ബ്രിട്ടനേയും ഫ്രാൻസിനെയും പിന്തള്ളി ഇന്ത്യ അഞ്ചാമത്തെ സാമ്പത്തികശക്തിയാകാൻ പോകുന്നെന്നു കേൾക്കുമ്പോൾ വളരെ അഭിമാനംതോന്നാം.ലോകത്തിലെ ഏറ്റവും വലിയ റേറ്റിംഗ് സ്ഥാപനങ്ങളില്‍ ഒന്നായ പിഡബ്യൂസിയുടെ ഏറ്റവും പുതിയ സമ്പദ്ഘടന റാങ്കിംഗിലാണ് ഇന്ത്യയുടെ ശുഭഭാവി പ്രവചിക്കുന്നത്.ലോക ബാങ്കിന്‍റെ 2017 ലെ റാങ്കിങ് പ്രകാരം ഇന്ത്യ ലോകത്തെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്ഘടനയാണ്. ഭരണകൂട അനുകൂലികൾ കരുതിയേക്കും നമ്മൾ ആ രണ്ടുരാജ്യങ്ങളെയും പുറന്തള്ളി അതിനേക്കാൾ സൂപ്പർ പവർ ആകാൻ പോകുന്നു എന്ന്. പക്ഷെ ദേശീയവരുമാനത്തിൽ നിന്നും പ്രതിശീർഷവരുമാനം വീതിക്കുമ്പോൾ അവർക്കു അഞ്ചോ ആറോ കോടി ജനങ്ങളെ കുറിച്ചുമാത്രം ചിന്തിച്ചാൽ മതിയാകും. നമുക്ക് 130 കോടി ജനങ്ങളെ കുറിച്ച് അന്തവും കുന്തവും ഇല്ലാതെ ചിന്തിക്കണം. അതിൽ തന്നെ ഏതാനും കുറച്ചുപേർ നല്ലൊരു ശതമാനം സമ്പത്തു കയ്യടക്കുകയും കൂടി ചെയുമ്പോൾ കണക്കുകളിൽ വലിയവലിയ കാര്യമില്ല എന്ന് മനസിലാകും.

.അഴിമതിയും കെടുകാര്യസ്ഥതയും മെല്ലെപ്പോക്കും രാഷ്ട്രീയക്കാരുടെയും ജനങ്ങളുടെയും മുരടിച്ച മനോഭാവവും നമ്മെ തളർത്തി. നമ്മുടെ ഒരൊറ്റ നഗരവും ചൈനീസ് നഗരങ്ങളോട് കിടപിടിക്കുന്നില്ല. വൃത്തിഹീനവും ചേരിബാഹുല്യവും ദുർഗന്ധപൂരിതവും ആയ നഗരങ്ങൾ ചന്ദ്രനിലും ചൊവ്വയിലും പര്യവേഷണം നടത്തിയ ഒരു രാജ്യത്തിന് ഇക്കാലത്തു അപമാനകരം തന്നെയാണ്. നഗരങ്ങൾ രാജ്യത്തിന്റെ മുഖമാണ്. ഒരു വ്യക്തിയുടെ മുഖമാണ് ആദ്യം മറ്റുള്ളവർ നോക്കുന്നതെന്നപോലെ ഒരു രാജ്യത്തിൻറെ നഗരങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലെന്നു പറഞ്ഞ മഹാനെ ഓർത്തുകൊണ്ട് ഗ്രാമാന്തരങ്ങളിലൂടെ ഒരു ട്രെയിൻ സഞ്ചാരം നടത്തിയാൽ മനസിലാകും ആ ആത്മാവ് വരണ്ടുണങ്ങിയ തൊണ്ടയുമായി, പട്ടിണി ബാധിച്ച ഉദരവുമായി അലയുകയാണെന്ന്.

