ദാമ്പത്യവും കുറ്റകൃത്യങ്ങളും: നമ്മള്‍ അറിയേണ്ട ചില കാര്യങ്ങള്‍

0
658

എഴുതിയത്: സുനില്‍ എം എസ്, മൂത്തകുന്നം

ബൈക്കില്‍ സഞ്ചരിക്കുന്ന ഹെല്‍മറ്റ് ധാരികള്‍ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാര്‍ത്ത പത്രത്തില്‍ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഹെല്‍മറ്റ് ധരിച്ചിട്ടില്ലാത്തവരാണ്. അപകടങ്ങളില്‍ മസ്തിഷ്‌കത്തിനു ഗുരുതരമായ പരിക്കു പറ്റാതെ രക്ഷപ്പെടാന്‍ ഹെല്‍മറ്റുകള്‍ പലപ്പോഴും സഹായകമാകാറുണ്ട്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന ചിലരെ കാണുമ്പോള്‍ ഹെല്‍മറ്റു ധരിക്കണമെന്ന് അവരെ ഉപദേശിക്കാന്‍ തോന്നാറുള്ളതു പോലെ തന്നെ, ഹെല്‍മറ്റു ധരിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ പുറത്തൊന്നു തലോടി അനുമോദിക്കാനും തോന്നാറുണ്ട്: ആരും തല പൊട്ടി ചോരയില്‍ കുളിച്ച് തെരുവില്‍ കിടക്കാന്‍ ഇട വരാതിരിക്കട്ടെ; യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായി മാറാതിരിക്കട്ടെ. എന്നാല്‍, മാല പൊട്ടിച്ചവരില്‍ മിക്കവരും ഹെല്‍മറ്റുധാരികളായിരുന്നെന്നു വാര്‍ത്തകളില്‍ കാണുന്നതുകൊണ്ട്, ഹെല്‍മറ്റുധാരികളെ പൊതുവില്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടിയും വന്നിരിക്കുന്നു: ഹെല്‍മറ്റിനുള്ളില്‍ സുരക്ഷിതമായി മറഞ്ഞിരിയ്ക്കുന്നതു പിടിച്ചുപറി ആസൂത്രണം ചെയ്യുന്ന മസ്തിഷ്‌കങ്ങളായിരിക്കുമോ!

ഹെല്‍മറ്റു ധരിച്ച് ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന രണ്ടു പുരുഷന്മാരുടെ മുന്നില്‍ ഒരു സ്ത്രീയ്ക്ക് എന്തു ചെയ്യാനാകും! ദുര്‍ബലരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, നിസ്സഹായാവസ്ഥ മുതലെടുക്കുന്നവര്‍ വെറുക്കപ്പെടേണ്ടവരാണ്. പക്ഷേ, കഴിഞ്ഞ ദിവസത്തെ ഒരു മാല പൊട്ടിക്കല്‍ വാര്‍ത്തയില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന, ഹെല്‍മറ്റു ധരിച്ച്, ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചു മാല പൊട്ടിച്ച ജോടിയെ എനിക്കിഷ്ടമായി: കാരണം, അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നു! ഈ അപൂര്‍വ തസ്‌കരദമ്പതികള്‍ ഹെല്‍മറ്റു ധരിച്ച്, ഇരുചക്രവാഹനത്തില്‍ ചുറ്റിയടിച്ച്, തരം കിട്ടുമ്പോള്‍ കാല്‍നടയാത്രക്കാരായ വനിതകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയിരുന്നത്രേ! മാല പൊട്ടിക്കലില്‍ ഭാര്യയുടേയും സജീവപങ്കാളിത്തം. മാല പൊട്ടിക്കലിനേക്കാള്‍ ‘മുന്തിയ സംരംഭങ്ങള്‍’ തുടങ്ങിവെച്ച ദമ്പതിമാരുടെ വാര്‍ത്തകളും പത്രത്തില്‍ ഈയടുത്ത കാലത്തു വന്നിട്ടുണ്ട്: വിദേശജോലിയും ഫ്‌ലാറ്റുകളും മറ്റും വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി പണം തട്ടി മുങ്ങിയ ദമ്പതിമാരും അക്കൂട്ടത്തില്‍ പെടുന്നു.

ഇന്ത്യയിലിപ്പോള്‍ ‘സ്റ്റാര്‍ട്ട് അപ്പു’കളുടെ സീസണാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയുടെ മുഖം തന്നെ മാറ്റുമെന്നു പ്രതീക്ഷിക്കപ്പെടുന്നതുകൊണ്ടു സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ മുന്നിട്ടിറങ്ങുന്ന ഊര്‍ജസ്വലരായ സംരംഭകര്‍ അഭിനന്ദിയ്ക്കപ്പെടണം, പ്രോത്സാഹിപ്പിയ്ക്കപ്പെടണം. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതു ദമ്പതിമാരാണെങ്കില്‍ അവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കാരണമുണ്ട്; തങ്ങള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളെത്തുടര്‍ന്നു വിവാഹമോചനഹര്‍ജിയുമായി നേരേ കുടുംബക്കോടതിയെ സമീപിക്കുന്ന ദമ്പതിമാര്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ സംസ്ഥാനമായി ‘പുരോഗമിച്ചിരിക്കുന്നു’ നമ്മുടെ കൊച്ചുകേരളം. ‘വിവാഹമോചനക്കേസുകളുടെ തലസ്ഥാനം’ എന്ന കുപ്രസിദ്ധി ഏറ്റവുമധികം കേസുകള്‍ നിലവിലുള്ള തിരുവനന്തപുരം കൈക്കലാക്കുകയും ചെയ്തിരിക്കുന്നു! ദമ്പതിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുകളും സാധാരണയായിരിയ്ക്കുന്ന കേരളത്തില്‍ ഇവിടത്തെ നവമുഖ്യധാരയില്‍ നിന്നു വിഭിന്നമായി കുറ്റകൃത്യങ്ങളില്‍പ്പോലും ഒരുമയും സ്വരുമയും പ്രദര്‍ശിപ്പിച്ചതിനു മുകളില്‍ പരാമര്‍ശിക്കപ്പെട്ട തസ്‌കരദമ്പതിമാര്‍ സത്യത്തില്‍ നമ്മുടെ കൈയടി അര്‍ഹിക്കുന്നു. യാത്ര നേര്‍വഴിയിലൂടെയാണെങ്കിലും, നിസ്സാരകാര്യത്തിനു പോലും പരസ്പരം വഴക്കടിച്ചും ഭിന്നിച്ചും ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഈ തസ്‌കരദമ്പതിമാര്‍ പ്രദര്‍ശിപ്പിച്ച അഭിപ്രായൈക്യം ഒരു മാതൃകയാകട്ടെ.

