ചില പപ്പടചിന്തകൾ
Rajeev Pattathil
പപ്പടത്തെപ്പറ്റി ആലോചിക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് പ്രൊഫസർ യശ്പാലിനെയാണ്. ബോംബെയിലെ ടാറ്റാ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ പ്രൊഫസറായിരുന്നു. ഇന്ത്യയിലെ സയൻസ് പോപ്പുലറൈസേഷൻ തുടങ്ങിവെച്ചത് യശ്പാലാണെന്ന് പറയാം. മഹാഭാരത് കഥയിലും ചിത്രഹാറിലും തളച്ചിടപ്പെട്ടിരുന്ന തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിൽ വന്നിരുന്ന ഒരു സയൻസ് പ്രോഗ്രാമായിരുന്നു യശ്പാൽ അവതരിപ്പിച്ചിരുന്ന ടേണിങ് പോയന്റ്. സാധാരണജീവിതത്തിൽ കാണുന്ന പ്രതിഭാസങ്ങളുടെ പിന്നിലുള്ള സയൻസ് അനാവരണം ചെയ്യുകയായിരുന്നു പ്രധാന ഉദ്ദേശം.ചിലപ്പോൾ മറ്റു ചില പ്രഗത്ഭ ശാസ്ത്രജ്ഞന്മാരും ഉണ്ടാവും. എം. ജി. കെ. മേനോൻ, പി. എം. ഭാർഗ്ഗവ ഒക്കെ വന്നത് ഓർമ്മയുണ്ട്.

ഒരിക്കൽ ചൂടുപിടിക്കുമ്പോൾ പദാർത്ഥങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങളായിരുന്നു ഡിസ്കസ് ചെയ്തിരുന്നത്. എം. ജി. കെ. മേനോനും ഉണ്ടായിരുന്നതായി ഓർമ്മയുണ്ട്. ചൂടാവുമ്പോൾ തന്മാത്രകളുടെ സ്പീഡ് കൂടുന്നതും (ഇത് യഥാർത്ഥത്തിൽ തിരിച്ചാണ് – അവയുടെ സ്പീഡ് കൂടലിനെയാണ് നാം ചൂടായി അളക്കുന്നത്) തന്മൂലം വാതകങ്ങളും മറ്റും വികസിക്കുന്നതും ഒക്കെ ഉദാഹരണസഹിതം കാണിച്ചിരുന്നു. ചർച്ച എങ്ങനെയോ പൂരിയിലും (ചപ്പാത്തിയിലും) പപ്പടത്തിലുമെത്തി.
ഇതിനുത്തരം പപ്പടനിർമ്മാണത്തിലുപയോഗിക്കുന്ന അപ്പക്കാരത്തിലാണ്. പപ്പടത്തിന് മാവു കുഴയ്ക്കുമ്പോൾ കുറച്ച് അപ്പക്കാരവും ഇടാറുണ്ട്. ഇത് സോഡിയം ബൈകാർബണേറ്റ് ആണ് (NaHCO3). ഇത് എൺപതു ഡിഗ്രിയ്ക്ക് മുകളിലുള്ള ചൂടിൽ സോഡിയം കാർബണേറ്റും (വാഷിങ് സോഡ), വെള്ളവും കാർബൺഡയോക്സൈഡുമായി വിഘടിക്കുന്നു. ചൂടായ എണ്ണയിൽ പപ്പടമിടുമ്പോൾ പപ്പടത്തിൽ ഒളിച്ചിരിക്കുന്ന ജലതന്മാത്രകൾക്കു പുറമേ അതിലെ അപ്പക്കാരം ഉണ്ടാക്കുന്ന വെള്ളവും (നീരാവിയും) കാർബൺ ഡയോക്സൈഡും കൂടിച്ചേർന്നാണ് പപ്പടത്തിൽ വലിയ പൊള്ളങ്ങൾ ഉണ്ടാക്കുന്നത്.
ഇതില്ലെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പിന്നെങ്ങനെ മനസ്സമാധാനമായി പായസം കഴിക്കും?