“തിരുവനന്തപുരത്തു നിന്ന് കാസർക്കോടെത്താൻ രണ്ടു കൊല്ലം കഴിയണം”

0
287

✒️Abdulla Bin Hussain Pattambi.

കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട – പന്തലായനി കൊല്ലവും കുരുക്കോണി കൊല്ലവും

“തിരുവനന്തപുരത്തു നിന്ന് കാസർക്കോടെത്താൻ രണ്ടു കൊല്ലം കഴിയണം” എന്നൊരു മൊഴി മലയാളത്തിൽ നിലവിലുണ്ട്‌. കാരണം കേരളത്തിൽ ചരിത്രപ്രസിദ്ധങ്ങളായ കൊല്ലം എന്ന ഒരേ പേരിൽ രണ്ട്‌ സ്ഥലങ്ങൾ തിരുവനന്തപുരത്തിനും കാസർക്കോടിനുമിടയിൽ ഉണ്ടെന്നതുകൊണ്ടാണ്‌. വർഷം ( year ) എന്നതിന്റെ മറ്റൊരു പദമായ കൊല്ലം എന്നതിനെ ദ്വയാർത്ഥത്തിൽ തമാശരൂപേണയാണ്‌ ഇവിടെ ‘രണ്ടുകൊല്ലം കഴിയണം’ എന്ന് പറയുന്നത്‌. മലനാട്ടിൽ വന്ന സഞ്ചാരികളെല്ലാം തന്നെ പ്രസിദ്ധങ്ങളായ ഈ രണ്ട്‌ തുറമുഖ നഗരങ്ങളെ പറ്റിയും സവിസ്താരം പ്രതിപാദിച്ചത്‌ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കുരുമുളകും മലഞ്ചരക്കും സുഗന്ധവ്യജ്ഞനങ്ങളും എല്ലാം മറ്റു മലയാള തുറമുഖങ്ങളിൽ നിന്നെന്ന പോലെ ഈ രണ്ടു കൊല്ലങ്ങളിലെ തുറമുഖങ്ങളിൽ നിന്നും കയറ്റി അയച്ചിരുന്നു.

ചരിത്രകാരന്മാരിൽ ചിലർ ഈ രണ്ടു തുറമുഖങ്ങളേയും വേർത്തിരിച്ചറിയാനുളള എളുപ്പത്തിന്‌ തെക്കൻ കൊല്ലം ( ഇന്നത്തെ കൊല്ലം ജില്ല ഉൾപ്പെടുന്നത്‌ ), വടക്കൻ കൊല്ലം ( കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടിക്കടുത്ത്‌ ) എന്നിങ്ങനെയാണ്‌ പരാമർശ്ശിക്കാറ്‌. എന്നാൽ ചരിത്രപഠനം ആരംഭിച്ച കാലത്ത്‌ മറ്റു പലരേയും പോലെ സഞ്ചാരികളുടെ വിവരണങ്ങളിൽ കാണുന്ന കൊല്ലം തുറമുഖം ( കൂലം, കൗലം, കോലം, കൊയിലം, കൂലംമാലി എന്നൊക്കെയാണ്‌‌ സഞ്ചാരക്കുറിപ്പുകളിൽ കാണാനാവുക ) എന്നത്‌ കൊയിലാണ്ടി കൊല്ലത്തെ പറ്റിയാണെന്ന് ഞാനും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ കൂടുതൽ ചരിത്രത്തിലേക്ക്‌ ഇറങ്ങിയപ്പോഴാണ്‌ കൊയിലാണ്ടിക്കൊല്ലമല്ല അവരുടെ പരാമർശ്ശങ്ങളിൽ കാണുന്ന കൊല്ലമെന്ന് മനസ്സിലാക്കാൻ സാധിച്ചത്‌. കൊയിലാണ്ടിയെ, അതിന്റെ പഴയ നാമമായ പന്തലായനിയുടെ അറബീകൃത രൂപമായ ഫന്ദറീന എന്ന പേരിലാണ്‌ അറബ്‌ സഞ്ചാരികളും യൂറോപ്യൻ, ചൈനീസ്‌ സഞ്ചാരികളും എല്ലാം വിളിച്ചിരിക്കുന്നത്‌. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്‌, കൊയിലാണ്ടിക്കൊല്ലത്തായിരുന്നു തുറമുഖം സ്ഥിതി ചെയ്തിരുന്നത്‌ എങ്കിലും, സഞ്ചാരികൾ ആ പ്രദേശത്തെ കൂടി ഉൾപ്പെടുത്തി പന്തലായനിയേയും അവിടുത്തെ കൊല്ലത്തേയും ഒരേ പേരിൽ -ഫന്ദറീന- എന്ന പേരാണ്‌ വിളിച്ചത്‌ എന്നു കാണാവുന്നതാണ്‌.