വിവാഹമോചനക്കേസുകളുടെ ആധിക്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനുണ്ടായിരിക്കുന്ന കുപ്രസിദ്ധിക്ക് അവസാനമുണ്ടാകേണ്ടതുണ്ട്. മാതാപിതാക്കള്‍ വേര്‍പിരിയുകയും പുതുജോടികള്‍ രൂപീകരിക്കുകയും ചെയ്യുമ്പോള്‍ അനാഥവും അസംതൃപ്തവുമായൊരു ഇളംതലമുറ സൃഷ്ടിക്കപ്പെട്ടെന്നു വരാം. അതു സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദാമ്പത്യബന്ധങ്ങള്‍ ഉറച്ചതാക്കാന്‍ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും സമൂഹത്തിനുമുണ്ട്. ദമ്പതിമാര്‍ കൂട്ടായി നടത്തിയ മാല പൊട്ടിക്കലും തട്ടിപ്പുകളും അവര്‍ക്കിടയിലുള്ള ഉറച്ച ദാമ്പത്യബന്ധത്തിനുള്ള അസന്ദിഗ്ദ്ധമായ തെളിവാണ്. അവര്‍ക്കു വഴി പിഴച്ചെങ്കിലും, ഇത്തരം ദമ്പതിമാരെ സാധാരണ മോഷ്ടാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തരുത്. ദമ്പതിമാര്‍ കൂട്ടായി ചെയ്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുമ്പോള്‍, അവര്‍ക്കിടയിലുള്ള ഒരുമയ്ക്കു പ്രത്യേക പരിഗണന ലഭിക്കണം. മാല പൊട്ടിച്ച ദമ്പതിമാരില്‍ നിന്നു മാല പിടിച്ചെടുക്കണം. ജോലിയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്തു പണം തട്ടിയ ദമ്പതിമാരില്‍ നിന്നു പണം പലിശസഹിതം പിടിച്ചെടുത്ത്, തട്ടിപ്പിനിരയായവര്‍ക്കു തിരികെക്കൊടുക്കണം; ഇക്കാര്യങ്ങളില്‍ ഒരമാന്തവും പാടില്ല, പക്ഷേ, അതിനു ശേഷം ദമ്പതിമാരോടു ദയവു കാണിക്കണം; മേലാല്‍ ഇപ്പണിയ്ക്കിറങ്ങിയേക്കരുത് എന്ന താക്കീതു നല്‍കി കഴിവതും വെറുതെ വിടുക, അല്ലെങ്കില്‍ ലഘുവായ ശിക്ഷ മാത്രം നല്‍കുക.

ദമ്പതിമാര്‍ കേവലം മാല പൊട്ടിക്കലും തട്ടിപ്പുമല്ല, കൊള്ള തന്നെ നടത്തുന്നു എന്നു കരുതുക. കൊള്ളയ്ക്കുള്ള ശിക്ഷ കഠിനതടവാണ്: പത്തു വര്‍ഷം മുതല്‍ പതിന്നാലു വര്‍ഷം വരെ. നിയമം സകലര്‍ക്കും ഒന്നു പോലെ ബാധകമാണ്. കൊള്ള നടത്തിയ ദമ്പതിമാരെ ജയിലിലടച്ചേ തീരൂവെങ്കില്‍ അവരെ ഒരുമിച്ച്, ഒരേ സെല്ലില്‍ത്തന്നെ വേണം പാര്‍പ്പിക്കാന്‍. ദമ്പതിമാരെ വേര്‍പെടുത്താന്‍ ഒരു നിയമത്തിനുമാകരുത് (‘ടില്‍ ഡെത്ത് ഡു അസ് പാര്‍ട്ട്’). ഇന്ത്യ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായതിനു ശേഷം ഇതുവരെയായി പാര്‍ലമെന്റ് 772 നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ടെന്നു കാണുന്നു. അവയ്ക്കു പുറമെ, ഓരോ സംസ്ഥാനവും നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ടാകും. കേന്ദ്രത്തിന്റേതും സംസ്ഥാനത്തിന്റേതുമായ ആയിരത്തിലേറെ നിയമങ്ങള്‍ക്ക് ഒരേസമയം വിധേയനായിക്കൊണ്ടായിരിക്കും ഓരോ പൗരനും ജീവിക്കുന്നത്. ഇവയ്‌ക്കൊക്കെപ്പുറമേ, ഭരണഘടനയ്ക്കും വിധേയരാണു പൗരര്‍. പക്ഷേ, അവയൊന്നും ഭാര്യാഭര്‍ത്താക്കന്മാരെ ഭിന്നിപ്പിക്കുകയോ തമ്മിലകറ്റുകയോ ചെയ്യുന്നവയാകരുത്. ദാമ്പത്യബന്ധങ്ങളെ മാനിക്കുകയും അവയ്ക്കു പരിരക്ഷ നല്‍കുകയുമായിരിക്കണം ലക്ഷ്യം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് അതാവശ്യമാണ്.

