fedor-dostoevskyനാല്പത്തഞ്ച് പൈസയുടെ സിഗററ്റ് വലിച്ചിരുന്നത് ഓര്‍മ്മയുണ്ടോയെന്ന് ആരാണ് ചോദിച്ചത്? ഇപ്പോള്‍ സിഗററ്റിനു വില കൂടിയിട്ടുണ്ടോ, എത്രയാണ്. ഒന്ന് വലിക്കുന്നോ എന്ന് ആരും ചോദിക്കാതെയായിട്ട് വര്‍ഷമെത്രയായി. സിഗററ്റ് ചാരം പെരുവിരല്‍ കൊണ്ട് തട്ടി വീഴ്ത്തുന്നതു പോലെ ഒന്ന് നോക്കട്ടെ. അങ്ങനെ..ഹഹ, വിരലുകള്‍ അതൊന്നും മറന്നിട്ടില്ല. ഇനി ഇന്ന് എന്താണു ചെയ്യാനുള്ളത്. വേണമെങ്കില്‍ കടല്പ്പാലത്തിലേക്ക് പോകാം. അവിടെ നല്ല ഇരുട്ടാണ്. ഉറങ്ങാം. ഇരുളില്‍ തിരകള്‍ വന്ന് കാലില്‍ ഇക്കിളിപ്പെടുത്തട്ടെ. നനഞ്ഞാലെന്ത്? എണീല്‍ക്കുമ്പോള്‍ സൂര്യപ്രകാശത്തില്‍ കിടക്കാമല്ലോ. അല്ലെങ്കില്‍ മൈതാനത്തെ പൊളിഞ്ഞ കല്ല് ബെഞ്ചില്‍ ഈ രാത്രി. ടൗണ്‍ മുഴുവന്‍ ഒന്ന് ചുറ്റിയടിച്ചാലോ. വിശക്കുമ്പോഴേക്കും അമ്പലനടയിലോ, അല്‍ ജമാല്‍ ഹോട്ടലിലോ പോകാം. ബസില്‍ കയറിയിട്ട് എത്ര നാളായി. കാല്‍ വിരലുകള്‍ക്കും നഖങ്ങള്‍ക്കും ഒരേ കറുത്ത നിറമായിട്ടുണ്ടല്ലോ. അല്ലാ, എങ്ങോട്ടാണു പോകേണ്ടത്? എന്താണു തീരുമാനം? ഇന്നുച്ചക്ക് കോഴി ബിരിയാണിയായിരുന്നു. എന്തായിരുന്നു ഏമ്പക്കം. ആരൊക്കെയോ ബാക്കി വെച്ച ഏമ്പക്കങ്ങളൊക്കെ കോഴിയെല്ലുകളില്‍ നീന്ന് തൂങ്ങിക്കിടന്നിരുന്നില്ലേ. ആ കോഴികള്‍ തന്നെത്താന്‍ കൊല്ലുകയായിരുന്നോ. അവയ്ക്ക് സ്വപ്നങ്ങളുണ്ടായിരുന്നോ. ഇറച്ചിക്കോഴിയുടെ സ്വപ്നം എന്തായിരിക്കും. ഏതു മേശയിലെന്നോ, എരിവു കുറഞ്ഞ മസാലയിലേക്കെന്നോ, ഏതാളുടെ വയറ്റീലേക്കെന്നോ?

