പക എരിയുന്ന പ്രണയം

1398

പ്രണയമില്ലാത്ത ഒരു സാഹചര്യത്തെകുറിച്ച് ചിന്തിച്ചുനോക്കിക്കേ..  എത്ര ബോറായിരിക്കും അല്ലേ ഈ ലോകം. സ്ത്രീയും പുരുഷനും ചേർന്ന് ഹൃദയത്തിൽ രചിക്കുന്ന കാവ്യമാണ് പ്രണയം എന്നാണ് നമുക്കറിയുന്നത്.  ഇന്നതിന് പല വകഭേദങ്ങളും വന്നിട്ടുണ്ട്.  Opposite sexനോടുളള അനുഭൂതിയെ മാത്രമല്ല same genderനോടും പ്രണയം തോന്നാനുളള സ്വാതന്ത്ര്യം സമൂഹത്തിൽ കണ്ടുവരുന്നു. നമ്മളൊക്കെ പറയാറില്ലേ ഞാൻ നിന്നെയല്ല നിന്റെ മനസ്സിനെയാണ് പ്രണയിക്കുന്നത് എന്നൊക്കെ.  എവിടെയാണ് മനസ്സ്.?  തലച്ചോറിന്റെ ഓർമ്മചിപ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന നമ്മുടെയൊക്കെ സ്വഭാവ ഗുണ വിചാരങ്ങളെയാണ് മനസ്സ് എന്ന് പറയുന്നത്.
അൾഷിമേഴ്സ്സ് എന്നൊരു രോഗത്തെകുറിച്ച് കേട്ടിട്ടില്ലെ..  നമ്മുടെ ഓർമ്മകളുടെ ചിപ്പുകൾ എന്നെന്നേക്കുമായി നശിച്ചുപോകുകയാണ്.  അപ്പോൾ ഒരു വ്യക്തി വെറും ഒരു ശരീരമായി മാറുകയാണ്.  ആ ശരീരത്തെ പ്രണയിക്കാൻ കഴിയുമോ..
ശരീരം മാത്രമായ നിലനിൽപ്പിന് എന്തർത്ഥമാണുളളത്.
അങ്ങനെയെങ്കിൽ, നമ്മൾ ആരെയാണ് പ്രണയിക്കുന്നത്.
വ്യക്തിത്വത്തെയാണോ..  സ്വഭാവത്തെയാണോ..  ചിന്താഗതികളെയാണോ..  ആശയങ്ങളെയാണോ..

നമ്മൾ ഒരു existenceനെയാണ് പ്രണയിക്കുന്നത്.  അതിന് രൂപം വേണം..  ഗുണം വേണം..  വ്യക്തിത്വം വേണം…
കാരണം നമ്മൾ exist ചെയ്യുന്നു എന്നതുതന്നെ.

എപ്പോഴാണ് പ്രണയം സ്വർത്ഥമാകുന്നത്.?
കഴിഞ്ഞ കുറച്ചൂനാളുകളായി കേരളത്തിൽ കണ്ടുവരുന്ന ചിലസംഭവങ്ങൾ നമ്മൾ ഇരുത്തി ചിന്തിക്കേണ്ട കാര്യങ്ങളാണ്. സ്ത്രീകൾക്കു നേരെയുളള ആസിഡ് അറ്റാക്കുകൾ മുതൽ തീകൊളുത്തി കൊല്ലുന്നതുവരെയുളള ക്രൂരമായ അതികൃമങ്ങൾ ഇന്ന് സമൂഹത്തിൽ കൂടിവരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായി തളളികളയാൻ കഴിയില്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ മുതൽ നിയമപാലകർ വരെ ഇതിൽ പ്രതിചേർക്കപ്പെടുന്നു. ഒട്ടുമിക്ക കേസുകളിലും തിരസ്കരിക്കപ്പെടുന്ന പ്രണയമോ, വഞ്ചിക്കപ്പെട്ടു എന്ന തോന്നലോ ആണ് ഈ ക്രൂരകൃത്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചത് എന്നാണ് നിയമത്തിന്റെ വിശദീകരണം.

സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ സംഭവങ്ങളുടെ രണ്ടുപക്ഷം  സംസാരിക്കുന്നതായി കാണാം. അവൻ കഞ്ജാവാണ്, അവൾ പിഴയായിരുന്നു, അവനെ തൂക്കികൊല്ലണം, അവളത് അർഹിക്കുന്നു എന്ന് തുടങ്ങുന്ന വാദങ്ങൾ.
നിയമനടപടികളും സദാചാര വാദങ്ങൾക്കുമപ്പുറം നമ്മൾ മറന്നുപോകുന്ന ചിലതുണ്ട്. അതാണ് മനുഷ്യത്വം എന്ന മൂല്യം. എവിടെയാണ് നമുക്കത് നഷ്ടപ്പെട്ടു പോയത്.?

പ്രണയത്തിൽ പക കടന്നുകൂടിയപ്പോൾ മറ്റുളളവന്റെ ജീവിക്കാനുളള അവകാശത്തിനു മുകളിലാകുന്നു സ്വന്തം സ്വാർത്ഥത. പ്രണയം ദിവ്യമാണെന്ന് പറഞ്ഞവൻ പ്രണയിനിയുടെ മുഖത്ത് ആസിഡൊഴിച്ച് മുറിപ്പെടുത്തുന്നു, അവളെ പെട്രോളൊഴിച്ച് കത്തിക്കുന്നു. എപ്പോഴാണ് പ്രണയം സഹനമാണെന്നും വിട്ടുകൊടുക്കുന്നതാണെന്നുമുളള മാനുഷിക മൂല്യങ്ങൾ നമുക്ക് കൈമോശം വന്നത്.
വിദ്യാഭ്യാസത്തിന്റെ കുറവോ, നിയമത്തിന്റെ പോരായ്മയോ, സ്നേഹം നഷ്ടപ്പെടുന്നതോ ആണോ ഇതിന് കാരണം?

അല്ല!

നല്ല ഒരു സിനിമ കണുമ്പോൾ നായകന്റെയോ നായികയുടെയോ ജീവിതത്തിലെ ട്രാജഡി കണ്ട് കണ്ണുനിറച്ചവരായിരിക്കാം പിന്നീട് ഈ ക്രൂരത കാണിക്കുന്നത്. നിയമത്തിന്റെ ശിക്ഷാവിധികളേകുറിച്ച് ബോദ്ധ്യമുളള നിയമപാലകനും, ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നെട്ടോട്ടമോടുന്ന സാദാരണക്കാരനും ഇതിൽ പെടും.

ഇതിന് കാരണം വെറും സ്വാർത്ഥതയാണ്. മറ്റുളളവന്റെ ജീവിക്കാനുളള അവകാശത്തെ ഹനിക്കാൻ നമുക്ക് അവകാശമില്ല എന്ന ബേസിക്ക് ആയ സാമുഹ്യമൂല്യത്തിന്റെ അഭാവം. ആരാണ് ഈ മൂല്യങ്ങൾ നമ്മേ പഠിപ്പിക്കേണ്ടത്. അത് നിയമത്തിന്റെ മാത്രം ഉത്തരവാദിത്വമാണോ.? എങ്കിൽ നീതിന്യായ വ്യവസ്തഥിതിയിലെ ഏറ്റവും വലിയ ശിക്ഷ നരഹത്യക്കുളളതാണ്. അതറിഞ്ഞിട്ടും ഈ ക്രൂരത നടക്കുന്നു. അപ്പോൾ ശിക്ഷാ വിധിയോടുളള ഭയത്തിനു മാത്രം ഇത് നിയന്ത്രിക്കാൻ കഴിയില്ല.

