ഭാവനയ്ക്ക് പറിച്ചുനടലിന്റെ ആവശ്യം ഉണ്ടായിരിക്കില്ല, എന്നാൽ എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ ഒരുപോലെയല്ല

99

Parvathy Sumesh

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നോക്കുന്നതിനടിയിൽ നടി ഭാവനയുടെ പഴയ ഒരു അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം കയറി വന്നു.അതിൽ അവർ പറയുന്ന ഒരു കാര്യം എനിക്ക് ഇന്ത്യ വിട്ടു മറ്റൊരു രാജ്യത്തു പോയി സെക്കൻഡ് സിറ്റിസൺ ആയി ജീവിക്കാൻ ഇഷ്ടമല്ല എന്നാണ്. യാത്രകളും വേൾഡ് ടൂറും ഒക്കെ ഇഷ്ടമാണെങ്കിലും മൊത്തത്തിൽ ഒരു പറിച്ചു നടീൽ താൽപ്പര്യമല്ല എന്ന രീതിയിൽ ആണ്‌ പുള്ളിക്കാരി സംസാരിക്കുന്നത്. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു. എന്നാൽ ഭാവനയുടെ സാഹചര്യം അല്ല എല്ലാ ഇന്ത്യക്കാർക്കും. ഭാവനയ്ക്ക് അതിന്റ ആവശ്യം ഉണ്ടായിരിക്കില്ല. എന്നാൽ എല്ലാവരുടെയും ജീവിതസാഹചര്യങ്ങൾ ഒരുപോലെയല്ല.

ഒരു ഇന്ത്യക്കാരൻ മറ്റൊരു രാജ്യത്തേക്ക് കുടിയേറപ്പെടുന്നതിനു ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. അത് തൊഴിലവസരങ്ങൾ ആകാം, ഉയർന്ന വിദ്യാഭാസം, കരിയറിലെ ഉയർച്ച, ഇന്ത്യ നൽകാത്ത അവസരങ്ങൾ അങ്ങനെ പലതുമാകാം. ഇനി ഏതെങ്കിലും ഒരു വികസിത രാജ്യത്തു പോയി അവിടുത്തെ പൗരത്വം ലഭിക്കണമെങ്കിൽ അതിന് സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രശസ്തയായ ഒരു നടി എന്ന ലേബലിൽ അത് ലഭിക്കില്ല. അതിനു Age, qualification, work experience,character and health requirements അങ്ങനെ ഒരുപാട് കടമ്പകൾ ഉണ്ട്.