കേരള തീരത്ത്‌ മറ്റെവിടേയും ഇല്ലാത്ത ഒരു സവിശേഷത തെക്കൻ കൊല്ലത്തിനും കൊയിലാണ്ടി കൊല്ലത്തിനുമുണ്ടായിരുന്നു. വർഷകാലം അടുപ്പിച്ച്‌ ഇവിടെയെത്തുന്ന വാണിജ്യക്കപ്പലുകൾ തിരികെ പോവാൻ യാത്ര ദുഷ്കരമാവും എന്നതിനാൽ മൺസൂണിലെ കടൽക്ഷോഭം കഴിയുന്നതുവരെ കാത്തിരിക്കുക പതിവായിരുന്നു. ഇങ്ങനെ മാസങ്ങളോളം നങ്കൂരമിട്ട്‌ കാത്തു നിൽക്കാൻ കടലാക്രമണത്തിന്റെ ശക്തികുറഞ്ഞ ഒരു പ്രത്യേക പ്രദേശമായ കൊയിലാണ്ടി കൊല്ലത്തേയാണ്‌ അവർ കൂടുതലും ആശ്രയിച്ചിരുന്നത്‌. തെക്കൻ കൊല്ലത്ത്‌ ഈ സൗകര്യം ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു എങ്കിലും ഇടക്കിടെ കനത്ത കടൽകാറ്റ്‌ കപ്പലുകളെ നങ്കൂരത്തിൽ നിന്ന് തെറിപ്പിച്ച്‌ കരയിലേക്ക്‌ തളളിമാറ്റിയിരുന്നത്‌ കൊണ്ട്‌ ഈ പ്രശ്നം അധികം അനുഭവപ്പെടാതിരുന്ന വടക്കൻ കൊല്ലത്തെ തുറമുഖത്തെ തെരഞ്ഞെടുക്കുന്നതിലേക്ക്‌ വ്യാപാരികളെ പിന്നീട്‌ പ്രേരിപ്പിച്ചു. അത്കൊണ്ടു തന്നെ‌ മറ്റു മലയാള തുറമുഖങ്ങളിൽ നിന്ന് കപ്പലുകൾ കൊണ്ടുവന്ന് നങ്കൂരമിട്ടിരുന്ന ഒരു തുറമുഖമായി മാറി പിന്നീട് പന്തലായനിക്കൊല്ലം. അറബിക്കപ്പലുകളും ചൈനീസ്‌ കപ്പലുകളുമായിരുന്നു കൂടുതലും ഇത്തരത്തിൽ നങ്കൂരമിട്ട്‌ കാത്തിരുന്നിരുന്നതെന്ന് ചരിത്രത്തിൽ കാണാം. മാസങ്ങളോളം അവിടെ തങ്ങേണ്ടി വന്ന വിദേശ വണിക്കുകളുമായി പ്രദേശം സ്ഥാപിച്ചെടുത്ത അടുത്ത ബന്ധത്തിന്റെ തെളിവുകളായി പല അവശേഷിപ്പുകളും ഇന്നുമവിടെ നമുക്ക്‌ കാണാനാവും. അതിൽ ചിലത്‌ അവിടെ സ്ഥിരതാമസമാക്കിയ അറബ്‌ ഗോത്രങ്ങളാണ്‌. മലയാളീകരിക്കപ്പെട്ട നിരവധി അറബ്‌ ഗോത്രങ്ങൾ ഇന്നും കൊയിലാണ്ടിയിലും പരിസരങ്ങളിലുമുണ്ട്‌. ഇത്തരത്തിൽ ചീനരുമായുളള ബന്ധത്തിന്റെ ബാക്കിപത്രമെന്ന പോലെ, അക്കാലത്ത്‌ ചൈനീസ്‌ കച്ചവടക്കാർ നിർമ്മിച്ച ഒരു പളളി കൊയിലാണ്ടി കൊല്ലത്ത്‌ ഇന്നുമുണ്ട്‌.