മക്കളെ മതപരമായ മൂല്യങ്ങൾ പഠിപ്പിച്ച് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ പ്രേരിപ്പിക്കുന്ന മാതാപിതാക്കൾക്കും, സാമൂഹ്യപാഠം എന്നപേരിൽ ഹിസ്റ്ററിയും ജ്യോഗ്രഫിയും പഠിപ്പിച്ച് അക്കാഡമിക്ക് മൊട്ടകൾ അടവെച്ച് വിരിയിച്ച് തൊഴിലധിഷ്ഠിത ഉന്നതവിദ്യാഭ്യാസത്തിലേക്ക് പറന്നുയരാൻ പ്രേരിപ്പിക്കുന്ന വിദ്ധ്യാലയങ്ങൾക്കും ഇതിൽ ഉത്തരവാദിത്വം ഉണ്ട്. മതപരമായ മൂല്യങ്ങൾ സ്നേഹവും സഹവർത്തിത്വവുമാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇന്ന് അത് വിദ്വേഷത്തിന്റെ രാഷ്ട്രീയമായി മാറിയിരിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തിൽ ‘civics’ എന്ന പാഠ്യഭാഠം ഇല്ലാതെയായിരിക്കുന്നു.
സഹജീവി സ്നേഹവും, സഹവർത്തിത്വവും, ക്ഷമയും, കരുണയും, സഹാനുഭൂതിയും പഠിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായുണ്ടോ? Survive ചെയ്യാൻ പഠിപ്പിക്കുന്ന സമൂഹത്തിൽ സ്വാർത്ഥത അതിന്റെ byproduct ആയി വരും. ജീവിക്കാൻ പഠിപ്പിക്കുമ്പോഴാണ് സ്നേഹം ഉണ്ടാകുന്നത്.

ഒരു വ്യക്തിയെ ഉന്മൂലനം ചെയ്യുമ്പോൾ ആ രുപത്തേയും, വ്യക്തിത്വവും, അയാളുടെ ചിന്താഗതിയേയും, ആശയങ്ങളെയും ഇല്ലായ്മചെയ്യുകയാണ്. ഒരു existanceനെ ഇല്ലായ്മ ചെയ്യുന്നത്  തികഞ്ഞ സ്വാർത്ഥതയാണ്. അതിനെ പ്രണയവുമായി ഒരു ബന്ധവുമില്ല.

പ്രണയം തെറ്റാണെന്നോ ശരിയാണെന്നോ പറയുന്നതിലോ വാദിക്കുന്നതിലോ കാര്യമില്ലെന്നറിയാം. പക്ഷേ പ്രണയിക്കുമ്പോൾ വ്യക്തിത്വത്തെയും ചിന്താഗതികളേയും ബഹുമാനിക്കാൻ ശീലിക്കേണ്ടതുണ്ട് എന്ന് പറയാതെ വയ്യ. വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ ശീലിക്കാത്ത പക്ഷം സ്ത്രീകൾക്കുനേരെയുളള ഇത്തരം ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. സോഷ്യൽ മീഡിയയിൽ അപലപിച്ചുകൊണ്ട് പോസ്റ്റ് ഇട്ടതുകൊണ്ടോ, അന്തി ചർച്ചകളിൽ വാദപ്രതിവാദം നടത്തിയതുകൊണ്ടോ ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല. കറക്ഷൻ സെന്ററുകൾ തുറക്കുന്നതിലല്ല കാര്യം മറിച്ച് നല്ല ഗൈഡൻസ് നൽകുന്നതിലാണ്. അത് കുടുംബങ്ങളിൽ നിന്നും തുടങ്ങി വിദ്യാലയത്തിലും, ആരാധനാലയങ്ങളിലും, സാംസ്കാരിക തലത്തിലും, സമൂഹത്തിന്റെ ഓരോ കോണിലും പ്രാവർത്തികമാക്കണം.

ബേസിൽ ജേക്കബ്
പാറപ്പുറത്ത് (H)
പട്ടിക്കാട് (P. O)
മഞ്ഞക്കുന്ന്.
തൃശ്ശൂർ 680652
PH: +96893059151

(ഇന്ന് പെൺകുഞ്ഞുങ്ങളെ വളർത്തുന്ന ഓരോ അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് ഇതാണ്. എനിക്കത് ഉറപ്പിച്ച് പറയാൻ കഴിയും കാരണം ഞാനും സ്വന്തം പെങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു സഹോദരനാണ്. ഓരോ ദിവസത്തേയും വാർത്തകൾ കാണുമ്പോൾ എന്റെ ഉളളിൽ ഭയം നിറയുന്നുണ്ട്. ദുരന്തങ്ങൾ സ്വന്തം വീടിന്റെ പടിവാതിക്കൽ എത്തുമ്പോഴേ നമ്മൾ അതിന്റെ വേദന തിരിച്ചറിയു. )

സ്നേഹം.

Advertisements