ഭാര്യാഭര്‍ത്താക്കന്മാര്‍ നടത്തിയ കുറ്റകൃത്യങ്ങളെപ്പറ്റി കേള്‍ക്കുമ്പോഴൊക്കെ, പണ്ടു കണ്ട ഒരു ഇംഗ്ലീഷ് സിനിമയെപ്പറ്റി ഓര്‍ത്തുപോകാറുണ്ട്: ‘ഫണ്‍ വിത്ത് ഡിക്ക് ആന്റ് ജെയിന്‍.’ പതിറ്റാണ്ടുകള്‍ക്കു മുമ്പാണതു കണ്ടത്. ജോര്‍ജ് സീഗല്‍ എന്ന നടനായിരുന്നു ചിത്രത്തില്‍ ഭര്‍ത്താവായി അഭിനയിച്ചത്. രണ്ടു തവണ അക്കാദമി അവാര്‍ഡ് (ഓസ്‌കാര്‍) നേടിയ ജെയിന്‍ ഫോണ്ടയായിരുന്നു ചിത്രത്തില്‍ ഭാര്യ. ദമ്പതിമാരിരുവരും ഉദ്യോഗസ്ഥരായിരുന്നു. അതിനിടെ, ഭര്‍ത്താവിന് ഉദ്യോഗക്കയറ്റം കിട്ടുകയും ഉന്നതശമ്പളം കിട്ടിത്തുടങ്ങുകയും ചെയ്തതുകൊണ്ട് അവര്‍ നീന്തല്‍ക്കുളവും മറ്റുമുള്ളൊരു രമ്യഹര്‍മ്യത്തിലേക്കു താമസം മാറ്റുന്നു, ജീവിതം ആഡംബരപൂര്‍ണമാകുന്നു, ചെലവേറുന്നു. കനത്ത ശമ്പളമുള്ള ഭര്‍ത്താവും കുഞ്ഞുമടക്കമുള്ള കുടുംബത്തിന്റെ ക്ഷേമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി ഭാര്യ ജോലി രാജി വെക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍, വ്യവസായരംഗത്ത് അപ്രതീക്ഷിതമായുണ്ടായ ഗുരുതരപ്രതിസന്ധി മൂലം ഭര്‍ത്താവിന്റെ കമ്പനി തകരുന്നു, ജോലി നഷ്ടപ്പെടുന്നു, കുടുംബം അതിജീവനത്തിനായി കഷ്ടപ്പെടുന്നു. ഒരു ലോണിനു വേണ്ടി ഇരുവരും സന്ദര്‍ശിച്ച ബാങ്കില്‍ കൊള്ള നടക്കുന്നു, കൊള്ളക്കാരുടെ പക്കല്‍ നിന്നു വീണുപോയ നോട്ടുകെട്ടുകളിലൊന്ന് ദമ്പതിമാര്‍ക്കു കിട്ടുന്നു. ബാങ്കുകൊള്ള നടത്തല്‍ എത്ര അനായാസം! അവര്‍ ചിന്തിക്കുന്നു. തുടര്‍ന്ന്, അത്തരം കൊള്ളകള്‍ നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. സ്ഥലത്തെ ടെലിഫോണ്‍ കമ്പനിയാപ്പീസായിരുന്നു അവര്‍ തങ്ങളുടെ ‘കടിഞ്ഞൂല്‍’ കൊള്ളയ്ക്കായി തെരഞ്ഞെടുത്തത്. യാതൊരു തടസ്സവും കൂടാതെ അവരുടെ ‘പരിപാടി’ നടന്നു. ടെലിഫോണ്‍ കമ്പനിയുടെ സേവനത്തില്‍ അതൃപ്തരായിരുന്ന വരിക്കാര്‍ അവിടെ ക്യൂ നിന്നിരുന്നു. അവര്‍ ‘കൊള്ളക്കാരെ’ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു! ദമ്പതിമാര്‍ ആനന്ദത്തിലാറാടി. അത്തരം കൂടുതല്‍ ‘പരിപാടികള്‍’ ആസൂത്രണം ചെയ്യാന്‍ അവരൊരുങ്ങി.

കഥയുടെ ശേഷം ഭാഗത്തിനിവിടെ പ്രസക്തിയില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അഭിപ്രായൈക്യത്തിനാണിവിടെ പ്രസക്തി. ദമ്പതിമാര്‍ ചെയ്തതു കുറ്റകൃത്യമാണെങ്കില്‍പ്പോലും, അതവര്‍ ഒരുമയോടെ, തുല്യപങ്കാളിത്തത്തോടെ നിര്‍വഹിച്ചതാണെങ്കില്‍ അവരെ ദയവോടെ വീക്ഷിക്കണം എന്നാണിവിടെ പറയാനുദ്ദേശിച്ചത്. ദമ്പതിമാര്‍ തമ്മിലുള്ള മാനസികപ്പൊരുത്തവും അഭിപ്രായൈക്യവും സമൂഹത്തിന്റെ കെട്ടുറപ്പിന് അനുപേക്ഷണീയമായതു കൊണ്ട്, തസ്‌കരദമ്പതിമാരെ കൈകാര്യം ചെയ്യുമ്പോഴൊക്കെ, അവര്‍ ദമ്പതിമാരാണെന്ന പരിഗണന ബന്ധപ്പെട്ടരുടെ ഓര്‍മ്മയിലുണ്ടാകണം എന്ന് ഊന്നിപ്പറയുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ദമ്പതിമാരെ ജീവിതപങ്കാളികള്‍ എന്നാണു വിശേഷിപ്പിക്കാറ്: ലൈഫ് പാര്‍ട്ട്ണര്‍മാര്‍. ദാമ്പത്യത്തിന്റെ അടിസ്ഥാന ആശയം തന്നെ പങ്കാളിത്തമാണ്. കിടപ്പറയിലെ പങ്കാളിത്തത്തോടൊപ്പം അവരുടെ മറ്റെല്ലാ പ്രവൃത്തികളിലും സജീവപങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നു. ദമ്പതിമാരിലൊരാള്‍ ഒരു കുറ്റകൃത്യം ചെയ്യാനൊരുമ്പെടുന്നെന്നു കരുതുക. ഉദാഹരണത്തിന്, ദമ്പതിമാരിലൊരാള്‍ മാല പൊട്ടിക്കാന്‍ പോകുന്നു, അല്ലെങ്കില്‍ ജോലിയോ ഫ്‌ലാറ്റോ വാഗ്ദാനം ചെയ്തു ജനത്തിനെ വഞ്ചിച്ചു പണം തട്ടാനൊരുങ്ങുന്നു; അതുമല്ലെങ്കില്‍ കൊള്ള നടത്താനൊരുങ്ങുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റെയാള്‍ എന്തു നിലപാടെടുക്കണം?

