Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് )

കടലാസു വിമാനം പറപ്പിക്കുമ്പോൾ അതിന്റെ പിറകിൽ ഊതുന്ന ഒരു ആചാരം പണ്ടുമുതലേ ഉള്ളതാണല്ലോ. എന്തിനായിരിക്കും ഇങ്ങനെ ഊതുന്നത്. ഒരു കാര്യം തീർച്ച ഊതുന്നതുകൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടായിരിക്കും. പേപ്പർ പ്ലേനിന്റെ കാര്യത്തിൽ ആണെങ്കിൽ കൂടുതൽ ഉയരത്തിൽ പറക്കുക, അല്ലെങ്കിൽ കൂടുതൽ നേരം വായുവിൽ തങ്ങി നിൽക്കുക അങ്ങനെയുള്ള ഗുണങ്ങൾ ആയിരിക്കും പ്രതീക്ഷിക്കുന്നത്.

ഒരു വിമാനത്തെ സംബന്ധിച്ചിടത്തോളം അതിൽ നാലു ബലങ്ങൾ ആണ്‌ പ്രവർത്തിക്കുന്നത്
1. ഗ്രാവിറ്റി
2. ലിഫ്റ്റ്
3. ത്രസ്റ്റ്
4. ഡ്രാഗ്

ഇതിൽ ഗ്രാവിറ്റിയും ലിഫ്റ്റും ലംബമായ ദിശയിലും ത്രസ്റ്റും ഡ്രാഗും തിരശ്ചീന ദിശയിലും പ്രവർത്തിക്കുന്ന ബലങ്ങൾ ആണ്‌. അതായത് വിമാനത്തിനു നിലത്തു നിന്ന് പൊങ്ങണമെങ്കിൽ ഗുരുത്വാകർഷണ ബലത്തേക്കാൾ ശക്തികൂടിയ ഒരു ബലം മുകളിലേക്ക് പ്രയോഗിക്കപ്പെടണം എന്നർത്ഥം. അതുപോലെയാണ്‌ വിമാനത്തിനെ മുന്നോട്ട് നയിക്കുന്ന ത്രസ്റ്റ്. ഇത് വായുവിന്റെ ഘർഷണ ഫലമായുള്ള പിന്നോട്ടുള്ള ബലം ആയ ഡ്രാഗിനെ അതിജീവിക്കുന്നത് ആയിരിക്കണം.

ഇവിടെ ഗ്രാവിറ്റിയും ഡ്രാഗും സ്വാഭാവികമായി ഏതു വസ്തുവിലും ഉണ്ടാകുന്ന ബലങ്ങൾ ആണെങ്കിൽ ലിഫ്റ്റും ത്രസ്റ്റും കൃത്രിമായി ഉണ്ടാക്കി എടുക്കേണ്ടതാണ്‌. ത്രസ്റ്റും ലിഫ്റ്റും ഇല്ലെങ്കിൽ വിമാനം നിലത്തിരിക്കും. വിമാനത്തെ മുന്നോട്ട് കുതിക്കുന്നത് ഒന്നുകിൽ പ്രൊപ്പല്ലർ ഉപയോഗിച്ചോ അല്ലെങ്കിൽ ജറ്റ് ഉപയോഗിച്ചോ വായുവിനെ പിറകോട്ട് തള്ളുമ്പോൾ ലഭിക്കുന്ന പ്രതിബലം മൂലമാണ്‌. ഇതാണ്‌ ഇവിടെ ലഭിക്കുന്ന ത്രസ്റ്റ്. വിമാനം ഗ്രാവിറ്റിയെ മറികടന്ന് മുകളിലോട്ട് പൊങ്ങുന്നത് അതിന്റെ പ്രതേക തരം രൂപകൽപ്പനമൂലം (എയ്റോ ഫോയിൽ ഡിസൈൻ) വിമാനത്തിന്റെ മുകളിലൂടെയും താഴെക്കൂടിയും ഉള്ള വായുവിന്റെ ഒഴുക്കിന്റെ വേഗതമൂലം ഉണ്ടാകുന്ന മർദ്ദ വ്യത്യാസത്തിന്റെ ഫലമായി ലഭിക്കുന്ന മുകളിലോട്ടുള്ള തള്ളൽ കാരണമാണ്‌. ഇത് ബർണോളീസ് തിയറം എന്ന പേരിൽ അറിയപ്പെടുന്നു.

