പാത്തൂന്റെ പാസ്‌ – നര്‍മ്മകഥ

345

pathuഎന്റെ കുട്ടികാലത്ത്  എന്റെ ഗ്രാമത്തില്‍ റേഷന്‍ കട നടന്നിരുന്നത് സെന്ററിലുള്ള ഞങ്ങളുടെ മൂന്നു മുറി കെട്ടിടത്തിലായിരുന്നു. കട നടത്തിയിരുന്നത് മുഹമ്മദ്‌ കുട്ടി എന്ന മയമുട്ടി.  ആദ്യ മുറിയില്‍ അഗതി വിലാസം … ഹോട്ടല്‍ പോഹാളിയ എന്നൊക്കെ നാട്ടുകാര്‍ ഓമന പേരിട്ടു വിളിക്കുന്ന ഞങ്ങളുടെ ചായക്കട. രണ്ടാമത്തേതില്‍ റേഷന്‍ കട .. മൂന്നാമത് മുറി റേഷന്‍ കടയുടമ തന്നെ നടത്തുന്ന പലചരക്ക് കട(ഇറക്കുന്ന റേഷന്‍ സാധനങ്ങള്‍ മുഴുവന്‍ വില്കുന്നത് ഈ കടയിലൂടെ എന്ന് നാട്ടില്‍ തൌധാരം) .

ആ പ്രദേശത്തെ  ഏക ഷോപ്പിംഗ്‌ കോംപ്ളക്സ് ഇത് മാത്രമായതിനാല്‍ ഒരു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥാവകാശം അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക് .  റേഷന്‍ കട മയമുട്ടി ഒരു സരസന്‍. വഴിയെ പോകുന്ന എന്തും ഏതും മയമുട്ടി കൈവെക്കും.  ചായ്കട ബെഞ്ചില്‍ റേഷന്‍ കട ഭാഗത്തേക്ക് തിരിഞ്ഞിരുന്നു പത്രം വായിക്കുന്ന അച്ഛന്റെ പൊക്കാന്‍ ആകാത്ത കുമ്പ നോക്കി

‘” നായരച്ചാ .. സര്‍ക്കാര്‍   റേഷന്‍ പീടിക വാടക ഇങ്ങക്ക് തര്നത്  നാട്ടാര്ക് പച്ചരി ബാങ്ങാന്‍ നിക്കാള്ള സ്ഥലത്തിനാ. അബടെ കേറ്റി ഇങ്ങടെ പള്ള പരത്തീടാനല്ല ” എന്ന് ഒരു താക്കീത്.

സ്ഥലത്തെ പ്രധാന പയ്യന്‍സ് ആണ് കാദര്‍ എന്ന് വിളിക്കുന്ന അബ്ദുല്‍ ഖാദര്‍.  ഗ്രാമത്തില്‍  കോളേജില്‍ പോകുന്ന രണ്ടു മെമ്പറില്‍ ഒരാള്‍ ആയതിനാല്‍ എന്തിനും തര്‍ക്കുത്തരം… റെഡി ഉത്തരം .  ഒരു നാള്‍ ആനകുട മുറിച്ചു തയ്ച്ച പോലൊരു കുപ്പായവും താടിയും കഴിഞ്ഞു താഴോട്ടു വളച്ച മീശയും പേറി കടന്നു പോയ കാദറിനെ കണ്ടു മയമുട്ടി ചോദിച്ചു.

”  ഇന്ന് എബടടാ എയുന്നള്ളിപ്പ്..? തറച്ചു നോക്കിയ കാദരിനോട് വീണ്ടും …. അന്റെ കൊമ്പും നെറ്റിപട്ടോം കണ്ടു ശോയിച്ചതാ…? ”

ഉത്തരം ഉടന്‍ വന്നു ” ഇന്ന് ഇങ്ങടെ ബീടര്ടെ രണ്ടാം കേട്ടാ… അയിന്റെ എയുന്നള്ളിപ്പിനു പോകാ …ഇങ്ങളും ബരീന്‍ ‘”

ഉത്തരം സുഖിച്ച ശ്രോതാവ് വെടി വാസു ചോദിച്ചു  ” ആരാ കാദറോ  പുയ്യാപ്ല ..?