“My boss”” എന്ന സിനിമയിൽ മമ്ത മോഹൻദാസിന്റെ കഥാപാത്രവും ഇതുപോലെ ഒരു ഡയലോഗ് അടിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തു പോയി ഒരു second citizen ആയി ജീവിക്കുന്നതിനെപ്പറ്റി. വെറുതെ ഇങ്ങനെ യാതൊരു വസ്തുതകളും മനസിലാക്കാതെ സിനിമയ്ക്കകത്തും പുറത്തും ഒക്കെ ഇതുപോലെ ഓരോന്ന് പടച്ചു വിടുമ്പോൾ മറ്റൊരു രാജ്യത്തു പൗരത്വം ലഭിക്കുക എന്നുള്ളത് അത്ര നിസാരവും എളുപ്പമുള്ളതും ആയ ഒരു കാര്യം അല്ല എന്ന് ആദ്യം മനസിലാക്കുക. അതിനു എത്രയോ നാളുകളുടെ കഠിനാധ്വാനവും, ക്ഷമയും, കാത്തിരിപ്പും,സാമ്പത്തിക ചെലവും ഒക്കെ ഉണ്ട്. അതിലൂടെ കടന്നു പോയവർക്കേ അതിന്റെ കഷ്ടപ്പാട് മനസ്സിലാകുകയുള്ളു. എവിടെയെല്ലാം പഠിച്ചോ, ജോലി ചെയ്തോ അവിടുത്തെയെല്ലാം രേഖകൾ, ജീവിച്ച രാജ്യങ്ങളിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് പ്രാവീണ്യം, സ്കിൽസ് അസ്സസ്മെന്റ്, മെഡിക്കൽ ടെസ്റ്റ്‌, ഒരു നൂറായിരം പേപ്പർ വർക്കുകൾ, അറ്റെസ്റ്റേഷൻ, ഭീമയായ വിസാ ഫീസ്, കർശനമായ നിയമങ്ങൾ ഇതെല്ലാം അവയിൽ ചിലത് മാത്രം.
ഇനി second-class citizen എന്ന് പൊതുവെ പറയുന്നതിനെക്കുറിച്ചും ചില കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ചെയ്യുന്ന ജോലിക്ക് നാട്ടിൽ കിട്ടുന്നതിനേക്കാൾ ആയിരം ഇരട്ടി ബഹുമാനവും, അർഹിക്കുന്ന വേതനവും ഇവിടെ ലഭിക്കുന്നു. ഞാൻ ഇവിടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ പോയി ക്യു നിൽക്കുമ്പോൾ നീ ഇന്ത്യാക്കാരി ആണ്‌ അങ്ങോട്ട് മാറി നിൽക്ക് എന്ന് പറഞ്ഞു വേറൊരു ക്യുവിൽ നിർത്തില്ല. എനിക്ക് പുറകെ വരുന്ന ഓസ്‌ട്രേലിയക്കാരൻ എന്റെ പുറകിൽ തന്നെയാണ് നിൽക്കുന്നത്. ശുപാർശയുടെയും, പണത്തിന്റെയും,പ്രശസ്തിയുടെയും, അധികാരത്തിന്റെയും ഹുങ്കിൽ അതൊന്നുമില്ലാത്തവന് നീതി നിഷേധിക്കപ്പെടുന്നില്ല. അർഹതപ്പെട്ടവന് അവസരങ്ങളും, അവകാശങ്ങളും ഇല്ലാതാകുന്നില്ല.. ഇവിടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കിട്ടേണ്ട ജോലി ജനിച്ച രാജ്യമോ, വിശ്വാസമൊ, നിറമോ, വർഗമോ നോക്കി തഴയപ്പെടുന്നില്ല.

ഇവിടെ ജീവിക്കുന്ന ഇന്ത്യയുൾപ്പെടെ മറ്റു രാജ്യങ്ങളിൽ നിന്നു വന്ന ജനങ്ങൾക്ക് അവരുടെ ഇഷ്ടങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ചു ജീവിക്കാം. “Freedom of choice” നാണു മുൻഗണന. ഇവിടെ ഹിന്ദുമത വിശ്വാസികൾക്ക് വലിയ വലിയ ആരാധനാലയങ്ങൾ ഉണ്ട്. പ്രാർത്ഥനകൾ നടത്താൻ പുരോഹിതൻമാരും, പൂജാരികളും ഉണ്ട്‌. ഇവിടുത്തെ ആൾക്കാർ കണ്ടു പരിചയിച്ചിട്ടില്ലാത്തതോ, ശീലിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങൾ നമ്മൾ ഇവിടെ ചെയ്യുന്നു.ക്രിസ്ത്യൻ മതവിശ്വാസികൾക്ക് റോഡിലൂടെ കരോളും, കുരുത്തോല പെരുന്നാളും നടത്താം. ഹിന്ദുമതവിശ്വാസികൾക്കു ജന്മാഷ്ടമിയും രഥോത്സവും നടത്താം..ആർപ്പുവിളികളും ആരവങ്ങളുമായി വള്ളംകളിയും, ഓണവും, ദീപാവലിയും എല്ലാം കൊണ്ടാടപ്പെടുന്നു. മുസ്ലിം മതവിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ പള്ളികൾ ഉണ്ട്‌. ഈ ആരാധനാലയങ്ങൾ ഒക്കെ പണികഴിപ്പിക്കപ്പെട്ടതു ഇവിടുത്തെ ഗവണ്മെന്റിന്റെ അംഗീകാരത്തോടെയും, സഹായത്തോടെയും ആണ്.