സങ്കീര്‍ണമായൊരു ചോദ്യമാണത്. മാല പൊട്ടിക്കലും വഞ്ചനയും കൊള്ളയുമൊക്കെ സാമൂഹ്യദ്രോഹങ്ങളാണ്, നിലവിലുള്ള നിയമങ്ങളനുസരിച്ചു ശിക്ഷാര്‍ഹവുമാണ്. കൊള്ളയ്ക്കു പതിന്നാലു വര്‍ഷത്തെ കഠിനതടവു വരെ ലഭിച്ചേക്കാമെന്നു മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധപ്രവൃത്തികളിലും നിയമവിരുദ്ധപ്രവൃത്തികളിലും പങ്കാളിയാകാന്‍ ഞാനില്ല എന്നു പറഞ്ഞ് ദമ്പതിമാരിലൊരാള്‍ അത്തരം പ്രവൃത്തികളില്‍ നിന്നകന്ന്, നിഷ്‌ക്രിയമായി നിന്നെന്നു വരാം. നൂറ്റെണ്‍പത്തിനാലു പേരെ വധിച്ച കൊള്ളക്കാരനായിരുന്നു വീരപ്പന്‍. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സ്വീകരിച്ചതു വീരപ്പന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകാതെ, നിസ്സംഗതയോടെ, നിഷ്‌ക്രിയയായി അകന്നുമാറി നില്‍ക്കുന്ന നിലപാടായിരുന്നു. തെറ്റായ വഴിയേ പോകാന്‍ ഇഷ്ടപ്പെടാത്തവര്‍ സ്വാഭാവികമായും ഈ നിലപാടാണെടുക്കുക. മുത്തുലക്ഷ്മിയുടെ മേലും കുറ്റങ്ങളാരോപിക്കപ്പെട്ടിരുന്നു, അവരും ജയിലില്‍ കിടന്നിരുന്നു. ഭര്‍ത്താവിന്റെ കുറ്റകൃത്യങ്ങളില്‍ തനിക്കു പങ്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തയാക്കണമെന്നും മുത്തുലക്ഷ്മി കോടതിയോടഭ്യര്‍ത്ഥിച്ചു. മുത്തുലക്ഷ്മിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി മുത്തുലക്ഷ്മിയെ കുറ്റവിമുക്തയാക്കി. നിരപരാധിയായ മുത്തുലക്ഷ്മിയെ കോടതി മോചിപ്പിച്ചതു നന്നായെന്ന കാര്യത്തില്‍ സംശയമില്ല. എങ്കിലും, മുത്തുലക്ഷ്മിയുടെ ദാമ്പത്യം കേവലം കിടപ്പറയിലെ പങ്കാളിത്തം മാത്രമായി ചുരുങ്ങിപ്പോയിരുന്നു എന്നൂഹിക്കേണ്ടി വരുന്നു. പ്രവൃത്തികളിലുള്ള പങ്കാളിത്തമില്ലാതെ ജീവിതപങ്കാളിയാവില്ല.

മുത്തുലക്ഷ്മിയുടെ കാര്യമോര്‍ക്കുമ്പോള്‍ രാമായണരചയിതാവായ വാത്മീകിമഹര്‍ഷിയുടെ കാര്യവും ഓര്‍ത്തു പോകുന്നു. മഹര്‍ഷിയായിത്തീരുന്നതിനു മുമ്പ് അദ്ദേഹം രത്‌നാകരന്‍ എന്ന പേരുള്ളൊരു കൊള്ളക്കാരനായിരുന്നു. വനത്തിലൂടെ കടന്നുപോകുന്നവരെ കൊള്ളയടിക്കുന്നതായിരുന്നു രത്‌നാകരന്റെ മുഖ്യതൊഴില്‍. ഒരു ദിവസം രത്‌നാകരന്റെ മുന്നില്‍ നാരദമുനി വന്നു പെട്ടു. രത്‌നാകരന്‍ നാരദമുനിയെ കൊള്ളയടിക്കാനൊരുങ്ങിയപ്പോള്‍ മുനി ചോദിച്ചു:

‘നീയെന്തിനു വേണ്ടിയാണിങ്ങനെ കൊള്ള നടത്തുന്നത്?’

‘കുടുംബം പോറ്റാന്‍ വേണ്ടി.’

‘കൊള്ള പാപമാണ്. ഇന്നല്ലെങ്കില്‍ നാളെ പാപഫലം അനുഭവിക്കേണ്ടി വരും. നീ മാത്രമല്ല, നിന്റെ കുടുംബവും. നിന്റെ പാപഫലം പങ്കിടാന്‍ നിന്റെ കുടുംബം തയ്യാറാണോ?’

‘അതറിയില്ല.’

‘അതവരോടു ചോദിച്ചറിഞ്ഞു വരൂ.’ മുനി നിര്‍ദ്ദേശിച്ചു.

രത്‌നാകരന്‍ മുനിയെ ഒരു മരത്തോടു ചേര്‍ത്തു കെട്ടി; മുനി രക്ഷപ്പെട്ടു പൊയ്ക്കളയരുതല്ലോ. വീട്ടിലേയ്ക്കു ചെന്ന്, മുനിയുടെ ചോദ്യം ഭാര്യയോടും മക്കളോടും ആവര്‍ത്തിച്ചു. അവരാരും പാപഫലം പങ്കിടാന്‍ തയ്യാറായിരുന്നില്ല. വിഷണ്ണനായി തിരികെച്ചെന്നു മുനിയെ കാര്യമറിയിച്ചു.

‘അവര്‍ക്കു വേണ്ടി നീ ചെയ്യുന്ന പാപത്തിനുള്ള ശിക്ഷ പങ്കിടാന്‍ അവര്‍ തയ്യാറല്ലെങ്കില്‍, നീയെന്തിനിങ്ങനെ പാപം ചെയ്തുകൂട്ടുന്നു?’ മുനി ചോദിച്ചു.

