പത്തൊൻപതാം നൂറ്റാണ്ട് പ്രേക്ഷാഭിപ്രായങ്ങൾ
Shaiju R RS
വിനയൻ എന്ന ക്രാഫ്റ്റ്സ്മാന്റെ വൻ തിരിച്ചു വരവ് – പത്തൊൻപതാം നൂറ്റാണ്ട്. വിലക്കുകളൊക്കെ ഭേദിച്ച് മികച്ച ടെക്‌നിക്കൽ ടീമിനൊപ്പം ചേർന്ന് വിനയൻ സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ടും മികച്ച ട്രെയിലറും പാട്ടുകളും ഒക്കെ കണ്ട പ്രതീക്ഷയിലുമാണ് പടം ആദ്യത്തെ ഷോ തന്നെ കേറി കണ്ടത്.
പ്രതീക്ഷ അല്പം പോലും തെറ്റിയില്ല… എല്ലാ മേഖലയിലും 100% ക്വാളിറ്റി പുലർത്തിയ ഗംഭീര ഹിസ്റ്റോറിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം .തിരുവിതാംകൂറിൽ 1800 കളിലുണ്ടായിരുന്ന ജാതീയമായ വേർതിരിവുകളും കീഴാളരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ആറാട്ടുപുഴ വേലായുധ ചേവകരുടെ ജീവിതവുമൊക്കെ ബ്രഹ്മാണ്ഡമായി തന്നെ അവതരിപ്പിക്കുകയാണ് ഈ സിനിമയിലൂടെ.പെർഫോമൻസിൽ ഞെട്ടിച്ചത് സിജു വിൽസൻ തന്നെയാണ്. ബോഡി ട്രാൻസ്ഫർമേഷൻ ആയാലും ഡയലോഗ് ഡെലിവറി ആയാലും നമുക്ക് ഇന്ന് വരെ അറിയാവുന്ന സിജുവിനെ അല്ല പത്തൊൻപതാം നൂറ്റാണ്ടിൽ കണ്ടത്. ശെരിക്കും ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു സ്ക്രീനിൽ ജീവിക്കുകയായിരുന്നു . ചെമ്പൻ വിനോദ് , അനൂപ് മേനോൻ , സുരേഷ് ക്രിഷ്ണ , ദീപ്തി സതി , തുടങ്ങിയവരൊക്കെ തങ്ങളുടെ റോളുകൾ ഭംഗിയാക്കി.ഛായാഗ്രാഹകൻ ഷാജി കുമാർ തന്റെ ജോലി ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഫ്രെയിംസ് എല്ലാം ഒന്നിനൊന്ന് മനോഹരം.
മികച്ച തിരക്കഥ കൊണ്ടും ഗംഭീര മേക്കിങ് കൊണ്ടും വിനയൻ സാറിന്റെ ഒരു വമ്പൻ തിരിച്ചു വരവ് തന്നെയാണ് 19 ആം നൂറ്റാണ്ട്. നമ്മുടെ ദേശത്തിന്റെ ചരിത്രം എന്ന നിലയിലും രണ്ടര മണിക്കൂർ എൻജോയ് ചെയ്ത് തന്നെ കാണാവുന്ന ഒരു മികച്ച സിനിമ എന്ന നിലയിലും ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.
***
Rahul Vijayan
‘പത്തൊമ്പതാം നൂറ്റാണ്ട് ‘എന്ന ഏറ്റവും പുതിയ വിനയന്‍ ചലച്ചിത്രത്തിന്റെ ഒടുക്കമെത്തിയപ്പോഴേക്കും ഉള്ള് പിടഞ്ഞുകൊളുത്തിവലിച്ചുപോയി..! ഒരു സിനിമയുടെ peripheral climax അതിന്റെ ടോട്ടാലിറ്റിയുടെ തന്നെ ഗ്രാഫ് ഉയര്‍ത്തുന്ന അത്യപൂര്‍വ്വ കാഴ്ച്ചയ്ക്കാണ് ഞാന്‍ സാക്ഷിയായത്.!സമീപകാലത്ത് പുറത്തുവന്ന കായംകുളം കൊച്ചുണ്ണി , മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം .. എന്നീ പിര്യോഡിക് സിനിമകളേക്കാളും ഏറെ ചരിത്രപിന്‍ബലവും ഗൃഹപാഠകൃത്യതയും അവകാശപ്പെടാവുന്ന ചലച്ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്..! കേരളസംസ്കാരത്തെക്കുറിച്ച് അതിന്റെ പൊള്ളയായ പാരമ്പര്യ മഹിമയെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ക്കുള്ള തിരിച്ചറിവിന്റെ ചൂരല്‍ക്കഷായം കൂടിയാണ് ഈ വിനയന്‍ ചിത്രം.! ഛായാഗ്രഹണം , പശ്ചാത്തലസംഗീതം , കലാസംവിധാനം തുടങ്ങിയ ഓരോ മേഖലയിലും മികവുപുലര്‍ത്തിയിട്ടുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ അഭിനേതാക്കളുടെ പ്രകടനമികവും പ്രത്യേകം എടുത്ത് പറയപ്പെടേണ്ടതാണ്..! എല്ലാറ്റിലുമുപരിയായി കഴിവുണ്ടെങ്കിലും ‘ premature & Over doing ‘ ശീലമാക്കിയിരുന്ന വിനയന്‍ എന്ന സംവിധായകന്‍ പക്വമതിയായ ഒരു ഫിലിംമേക്കറായി .., പത്തൊമ്പതാം നൂറ്റാണ്ടിലൂടെ തന്നെ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും സവിശേഷമായ സംഗതി.!വിനയനും കൂട്ടര്‍ക്കും അഭിമാനിക്കാം ., ആറാട്ടുപുഴ വേലായുധപ്പണിക്കരും , നങ്ങേലിയുമൊക്കെ വിമോചനത്തിനായും സമത്വത്തിനായും സ്വജീവിതം ഹോമിച്ച.. കേരളത്തിലെ പത്തൊമ്പതാംനൂറ്റാണ്ട് നിങ്ങള്‍ പുനസൃഷ്ടിച്ചിരിക്കുന്നു ..!പ്രേക്ഷകരെ അതനുഭവിപ്പിച്ചിരിക്കുന്നു .! ഈ ചലച്ചിത്രം ഒരു വലിയ വിജയമായി തീരട്ടെ എന്നാശംസിക്കുന്നു..!