സിനിമാ പോസ്റ്ററുകളില്‍ പരിചയമുള്ള ആരുമില്ല. ഇതിലൊക്കെ ആരാണ് നോക്കുന്നത്. അപരിചിതരുടെ പടം എന്തിനാണ് നമ്മള്‍ നോക്കിക്കൊണ്ടിരിക്കുന്നത്. നമ്മള്‍ നമ്മുടെ പടമല്ലേ കാണേണ്ടത്? കടല്പ്പാലത്തിലേക്ക് പോകുന്നില്ല. തീരുമാനം ഒന്ന്. തീരുമാനം രണ്ട് എന്താണ്, മൈതാനം? സിറ്റി ടൂര്‍? ഈ വീഥികളിലൊക്കെ നടന്നുനടന്ന് എവിടെയെല്ലാം നടപ്പാതകളില്‍ കുഴികളുണ്ടെന്ന് നോക്കിയാലോ, നഗരസഭയുടെ മുന്നില്‍ ചെന്നു നിന്ന് അവരോട് പറയണം. നടപ്പാതകള്‍ ഗതാഗതയോഗ്യം അല്ല. അവര്‍ക്കും നടക്കാനുള്ളതല്ലേ, അല്ലെങ്കില്‍ അവരുടെ കാര്‍ ഹോണ്‍ മുഴക്കുമ്പോള്‍ കാല്‍നടക്കാര്‍ക്ക് കയറി നില്‍ക്കാനുള്ളതല്ലേ. ആരാണ് പിന്നില്‍ ഹോണ്‍ മുഴക്കുന്നത്. സൗണ്ട് ഹോണ്‍. അതു തന്നെ. പ്രധാനമായ ഒരു ട്റാഫിക് നിയമമാണ്. നല്ല ഉച്ചത്തില്‍ ഹോണ്‍ അടിക്കണം. അങ്ങനെ എല്ലാ റോഡിലെയും എല്ലാ വണ്ടികളും ഒരുമിച്ച് ഹോണ്‍ മുഴക്കുമ്പോഴാണ് ആകാശം മഴയാകുന്നത്. മഴനനഞ്ഞ് നില്‍ക്കുമ്പോഴാണ് പാപനാശം. എല്ലാം ഒരുമിച്ചങ്ങനെ ഒഴുകിയിറങ്ങി. നല്ല മഴയല്ലെങ്കില്‍ കഷ്ടമാണ്. ഗന്ധം നീണ്ട് നില്‍ക്കും. ചിരിക്കുമ്പോള്‍ മഴവെള്ളം വായുടെയുള്ളില്‍ നിറയുന്ന മഴയാണെങ്കില്‍ കൊള്ളാമായിരുന്നു. ആണ്ടോടാണ്ട് മുപ്പത് മഴക്കുളികള്‍. മേഘങ്ങളില്‍ നിന്ന് അമ്മ വെള്ളം കോരിയൊഴിച്ചുകൊണ്ടിരിക്കുന്നു. കുതറാതെ, അനങ്ങാതെ നില്‍ക്കണം. അമ്മക്കിതു കഴിഞ്ഞ് പിടിപ്പതു പണിയുണ്ട്. പണിയെല്ലാം തീര്‍ത്തിട്ട് ശ്മശാനത്തില്‍ പോയാണ് അമ്മ ഉറങ്ങുക. ഒപ്പം കൊണ്ടുപോകുന്നില്ല. കരയട്ടെ. കരഞ്ഞ് കരഞ്ഞ് നിന്നാല്‍ അമ്മ കൊണ്ടു പോകുകയൊന്നുമില്ല. മഴയില്ലാത്തപ്പോള്‍ കരച്ചില്‍ മറ്റൊരു പാപനാശമാണ്. ഇരുട്ടത്ത് മൈതാനം നിറഞ്ഞ് മഴവരുന്നത് കാണാന്‍ രസമുണ്ട്. ഇടിയും മിന്നലുമില്ലാത്ത മഴക്ക് സൗന്ദര്യം പോര. ഇടിയും മിന്നലുമില്ലാത്ത മഴ വൃദ്ധയാണ്. വൃദ്ധക്ക് കണ്ണുനീരില്‍ നനക്കാനേ അറിയൂ. അപ്പോഴേക്കും വൃദ്ധ മണ്ണിലൂടെ ഒഴുകി ഏതെങ്കിലും ഓടയിലേക്ക് ഇറങ്ങിപ്പോകും.