ഓസ്‌ട്രേലിയയിലെ ഒരു ചെറിയ ടൗണിൽ ഞാൻ ജീവിക്കുമ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന ആന്ധ്രയിൽ നിന്നുള്ള മുസ്ലിം മതവിശ്വാസിയായ ഫിസിയോതെറാപ്പിസ്റ്റിനു ഒരു മണിക്കൂർ യാത്ര ചെയ്താൽ ഹലാൽ ചിക്കൻ കിട്ടും. അരമണിക്കൂർ യാത്ര ചെയ്താൽ നൂറു കണക്കിന് മുകളിൽ ആളുകളുമായി എല്ലാ വെള്ളിയാഴ്ചയും തങ്ങളുടെ വിശ്വാസപ്രകാരം കൂട്ടപ്രാർത്ഥന നടത്താം. ഈ നൂറു കണക്കിന് മുകളിൽ ആളുകളിൽ പല പല രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം വിശ്വാസികൾ ഉൾപ്പെടും.

ഇവിടുത്തെ ഒരു സ്റ്റേറ്റിന്റെ ഏറ്റവും പ്രധാന അധികാരി ഒരു പ്രീമിയർ ആണ്.ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്റ്റേറ്റുകളായ ന്യൂ സൗത്ത് വെയിൽസിന്റെയും, ക്വീൻസ്ലാന്റിന്റെയും പ്രീമിയർമാർ വനിതകൾ ആണ്. അതും ഓസ്‌ട്രേലിയക്കാർ അല്ലാത്ത വനിതകൾ. ന്യൂ സൗത്ത് വെയിൽസിന്റെ പ്രീമിയറിന്റെ മാതാപിതാക്കൾ അർമേനിയയിൽ നിന്ന് കുടിയേറിയവരും, ക്വീൻസ്ലാൻഡിന്റെ പ്രീമിയറിന്റെ കുടുംബം പോളണ്ടിൽ നിന്നുള്ളവരും ആണ്.സോണിയാ ഗാന്ധിക്ക് അധികാരത്തിൽ വരാൻ കഴിയാത്ത ഒരു രാജ്യത്തു ഇരുന്നു കൊണ്ടാണ് കമലാഹാരിസിന്റെയും, പ്രിയങ്കാ രാധാകൃഷ്ണന്റെയും വിജയം നമ്മൾ ഘോരഘോരം പാടി പുകഴ്ത്തുന്നത്.എന്തിനു പറയുന്നു ഇന്ത്യ എന്ന രാജ്യത്തു ജനിച്ചു അരികുവൽക്കരിക്കപ്പെട്ടു , അപമാനിതരായി ജീവിച്ചു പോകുന്ന എത്രയോ ലക്ഷം ആളുകൾ ഉണ്ട്‌. അന്യസംസ്ഥാനക്കാരോടുള്ള നമ്മുടെ മനോഭാവം പോകട്ടെ, ഒരു ജില്ല മാറി ജോലി ചെയ്യുകയോ, താമസിക്കേണ്ടിയോ വന്നാൽ വരുത്തന്മാർ ആകുന്ന നാടാണ്.

കൈവന്ന അവസരങ്ങളിലെ പോസിറ്റീവായ കാര്യങ്ങൾ കാണാൻ ആണ് ആഗ്രഹിക്കുന്നതു. കുറച്ചു കൂടി വിശാലമായ രീതിയിൽ കാര്യങ്ങൾ കാണാനും, മനസിലാക്കാനും ഒക്കെ സഹായിച്ചത് പ്രവാസം ആണ്. വിവിധ രാജ്യങ്ങളിൽ നിന്നും, സംസ്‌കാരങ്ങളിൽ നിന്നും, ജീവിതസാഹചര്യങ്ങളിൽ നിന്നും വന്ന ആൾക്കാരെ കാണാനും, പരിചയപ്പെടാനും, അടുത്തിടപഴകാനും സാധിച്ചു. മതവും, വിശ്വാസവും, ആചാരങ്ങളും, അനാചാരങ്ങളും, അന്ധവിശ്വാസങ്ങളും ഇല്ലാതെയും ആളുകൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു എന്നു കാണിച്ചു തന്നത് പ്രവാസം ആണ്. ഏതു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്നും,തൊഴിലിന്റെ തട്ടിൽ ആളുകൾ തരംതാഴ്ത്തപ്പെടാതെ ജീവിക്കുന്നത് കണ്ടതും പ്രവാസത്തിൽ ആണ്. വ്യക്തി സ്വാതന്ത്ര്യവും, ലിംഗസമത്വവും എന്തെന്ന് കണ്ടത് പ്രവാസത്തിൽ ആണ്.