നമ്മൾ കടലാസ് വിമാനം പറപ്പിക്കുമ്പോഴും ഈ തത്വങ്ങളും ബലങ്ങളും എല്ലാം പ്രവർത്തന തലത്തിൽ വരുന്നുണ്ട്. വിമാനത്തിനു മുന്നോട്ട് നീങ്ങാൻ ആവശ്യമായ ഊർജ്ജം നമ്മൾ എറിയുമ്പോൾ കയ്യിൽ നിന്നും ലഭിക്കുന്നു. യഥാർത്ഥ വിമാനവുമായി സാമ്യമുള്ള ആകൃതി ആയതിനാൽ കടലാസു വിമാനങ്ങളുടേതിന്റെയും എയറോ ഫോയിൽ ഡിസൈൻ തന്നെ ആണ്‌.

പക്ഷേ അത്ര പൂർണ്ണതയുള്ള ഒരു ഡിസൈൻ അല്ലാത്തതിനാൽ കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ ആവശ്യമായ ലിഫ്റ്റ് വെറുമൊരു കടലാസ് വിമാനത്തിനു ലഭിക്കില്ല. ആ സാഹചര്യത്തിൽ ആണ്‌ ഊതൽ വിദ്യ ഫലം ചെയ്യുന്നത്. ചിറകുകൾക്ക് പിറകിൽ ഊതി അവയെ ഒന്ന് വിടർത്തുമ്പോൾ എയറോ ഫോയിൽ ഡിസൈൻ ഒന്നു കൂടി മെച്ചപ്പെടുകയും അതുമൂലം കൂടുതൽ ലിഫ്റ്റ് ലഭിക്കുകയും ചെയ്യുന്നു. ഫലമോ കടലാസ് വിമാനം കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുന്നു.
ഇത്തരത്തിൽ കടലാസ് വിമാനങ്ങളുടെ പറക്കൽ ക്ഷമത വർദ്ധിപ്പിക്കാനും നിയന്ത്രിക്കുവാനുമൊക്ക പല വഴികളും ഉണ്ട്. ചിറകിന്റെ പിറകിൽ ഫ്ലാപ്പുകൾ മുറിച്ച് ഉണ്ടാക്കി മുകളിലേക്കും താഴേക്കുമൊക്കെ മടക്കി വച്ച് ഇടത്തോട്ടും വലത്തോട്ടുമൊക്കെ തിരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് പറത്തുകയുമൊക്കെ ചെയ്യാൻ കഴിയും.

കടലാസ് വിമാനം പറത്തുന്നതും ഒരു ചെറിയ കളിയല്ല. നല്ല ഉയരത്തിലും ദൂരത്തിലും പറത്താനുള്ള പൊടിക്കൈകൾ കൂടി അറിഞ്ഞിരിക്കണം. അത്തരത്തിൽ അറിഞ്ഞോ അറിയാതെയോ ആർജിച്ച ഒരു അറിവാണ്‌ ഈ ഊത്ത്. പക്ഷേ വെറുതേ ഊതിയാൽ മാത്രം പോര എവിടെ ആണ്‌ ഊതേണ്ടതെന്നു കൂടി അറിഞ്ഞിരിക്കണം. എന്തിനാണൂതുന്നതെന്ന് അറിഞ്ഞാൽ ഒന്നു കൂടി ഉഷാറായി.

You May Also Like

ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ

ബിഗ് ബാംഗ് തിയറിയെ കുറിച്ചുള്ള ചില തെറ്റിദ്ധരണകൾ 1. “ബിഗ് ബാംഗ് തിയറി പ്രപഞ്ച ഉല്പത്തിയെ…

ബര്‍മുഡ ട്രയാങ്കിള്‍: നിഗൂഢതകള്‍ മറനീക്കി പുറത്തു വരുന്നു

ബര്‍മുഡ ത്രികോണത്തിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നു.

മനുഷ്യക്കുരുതിയ്ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ – ഭാഗം 4

എട്ടു മീറ്റര്‍ നീളം, 2.1 മീറ്റര്‍ വ്യാസം, 27000 കിലോ ഭാരം. ഒരു ഭീമകായനായിരുന്നു, സാര്‍ ബോംബ. അതുവരെ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ബോംബ്.

ഭൂമി നശിക്കുവാൻ കാരണമായേക്കാവുന്ന കാര്യങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ആണവായുധം ആണ്

76 വർഷങ്ങൾക്കു മുന്നേ ഇന്നേ ദിവസം.കൃത്യമായി പറഞ്ഞാൽ 1945 ഓഗസ്റ്റ് 6 നാണു ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്.