ആ ചോദ്യം രത്‌നാകരനെക്കൊണ്ടു ചിന്തിപ്പിച്ചു, ഇനി പാപം ചെയ്യില്ലെന്ന പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. കൊള്ളക്കാരനായിരുന്ന രത്‌നാകരന്‍ അങ്ങനെ നേര്‍വഴിയിലേക്കു തിരിച്ചു വന്നു. തുടര്‍ന്നദ്ദേഹം കഠിനതപം ചെയ്‌തെന്നും, ഘോരതപസ്സിനിടയില്‍ അദ്ദേഹത്തെ ചിതല്‍പ്പുറ്റ് (വല്‍മീകം) മൂടിയെന്നും, അതുകൊണ്ടദ്ദേഹം വാത്മീകി മഹര്‍ഷി എന്നറിയപ്പെടാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.

രത്‌നാകരന്റെ പാപകര്‍മ്മങ്ങള്‍ക്കുള്ള ശിക്ഷ പങ്കിടാന്‍ തങ്ങള്‍ തയ്യാറല്ലെന്നു രത്‌നാകരന്റെ ഭാര്യ പറഞ്ഞതും, വീരപ്പന്റെ കുറ്റകൃത്യങ്ങളില്‍ തനിക്കു യാതൊരു പങ്കുമില്ല, തന്നെ മോചിപ്പിക്കണമെന്നു മുത്തുലക്ഷ്മി ആവശ്യപ്പെട്ടതും സമാനമായ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു. ദാമ്പത്യത്തിലെ അനിവാര്യഘടകമായ കൂട്ടുത്തരവാദിത്തം ഇവരുടെ ബന്ധങ്ങളിലുണ്ടായിരുന്നില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ദാമ്പത്യം ദാമ്പത്യമല്ല. ജീവിതപങ്കാളിയുമായി അവര്‍ക്കു കിടപ്പറയിലൂടെയല്ലാത്ത പങ്കാളിത്തമില്ല. ദാമ്പത്യമെന്നാല്‍ കേവലം കിടപ്പറ പങ്കിടുന്നതിനുള്ള ലൈസന്‍സല്ല. സര്‍വാത്മനാലുള്ള പങ്കാളിത്തം അവിടെ മുഖ്യഘടകമാണ്. സുഖത്തിലും ദുഃഖത്തിലും നന്മയിലും തിന്മയിലുമെല്ലാമുള്ള പങ്കാളിത്തവും ഉണ്ടായെങ്കിലേ, ദാമ്പത്യം എല്ലാ അര്‍ത്ഥത്തിലുമുള്ള ദാമ്പത്യമാകൂ. ദമ്പതിമാര്‍ക്കിടയില്‍ ഉപാധികള്‍ ഈഫും ബട്ടും – ഉണ്ടാകാന്‍ പാടില്ല.

ഒരു തീവ്രവാദി ട്രെയിനിനു ബോംബു വെക്കാനൊരുങ്ങുന്നെന്നും ആ രഹസ്യം അയാള്‍ ഭാര്യയുമായി പങ്കു വെക്കുന്നെന്നും, ആ പ്രവൃത്തിയില്‍ ഭാര്യയുടെ പങ്കാളിത്തം ആവശ്യപ്പെടുന്നെന്നും കരുതുക. ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാകണമെന്നു ദാമ്പത്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും, വിവേകമുള്ള ആര്‍ക്കും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനാവില്ല. മാത്രമല്ല, കുറ്റകൃത്യങ്ങള്‍ നടക്കാന്‍ പോകുന്നതായി അറിവു കിട്ടിയവര്‍ അക്കാര്യം അധികാരികളെ അറിയിക്കാന്‍ ബാദ്ധ്യസ്ഥരുമാണ്; നിയമം അതനുശാസിക്കുന്നു. തീവ്രവാദിയുടെ ഭാര്യ ബോംബു വെക്കലില്‍ പങ്കാളിത്തം വഹിക്കുന്നില്ലെന്നു മാത്രമല്ല, അക്കാര്യത്തെപ്പറ്റി പോലീസിന് അറിവു കൊടുക്കുക കൂടി ചെയ്യുന്നെന്നു കരുതുക. ഇവിടെ സമൂഹത്തോടും നിയമത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ പാലിക്കപ്പെടുന്നു, പക്ഷേ, ദാമ്പത്യം അവഗണിക്കപ്പെടുന്നു.

കുറ്റകൃത്യത്തിനൊരുങ്ങുന്ന ഭര്‍ത്താവിനെ അതില്‍ നിന്നു പിന്തിരിയാന്‍ നിര്‍ബന്ധിക്കണമെന്നതു ഭാര്യയുടെ കടമയാണ്, യാതൊരു സംശയവുമില്ല. പിന്തിരിപ്പിക്കാന്‍ കഠിനപ്രയത്‌നം നടത്തുക തന്നെ വേണം. തീവണ്ടിക്കു ബോംബു വെക്കാന്‍ തുനിയുന്ന ഭര്‍ത്താവിനെ, ആ ഹീനകൃത്യത്തിലുള്ള സാമൂഹ്യവിരുദ്ധതയും നിയമവിരുദ്ധതയുമെല്ലാം ഭാര്യ ബോദ്ധ്യപ്പെടുത്തി, അയാളെ ആ കൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കുക തന്നെ വേണം. എന്നിട്ടുമയാള്‍ പിന്തിരിയാന്‍ ഭാവമില്ലെന്നും, ഭര്‍ത്താവിനെ ഹീനകൃത്യത്തില്‍ നിന്നു തടയാനായി ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നു എന്നും കരുതുക. ഈ സന്ദര്‍ഭത്തിലാണു ‘മദര്‍ ഇന്ത്യ’യെന്ന അതിപ്രശസ്തമായിരുന്ന ഹിന്ദിസിനിമയെപ്പറ്റി ഓര്‍ത്തു പോകുന്നത്. മദര്‍ ഇന്ത്യയില്‍ ചുട്ടെരിക്കുന്നതു ഭാര്യ ഭര്‍ത്താവിനെയല്ല, അമ്മ ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെയാണ്. എങ്കിലും, യഥാര്‍ത്ഥജീവിതത്തില്‍ ജീവിതപങ്കാളികള്‍ക്കിടയിലും അത്തരം ചുട്ടെരിക്കലുകള്‍ നടന്നെന്നു വരാമെന്നതുകൊണ്ട്, മദര്‍ ഇന്ത്യയുടെ കഥയ്ക്കിവിടെ പ്രസക്തിയുണ്ട്.