എന്നു കരുതി എല്ലാം തികഞ്ഞു എന്നല്ല പറഞ്ഞു വരുന്നത്. എല്ലാ പ്രവാസിയെപ്പോലെയും ഗൃഹാതുരത്വവും, നഷ്ടപ്പെടലുകളും, നൊമ്പരങ്ങളും നമുക്കുമുണ്ട്. നമ്മളെല്ലാം വികാരങ്ങളും, വിചാരങ്ങളും ഉള്ള പച്ച മനുഷ്യരാണ്. നമ്മൾ എപ്പോഴും ശീലിച്ചു വന്ന, കണ്ടും കേട്ടും ആസ്വദിച്ച പലതും മുറുകെപ്പിടിച്ചു തന്നെയാണ് ജീവിക്കുന്നത്. നമ്മൾ കഴിക്കാൻ ആഗ്രഹിക്കുന്നതു നമ്മുടെ നാടൻ ഭക്ഷണങ്ങളും, കേൾക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ പാട്ടുകളും, കാണാൻ ആഗ്രഹിക്കുന്നതു നമ്മുടെ സിനിമകളും, അറിയാൻ ആഗ്രഹിക്കുന്നത് നമ്മുടെ നാട്ടിലെ വാർത്തകളും ഒക്കെ ആണ്. ഇന്ത്യയെക്കുറിച്ചുള്ള നല്ല നല്ല വാർത്തകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുകയും, മോശം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നുകയും ചെയ്യാറുണ്ട്. ഉറ്റവരുടെ വേർപാടുകളിൽ ഓടിയെത്താൻ കഴിയാത്തപ്പോൾ നെഞ്ച് മുറിയാറുണ്ട്. പ്രിയപ്പെട്ടവരുടെ സന്തോഷങ്ങളിലും, നല്ല നിമിഷങ്ങളിലും, നാട്ടിലെ വിവിധ ആഘോഷങ്ങളിലും ഒക്കെ പങ്കുചേരാൻ കഴിയാത്തപ്പോൾ ഒരു “Missing”അനുഭപ്പെടാറുണ്ട്.

എന്നാൽ നമ്മുടെ ചിന്തയിലും, ജീവിതരീതിയിലും ഒക്കെ വന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി പലതും സംസാരിക്കുമ്പോൾ അതിന്റെ രീതിയിൽ ഉൾക്കൊള്ളാൻ, നമ്മൾ പറയുന്നതിലെ പോയിന്റ് മനസ്സിലാക്കാൻ നാട്ടിലുള്ള പലർക്കും കഴിയാറില്ല. അതിനെ വേറെ പല രീതിയിലും ആണ് വ്യാഖ്യാനിക്കുന്നത്. കമലാ ഹാരിസിന്റെ ഒരു വീഡിയോയിൽ തന്റെ ഗ്രാൻഡ് ഫാദർ എത്ര പ്രോഗ്രസ്സിവ് ആയ ഒരു വ്യക്തി ആയിരുന്നു എന്നും, ഇന്ത്യക്കാരെക്കുറിച്ച് മറ്റുള്ളവർക്കുള്ള misconceptions നെക്കുറിച്ചും പറയുന്നുണ്ട്. ഇന്ത്യക്കാർ എല്ലാവരും ദരിദ്രരാണ്, ഇന്ത്യക്കാർക്ക് ആർക്കും ടോയ്ലറ്റ് ഇല്ല, ഇന്ത്യ മുഴുവൻ ചേരികളാണ്, ഇന്ത്യയിൽ വന്നാൽ സ്ത്രീകൾ റേപ് ചെയ്യപ്പെടും, ടൂറിസ്റ്റുകളെ വെടിവെച്ചു കൊല്ലും അങ്ങനെ തുടങ്ങി ഇന്ത്യയെക്കുറിച്ചു ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവർക്ക്‌ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്.ഈ പറഞ്ഞതിൽ ഒക്കെ വാസ്തവങ്ങൾ ഉള്ള കാര്യങ്ങൾ ഉണ്ട്.പക്ഷേ അതു സാമാന്യവൽക്കരിക്കപ്പെടുമ്പോൾ ആണ് പ്രശ്നം.മുസ്ലിങ്ങൾ എല്ലാം തീവ്രവാദികൾ ആണ് എന്നു generalise ചെയ്യപ്പെടുന്നത് പോലെയുള്ള പ്രശ്നങ്ങൾ.ഇതേ misconceptions മറ്റുള്ള രാജ്യക്കാരെ കുറച്ചു നമ്മുക്കും ഉണ്ട്‌.

