കഫീലിന്റെ കൈയിലെ പാസ്പോര്‍ട്ട്‌

556

ഓഫീസില്‍ നിന്നും വരുന്ന കിംഗ്‌ ഫഹദ്‌ ഹൈവേയിലെ ഹലാക്കിന്റെ ട്രാഫിക്‌ ജാം കടന്നു ഒരു തരത്തില്‍ ബത്തയില്‍ എത്തി വണ്ടി എവിടെയെങ്കിലും ഒന്ന് പാര്‍ക്ക്‌ ചെയ്തിട്ട് കൂട്ടില്‍ കേറാന്‍ പാര്‍ക്കിംഗ് അന്വേഷിച്ചു ഫ്ലാറ്റിനു ചുറ്റും രണ്ടു തവാഫു നടത്തി ആകെ വിഷമിച്ചു ഇരിക്കുമ്പോള്‍ ഫൈസല്‍ വിളിക്കുന്നു എന്താ മോനെ എന്നന്വേഷിച്ചപ്പോള്‍ പറയുന്നു ഞാന്‍ ഫ്ലാറ്റിനു താഴെ ഉണ്ട് ഇക്കാ എന്നോടൊപ്പം ഒന്ന് കഫീലിന്റെ അടുത്ത് വരണം അയാളെ കൊണ്ട് പാസ്പോര്‍ട്ടില്‍ എക്സിറ്റ് റീ എന്‍ട്രി വിസ സ്റ്റാമ്പ്‌ ചെയ്യണം എനിക്ക് അത്യാവശ്യമായി ഒന്ന് നാട്ടില്‍ പോകണം.

അവനെയും കൂട്ടി അപ്പോള്‍ തന്നെ റിയാദിന്റെ നഗരപ്രാന്തമായ നസീമിലേക്ക് തിരിച്ചു ഒരു ബദു കേന്ദ്രത്തിലാണ് കഫീലിന്റെ ഓഫീസ് കം വീട്. അയാളുടെ കൈക്കാരന്‍ സുഡാനിയുടെ മേശക്കു ചുറ്റും കുറെ ആളുകള്‍ കൂടി നില്‍ക്കുന്നു, ചിലര്‍ പണം എണ്ണി നോക്കുന്നു മറ്റു ചിലര്‍ കഫീല്‍ ആവശ്യപ്പെടുന്ന തുകയില്‍ അല്പം ഇളവു വേണമെന്ന് കെഞ്ചുന്നു, നിരന്തരം ഒരു ക്രൂരന്റെ ഒപ്പം ജോലിചെയ്തിട്ടാവാം തീരെ മനുഷ്യപ്പറ്റില്ലാത്ത ഒരു മുഖമാണ് സുടാനിയുടെതും ആദ്യം കൈക്കാരനെ കണ്ടു കാര്യങ്ങള്‍ ഒരു വഴിക്ക് ആക്കിയിട്ടു വേണം സാക്ഷാല്‍ കഫീലിനെ മുഖം കാണിക്കാന്‍!

ഇക്കാമ പുതുക്കാനുള്ളവര്‍, നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് വേണ്ടവര്‍ അങ്ങനെ വിവിധ ആവശ്യങ്ങളുമായി എത്തിയവരാണ് എല്ലാവരും ഓരോന്നിനും വ്യത്യസ്ത സംഖ്യയാണ് അയാള്‍ ഈടാക്കുന്നത് ഗവണ്മെന്റ് ചിലവിനേക്കാള്‍ എത്രയോ മടങ്ങ്‌ തുക കൊടുക്കണം കാര്യം സാധിക്കാന്‍. ചുരുക്കി പറഞ്ഞാല്‍ പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വില കൊണ്ട് സുഖമായി ജീവിക്കുന്ന ഒരിനം തേരട്ട വര്‍ഗമാണ് ഒരു വിഭാഗം കഫീല്‍ എന്ന് പറയുന്ന ജീവികള്‍!