മദര്‍ ഇന്ത്യയില്‍ ‘രാധ'(നര്‍ഗീസ്)യുടെ മകന്‍ ‘ബിര്‍ജു’ (സുനില്‍ ദത്ത്) ‘രൂപ'(ചഞ്ചല്‍) എന്ന യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. അരുത്, അരുത് എന്നു രാധ മകനെ ആവര്‍ത്തിച്ചു വിലക്കുന്നു. വികാരവിക്ഷുബ്ധമായ ആ രംഗത്ത് അമ്മയും മകനും തമ്മില്‍ നടന്ന സംഭാഷണം (ഇത് പ്രസിദ്ധമായിത്തീര്‍ന്നിരുന്നു) താഴെ കൊടുക്കുന്നു:

അമ്മ: രൂപാ കോ ഛോഡ് ദേ. നാ തോ മെ തുഝെ ജാന്‍ സെ മാര്‍ ഡാലൂംഗി

മകന്‍: തൂ മുഝെ നഹി മാര്‍ സക്തി; തൂ മേരി മാ ഹെ

അമ്മ: മെ ഏക് ഓരത് ഹൂം

മകന്‍: മെ തെരാ ബേട്ടാ ഹൂം

അമ്മ: രൂപാ സാരി ഗാവ് കി ബേട്ടി ഹെ, വോ മേരി ലാജ് ഹെ

മകന്‍: തൂ മാര്‍ സക്തി ഹെ തൊ മാര്‍. മെ അപ്‌നി കസം നഹി തോഡൂംഗാ (രൂപയെ തട്ടിക്കൊണ്ടു കുതിരപ്പുറത്തു പായുന്നു)

അമ്മ: ബേട്ടാ (വെടി വെക്കുന്നു)

മകന്‍ വെടിയേറ്റു നിലം പതിക്കുന്നു.

‘മദര്‍ ഇന്ത്യ’ ഇന്ത്യയെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി. ലോകപ്രശസ്തിയുമാര്‍ജിച്ചു. അതിന് അക്കാദമി അവാര്‍ഡ് (സാക്ഷാല്‍ ഓസ്‌കാര്‍!) കിട്ടാതെ പോയതു കേവലം ഒരു വോട്ടിന്‍ ഇന്ത്യയിലെ പല തിയേറ്ററുകളിലും ഒരു വര്‍ഷത്തിലേറെക്കാലം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആദ്യ സിനിമയായിരുന്നു അത്. അത് ഏറ്റവുമധികം വിദേശരാജ്യങ്ങളില്‍ മൊഴിമാറ്റം ചെയ്തു പ്രദര്‍ശിപ്പിക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ സിനിമയായി. കണക്കുകള്‍ ലഭ്യമല്ലെങ്കിലും, നാണയപ്പെരുപ്പം കണക്കിലെടുത്താല്‍, ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച സിനിമയും അതു തന്നെയാണ് എന്നാണെന്റെ ഊഹം. ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെ വെടിവെച്ചു കൊല്ലുന്ന അമ്മയുടെ റോളില്‍ തകര്‍ത്തഭിനയിച്ച നര്‍ഗീസ് മറ്റു പല അവാര്‍ഡുകള്‍ക്കും പുറമെ കാര്‍ലോ വിവാരി ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല നടിക്കുള്ള അന്തര്‍ദ്ദേശീയ അവാര്‍ഡും നേടി.

രാഷ്ട്രപുനരുത്ഥാരണത്തിനുള്ള ആഹ്വാനം മദര്‍ ഇന്ത്യയിലടങ്ങിയിട്ടുണ്ട്. അതിനേക്കാളേറെ മഹത്വവല്‍ക്കരിക്കപ്പെട്ടതു മകന്‍ ഹീനകൃത്യത്തിലേര്‍പ്പെടുന്നതു തടയാന്‍ വേണ്ടി മാതാവു മകനെ വെടിവെച്ചു കൊന്നതാണ്. അന്യമെന്നോ സ്വന്തമെന്നോ നോക്കാതെ പാപകൃത്യങ്ങള്‍ തടയണം: ഇതാണു മദര്‍ ഇന്ത്യ കൈമാറുന്ന സന്ദേശങ്ങളിലൊന്ന്. മദര്‍ ഇന്ത്യ മഹത്വവല്‍ക്കരിക്കപ്പെട്ടെങ്കിലും, കുറ്റകൃത്യം തടയേണ്ടതു തന്നെയെങ്കിലും, അതു മറ്റൊരു കുറ്റകൃത്യത്തിലൂടെയാകരുത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മകനെ കൊന്നതു സ്വന്തം അമ്മയായിരുന്നാല്‍ത്തന്നെയും, കൊല കൊല തന്നെ, കുറ്റകൃത്യം തന്നെ. ഒരു കുറ്റകൃത്യം തടയാന്‍ മറ്റൊരു കുറ്റകൃത്യം ചെയ്യുന്നത് അഭികാമ്യമല്ല.