ഇത്രയും പറഞ്ഞത്‌ ഫന്ദറീനയെന്ന കൊയിലാണ്ടിയേയും അവിടുത്തെ കൊല്ലത്തേയും പറ്റിയാണെങ്കിൽ ഇനി കുറുക്കോണി കൊല്ലമെന്ന തെക്കൻ കൊല്ലത്തെ പറ്റി ഒന്ന് നോക്കാം. മലബാറിന്റെ തെക്കേ അതിർത്തിയായി സഞ്ചാരികൾ മിക്കവരും വിവരിച്ചിട്ടുളളത്‌ ഇന്നത്തെ കൊല്ലത്തെയാണ്‌. അവിടുന്നങ്ങോട്ട്‌ മഅ്ബർ രാജ്യം ( കോറമണ്ടലം ) തുടങ്ങുന്നതായി വിദേശ സഞ്ചാരികളിൽ ചിലർ രേഖപ്പെടുത്തിയത്‌ കാണാം. മലബാറിന്റെ തുടക്കത്തെ പറ്റി വിത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ സഞ്ചാരികൾ ഏറെപ്പേരും അതിന്റെ അവസാനമായി കാണുന്നത്‌ കൊല്ലത്തെയാണ്‌. അതിനിടയിൽ വരുന്ന പ്രധാന മലബാർ തുറമുഖനഗരങ്ങൾ ആദ്യം മുസ്സിരിസ് ഉണ്ടായിരുന്നു‌, മഞ്ചറൂർ ( മംഗലാപുരം ), ഹേലിമറാവി ( ഏഴിമല ), കണ്ണൂർ, ഫന്ദറീന ( പന്തലായനി അഥവാ കൊയിലാണ്ടിയും വടക്കൻ കൊല്ലവും ), കാലിക്കൂത്ത്‌ ( കോഴിക്കോട്‌ ), ശാലിയാത്ത്‌ ( ചാലിയം ), കൊടുങ്ങല്ലൂർ, ( പിന്നീട്‌ കൊച്ചി വരുന്നുണ്ട്‌ ), കൊല്ലം എന്നിവയാണ്‌. ഇതിൽ തന്നെ പ്രധാന തുറമുഖങ്ങൾ മംഗലാപുരവും കണ്ണൂരും കോഴിക്കോടും കൊടുങ്ങല്ലൂരും ( പിന്നീട്‌ അസ്തമിച്ചു ) കൊല്ലവുമാണെന്ന് കാണാം. മലയാളക്കരയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ പരാമർശ്ശിച്ചിട്ടുളള തുറമുഖനഗരങ്ങൾ ഒന്ന്, സത്യത്തിന്റെ തുറമുഖമെന്ന് പുകൾപെറ്റ കോഴിക്കോടും മറ്റൊന്ന് കൊല്ലവുമാണ്‌. ചൈനയിൽ നിന്ന് വരുന്ന കപ്പലുകൾ ആദ്യം നങ്കൂരമിട്ടിരുന്ന തുറമുഖം കൊല്ലമായിരുന്നു. കോഴിക്കോട്‌ പോലെ കടൽ വ്യാപാരം കൊണ്ട്‌ സമ്പന്നമായ തുറമുഖമായി കൊല്ലവും മാറിയിരുന്നു. ചൈനീസ്‌ കപ്പലുകൾ ഏറ്റവുമധികം വന്നിരുന്ന തുറമുഖമായ കൊല്ലത്ത്‌ ചൈനക്കാരുടെ കുടിപ്പാർപ്പ്‌ കേന്ദ്രം ( Chinese Settlement ) പോലും ഉണ്ടായിരുന്നതായ വിവരങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. കൊല്ലത്തിന്റെ പ്രതാപം കണ്ട്‌, അതിനെ മലബാറിന്റെ തലസ്ഥാന നഗരമെന്ന് വിശേഷിപ്പിച്ച സഞ്ചാരികൾ വരെയുണ്ട്‌. അറബിക്കപ്പലുകൾ കോഴിക്കോടു നിന്ന് സിലോണിലേക്ക്‌ ( ശ്രീലങ്ക ) പോവുമ്പോൾ കൊല്ലത്ത്‌ നങ്കൂരമിട്ട്‌ അവിടുന്ന് കൂടി ചരക്കുകൾ ശേഖരിച്ചിരുന്നു. കുരുമുളക്‌ രാജ്യത്തിന്റെ ( മലബാർ ) അവസാന തുറമുഖമായി സഞ്ചാരിയായ അബുൽഫിദ പരിചയപ്പെടുത്തുന്നത്‌ കൊയിലം ( കൊല്ലം ) ആണ്‌. ഇതിനപ്പുറം പോയാൽ കുരുമുളക്‌ ലഭിക്കില്ലെന്നും ആ നാടുകളിൽ കുരുമുളക്‌ വിളയുന്നില്ലെന്നും അദ്ധേഹം പറയുന്നുണ്ട്‌.