“ഓര്ടെ പണ്ടത്തെ പറ്റാരന്‍ തന്നെ ..ബീരാന്‍. ”

മുഖത്ത് എന്തോ വീണു പൊട്ടിയ പോലെ മയമുട്ടി സ്വയം പറഞ്ഞു ” ഹറാം പെറപ്പാ … ഒരു കാര്യം തവധരിക്കാന്‍ കൊള്ളൂല “.

എന്നിട്ട്ട് മുഖം മറ്റാരും കാണാതിരിക്കാന്‍ പത്രം നിവര്‍ത്തി ചരമ വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങി  . കലി അടങ്ങുന്നില്ല . തരിഞ്ഞു കടക്കു മുന്നിലിരുന്നു ബീഡി ഈച്ചയ്ക്ക് വെച്ച് കളിക്കുന്ന അബ്ദുള്ള, കുഞ്ഞന്‍ എന്നിവരെ നോക്കി പറഞ്ഞു  ..

” റേഷന്‍ പീട്യെന്റെ മുമ്പിലാടാ ഇങ്ങടെ ഈച്ചേം പൂച്ചേം കളി”?

ഇക്ക മതുപ്പുള്ളീല് ഈച്ച ഇങ്ങടെ റേഷന്‍ പീട്യാല്  മാത്രാ … അതോണ്ടല്ലേ ഞമ്മ  ഇബടെ കളിക്കനത് ” അത് അബ്ദുല്ലാന്റെ  മറുപടി .

വൈകുന്നേരങ്ങളില്‍ അരി വാങ്ങാന്‍ എത്തുന്നവര്‍ രണ്ടു പേര്‍ ..  സുന്ദരീം….. പാത്തുവും…   ഉടല്‍ ആസകലം കറുത്ത പെയിന്റ് തേച്ച പോലുള്ള  സുന്ദരിയുടെ മേനിയഴക് നോക്കി മയമുട്ടി പറയും

” ന്റെ സുന്ദരീ .. അന്നെ കണ്ടാല്‍ സുബര്‍ക്കതീന്നു ബന്ന  ഹൂരിടെ മോന്ജാ..”

കൂടെ ഒരുപദേശവും  ” ബൈന്നാരം കുളിച്ചു കൊറച്ചു ബെണ്ണീര്‍ എടുത്തു ഒരു കുറി നെറ്റീല്  ബരചോ… നാട്ടാര് ഇരുട്ടത്ത്‌ അന്നെ തട്ടാണ്ട് ഇരിക്കാന്‍ ഒരടയാളം ”

കൂടി നിന്നവരുടെ ചിരി ഉയരുമ്പോള്‍  സുന്ദരി തിരിച്ചടിക്കും .

.” മൂപ്പരെ … ന്റെ കാര്യം ഞാന്‍ നോക്ക്യോലാം.. ഇങ്ങള് കുടീ ചെന്ന് ബീടര്‍ക്ക് അടയാളം ബെക്കിന്‍ ”

എല്ലാര്ക്കും കലിയടക്കാന്‍ മയമുട്ടിക്കാന്റെ ബീടര്‍ കൌസുമ്മ താത്താടെ ഒരു ജന്മം അങ്ങിനെ .

എന്നും കടയടക്കാന്‍ നേരത്ത് ഓടി കിതച്ചെത്തുന്ന പറ്റുകാരി പാത്തു .  ‘ ഇക്കാ…. അടക്കല്ലേ.’.. ” അലറീട്ട ഓള്‍ടെ ബരവ്.

നിര വാതില്‍ നാലെണ്ണം അടച്ചു കഴിഞ്ഞ മയമുട്ടി ചോദിക്കും  ” ന്റെ പാത്തോ..അനക്ക് മേണ്ടി പാതിരാ ബരെ ബെളക്കും കത്തിച്ചു ബടിരിക്കണോ ?”