.ഉപഗ്രഹവിക്ഷേപങ്ങൾ നടത്തുമ്പോൾ അതിലെ കത്തിജ്വലിക്കുന്ന ഇന്ധനവെളിച്ചത്തിൽ നമ്മുടെ ചേരികൾ തെളിയുമ്പോൾ നാണക്കേടുണ്ടായിട്ടുകാര്യമില്ല. വൻ കായികമാമാങ്കങ്ങൾ സംഘടിപ്പിക്കുമ്പോൾ ദാരിദ്ര്യത്തെ മതിലുകെട്ടി മറച്ചുപിടിക്കുന്നതിൽ അർത്ഥമില്ല, പലതിലും മുന്നിലാകുമ്പോഴും വിലപിക്കുന്ന ജനം ഒട്ടും ആശ്വാസകരമല്ല . വൈവിധ്യങ്ങൾ പോലെ വൈരുദ്ധ്യങ്ങളുടെയും നാടാണ് ഇന്ത്യ . എന്നാൽ ഞാൻ മേല്പറഞ്ഞ ആന്തരിക വൈരുദ്ധ്യങ്ങൾ നമുക്ക് അപമാനകരം തന്നെ.ഏതൊരു കാര്യമെടുത്താലും ഇന്നും അരനൂറ്റാണ്ട് പിന്നിലാണ് ഇന്ത്യയുടെ യാത്ര. ഉപരിതലഗതാഗതസൗകര്യങ്ങൾ ആണെകിൽ പരിതാപകരം. ഉലകംചുറ്റും വാലിബൻ ലോകത്തെയൊരു വൻശക്തിയുടെ അധിപനെന്ന നാട്യത്തിൽ നെഞ്ചുംവിരിച്ചു ഓരോ രാജ്യങ്ങളിൽ പോകുന്നുണ്ടല്ലോ അവിടത്തെ നഗരങ്ങൾ കാണുന്നില്ലേ, സൗകര്യങ്ങൾ കാണുന്നില്ലേ ? പൊട്ടകിണറ്റിൽ കിടക്കുന്ന അണികൾ കരുതുന്നത് ഇന്ത്യ സ്വർഗ്ഗം എന്നാണ്.

.കർഷകർക്ക് വിലയില്ലാത്ത ഇന്ത്യ. കാർഷികവൃത്തി ആകട്ടെ യന്ത്രവത്കൃതമല്ലാതെ അപരിഷ്കൃതം ആയിത്തുടരുന്നു. സൈനികരേക്കാൾ മാനിക്കപ്പെടേണ്ടത് കർഷകരെന്ന് പലപ്പോഴും അറിയാതെപോകുന്നു. അവർ ചെയ്യുന്ന സേവനത്തിനെ അംഗീകരിക്കാനോ ആദരിക്കാനോ തയ്യാറാകാത്ത ജനങ്ങൾ ആണ് ഇന്ത്യക്കാർ. ഒരു ജോലിയെന്ന നിലയിൽ തിക്കിത്തിരക്കി മിലിട്ടറിയിൽ കയറിപ്പറ്റുമ്പോൾ ശമ്പളം, ആനുകൂല്യങ്ങൾ, പെൻഷൻ…ഇങ്ങനെ പലപല ഗുണങ്ങൾ കിട്ടുന്നു. ഫീൽഡിലെ അപകടങ്ങൾ നൽകുന്ന അരക്ഷിതാവസ്ഥ ചില സന്ദർഭങ്ങളിൽ വലുതാണെങ്കിലും ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെല്ലുവിളികൾ നിറഞ്ഞതല്ലാത്തതുകൊണ്ടു പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാൽ ഒരു കർഷകന്റെ ജീവിതം എത്രയോ ദുരിതമാണ്. ഇന്ത്യയുടെ ഭൂഭാഗം മുഴുവൻ കൃഷി ഒരു യുദ്ധത്തേക്കാൾ ഭീകരമാണ്. ആ യുദ്ധത്തിൽ പരാജയപ്പെട്ടു ആത്മഹത്യയിലൂടെ വീരമൃത്യു പൂകുന്നവർക്കായി ഒരു ദേശീയഗാനങ്ങളും മുഴങ്ങുന്നില്ല, ഒരു ആചാരവെടിയും മുഴങ്ങുന്നില്ല .