ഓടകളിലെ ജീവികള്‍ക്ക് മഴയോട് വിരോധമാണെന്നല്ലേ അവ പറഞ്ഞത്. കിടപ്പാടമില്ലാത്ത പാവങ്ങള്‍. പാവങ്ങള്‍ എഴുതിയത് ദസ്ത്യേവ്സ്കി ആണോ, അല്ല അയാള്‍ എഴുതിയത് കുറ്റവും ശിക്ഷയും ആണ്. കുറ്റവും ശിക്ഷയും ഒരേയൊരാള്‍ തന്നെ തീരുമാനിക്കുന്നത് നല്ല കാര്യമാണ്. കുറ്റം ചെയ്യുന്നു. ശിക്ഷിക്കുന്നു. സ്വയം തടവിലാക്കുന്നു. തൂക്കിക്കൊല്ലുന്നു. തൂക്കുമരം ഒടിഞ്ഞ് നിലത്തുവീണ് ചാകുന്നു. ചാകാത്തവനെ വീണ്ടും ശിക്ഷിക്കുന്നു. പിന്നെ രക്ഷിക്കുന്നു. അവനെത്തന്നെ വീണ്ടൂം ശിക്ഷിക്കുന്നു. ശിക്ഷിക്കുന്നു. ശിക്ഷിക്കുന്നു. പിന്നെ അവനെ ആര്‍ക്കും വേണ്ട. റസ്കോള്‍ നിക്കവ് എന്നല്ല അവന്‍റെ പേര്‍. അവന്‍ വെറുമൊരു..അതെ. അവനെ ശിക്ഷിച്ചിട്ടും എന്താണ് കാര്യം? പാവങ്ങള്‍ എഴുതിയത് ആരാണ്. യുദ്ധവും സമാധാനവും എഴുതിയത് ആരാണ്. ആരാണ് അവരോടൊക്കെ എഴുതാന്‍ പറഞ്ഞത്. ആരാണ് അതൊക്കെ വായിക്കാന്‍ പറഞ്ഞത്. പബ്ലീക് ലൈബ്രറിക്കാരല്ലേ. അവര്‍ക്ക് വരിസംഖ്യ കിട്ടാന്‍ എല്ലാവരും പുസ്തകം വായിക്കണമെന്ന് ഒരു നിയമമുണ്ടായിരുന്നല്ലോ. അതു ആരുടെ ഭരണപരിഷ്ക്കാരങ്ങളിലായിരുന്നു. ഏതു നാടുവാഴിയുടെ കല്പനയായിരുന്നു. വിശക്കുമ്പോള്‍ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ പോകണം. അതിന്‍റെ മതില്‍ ചാടിക്കടക്കണം. അവിടെ നില്‍ക്കുന്ന കാവല്‍ക്കാരനെ തല്ലണം. അവന്‍ എതിര്‍ത്താല്‍ അവന്‍റെ തല പിരിച്ചുപിരിച്ചെടുത്ത്. ഹാ…

You May Also Like

ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി !

‘ചാവാനായി ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താനായി!”എന്തു പറ്റി?’

ഇളനീർ വെട്ടാൻ പോയപ്പോ കിട്ടിയ പണി …!

അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക്. ഭയങ്കര സന്തോഷമാണ്. കാരണം ഞങ്ങളുടെ ഗ്രാമത്തിലെ റോഡിന് വീതി കൂട്ടുകയാണ്

വിചിത്രമായ ഒരു ചിത്രരചന…

പക്ഷെ പൂര്‍ത്തിയായപ്പോള്‍ കണ്ടതോ മനോഹരമായ ഒരു ചിത്രം, ഒരു പോര്‍ട്രയ്റ്റ്.

ആ രാത്രി

ഞാനിന്നു രാത്രി ഒളിച്ചോടും ! രാത്രി ഒരു എട്ടു എട്ടര ആയപ്പോള്‍ സത്യപാല്‍ എന്നോട് പറഞ്ഞു . നീ ഉറങ്ങുന്നതിനു മുന്‍പ് ജനലിന്റെ കൊളുത്ത് തുറന്നു വെക്കണം അവന്‍ തുടര്‍ന്നു .