മദര്‍ ഇന്ത്യയുടെ കഥയ്‌ക്കൊരു ഭേദഗതി ആവശ്യമാണ്: മകനെ കുറ്റകൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാനാകാത്ത നിരാശയാല്‍ അമ്മ ‘എന്റെ മകന്റെ കുറ്റകൃത്യം തടയാന്‍ എനിക്കാകുന്നില്ലെങ്കില്‍, എനിക്കിനി ജീവിക്കേണ്ട’ എന്നു പറഞ്ഞുകൊണ്ടു സ്വന്തം മാറിലേക്കു തന്നെ നിറയൊഴിക്കേണ്ടിയിരുന്നു. എങ്കിലതു കൂടുതല്‍ മഹത്വമുള്ളതാകുമായിരുന്നു. കുറ്റകൃത്യത്തിനൊരുമ്പെടുന്നവരെ കൊല ചെയ്തും കുറ്റകൃത്യം തടയണം എന്ന വികലമായ സന്ദേശത്തിനു പകരം, സ്വന്തം ജീവന്‍ ബലി കഴിച്ചും കുറ്റകൃത്യം തടയണം എന്ന ആഹ്വാനം അതില്‍ നിന്നുയരുമായിരുന്നു. പക്ഷേ, യഥാര്‍ത്ഥജീവിതത്തില്‍ ഈ നിലപാടാണ് ഏറ്റവും ദുഷ്‌കരമെന്നു പറയേണ്ടതില്ലല്ലോ. ഇത്തരം കാര്യങ്ങള്‍ക്കു വേണ്ടി ആരാണ് ആത്മഹത്യ ചെയ്യാനൊരുങ്ങുക!

ദമ്പതിമാരിലൊരാള്‍ കുറ്റകൃത്യത്തിനൊരുങ്ങുമ്പോള്‍, മറ്റെയാള്‍ വിവിധ നിലപാടുകള്‍ എടുക്കാനിടയുണ്ട് എന്നു മുകളില്‍ കൊടുത്തിരിക്കുന്ന ഖണ്ഡികകളില്‍ നാം കണ്ടു. ദാമ്പത്യബന്ധത്തെ മാനിച്ച് കുറ്റകൃത്യനിര്‍വഹണത്തില്‍ ജീവിതപങ്കാളിക്കു സജീവപങ്കാളിത്തം നല്‍കുകയാണ് നിലപാടുകളിലൊന്ന്; ഭര്‍ത്താവും ഭാര്യയും ഒരുമിച്ചു നടത്തിയ മാല പൊട്ടിക്കലും ജോലിതട്ടിപ്പും ഫ്‌ലാറ്റുതട്ടിപ്പുമെല്ലാം ഈ നിലപാടു സ്വീകരിച്ചവരാണ്. ഈ നിലപാടില്‍ ദമ്പതികള്‍ ഒറ്റക്കെട്ടാണ്. എല്ലാ പ്രവൃത്തികളിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായും പങ്കാളികള്‍. ആസ്വാദ്യമാണു സ്വരുമയുള്ള ഇത്തരം ദാമ്പത്യം; പക്ഷേ, സ്വീകരിച്ച വഴി പിഴച്ചതായിപ്പോയെന്ന കുഴപ്പമുണ്ട്. പിഴച്ച വഴി ദാമ്പത്യസരണിയ്ക്കു വിഘാതമായിത്തീരും.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെപ്പോലെ, ഭര്‍ത്താവിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കു വഹിക്കാതെ, നിഷ്‌ക്രിയമായി അകന്നു നില്‍ക്കുകയാണു മറ്റൊരു നിലപാട്. പങ്കാളി ചെയ്യാന്‍ പോകുന്ന ഹീനകൃത്യത്തെപ്പറ്റി അധികാരികള്‍ക്ക് അറിവു കൊടുത്ത് നിയമത്തിന്റെ മുന്നില്‍ നല്ല കുട്ടിയാകുകയാണ് അല്പം കൂടി വ്യതിരിക്തതയുള്ള സമീപനം. ഹീനകൃത്യം ചെയ്യാരുമ്പെടുന്ന പങ്കാളിയെ കൊന്ന് ഹീനകൃത്യം തടയുന്നതൊരു കടുങ്കൈയാണ്; കുറ്റകൃത്യം തടയാന്‍ ആത്മഹത്യ ചെയ്യുന്നത് അറ്റകൈയും. ഇവയേക്കാളെല്ലാം നല്ല സമീപനം, വിവേകശൂന്യനായ ഭര്‍ത്താവിനു വിവേകം നല്‍കി, അയാളെ കുറ്റകൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നതാണ്.

ഒടുവില്‍പ്പറഞ്ഞ നിലപാടാണ് ആദര്‍ശദാമ്പത്യത്തിന്റെ ഉത്തമലക്ഷണം. കുറ്റകൃത്യങ്ങളിലടങ്ങിയ സാമൂഹ്യമൂല്യധ്വംസനവും നിയമലംഘനവും വരുംവരായ്കകളുമെല്ലാം വിശദീകരിച്ചുകൊടുത്ത് ജീവിതപങ്കാളിയെ കുറ്റകൃത്യത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിവതും ശ്രമിക്കുക. വിവേകം നഷ്ടപ്പെട്ടിരിക്കുന്ന ജീവിതപങ്കാളിക്കു വിവേകമുള്ള പങ്കാളി വിവേകം പകര്‍ന്നു കൊടുക്കുക. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം’ എന്നു കിരാതം ഓട്ടന്‍തുള്ളലില്‍ കുഞ്ചന്‍ നമ്പ്യാര്‍ ചൊല്ലിയിട്ടുണ്ട്. അതോടൊപ്പം ‘സുജനഗുണം കൊണ്ടു ബഹുമാനവിശേഷം വരും’ എന്നു നമ്പ്യാര്‍ പൂരിപ്പിച്ചിട്ടുമുണ്ട്. ദമ്പതിമാരിലൊരാള്‍ സുജനവും മറ്റെയാള്‍ ദുര്‍ജനവുമാണെങ്കില്‍, സുജനത്തിന്റെ സാമീപ്യം (സൗരഭ്യം) ദുര്‍ജനത്തേയും സുജനമാക്കി (സുരഭിലമാക്കി) തീര്‍ക്കുമെന്ന കാര്യത്തില്‍ നമ്പ്യാര്‍ക്കു സംശയമില്ല. ഇതിനേക്കാള്‍ പ്രസാദാത്മകമായ നിലപാടു വേറെയില്ല.