അരി തൂക്കിയിടുമ്പോള്‍  പാത്തു പറയും … ചാക്കിന്റെ മോളീന്ന് നല്ല അരി തരീന്‍ … ന്നലെ കൊണ്ടോയത്  പാതിരാക്ക്‌ നോക്കീപോ പൈതി അരി ചോരിന്റെ മോളിലാ ..(അരിയിലെ കീടങ്ങള്‍ അരിയും വലിച്ചു ചുവരില്‍ കേറിയതിന്റെ ഹാസ്യാവിഷ്കാരം നടത്തിയതാണ് പാത്തു )

തലേന്ന് അരി വാങ്ങിച്ചു പോയ പാത്തുവിനെ പിറ്റേന്ന് റേഷന്‍ കട തുറക്കുന്നതിനു മുന്‍പ് കടക്കു മുന്നില്‍ കണ്ടു എന്തോ കുഴപ്പമുണ്ടെന്നു കണ്ടു അച്ഛന്‍ തിരക്കി ..

“എന്താ പാത്തു  ത്ര കാലത്ത് ? ”

നായരച്ചാ … ന്റെ പാസ് (റേഷന്‍ കാര്‍ഡിനു ഞങ്ങടെ നാട്ടില്‍ ഇങ്ങിനെയും പറയും) ന്നലെ ഇബടെ മറന്നൂ ന്നു തോന്നണ്.. കാണാല്ല”.

മയമുട്ടി വന്നു കട തുറന്നു പാസ്സന്വേഷണം തകൃതിയായി നടക്കുമ്പോള്‍ പാത്തുവിന്റെ ചെക്കന്‍ ഓടി കിതച്ചെത്തി . കാല്‍മുട്ട് വരെ ഊര്‍ന്നിറങ്ങിയ അര കളസവും വായിലോട്ടു ഒഴുകിയിറങ്ങുന്ന മൂക്കീരും ഒറ്റ ബലിക്ക് മോളി കേറ്റി ഓന്‍ മോയിഞ്ഞു .. ഉമ്മാ..പാസ്‌ കിട്ടി. അതിശയം പുറത്തു കാട്ടാതെ പാത്തു ചോദിച്ചു.

എബട്ന്നു ..?

ഉപ്പാന്റെ പയംകഞീന്നു …. അള്ളാ… പയംകഞീന്നു പാസോ? മയമുട്ടിക്കു കാര്യം പിടി കിട്ടിയില്ല.

പുറകെ പോയി അന്വേഷിച്ചപ്പോള്‍ സംഭവമിങ്ങനെ.   തലേന്ന് വാങ്ങി  കൊണ്ട്  പോയ ഒരു കിലോ അരി കഴുകാതെ അതെ  പടി കലത്തില്‍ തട്ടിയ പാത്തു സഞ്ചിക്കകത്തു കിടന്ന പാസ്‌ എടുക്കാന്‍ മറന്നു. പാസ്‌ വെന്തു പയംകഞ്ഞി ആയി.

വിവരമറിഞ്ഞ മയമുട്ടി  തലയ്ക്കു കൈവെച്ചു ഇങ്ങിനെ പറഞ്ഞു .

” റബ്ബുല്‍ ആലമീനായ തമ്പുരാനെ… ഏര്‍വാടി തങ്ങളെ …. ആവശ്യത്തിനും അനാവശ്യത്തിനും ബാരിക്കൊരി കൊടുകണ ങ്ങള് ഈ പാത്തൂന്റെ തലേല്‍  അമ്പത് ഗ്രാം ബെളിവ് കൊടുത്തെങ്കില്   ”

ഇപ്പോള്‍ ഗ്രാമത്തില്‍ ആരോടെങ്കിലും പാത്തുവിനെ കണ്ടോ എന്ന് ചോദിച്ചാല്‍ ഉടന്‍ മറു ചോദ്യം വരും …” ഏത്.. ഞമ്മടെ പാസ്‌ പുയുങ്ങിയ പാത്തോ?”

Comments are closed.