Rahul Madhavan
തമിഴ് താരങ്ങളുടെ വീട്ടിലേക്ക് പോയി ഇന്റർവ്യൂ എടുക്കുന്ന ഒരു പ്രോഗ്രാം രണ്ടുമൂന്നു വർഷം മുൻപ് യൂട്യൂബിൽ കണ്ടിരുന്നു.അന്ന് നടൻ പാർത്ഥിപന്റെ വീട്ടിലായിരുന്നു ഇന്റർവ്യൂ. പാർത്ഥിപനെ നിങ്ങൾ എല്ലാവർക്കും നന്നായറിയാമല്ലോ. ആദ്യചിത്രത്തിൽ തന്നെ ദേശീയ അവാർഡ് നേടിയ ചുരുക്കം ചിലരിലൊരാൾ. മികച്ച ഒരു നടൻ എന്നതിലുപരി നല്ലൊരു രചയിതാവും സംവിധായകനും കൂടിയാണദ്ദേഹം.ഇന്റർവ്യൂ തുടങ്ങുമ്പോൾ നല്ലൊരു വീടും വീട്ടിലേക്ക് ആനയിക്കുന്ന പാർത്ഥിപനെയും കാണാം. അപ്പോഴാണ് അദ്ദേഹം പറയുന്നത്. “ഇത് താൻ എൻ വീട്, വീട് നാ സ്വന്ത വീട് കിടയാത്, വാടക വീട്” ലോകത്തിൽ എല്ലാരും ഭൂമിയിൽ വാടകക്കാണ് കഴിയുന്നത്. കുറച്ചു കാലം ജീവിച്ചു എല്ലാരും തിരികെ പോകും എന്ന് ചിരിയോടെ ഒരു ഡയലോഗും തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു അദ്ദേഹം വീടിന്റെ ഉള്ളിലേക്കു പോയി.
ആദ്യം ഒരു ഞെട്ടലോടെയാണ് ആ വാക്കുകൾ കേട്ടത്. മുപ്പതു വർഷത്തിന് മുകളിൽ എക്സ്പീരിയൻസ് ഉള്ള നടൻ ഇപ്പോഴും ഒരു വാടക വീട്ടിൽ എന്നൊക്കെ ആലോചിച്ചു. സിനിമയിൽ ഇങ്ങനെയൊക്കെയാണ്, ജയിച്ചവരുടെ കഥകളാണ് നമ്മൾ അധികവും കേട്ടിരിക്കുന്നത്. തോറ്റവരെയും പിൻവാങ്ങി നടന്നവരെയും അധികം അറിയാറുമില്ല. മുൻപ് തനിക്ക് വലിയ വീട് ഉണ്ടായിരുന്നു എന്നും സിനിമക്കു വേണ്ടി സിനിമയിൽ നിന്നും കിട്ടിയ സൗഭാഗ്യങ്ങൾ അതിൽ തന്നെ നിക്ഷേപിച്ചവനാണ് ഞാൻ എന്ന് അദ്ദേഹം ആ ഇന്റർവ്യൂവിൽ പറയുന്നുണ്ട്.
കെ ഭാഗ്യരാജിന്റെ അസ്സോസിയേറ്റ് ആയി ഏതാണ്ട് നാല്പതോളം പടങ്ങളിൽ പ്രവർത്തിച്ചതിനു ശേഷമാണ് പാർത്ഥിപൻ സ്വാതന്ത്ര സംവിധായകനാവുന്നത്. തന്റെ ആദ്യചിത്രത്തിന് കേൾവിക്കുറി എന്ന് പേരിടുകയും നായകനായി അർജുൻ, സത്യരാജ് എന്നിവരിൽ ആരെയെങ്കിലും കാസ്റ്റ് ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു,പക്ഷെ നിർമാതാവിന്റെ നിർബന്ധം മൂലം പാർത്ഥിപൻ സ്വയം നായകവേഷം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ 1989ൽ പേര് മാറ്റി റിലീസ് ചെയ്ത പുതിയ പാതൈ എന്ന പടം ആ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി.തമിഴ്നാട് സർക്കാരിന്റെ അവാർഡിൽ മികച്ച ചിത്രവും കഥയും ഇതിനായിരുന്നു. നടി മനോരമയും ദേശീയ അവാർഡ് ഈ പടത്തിലൂടെ നേടി.പടം തിയേറ്ററിൽ ബ്ലോക്ക്‌ബസ്റ്ററായി.മറ്റു അഞ്ചു ഭാഷയിലേക്ക് റീമേക്ക് ചെയുകയുമുണ്ടായി. ഈ ചിത്രത്തിലേ നായികയായ സീത പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതസഖിയുമായി. വി എം വിനു സംവിധാനം ചെയ്ത സ്വർണകിരീടം ഇതിന്റെ മലയാളം റീമേക്ക് ആയിരുന്നു.