വിദേശരാജ്യങ്ങളിൽ ഒക്കെ ഇൻഡ്യാക്കാരോട് വംശീയത ആണ്, തരംതിരിവ് ആണ്, രണ്ടാംതരം പൗരൻമാരായി ആണ് കഴിയുന്നത്, അവർക്കൊന്നും ബന്ധങ്ങളുടെ വിലയറില്ല അങ്ങനെയുള്ള പലതരം മിഥ്യാധാരണകൾ.തൊണ്ണൂറ്റി ഒന്നാമത്തെ വയസ്സിൽ, താൻ ആരാണെന്ന് പോലും തിരിച്ചു അറിയാതെ നഴ്സിംഗ് ഹോമിൽ കഴിയുന്ന ഭാര്യയെ കാണാൻ വാലെന്റൈൻസ് ദിനത്തിൽ കാർഡും, ചുമന്ന റോസാപ്പൂവുമായി എത്തി ചുണ്ടിൽ ചുംബനം നൽകുന്ന വൃദ്ധനായ ഭർത്താവിനെ കാണുമ്പോൾ റിലേഷൻഷിപ് എന്നത് മക്കളെ ഓർത്തും, സമൂഹത്തെ പേടിച്ചും,മാതാപിതാക്കളെ വേദനിപ്പിക്കാതിരിക്കാൻ വേണ്ടിയും, സ്വന്തം കാലിൽ നിൽക്കാനുള്ള സുരക്ഷിതത്വം ഇല്ലാത്തത് കൊണ്ടും, വിവാഹമോചനം എന്നത് പാപമാണെന്നും ഒക്കെ കരുതി ജീവിച്ചു മരിക്കുന്നവരെ ഓർത്തുപോകും.പരസ്പരബഹുമാനത്തോടെ ഒരു റിലേഷൻഷിപ്‌ വേർപെടുത്തിയ ശേഷവും സുഹൃത്തുക്കൾ ആയി കഴിയുന്നവരെ കാണുമ്പോൾ, വേറൊരു വിവാഹത്തിൽ മക്കൾ ഉള്ളവരെ വിവാഹം കഴിച്ചശേഷവും പുതിയ ബന്ധത്തിലും, പഴയ ബന്ധത്തിലും ഉള്ള മക്കളെ എല്ലാം ഒരുപോലെ ചേർത്ത് നിർത്തി അവർക്കു വേണ്ടിയെല്ലാം സമയം കണ്ടെത്തി ജീവിക്കുന്നത് കാണുമ്പോൾ, വിവാഹം വേർപെടുത്തിയതിന്റെ പേരിൽ പങ്കാളി കുത്തിക്കൊല്ലപ്പെടുന്നതും, മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നതും ഒക്കെ കാണുമ്പോൾ എന്തിനാണ് ഈ കപട സദാചാരം എന്നു തോന്നിപ്പോകുന്നത് സ്വാഭാവികം മാത്രം.

ഏറ്റവും നന്നായി പൊതുജനമധ്യത്തിലേക്കു ഒരു സന്ദേശം എത്തിക്കാൻ കഴിയുന്ന മാധ്യമം ആണ് സിനിമ.എന്നാൽ ഈയിടെ ഇറങ്ങിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്‌സ്, കുറച്ചു പഴയൊരു സിനിമയായ കടൽ കടന്നൊരു മാത്തുക്കുട്ടി, മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ദിലീഷ് പോത്തന്റെ ഭാര്യാ കഥാപാത്രം ഇതെല്ലാം ഇതുപോലെയുള്ള “misconceptions”ന്റെ പുറത്തു നിന്നുണ്ടാക്കിയ സിനിമകളും കഥാപാത്രങ്ങളും ആണ്.