കാര്യം ഇവിടെ എത്തിയിട്ട് കൊല്ലം നാലഞ്ചു ആയെങ്കിലും അറബിയില്‍ ഫീ-മാഫീ പോലും പടച്ചവന്‍ കാത്തു നമ്മുടെ ഫൈസലിന് അറിയില്ല അല്ലെങ്കില്‍ തന്നെ അതിനു അവനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം ഇവിടെ എത്തിയ നാള്‍ മുതല്‍ മലയാളികളോടൊപ്പം അല്ലേ അവന്‍ ജോലി ചെയ്യുന്നതും ഒന്നിച്ചു താമസിക്കുന്നതും പിന്നെ എങ്ങനെ അറബി പഠിക്കും? ആളുകള്‍ കുറെ ഒതുങ്ങി ഞങ്ങളുടെ ഊഴം ആകുന്നു ഫൈസല്‍ എന്നെ പതുക്കെ മുന്നിലേക്ക്‌ തള്ളിവിടാന്‍ തുടങ്ങി, ഞാന്‍ വളരെ ബഹുമാനപുരസ്സരം സുദാനിയുടെ അടുത്ത് കാര്യം അവതരിപ്പിക്കാന്‍ തുടങ്ങി “ഹുവ എബ്ഗ രൂഹ് ഇജാസ ദരൂരി അഷാന്‍ സവ്വി ഖുരൂജ്‌ അവദ അലല്‍ ജവാസു” (ഇവന് അത്യാവശ്യമായി നാട്ടില്‍ പോകണം അതുകൊണ്ട് പാസ്പോര്‍ട്ടില്‍ എക്സിറ്റ്‌-റീഎന്‍ട്രി…. അടിക്കണം എന്നാണു ഞാന്‍ ഉദ്ദേശിച്ചത് ശരിയാണോ എന്ന് നിങ്ങള് തീരുമാനിക്കുക) എന്തായാലും സുടാനിക്ക് മനസ്സിലായിട്ടാകണം അയാള്‍ ചോദിച്ചു മീന്ഹു? (ആരാണിവന്‍) എഷിസ്മു (എന്താനിവന്റെ പേര്)? ഇന്തിസാര്‍ ഷുഐയ (കുറച്ചു വെയിറ്റ് ചെയ്യൂ) എന്ന് പറഞ്ഞിട്ട് അയാള്‍ അകത്തേക്ക് പോയി.

കുറേ നേരം കഴിഞ്ഞപ്പോള്‍ എന്തോ വലിയ മല മറിച്ച് വരുന്ന ഭാവത്തില്‍ കസേരയിലേക്ക് കാലും നീട്ടി ഇരുന്നിട്ട് നിന്റെ പാസ്പോര്‍ട്ട്‌ കാണാനില്ല…. അയാളുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. വിവരം ഫൈസലിനോട് പറഞ്ഞു. എന്ത്? പാസ്പോര്‍ട്ട് കാണാനില്ലെന്നോ? അവന്‍ ആകെ അസ്വസ്ഥനായി. അത് അവിടെ തന്നെ കാണും അല്ലാതെവിടെ പോകാന്‍ നമുക്ക് ഒന്ന് കൂടി തിരയാം സുഡാനി ശരിക്ക് നോക്കിയിട്ടില്ലായിരിക്കും ഞാന്‍ അവനെ ആശ്വസിപ്പിച്ചു. അപ്പോഴേക്കും ഞങ്ങളുടെ പിന്നില്‍ രണ്ടു പേരും കൂടി അവശേഷിക്കുന്നുണ്ടായിരുന്നു. സുഡാനി അവരുടെ നേരെ മുഖം ഉയര്‍ത്തി ഞങ്ങള്‍ പിന്നിലേക്ക്‌ മാറി സമയം പോയ്ക്കൊണ്ടേ ഇരുന്നു ഞാന്‍ ആണെങ്കില്‍ വീട്ടില്‍ ശ്രീമതിയോട് വിവരം പറഞ്ഞിട്ടുമില്ലായിരുന്നു ഇതിനിടയില്‍ അവള്‍ പലതവണ വിളിച്ചിരുന്നു ആദ്യം വിളിച്ചപ്പോള്‍ തന്നെ കട്ട്‌ ചെയ്തിട്ട് ഞാന്‍ ഫോണ്‍ സൈലന്റ് മോഡില്‍ വച്ചിരിക്കുകായിരുന്നു ഇവന്മാര്‍ക്ക് നമ്മള്‍ ഹിന്ദികള്‍ അവിടെ നിന്ന് ഫോണ്‍ ചെയ്യുന്നതൊക്കെ കണ്ടാല്‍ ചിലപ്പോള്‍ ഹാലിളകും അത് നമ്മുടെ ഫൈസലിന്റെ കാര്യങ്ങള്‍ക്ക് ഒരു തടസ്സം ആകാതിരിക്കാന്‍ ആണ് അങ്ങനെ ചെയ്തത്. പിന്നില്‍ നിന്ന രണ്ടു പേരുടെ കാര്യം നടന്നിട്ട് സാവധാനം ഒന്ന് കൂടി സുടാനിയോടു പാസ്പോര്‍ട്ട് തിരയുന്നതിനെ പറ്റി പറയാമെന്നു കരുതി ഞങ്ങള്‍ പിന്നിലേക്ക്‌ മാറിയപ്പോള്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ കിടന്നു മുരളുന്നു എടുത്തു വിവരം പറഞ്ഞു, പതിവില്ലാതെ വല്ലാതെ വൈകിയപ്പോള്‍ അവളും മക്കളും ആകെ പേടിച്ചു പോയിരുന്നു.

