കസബ-മമ്മൂട്ടി-ജൂഡ്-പാർവതി വിവാദത്തിൽ പ്രതികരിക്കുന്നവരിൽ കൂടുതലും മണ്ടന്മാര്‍

345

ശ്രീഹരി ശ്രീധരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വരികള്‍

ശങ്കരാടി കാറോടിച്ച് വരുന്നു. നിർത്തുന്നു. ഡോറ് തുറന്ന് പുറത്തിറങ്ങുന്നു. ഡോറടച്ച് നടന്നു പോകുന്നു. ഒരു സാധാരണ സീൻ.

ജഗതി കാറോടിച്ച് വരുന്നു. നിർത്തുന്നു.‌ ഹാസ്യസ്വഭാവത്തിനിണങ്ങുന്ന ഒരു പശ്ചാത്തലസംഗീതം. ജഗതി ഡോർ തുറക്കുന്നു. വിജാഗിരിയില്ലാത്തത് കൊണ്ട് മൊത്തം ഡോർ പുറത്തേക്ക് ഇളകി വരുന്നു. ജഗതി ഇറങ്ങി ഡോർ തിരിച്ച് വെച്ച് ഒന്നും സംഭവിക്കാത്ത പോലെ നടന്നുപോകുന്നു. പശ്ചാത്തലസംഗീതം തുടരുന്നു. കോമഡി.

പെണ്ണുകാണാൻ എത്തിയ ചെക്കൻ കാറിന്റെ ഡോർ തുറന്ന് ഇറങ്ങാൻ നോക്കുന്നു. പറ്റുന്നില്ല. കഷ്ടപ്പെട്ട് മറുവശത്ത് കൂടെ കവച്ച് വെച്ച് ഇറങ്ങുന്നു. ‘വലതുകാലു വെച്ച് ഇറങ്ങാൻ സാധിച്ചല്ലോ’ എന്ന് ഗൃഹനാഥൻ ആത്മഗതം ചെയ്യുന്നു. ഹ്യൂമർ/ഐറണി.

പത്തമ്പത് ലക്ഷം രൂപാ വിലയുള്ള എസ്യൂവി കാർ ഓടിച്ച് വരുന്ന മോഹൻലാൽ റോട്ടിൽ കാറ് 360° വട്ടംകറക്കി നിർത്തുന്നു. സ്ലോ മോഷനിൽ ഡോർ തുറക്കുന്നു, പുറത്ത് വരുന്നു. കൊടൂര മാസ് ബിജിയെം. പിൻ കാലു കൊണ്ട് ഡോറിൽ ഒരു തൊഴി. ഇത് ഗ്ലോറിഫിക്കേഷൻ. ഹീറോയിസത്തിന്റെ ആഘോഷം.

ഒരു കാറിന്റെ ഡോർ തുറക്കുക എന്ന നിസാരസംഭവം പല രീതിയിൽ ചിത്രീകരിക്കപ്പെടുമ്പോൾ എങ്ങിനെ അർഥം മാറുന്നു എന്ന് പറഞ്ഞതാണ്. ഏത് നിസാരകാര്യവും തിരക്കഥാകൃത്തും സംവിധായകനും ഒരു താരശരീരവും ചേർന്ന് ഗ്ലോറിഫൈ ചെയ്യാം. തീർത്തും ഒബ്വിയസ് ആയ കാര്യമാണ് എഴുതിയത്. എനിക്ക് തന്നെ നാണം തോന്നുന്നുണ്ട് ഇത്ര ലളിതമായ കാര്യം ഇത്ര നീട്ടിപ്പരത്തി വിശദീകരിക്കുന്നതിൽ. പക്ഷെ അജ്ജാതി മണ്ടന്മാരെയാണ് കസബ-മമ്മൂട്ടി-ജൂഡ്-പാർവതി വിവാദത്തിൽ പ്രതികരിക്കുന്നവരിൽ കൂടുതലും കാണുന്നത്.

സ്ത്രീവിരുദ്ധതയോ റേസിസമോ തോന്ന്യാസമോ ഒക്കെ സിനിമയിൽ ഉണ്ടാകാം. എന്നല്ല ഉണ്ടാകണം. സിനിമ മനുഷ്യരെയും ലോകത്തെയും പറ്റിയാണ്. മനുഷ്യരിലും ലോകത്തും ഉള്ളതൊക്കെ അതിലും ഉണ്ടാകും. സ്ത്രീവിരുദ്ധമാകില്ല. സിനിമയിൽ മിസോജിനികും റേസിസ്റ്റുകളും ആയ ധാരാളം കഥാപാത്രങ്ങൾ കാണും. അവരുടെ മാനസികനിലയ്ക്കൊത്ത ഡയലോഗുകളും. ടരന്റീനോ സിനിമകളിൽ അങ്ങേയറ്റം റേസിസ്റ്റുകൾ ആയ കഥാപാത്രങ്ങളെ കാണാം. ടരന്റീനോ സിനിമകൾ സ്ത്രീവിരുദ്ധമല്ല.