ഇത്തരം misconceptions നെ ഊട്ടി ഉറപ്പിക്കാൻ ആയി ഇറങ്ങി തിരിച്ച കുറേ പ്രവാസി മലയാളികളും ഉണ്ട്‌.ഫേസ്ബുക്കിലൂടെയും, യൂട്യൂബ് ചാനലുകളിലൂടെയും അമേരിക്കയിലും , U.K യിലും ഒക്കെ ജീവിക്കുമ്പോൾ ഉള്ള “സത്യാവസ്ഥ” തുറന്ന് കാണിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ.കാരണം മോശമാക്കി പറഞ്ഞാൽ കയ്യടികൾ കൂടും. ഇന്ത്യ വിട്ടു മറ്റൊരു രാജ്യത്തു പോയി അവിടുത്തെ നല്ല കാര്യങ്ങൾ പറഞ്ഞാൽ അവർ ജാഡതെണ്ടികളും ആകും.ഇങ്ങനെ “സത്യാവസ്ഥ” പറയുന്നവർക്ക് സ്വാർത്ഥതാൽപ്പര്യങ്ങൾ ഉണ്ടാകാം.അല്ലെങ്കിൽ അവർ ശെരിക്കും ജീവിക്കുന്നില്ല.കുറേ പഴയ മാമൂലുകളും കെട്ടിപ്പിടിച്ചു, ഒന്നും അംഗീകരിക്കാൻ കഴിയാതെ കുറേ frustrations ഉം കൂട്ടിവച്ചു ജീവിച്ചു പോകുന്നവർ. മക്കളെ എന്നും തല്ലിപ്പഴുപ്പിച്ചു, നമ്മൾ വരച്ച വരയിൽ യാതൊരു ഇഷ്ടങ്ങളും, അഭിപ്രായങ്ങളും ഇല്ലാതെ individuality ഇല്ലാതെ വളർന്നു വരണം എന്നു ശഠിക്കുന്നവർ.കർമഭൂമി എന്നുവച്ചാൽ എന്താണെന്നു യാതൊരു ബോധ്യമില്ലാതെ, അന്നം തരുന്ന മണ്ണിനെ ചീത്ത വിളിച്ചു, അവിടുത്തെ യാതൊരു നല്ല കാര്യങ്ങളും അംഗീകരിക്കാതെ ഈ “സത്യാവസ്ഥ” വിളിച്ചു പറയുന്നവരെ കാണുമ്പോൾ ‘എന്തിനാ ചേട്ടാ, ഇത്ര കഷ്ടപ്പെട്ടു അവിടെ നിൽക്കുന്നെ, സ്വന്തം നാട്ടിലോട്ട് തിരിച്ചു പോയാപ്പോരേ”എന്നു തോന്നിപ്പോയിട്ടുണ്ട്. വേറെ ചില കൂട്ടർ ഉണ്ട്‌. അവർക്ക് തൊടുന്നതും പിടിക്കുന്നതും എല്ലാം rascism ആണ്. സത്യസന്ധമായ എന്തെങ്കിലും കാര്യങ്ങൾ ഇവരോട് പറഞ്ഞാൽ തന്നെ “rascism, rascism, ഇതു rascism” എന്നു പറഞ്ഞു ഉറഞ്ഞു തുള്ളുന്നതു കാണുമ്പോൾ മിന്നാരത്തിലെ മണിയൻപിള്ള രാജു “മല, മല കൊച്ചിന്റെ പേര് മല” എന്നു വിളിച്ചു പറയുന്ന സീൻ ആണ് ഓർമ വരുന്നത്.കാണാത്ത അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഉണ്ടാകുന്ന അബദ്ധധാരണകൾ മനസിലാക്കാം. എന്നാൽ എല്ലാം കണ്ടും, കെട്ടും, അനുഭവിച്ചിട്ടും ഒന്നും മനസ്സിലാക്കാനോ ചിന്തിക്കാനോ ബോധമില്ലാതെ ചത്തു കിടന്നു പണം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ജീവിക്കുന്ന ഇതുപോലെ ഉള്ള കുറച്ചു വിഭാഗത്തെ ആണ് സഹിക്കാൻ കഴിയാത്തതു.

പലതും കാണുമ്പോൾ കുറേ നാളായി എഴുതണം, പറയണം എന്നു കരുതിയ കുറച്ചു കാര്യങ്ങൾ ആണ്.ഭാവനയുടെ ഇന്റർവ്യൂ അതിനു ഒരു നിമിത്തം ആയെന്ന് മാത്രം.