പിന്നീടങ്ങോട്ട് കുറെ കൊമേർഷ്യൽ ചിത്രങ്ങൾ സംവിധാനം ചെയ്തും നായകനായും വന്നു.ഭാരതികണ്ണമ, വെട്രികൊടികട്ട്, നീ വരുവായ് എന, അഴകി, അയോഗ്യ, ആയിരത്തിൽ ഒരുവൻ, നാനും റൗഡി താൻ തുടങ്ങി നിരവധി ഹിറ്റുകളിൽ അദ്ദേഹം നായകനും സഹനടനായി വേഷമിട്ടു. 1999ൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചു.ഹൌസ്ഫുൾ എന്ന കന്നി സംരഭം വലിയ ശ്രദ്ധ നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്, തമിഴ് സർക്കാന്റെ ബെസ്റ്റ് ഫിലിം, ഡയറക്ടർ അവാർഡ് എന്നിവയും ഹൗസ്ഫുൾ നേടി. ഭാരതി കണ്ണമ്മയിലുടെ അദ്ദേഹം ബെസ്റ്റ് ആക്ടറും ആയി.
മകൾ കീർത്തന മണിരത്നത്തിന്റെ കന്നതിൽ മുത്തമിട്ടാൽ എന്ന പടത്തിലൂടെ സിനിമയിലെത്തുകയും ഗംഭീര പ്രകടനം കാഴ്ചവച്ച് ആ വർഷത്തെ ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. പാർത്ഥിപൻ സംവിധാനം ചെയ്ത പുള്ളകുട്ടികാരൻ എന്ന പടത്തിലൂടെയാണ് ശ്രീനിവാസൻ തമിഴിൽ അഭിനയിച്ചത്. ആ സൗഹൃദത്തിന്റെ ഫലമായി നരേന്ദ്രൻ മകൻ ജയകാന്തനിലൂടെ പാർത്ഥിപൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് വന്ന മേൽവിലാസം എന്ന പടത്തിൽ ഉഗ്രൻ വേഷമാണ് അദ്ദേഹം ചെയ്തത്.
2019 ൽ അദ്ദേഹം ‘ഒറ്റ സെരുപ്പ് ‘എന്നൊരു പരീക്ഷണ ചിത്രവുമായി നമ്മുടെ മുന്നിലെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർമാണം എന്നിവക്ക് പുറമെ ഒരാൾ മാത്രം അഭിനയിക്കുക കൂടി ചെയ്യുക വഴി പാർത്ഥിപൻ ഇന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം സൃഷ്ടിച്ചു.ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവിടങ്ങളിൽ ഇടം നേടിയ ഈ ചിത്രം ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ചിരുന്നു. സിംഗിൾ ക്യാരക്ടർ എന്നതിനാൽ അതൊരു ആർട്ട് ഫിലിം ആയിരിക്കും എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി, ഇത് ഒരു പക്കാ കൊമേർഷ്യൽ ത്രില്ലെറാണ്.അവിടെയാണ് ഇദ്ദേഹത്തിന്റെ ടാലെന്റ് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നത്. ദേശീയ തലത്തിൽ രണ്ടു പുരസ്‌കാരവും ഈ ചിത്രം നേടി.