Rajesh Shiva

അനുകൂല്യങ്ങളുടെയും പണത്തിന്റെയും ഒരു ഒഴുക്കും അവന്റെ കുടുംബത്തിലേക്ക് ഉണ്ടാകുന്നില്ല. 120കോടിയെ തീറ്റിപ്പോറ്റുന്ന നന്ദി ആരും നൽകുന്നില്ല, വീരപുത്രൻ എന്ന് ഒരു ചാനലുകളും നാട്ടുകാരും വാഴ്ത്തുന്നില്ല. കർഷകരാണ് രാജ്യത്തിൻറെ പടയാളികൾ. അവർ മണ്ണിനോട് യുദ്ധം ചെയ്യുന്നവരാണ്, കാലാവസ്ഥയോടു യുദ്ധം ചെയ്യുന്നവരാണ് . അവരുടെ ആയുധങ്ങൾ വെടിയുതിർക്കുന്നവയല്ല, അധ്വാനം ഉതിർക്കുന്നവയാണ്. വിളയിച്ചെടുത്തവയ്ക്ക് അർഹതപ്പെട്ട വിലകിട്ടാതെ ഇടനിലക്കാരുടെ ചതിയുടെ മൈൻപാടങ്ങളിൽ മനസു പൊട്ടിച്ചിതറേണ്ടി വന്നവരാണ്. കണ്ണടച്ചുറങ്ങുന്ന സർക്കാർ സംവിധാനങ്ങളുടെ നിസംഗതയിൽ വിണ്ടുകീറിയ പാടങ്ങളിൽ ഒരു ദിവസവും ആയിരംതവണ കാർഷികവൃത്തിയെ ശപിക്കുന്നവരാണ്.

മണ്ണിനോടും കാലാവസ്ഥയോടും ഇടനിലക്കാരോടും പോരാടി ഇന്നുവരെ ലക്ഷക്കണക്കിനു കർഷകർ ആത്മഹത്യ ചെയ്തപ്പോൾ ആരാണ് രാജ്യത്തിനുവേണ്ടി കൂടുതൽ വീരമൃത്യു പൂകുന്നതെന്ന് നമ്മൾ മനസിലാക്കിയിരിക്കണം പരമ്പരകളുടെ ദുരിതങ്ങൾ പേറി അവർക്കിനിയും ജീവിക്കാൻ മനസില്ല. കർഷകമുന്നേറ്റങ്ങൾ രാജ്യമെമ്പാടും ഉണ്ടാകട്ടെ. പട്ടാളക്കാരെ ഓർത്തു കരയുന്നപോലെ 750 കിലോ ഉള്ളിക്ക് ലഭിച്ച 1064 രൂപ മോദിക്ക് അയച്ച കർഷകനെ ഓർത്തു നമ്മളിനി എന്ന് കരയാനിരിക്കുന്നു ?

ഗ്ലോബൽ ഫയർപവർ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്രലിസ്റ്റിൽ ഇന്ത്യ ഇന്ന് ലോകത്തെ നാലാമത്തെ വലിയ സൈനികശക്തിയാണ്. ഒരുകാലത്തു നമ്മെ അടക്കി ഭരിച്ച ബ്രിട്ടൻ പോലും നമ്മുടെ പിറകിലാണ്. രണ്ടാംലോകമഹായുദ്ധ കാലത്തെ ഏറ്റവുംവലിയ ശക്തികളായിരുന്ന ഫ്രാൻസ്, ജർമ്മനി, ജപ്പാൻ ഒക്കെ ഇന്ത്യയേക്കാൾ പിന്നിലാണ് . മുന്നിലുള്ളത് അമേരിക്ക, റഷ്യ, ചൈന മാത്രം. പക്ഷെ ചൈനയാണ് നമ്മുടെ മുഖ്യശത്രു. അവരാകട്ടെ അമേരിക്കയോടാണ് മത്സരിക്കുന്നത്. എന്തൊക്കെയുണ്ടെന്നു നമ്മൾ പറഞ്ഞാലും ചൈനയോട് പോരാടാൻ ഒരുപാട് നമ്മൾ വളരേണ്ടിയിരിക്കുന്നു. സാമ്പത്തികമായാലും സൈനികമായാലും നമ്മുടെ സാഹചര്യങ്ങളിൽ ഈ കണക്കുകൾ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നാണ് നോക്കേണ്ടത്. ഇല്ല എന്നതാണ് ഒറ്റവാക്കിൽ ഉത്തരം. ഒന്നുമില്ലായ്മയിൽ നിന്നും നമ്മൾ ഇതുവരെ എത്തിയില്ലേ എന്ന് ചോദിച്ചാൽ സാമ്പത്തികത്തിലും വികസനത്തിലും ജനക്ഷേമത്തിലും ഇപ്പോൾ നേടിയതിന്റെ മൂന്നിരട്ടി എങ്കിലും വികസിക്കേണ്ടതായിരുന്നു.