വഴിതെറ്റിപ്പോയൊരു യുവാവിനെ ഒരു യുവതി നേര്‍വഴിയിലേക്കു കൊണ്ടുവരുന്ന ഇതിവൃത്തമുള്ള പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. 1950ല്‍ ഇറങ്ങിയ സംഗ്രാം എന്ന ഹിന്ദി സിനിമയായിരുന്നിരിക്കണം, അക്കൂട്ടത്തില്‍ ആദ്യത്തേത്. നളിനി ജയ്‌വന്ത് അശോക് കുമാര്‍ ജോടി നായികാനായകന്മാരായി അഭിനയിച്ച ആ ചിത്രം, അക്കാലത്ത് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വെള്ളിത്തിരയിലെ വില്ലനെ സല്‍സ്വഭാവിയാക്കി ഉത്ഥരിക്കാന്‍ നായികയ്ക്കു കഥാകൃത്തിന്റേയും സംവിധായകന്റേയുമെല്ലാം സഹായം ലഭ്യമായിട്ടുണ്ട്, തീര്‍ച്ച. വെള്ളിത്തിരയുടെ കാല്പനികതയില്‍ നിന്നകന്ന്, ദുരിതപൂര്‍ണമായ യഥാര്‍ത്ഥജീവിതത്തില്‍, ഇത്തരത്തിലുള്ള ഉത്ഥാരണം എളുപ്പമല്ല. വീരപ്പനെ ഉത്ഥരിക്കാന്‍ മുത്തുലക്ഷ്മിക്കു കഴിഞ്ഞില്ല. കൊല നടത്താന്‍ തോക്കുമായി ഇറങ്ങുന്ന വീരപ്പനെ സ്‌നേഹപാശം കൊണ്ടു കെട്ടിവരിഞ്ഞ്, ഹീനകൃത്യങ്ങളില്‍ നിന്നകറ്റി, 184 കൊലപാതകങ്ങള്‍ തടയാന്‍ മുത്തുലക്ഷ്മിക്കായിരുന്നെങ്കില്‍! ആ സങ്കല്പം പോലും മാധുര്യമുള്ളതാണ്. അതു യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ മുത്തുലക്ഷ്മിയുടേയും വീരപ്പന്റേയും ദാമ്പത്യം ആദര്‍ശദാമ്പത്യമായേനേ; അവരുടെ ജീവിതം വെള്ളിത്തിരയിലേതിനേക്കാള്‍ പ്രകാശോജ്ജ്വലവും അനുകരണീയവും ആവേശദായകവുമായേനേ!

ഭര്‍ത്താവിനെ കുറ്റകൃത്യത്തില്‍ നിന്നു തടയാന്‍ വേണ്ടി ഭാര്യ അയാളെ വെടിവെച്ചു കൊല്ലുകയോ, അല്ലെങ്കില്‍ ഭാര്യ സ്വയം വെടിവെച്ചു മരിക്കുകയോ ചെയ്യുമ്പോള്‍ ദാമ്പത്യം അതോടെ അവസാനിച്ചു പോകുന്നുവെന്നതാണ് ആ സമീപനങ്ങളുടെ ന്യൂനത. പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുകയും, സാമൂഹ്യമൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടുകയും, ദാമ്പത്യം ശാശ്വതമായി, പൂര്‍വാധികം കെട്ടുറപ്പോടെ നിലനില്‍ക്കുകയും വേണം: അതാകണം ലക്ഷ്യം. അതു സാദ്ധ്യമാക്കുന്ന സമീപനമാണു സ്വീകരിക്കേണ്ടത്. ദാമ്പത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള സമീപനങ്ങള്‍ക്കു പ്രസക്തിയില്ല. ദാമ്പത്യങ്ങള്‍ കെട്ടുറപ്പുള്ളതാകുമ്പോള്‍ സമൂഹം കെട്ടുറപ്പുള്ളതാകും; രാഷ്ട്രവും.

കുറിപ്പ്: മുകളിലെ ചില ഖണ്ഡികകള്‍ വായിക്കുമ്പോള്‍ ഭര്‍ത്താവാണ് എല്ലായ്‌പോഴും കുറ്റകൃത്യങ്ങള്‍ക്കൊരുമ്പെടാറ് എന്നൊരു ധാരണ ഉടലെടുത്തെന്നു വരാം. പുരുഷമേധാവിത്വത്തിന് ഇടിവു തട്ടുകയും, പല രംഗങ്ങളിലും വനിതകള്‍ പുരുഷന്മാരോടൊപ്പമോ അവരേക്കാള്‍ മുന്നിലോ വന്നെത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു കുറ്റകൃത്യരംഗത്തും വനിതകള്‍ ഒരുമ്പെട്ടിറങ്ങാറുണ്ട്. കുപ്രസിദ്ധിയാര്‍ജിച്ച പല കേസുകളിലും (‘സയനൈഡ് മല്ലിക’, നേഹ വര്‍മ്മ, ഇന്ദ്രാണി മുഖര്‍ജി, സിമ്രാന്‍ സൂദ്…) കുറ്റവാളികള്‍ വനിതകളായിരുന്നെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എങ്കിലും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ കൂടുതലും പുരുഷന്മാരാണെന്നു പറയാതെ തരമില്ല; ഇതിനുപോദ്ബലകമായ കണക്കുകളിതാ: 2011, 2012, 2013, 2014 എന്നീ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷാവസാനവും ഇന്ത്യയിലെ ജയിലുകളിലുണ്ടായിരുന്ന തടവുപുള്ളികളില്‍ 95 ശതമാനവും പുരുഷന്മാരായിരുന്നു; അഞ്ചു ശതമാനം മാത്രമായിരുന്നു, സ്ത്രീകുറ്റവാളികള്‍. ഈ സ്ഥിതിവിവരക്കണക്കുകളിലടങ്ങിയ സത്യം ഈ ലേഖകനുള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് അപമാനകരമാണെങ്കിലും, സത്യത്തെ നിഷേധിക്കാന്‍ ആര്‍ക്കാണു കഴിയുക!

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങളറിയാന്‍ ആകാംക്ഷയുണ്ട്. അവ [email protected] എന്ന ഈമെയില്‍ ഐഡിയിലേക്കയയ്ക്കുക.