ഇപ്പൊ വീണ്ടും പാർത്ഥിപൻ ‘ഒത്ത സെരുപ്പി’നെക്കാൾ മേലെ വരുന്ന അതായത് മേക്കിങ് റിസ്ക് ഉള്ള ‘ഇരവിൻ നിഴൽ’ എന്ന പടവുമായി വന്നിരിക്കയാണ്. World’s first non-lenear single shot film എന്നാണ് ഈ പടത്തിന് അദ്ദേഹം അവകാശപെടുന്നത്.ഇതിനോടകം തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ചിത്രം സ്ഥാനം പിടിച്ചുകഴിഞ്ഞു.അനേകം ദിവസങ്ങളുടെ പ്രാക്ടിസും റിഹേഴ്സലുകളും നടത്തിയാണ് ഇത്രയും വലിയ റിസ്ക്ക് ഫാക്ടറുള്ള ചിത്രം അദ്ദേഹം ഒരുക്കിയിരിക്കുന്നത്.ഈ പടത്തിന്റെ മറ്റൊരു വലിയ പ്രത്യേകതയായി പാർത്ഥിപൻ പറയുന്നത് ഇതിലെ മ്യൂസിക്കിനെ പറ്റിയാണ്.ഓസ്കാർ നായകൻ എ ആർ റഹ്മാനാണ് പടത്തിന്റെ സംഗീതം നിർവഹിച്ചിട്ടുള്ളത്. പാർത്ഥിപനെ സംബന്ധിച്ച് ഈ പടത്തിലെ റഹ്മാൻ സാന്നിധ്യം സ്വപ്നസാക്ഷാൽക്കാരമാണ്. കാരണം രണ്ടായിരത്തിയൊന്നാമാണ്ടിൽ ഇരുവരും ഏലേലോ എന്നൊരു ചിത്രത്തിന് വേണ്ടി ഒരുമിച്ചതായിരുന്നു (ആ പടം സ്റ്റാർട്ട് ചെയ്തപ്പോൾ എടുത്ത ഫോട്ടോ പോസ്റ്ററിൽ ചെയ്തിട്ടുണ്ട് )പക്ഷേ ആ പടം നടക്കാതെ പോയി. പിന്നീട് 21വർഷങ്ങൾക്ക് ഇരവിൻ നിഴലിലൂടെ അത് സാധ്യമായിരിക്കുകയാണ്.
ഈ ഒരു പടം താൻ ഉദ്ദേശിച്ചതിനും മുകളിലേക്ക് പോയത് റഹ്മാന്റെ സംഗീതം കൊണ്ടാണെന്നു പാർത്ഥിപൻ അവകാശപെടുന്നു. വെറും രണ്ടു പാട്ട് മാത്രം തിരക്കഥയിൽ ഉണ്ടായിരുന്നത് റഹ്മാന്റെ ഇടപെടലിനാൽ ആറു പാട്ടായിമാറി. മായവാ തൂയവാ, കണ്ണെതിരെ, കായം, പാപം ചെയ്യാതിരു മനമേ, ബേജാറാ എന്നിങ്ങനെ വരുന്ന പാട്ടുകൾ എല്ലാം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമാണ് നൽകിയിരിക്കുന്നത്. ഇതിൽ രണ്ടു പാട്ട് എഴുതിയതും പാർത്ഥിപൻ തന്നെ. കായം എന്ന പാട്ടിന്റെ കമ്പോസിംഗ് വേറെ ലെവലാണ്.
ഇതിനോടകം തന്നെ ബേജാറാ എന്ന പാട്ടിന്റെ വീഡിയോ യൂട്യൂബിൽ വന്നുകഴിഞ്ഞു. സിംഗിൾ ഷോട്ട് എന്ന പാർത്ഥിപൻ ടെക്നിക്കിന്റെ ചെറിയ ഐഡിയ നമ്മുക്ക് ആ പാട്ട് കാണുമ്പോൾ മനസിലാവും. അങ്ങനെ ജൂലൈ 15 അതായത് മറ്റന്നാൾ ലോകസിനിമക്ക് മുന്നിൽ അത്ഭുതമാകാൻ വീണ്ടും ഒരു ചിത്രം പാർത്ഥിപൻ വഴി വരുകയാണ്.സ്‌ക്രീനിൽ ഒരുങ്ങാൻ പോകുന്ന മായകാഴ്ചക്കായി ഏവരെയും പോലെ ഞാനും വെയ്റ്റിംഗാണ്.എന്നും എപ്പോഴും തമിഴ് സിനിമക്ക് സ്പെഷ്യൽ ആയ അദ്ദേഹത്തിന്റെ ഈ ചിത്രവും വലിയ വിജയവും അംഗീകാരങ്ങളുമായി ഇപ്പോൾ കിട്ടിയ റെക്കോർഡുകൾക്ക് മുകളിൽ നേടട്ടെ എന്ന് ആശംസിക്കുന്നു.