കേരളം ഒഴികെ നോക്കിയാൽ ജനങ്ങൾക്ക് നല്ലതുപോലെ വസ്ത്രം ധരിക്കാൻ പോലും അറിയില്ല. മുഷിഞ്ഞു നാറിയ ദരിദ്രനാരായണന്മാർ, റെയിൽവേ ട്രാക്കിൽ അപ്പിയിടുന്ന ജനത. കക്കൂസ്‌ ഇല്ലാത്തതിന്റെ പേരിൽ പറമ്പിൽ കാര്യംസാധിക്കാൻ പോയ പെൺകുട്ടികളെ റേപ്പ് ചെയ്തുകൊന്നു കെട്ടിത്തൂക്കുന്നവരുടെ ഇന്ത്യ. ബീഫ് തിന്നുന്നവരെ കൊല്ലുന്ന കാട്ടാളന്മാരുടെ ഇന്ത്യ.. ഒരു പ്രാകൃതസംസ്കാരത്തിന്റെ പേര് പറഞ്ഞു വാനരന്മാർ അഴിഞ്ഞാടുന്ന ഇന്ത്യ. നൂറ്റാണ്ടുകൾ പിന്നിലേക്ക് ജനങ്ങളെ കൈപിടിച്ച് നടത്താൻ വെമ്പുന്നവർ ഭരിക്കുന്ന ഇന്ത്യ.

നമ്മുടെ വികസനത്തെ മുരടിപ്പിക്കുന്നത് നൂറ്റാണ്ടുകളായി നമ്മുടെ ജനിതകത്തിൽ വേരുപിടിച്ചിരുന്ന നമ്മുടെ സംസ്‌കാരബോധം തന്നെയാണ്. അമേരിക്കൻ യുവതി ചൊവ്വയിൽ പോകാൻ തയ്യാറെടുക്കുമ്പോൾ നമ്മുടെ യുവതികൾ ചൊവ്വാദോഷത്തെ ഭയന്ന് ജീവിക്കുന്നു.

സംസ്കാരം പുഴുങ്ങിയാൽ വയർ നിറയില്ല. യൂറോപ്പിനെയും ചൈനയെയും അമേരിക്കയെയും കണ്ടുപഠിക്കാൻ ഇതുവരെ ആയിട്ടില്ല. ഇവിടെ നല്ലൊരു പൗരസമൂഹം വളർന്നിട്ടില്ല. ഉള്ളതോ അക്രമികൾ ആയ ആൾക്കൂട്ടങ്ങൾ. എങ്ങനെ വളരും ഈ നാട് ? എവിടെയാണ് വളർച്ച ?. എന്തൊക്കെയോ കാണിക്കുന്നു വളർച്ച എന്നപേരിൽ. അപ്പോൾ മറ്റു രാജ്യങ്ങളുടെ വളർച്ചയെ, അവിടങ്ങളിലെ ജനജീവിതത്തെ കണ്ടാൽ ഭരണാനുകൂലികൾ ഞെട്ടുമല്ലോ.

വളർച്ച നിരക്ക് കൂടെയെന്നുപറയുമ്പോൾ ആരുടെ പോക്കറ്റിന്റെയെന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഇവിടത്തെ സമ്പന്നന്റെ വളർച്ചയിൽ പാവപ്പെട്ടവനെന്തു ഗുണം ? വൻതുകകൾ ബാങ്ക് ലോണെടുത്തു മുങ്ങുന്ന വ്യവസായികൾ ഒരു തുടർക്കഥയാകുന്നു. സാധാരണക്കാരൻ ചെറിയ തുകയ്ക്ക് ലോണെടുത്തിട്ടു അടയ്ക്കാൻ കഴിയാതെ വന്നാൽ അവനെ സ്വന്തം വീട്ടിൽ നിന്നും കുടിയിറക്കിവിടുന്നു. ഇതര അസമത്വങ്ങളുടെ ലോകതലസ്ഥാനമാണ് നിലവിൽ ഇന്ത്യ. ജനങ്ങൾക്കും ഭരണാധികാരികൾക്കും പുരോഗമനം ഇല്ലെങ്കിൽ രാജ്യം വികസിക്കില്ല. കണക്കുകളിൽ അല്ല കാഴ്ച്ചയിൽ കൂടി വികസനം ഉണ്ടാക്കണം. ജനങ്ങളുടെ മുഖത്ത് പുഞ്ചിരിയുടെ വികസനമുണ്ടാകണം. അതാണ് രാജ്യത്തിൻറെ യഥാർത്ഥ വികസനം.

Advertisements