അങ്ങനെ അവസാനത്തെ ആളും പോയപ്പോള്‍ ഞങ്ങള്‍ വീണ്ടും കാര്യം അവതരിപ്പിച്ചു അയാള്‍ ആകെ അസ്വസ്ഥനായി പുള്ളിക്ക് ഓഫീസ് പൂട്ടി പോകാനുള്ള സമയം അടുത്ത് വരുന്നു…. വളരെ അത്യാവശ്യമാണ് നമുക്ക് ഒന്ന് കൂടി തിരയാം ഞാന്‍ പറഞ്ഞു, താല്‍ ബുക്റ (നാളെ വരൂ) എന്ന് പറഞ്ഞു അയാള്‍ എഴുന്നേല്‍ക്കാന്‍ ഒരുങ്ങി, ഞങ്ങളുടെ അപേക്ഷ കേട്ട് ഒടുവില്‍ ഒന്ന് കൂടി നോക്കാമെന്നു സമ്മതിച്ചു ഞങ്ങളെയും അകത്തേക്ക് വിളിച്ചു അങ്ങനെ തിരച്ചില്‍ തുടങ്ങി എത്രയോ പാസ്പോര്‍ട്ടുകള്‍ ആണ് അലക്ഷ്യമായി മേശയുടെ ഉള്ളിലും പുറത്തുമായി ചിതറി കിടക്കുന്നത്, ഇവിടെ നിന്നും പാസ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടില്ലെന്കിലെ അത്ഭുതമുള്ളൂ എന്ന് ഞാന്‍ കരുതി, ബദുവിന് ഉണ്ടോ പാസ്പോര്‍ട്ടിന്റെ വില അറിയൂ? ഇതിനിടയില്‍ ബംഗാളി ഓഫീസ്‌ ബോയിയെ കാര്യം ഏല്‍പ്പിച്ചിട്ട് സുഡാനി സ്ഥലം വിട്ടിരുന്നു, അവനു പക്ഷെ പേടി അവന്‍ പറഞ്ഞു കഫീലിനെ കാണാന്‍; അങ്ങനെ ഞങ്ങള്‍ കഫീലിനെ കാണാന്‍ വേണ്ടി അയാളുടെ ഓഫീസിലേക്ക് പോകാന്‍ തീരുമാനിച്ചു. രണ്ടാം നിലയിലാണ് അയാളുടെ ഓഫീസ്‌ അവിടെ ചെന്ന് വാതിലില്‍ മുട്ടി, താല്‍… അകത്തുനിന്നു ഇടിമുഴക്കം പോലുള്ള ഒരു ശബ്ദം ഞങ്ങള്‍ അകത്തു കടന്നു കഫീലിനെ കൂടാതെ മറ്റു രണ്ടു പേരും ആ മുറിയില്‍ ഉണ്ടായിരുന്നു മൂന്നുപേരുടെയും കൈയില്‍ ഹുക്കയുടെ കുഴല്‍. അത് വലിച്ചു ആകെ അതിന്റെ ഹരത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു അവര് മൂന്നു പേരും ഞങ്ങളെ കണ്ടതും ഇഷ്എബ്ഗ? (എന്തുവേണം) കഫീല്‍ ചോദിച്ചു കാര്യമൊക്കെ വിശദീകരിച്ചപ്പോള്‍ ബന്ഗാളിയെ വിളിച്ചിട്ട് ഒന്ന് കൂടി തിരയാന്‍ പറഞ്ഞു. ഞങ്ങള്‍ തിരഞ്ഞു മടുത്തു അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോള്‍ ഉണ്ട് ഒരു മൂലയില്‍ പൊക്കമുള്ള ഒരു ഫയല്‍ ഷെല്‍ഫ്ന്റെ അടിയില്‍ നീല നിറം കാണുന്നു ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി അത് മൂന്നു-നാല് പാസ്പോര്‍ട്ടുകള്‍ ആയിരുന്നു പൊക്കം വ്യത്യാസമുള്ള ആ വലിയ അലമാരയുടെ കാലിന്റെ ബാലന്‍സ് ശരിയാക്കി ഇളക്കം തീര്‍ക്കാന്‍ അടുക്കി അതിന്റെ കാലിനടിയില്‍ തിരുകി വച്ചിരിക്കുകയാണ്. വളരെ ആയാസപ്പെട്ട് ഞങ്ങള്‍ മൂന്നുപേരും കൂടി ഒരുതരത്തില്‍ അവയെല്ലാം പുറത്തെടുത്തു നോക്കുമ്പോള്‍ അതിലൊന്ന് ഫൈസലിന്റെ പാസ്പോര്‍ട്ട് ആണ്!

Advertisements