***
Sanal Kumar Padmanabhan
മലയാളക്കരയുടെ ചരിത്രത്തിൻ്റെ ഭാഗമായി നിലനിന്നിരുന്ന കരി നിയമങ്ങൾ ആയ അയിത്തവും, മുലക്കരവും , മീശക്കരവും, വലക്കരവും തുടങ്ങി കീഴാളൻമാരോട് ആചാരത്തിൻ്റെ പേരിൽ മേൽജാതിക്കാർ പുലർത്തി വന്നിരുന്ന അനാചാരങ്ങളെ ഒക്കെ കണ്ടു അനുഭവിച്ചറിഞ്ഞു തിരുവിതാംകൂറിലൂടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലൂടെ ഒരു കിടിലൻ യാത്ര പോകാൻ താല്പര്യം ഉണ്ടെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ .ഈ അനാചാരങ്ങൾക്ക് എതിരേ താഴ്ന്ന ജാതിക്കാർക്ക് വേണ്ടി പോരാടാൻ എന്നും മുന്നിട്ടു നിന്നിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരും, നങ്ങേലിയും, കായംകുളം കൊച്ചുണ്ണിയുടെ ഇത് വരെ ആരും പറയാത്ത ജീവിത കഥയുടെ അവതരണവും നമ്മുടെ കാഴ്ചകളെ വിസ്മയം കൊള്ളിക്കുക തന്നെ ചെയ്യും .സാങ്കേതികമായി വളരേ മികച്ചു നിൽക്കുന്ന സിനിമയുടെ എഡിറ്റിങ്ങും, ചായാഗ്രഹണവും, പഴയ കാലത്തെ അതെ പടി പറിച്ചു നട്ട ആര്ട്ട് ഡയറക്ഷൻ ഡിപ്പാർട്മെന്റും, തീപ്പൊരി ഫൈറ്റ് സൃഷ്ടിച്ച ഫൈറ്റ് മാസ്റ്റേഴ്‌സും പ്രത്യേക പരാമർശം അർഹിക്കുന്നു.
പ്രകടനങ്ങളിൽ എല്ലാവരും ഒരുപോലെ ആത്മാർഥമായി തന്നെ തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.ജോർജിനും കൂട്ടുകാർക്കും കോളേജ് പ്രോഗ്രാമിന് ഡാൻസ് കളിയ്ക്കാൻ ” ഈ നാടോടി നൃത്തം ഒന്നും ഞാൻ ചെയ്യില്ലാട്ടോ” എന്നും പറഞ്ഞു വന്ന ഒരു നിഷ്കളങ്കൻ പയ്യൻ ജോജോ വിൽ നിന്നും വെറും ഏഴു വർഷങ്ങൾ കൊണ്ട് ധീരത കൊണ്ടും ആയുധ വൈഭവം കൊണ്ടും തിരുവിതാംകൂർ രാജാവിന്റെ വരെ പ്രശംസക്ക് പാത്രമായ വേലായുധ പണിക്കർ ആയി മാറിയ സിജു വിൽസന്റെ പ്രകടനത്തെ അതിഗംഭീരം എന്നേ വിശേഷിപ്പിക്കാനാവു .പടവീടാൻ നമ്പി ആയി വേഷമിട്ട സുദേവും,നങ്ങേലി ആയി വരുന്ന Kayadu Lohar ഉം കയ്യടി അർഹിക്കുന്നു.പിന്നെ വിനയൻ……തന്റ കഴിവിൽ വിശ്വസിച്ചു പണം ഇറക്കുന്ന നിർമാതാവും, താൻ പ്രതീക്ഷിക്കുന്ന ഔട്ട്പുട് നൽകുന്ന ടെക്നീഷ്യന്മാരും അഭിനേതാക്കളും കട്ടക്ക് കൂടെ നിന്നാൽ അത്ഭുതങ്ങൾ തീർക്കാനുള്ള തന്റെ പ്രതിഭക്കു ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു അയാൾ വീണ്ടും തെളിയിക്കുകയാണ്.