കൊല്ലത്തിന്റെ പ്രതാപം എത്രയായിരുന്നുവെന്ന് ന്യൂ ഹോഫിന്റെ വിവരണത്തിൽ നമുക്ക്‌ കാണാനാവും. തറയോടു ( ടെയ്‌ൽ ) പതിച്ച വീടുകളും ( കൊല്ലം കണ്ടവന്‌ ഇല്ലം വേണ്ട ! ) കരിങ്കല്ലുകൾ കൊണ്ട്‌ നിർമ്മിച്ച കൂറ്റൻ കോട്ടയും മൂന്ന് നിലകൾ വരെയുളള കെട്ടിടങ്ങളും അദ്ധേഹം അവിടെ കണ്ടു. താഴെ കൊല്ലമെന്നും മേലെ കൊല്ലമെന്നും കൊല്ലത്തെ രണ്ടായി വിഭജിച്ചിട്ടുണ്ടെന്നും, കീഴെ കൊല്ലത്തിന്‌ കൊല്ലം ചൈന എന്നാണ്‌ പേരെന്നും അദ്ധേഹം രേഖപ്പെടുത്തുന്നു. കൊല്ലം തുറമുഖത്തിന്റെ ചൈനാ ബന്ധത്തിന്റെ അവശേഷിപ്പെന്നോണം ചിന്നക്കട ഇന്ന് നിലനിൽക്കുന്നു. ചീനാകട എന്ന പേരിൽ നിന്നാണ്‌ ചിന്നക്കടയുടെ ഉത്ഭവം എന്ന് പറയപ്പെടുന്നു. കോഴിക്കോട്‌, കൊല്ലം ( തെക്കൻ കൊല്ലം ) തുറമുഖ നഗരങ്ങളെ പറ്റി എഴുതുമ്പോൾ നിരവധി ഭാഗങ്ങളായി എഴുതേണ്ടതുണ്ട്‌. അത്രക്കുണ്ട്‌ ആ രണ്ടു തുറമുഖങ്ങളുടേയും ചരിത്രപരമായ പ്രസക്തി. ഇവിടെ, ഒരേ പേരിൽ ഇന്നറിയപ്പെടുന്ന രണ്ട്‌ പുരാതന വാണിജ്യയിടങ്ങൾ, പേരിൽ സംശയം ജനിപ്പിക്കുന്നതാകയാൽ അതിൽ കൃത്യത വരുത്താൻ ശ്രമിക്കുകയാണ്‌ ഞാനീ പോസ്റ്റിലൂടെ ചെയ്തിട്ടുളളത്‌.

NB:- മേൽപ്രസ്താവിച്ച മലബാറിലെ പ്രധാന തുറമുഖങ്ങൾ എല്ലാതും എക്കാലവും സർവ്വ പ്രതാപൈശ്വര്യങ്ങളോടെ നിലനിന്നിട്ടില്ല. അവക്ക്‌ പലതിനും‌ പലകാലങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്‌. പുതിയ തുറമുഖങ്ങൾ ഉയർന്നു വരുകയും പ്രതാപത്തോടെ പരിലസിക്കുകയും ചെയ്തവ പലകാരണങ്ങളാൽ പിന്നീട്‌ തകർച്ച നേരിടുകയോ ക്ഷയിക്കുകയോ ചെയ്ത്‌ അപ്രത്യക്ഷമായിട്ടുണ്ട്‌. ഇടക്ക്‌ പുതിയവ ഉദയം ചെയ്യുകയും പ്രതാപത്തോടെ നിലക്കൊളളുകയും ചെയ്തു‌. അത്രയൊന്നും പെരുമയില്ലാതെ ഏറെക്കാലം നിലനിന്ന ചെറുതുറമുഖങ്ങളും മലനാടിന്റെ പല ഭാഗങ്ങളിലും ഉണ്ടായിരുന്നു.

📚Reference- പ്രാചീന കേരളത്തിന്റെ വാണിജ്യ ബന്ധങ്ങൾ, Travles and Voyages, കേരളം ഡച്ചുകാരുടെ ദൃഷ്ടിയിൽ.