മമ്മൂട്ടി മോഹൻലാൽ സിനിമകളിലെ മിസോജിനി ആ തരത്തിൽ ഉള്ളതല്ല.അത് മിസോജിനിയുടെ ഡെലിബെറേറ്റ് ഗ്ലോറിഫിക്കേഷൻ ആണ്. Its by form, by content and by design mysogynic. സിനിമ വിൽക്കാൻവേണ്ടി മനഃപൂർവം സൃഷ്ടിക്കുന്നതാണ്. അമേരിക്കയിൽ ഒരു ലീഗൽ ഡിസ്പ്യൂട്ടിനിടെ ഒരു കലാസൃഷ്ടി ആർട്ടാണോ പോൺ ആണോ എന്ന് എങ്ങിനെ തിരിച്ചറിയാം എന്ന പ്രശ്നത്തോട് ജഡ്ജ് പ്രതികരിച്ച പ്രസിദ്ധമായ ഡയലോഗുണ്ട്. I know when I see it. കസബ കാണുമ്പോൾ നമുക്ക് മനസിലാകും what’s the nature of the film.

കസബയിലെ രാജൻ സക്കറിയ എന്ന കഥാപാത്രം സ്ത്രീവിരുദ്ധനാണോ എന്നതല്ല പ്രശ്നം. മമ്മൂട്ടി സ്ത്രീവിരുദ്ധനായ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതും അല്ല. മമ്മൂട്ടി ഒരുപാട് സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കണം എന്നതാണ് എന്റെ അഭിപ്രായം. നന്മമരങ്ങളെ മാത്രം സിനിമയിൽ കാണിച്ചിട്ട് എന്ത് കാര്യമാണുള്ളത്. ഈ കഥാപാത്രം എങ്ങിനെ സിനിമകളിൽ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് പ്രശ്നം.

സിനിമകൾ നിലവിൽ ഉണ്ടാകുന്നത് സൂപ്പർസ്റ്റാറുകളെ ചുറ്റിപ്പറ്റിയാണ്. തീർച്ചയായും അതിൽ ചുരുങ്ങിയ എണ്ണം ലേഡി സൂപ്പർസ്റ്റാറുകളും ഹാസ്യതാരങ്ങളും (വടിവേലുവിനെ ഓർക്കുക) ഒക്കെ പെടും. അത്തരം സിനിമകളുടെ ഉള്ളടക്കത്തിന്റെയും അവതരണത്തിന്റെയും ഉത്തരവാദിത്വം സംവിധായകനോ എഴുത്തുകാർക്കോ മാത്രമല്ല. ഷൂട്ടിങ്ങിനിടെ താരങ്ങൾ തന്നെ മൈക്കെടുത്ത് സംവിധാനത്തിന് ഇറങ്ങും എന്നത് പരസ്യമായ രഹസ്യമാണല്ലോ. കസബയും ബാബ കല്യാണിയും പോലുള്ള തല്ലിപ്പൊളി പടങ്ങളുടെ ഉത്തരവാദിത്വം അതാത് താരങ്ങൾക്ക് കൂടിയാണ്.

സ്തീവിരുദ്ധ സംഭാഷണങ്ങൾ ഉള്ള സിനിമ by default സ്തീവിരുദ്ധം ആകില്ല എന്നത് പോലെത്തന്നെ സ്ത്രീപക്ഷഡയലോഗുകൾ ഉള്ളത് കൊണ്ട് സിനിമയുടെ രാഷ്ട്രീയം സ്ത്രീപക്ഷവുമാകില്ല. ഹവോൾഡാര്യൂ , രാമന്റെ ഏദൻ തോട്ടം ഒക്കെ ഉദാഹരണം. അവയൊക്കെ മുദ്രാവാക്യം വിളികളാണ്. കുറേ ഇടതുപക്ഷമുദ്രാവാക്യങ്ങൾ വിളിക്കുന്നത് കൊണ്ട് ‘മെക്സിക്കൻ അപാരത’ കമ്യൂണിസ്റ്റ് സിനിമ ആകുന്നില്ല എന്നത് പോലെത്തന്നെ. സിനിമ അടക്കം ഒരു ആർട്ടിന്റെയും രാഷ്ട്രീയ ഉള്ളടക്കം മുദ്രാവാക്യം വിളികളിലൂടെ അല്ല ഉണ്ടാകുന്നത്.

പാർവതിയോട് എതിരഭിപ്രായം ഉന്നയിക്കുന്ന വരിൽ അവർ പറയുന്ന വിഷയം മനസിലാക്കി സംസാരിക്കുന്നവരെയല്ല കൂടുതലും കണ്ടത്. ഫെമിനിസം ചർച്ച ചെയ്യപ്പെടുന്നു എന്ന്‌ സമാധാനിക്കാം എന്നല്ലാതെ പൊതുവെ പോയിന്റ്ലെസ് ആയ വാഗ്വാദങ്ങൾ ആയിരുന്നു ഭൂരിഭാഗവും. ഒരാളു ഫിസിക്സ് പറയുമ്പോൾ എതിർഭാഗത്ത് ഉള്ളയാൾ ജ്യോതിഷം സംസാരിച്ചാൽ പിന്നെ ആ ചർച്ചയിൽ എന്ത് കാര്യമാണ് ഉള്ളത്.