പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനത്തിൽ തീയ്യേറ്ററുകളിൽ
അയ്മനം സാജൻ
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീ ഗോകുലം മൂവിസിന്റെ വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബർ 8ന് തീയ്യേറ്ററുകളിലെത്തും. ഗോകുലം ഗോപാലൻ നിർമ്മിച്ച പാൻ ഇന്ത്യൻ മെഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്.
സംവിധായകൻ വിനയൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം തീയ്യേറ്ററുകളിലെത്തും. ഓണത്തിന് എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

സംവിധായകൻ വിനയന്റെ ഫേസ് ബുക്ക് പോസ്റ്റിലേക്ക്: “പത്തൊൻപതാം നുറ്റാണ്ട്” സെപ്തംമ്പർ 8 ന് തിരുവോണ നാളിൽ തീയറ്ററുകളിൽ എത്തുകയാണ്. മലയാളം കൂടാതെ തമിഴ് , തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ റിലീസു ചെയ്യുന്ന ചിത്രം 1800 കാലഘട്ടത്തിലെ സംഘർഷാത്മകമായ തിരുവിതാംകുർ ചരിത്രമാണ് പറയുന്നത്. ആക്ഷൻപാക്ഡ് ആയ ഒരു ത്രില്ലർ സിനിമയായി വരുന്ന പത്തൊൻപതാം നൂറ്റാണ്ട് സിജു വിത്സൺ എന്ന യുവനടൻെറ കരിയറിലെ മൈൽ സ്റ്റോൺ ആയിരിക്കും എന്ന കാര്യത്തിൽ എനിക്കു തർക്കമില്ല. ചിത്രം കണ്ടു കഴിയുമ്പോൾ പ്രേക്ഷകരും അത് ശരിവയ്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വലിയ ക്യാൻവാസിലുള്ള ഫിലിം മേക്കിംഗും, ശബ്ദമിശ്രണവും തീയറ്റർ എക്സ്പിരിയൻസിന് പരമാവധി സാദ്ധ്യത നൽകുന്നു.എം ജയച്ചന്ദ്രൻെറ നാലു പാട്ടുകൾക്കൊപ്പം സന്തോഷ് നാരായണൻെറ മനോഹരമായ ബാക്ഗ്രൗണ്ട് സ്കോറിംഗ് മലയാളത്തിൽ ആദ്യമായെത്തുകയാണ്. സുപ്രീം സുന്ദറും രാജശേഖറും ചേർന്ന് ഒരുക്കിയ ആറ് ആക്ഷൻ സീനുകളും ഏറെ ആകർഷകമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം എൻെറ സിനിമകളിൽ ഏറ്റവും വലിയ പ്രോജക്ടാണ്. അത് പ്രേക്ഷകർക്ക് പരമാവധി ആസ്വാദ്യകരമാകും എന്നു പ്രതീക്ഷിക്കുന്നു. നല്ലവരായ എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹാശിസ്സുകൾ പ്രതീക്ഷിക്കുന്നു.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമ്മാതാക്കൾ വി.സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.