത് പന്തളം ബാലന് വേണ്ടി നീക്കി വെച്ചത് അഭിനന്ദനം അർഹിക്കുന്നു. “ചങ്കിലെ പാട്ടൊന്നു പാടണ കേട്ടാരെ..” എന്ന ഭാഗം ഒക്കെ ബാലൻ നല്ല കിടിലൻ ഫീലിൽ അവതരിപ്പിച്ചിട്ടുണ്ട്. ഗാനം കേൾക്കാത്തവർക്കായി പാട്ടിന്റെ ലിങ്കും ഇവിടെ കൊടുക്കുന്നു. കേൾക്കാത്തവർ കേൾക്കുക. ഗാനം യൂട്യൂബിൽ കിടപ്പുണ്ട്.