ശ്രീനിവാസൻ ❣️ സത്യനാഥൻ ❣️പാസ്സഞ്ചർ
One Life One Chance One Day🚆
രാഗീത് ആർ ബാലൻ
2009 മെയ് 7നു പുറത്തിറങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ ഒരു മികച്ച സിനിമ ആയിരുന്നു പാസഞ്ചർ.സിനിമയിലെ എന്നെ ഏറ്റവും അത്ഭുതപെടുത്തിയ ഒരു കഥാപാത്രം ആണ് ശ്രീനിവാസൻ അവതരിപ്പിച്ച സത്യനാഥൻ. വർഷങ്ങളായി സ്ഥീരമായി ട്രെയിനിൽ സഞ്ചരിക്കുന്ന സത്യനാഥൻ ഓഫീസിൽ ഓവർ ടൈം ഡ്യൂട്ടി ചെയ്തു ട്രെയിൻ മാറി കയറുന്നു ഉറങ്ങി പോകുന്നു..അതുകൊണ്ടാണ് അയാൾ നന്ദൻ മേനോൻ എന്ന വക്കിലിനെ ട്രെയിനിൽ കാണാനും പരിചയപ്പെടാനും ഇടവരുന്നത്.നെല്ലായി ഇറങ്ങേണ്ട സത്യനാഥൻ നന്ദൻ മേനോനോപ്പം ഗുരുവായൂർ ഇറങ്ങുന്നു.. എന്നാൽ അവിടെ മുതൽ സിനിമ മറ്റൊരു തലത്തിലേക്കു ആണ് ഷിഫ്റ്റ് ആകുന്നത്.. കുറച്ചു സമയങ്ങൾ മാത്രം പരിചയമുള്ള നന്ദൻ മേനോന് അയാൾ പോലും അറിയാതെ അപരിചിതനായ സത്യനാഥൻ അയാളുടെ ജീവിതത്തിലെ പ്രധാനപെട്ട ഒരു ആളായി മാറുന്നു..
അമാനുഷികനായ ഒരാൾ അല്ല സത്യനാഥൻ സാധാരണക്കാരനായ ഒരാൾ മാത്രമാണ് അയാൾ.നെടുനീളൻ സംഭാഷണങ്ങൾ ഇല്ലാതെ തീപ്പൊരി സംഘട്ടന രംഗങ്ങൾ ഇല്ലാതെ തന്നെ അയാൾ ഒരാളുടെ ജീവിതം രക്ഷപ്പെടുത്തുന്നു.തികച്ചും അപരിചിതൻ ആയിരുന്നിട്ടു കൂടി ആദ്യവസാനം നന്ദൻ എന്ന വക്കിലിനെ രക്ഷപെടുത്താൻ ആയി കഷ്ടപ്പെട്ട ഒരാൾ.. എവിടെ നിന്നോ വന്നു ഒരു നന്ദി വാക്കു പോലും കേൾക്കാൻ നിൽക്കാതെ അപ്രതീക്ഷനായ ഒരാൾ. സിനിമയുടെ അവസാനം പറയുന്നത് പോലെ
“ഇതൊക്കെ വെറുതെ പത്രക്കാർ തട്ടി വിടുന്നതായിരിക്കും.. അല്ലെങ്കിൽ ആരാണപ്പാ ഇവരാരും കാണാത്ത ഒരാൾ ഒരു സൂപ്പർ മാൻ ” കുട്ടുകാർ ട്രെയിനിൽ ഇതുപറയുമ്പോൾ സത്യൻ ഉറങ്ങുകയാണ് അവരുടെ അടുക്കൽ ഇരുന്നു ഒന്നും അറിയാതെ.. ആലുവ പാലം കയറിയാൽ അയാൾ ഉറങ്ങും ചാലക്കുടി പാലം കയറുമ്പോൾ ഇനി അയാൾ ഉണരും..പത്തു ഇരുപതു കൊല്ലമായിട്ടുള്ള ശീലം ആണ് അയാളുടെ കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്തു വെച്ചത് പോലെയുള്ള ഈ ഉറക്കം.അയാൾ ഇപ്പോഴും യാത്ര തുടരുകയാണ്.. One Life One Chance One Day..മറ്റൊരാളുടെ ജീവിതത്തിൽ സൂപ്പർ മാൻ ആകാൻ ആയി..
🎶ഓർമ തെരുവിൽ കണ്ടു മറന്നൊരു മുഖമായി എങ്ങോ മറഞ്ഞു…. 🎶
നസീർ -സത്യൻ കാലഘട്ടത്തിന് ശേഷം വന്ന മോഹൻലാൽ മമ്മൂട്ടി യുഗത്തിൽ ഒരുപാട് നല്ല നടൻമാർ അവർക്കൊപ്പം ഉയരുകയും താഴ്ന്നു പോകുകയും ചെയ്തിട്ടുണ്ട്.അവർക്കു പിറകെ ഒരുപാട് താരങ്ങൾ പിറന്നു.പ്രേക്ഷകനെ കോരിതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോ നെടുനീളൻ സംഭാഷണങ്ങളോ പ്രേക്ഷകനെ പ്രകമ്പനം കൊള്ളിക്കുന്ന ഇൻട്രോയോ ഒന്നും തന്നെ ഇല്ലാത്ത ഒരു നായക സങ്കല്പം ആയിരുന്നു ശ്രീനിവാസന്റെ.80 90 കാലഘട്ടത്തിൽ എത്ര മികച്ച സിനിമകൾ ആണ് അദ്ദേഹത്തിന്റെ തൂലികയിലും അദ്ദേഹം നായകനായും പുറത്തിറങ്ങിയത്.ശ്രീനിവാസൻ സിനിമകൾ കാലം എത്ര കഴിഞ്ഞാലും പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന സിനിമകൾ ആയിരുന്നു.
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും ഇന്നും പരിശോധിച്ചാൽ കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച മറ്റൊരു നടനോ തിരക്കഥാകൃത്തോ മലയാള സിനിമയിൽ ഇല്ല എന്ന് അഭിപ്രായം ആണ് എനിക്ക്.. പല സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടു സിനിമകളിലൂടെ പ്രേക്ഷകനു മുൻപിൽ എത്തിച്ച വ്യക്തി.2000 മുതൽ 2021 വരെ ഉള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത് 12സിനിമകൾ ആയിരുന്നു.അതിൽ ആറു സിനിമകൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയവയാണ്. ബാക്കി സിനിമകൾ എല്ലാം തന്നെ പരാജയമായിരുന്നു .എന്നാൽ ഈ കാലയളവിൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകുകയും ചെയ്തു.കാത്തിരിക്കുന്നു മറ്റൊരു നല്ല കഥയും കഥ പരിസരവും ഒത്തിണങ്ങിയ ശ്രീനിവാസൻ സിനിമക്കായി.