രോഗികൾ മനുഷ്യരാണ് നമ്പറുകളല്ല

0
119

രോഗികൾ മനുഷ്യരാണ് നമ്പറുകളല്ല

ഡോ. വി .പി.ഗംഗാധരന്‍

കഴിഞ്ഞദിവസം കണ്ണൂരുനിന്ന് ഒരു സ്ത്രീ വന്നു. ഒരു 30 -35 വയസ്സേയുള്ളൂ. റൗണ്ട്സിനിടെ വാർഡിൽ രോഗികളെ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് അവർ വന്നത്. നേരത്തെ പരിചയമുള്ളവരായിരുന്നതിനാൽ കണ്ടപ്പോൾ ഞാൻ പതുക്കെയൊന്നു ചിരിച്ചു. അവർ പക്ഷെ അടുത്തേക്ക് വന്നതും മുന്നും പിന്നും നോക്കാതെ എന്നെ കെട്ടിപ്പിടിച്ച് കുട്ടികളെ പോലെ കരയാൻ തുടങ്ങി .ഈ പ്രായത്തിലുള്ള ഒരു സ്ത്രീ വന്ന് കെട്ടിപ്പിടിച്ച് കരയുന്നതില്‍ ആദ്യമൊന്നു പതറിയെങ്കിലും ഒന്നും ചോദിക്കാതെ ഞാൻ അവരെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. എന്തിനാണ് അവർ കരയുന്നതെന്ന് മുഴുവൻ മനസ്സിലായില്ലെങ്കിലും എനിക്കും അറിയാതെ കണ്ണു നിറഞ്ഞുപോയി. അവർക്ക് അപ്പോൾ അങ്ങനെ കരയേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന് ഞാനോർത്തു.

അവരുടെ അച്ഛനെയും കൊണ്ട് ചികിത്സതേടി വന്നതായിരുന്നു അവർ. അച്ഛന് 70 പിന്നിട്ടിരുന്നു. പ്രായത്തിലധികം അവശതയുമുണ്ടായിരുന്നു. 70 ഇപ്പോൾ വലിയൊരു പ്രായമൊന്നുമല്ലല്ലോ. അർബുദം കുറച്ചു ഗൗരവമായതിനു ശേഷമാണ് അവർ അത് കണ്ടെത്തിയത്. ഈ പ്രായത്തിൽ ഇനി അച്ഛന് സുഖമരണം നൽകാൻ പറ്റുന്ന പാലിയേറ്റീവ് ചികിത്സകൾ മതി എന്ന് പരിചയമുള്ള ചില ഡോക്ടർമാർ അവരെ ഉപദേശിച്ചിരുന്നതുമാണ് .എന്നാലും കുറച്ചു നാൾ കൂടി സുഖമായി കഴിയാനായാലോ എന്ന മോഹം കൊണ്ടാണ് അവർ ചികിത്സ തേടിയെത്തിയത്. രോഗത്തിന്‍റെ സ്ഥിതികളെല്ലാം അവരെ പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടി അച്ഛൻ സുഖമായി കൂടെ ഉണ്ടാവണം എന്നായിരുന്നു മകളുടെ ആഗ്രഹം. ഒരു ദിവസമല്ല, അദ്ദേഹം 7 വർഷം ജീവിച്ചു. എല്ലാ വഴികളിലും ജാഗ്രതയോടെ ശ്രദ്ധിച്ച് ക്യാൻസറിനെ നിയന്ത്രിച്ച് ഏഴുവർഷം അദ്ദേഹം വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ കഴിഞ്ഞു. രോഗനില ഗൗരവമേറിയതാണ് എന്നറിഞ്ഞതിനുശേഷമുള്ള ഓരോ ദിവസവും ഒരു അധികവരദാനം ആയിട്ടാണ് അവരെല്ലാം കണ്ടിരുന്നത്. അച്ഛൻ മരിച്ച് അധികമാകും മുമ്പാണ് ഈ വലിയ ദൂരം താണ്ടി മകൾ കണ്ണൂരുനിന്ന് എറണാകുളം വരെ വന്നത് .അച്ഛനെ ചികിത്സിച്ച ഡോക്ടറെയും സഹപ്രവർത്തകരെയും വെറുതെ ഒന്നു കാണാൻ!

അച്ഛന്‍റെ കൂടെ ഏഴുവർഷം കഴിക്കാൻ എനിക്ക് അവസരം കിട്ടിയല്ലോ എന്ന സന്തോഷവും അച്ഛൻ പോയല്ലോ എന്ന സങ്കടവും ഒരുമിച്ചുണ്ടായ തിക്കുമുട്ടല്‍ കൊണ്ട് അറിയാതെ കരഞ്ഞു പോയതാണ് എന്ന് പറഞ്ഞ് ആ മകൾ പതുക്കെ സ്വയം നിയന്ത്രിച്ച് സോറി പറഞ്ഞു.അച്ഛനെയും കൊണ്ട് പലപ്പോഴായി പല ആശുപത്രികളിലും പോയിട്ടുണ്ട് എന്നവർ പറഞ്ഞു. ആശുപത്രികളിൽ ചെല്ലുമ്പോഴൊക്കെ അച്ഛനെ ഒരു നമ്പറിലാണ് വിളിക്കുക. നമ്പറായിട്ടല്ലാതെ അച്ഛനെ നാരായണന്‍ എന്ന് പേരുപറഞ്ഞു വിളിച്ചിരുന്നത് മരണം ഉറപ്പായ ശേഷമുള്ള ചികിത്സക്കാലത്തായിരുന്നു എന്ന്.

രോഗികളെ ആശുപത്രിയിൽ കൊണ്ടുവന്നു കഴിഞ്ഞാൽ പിന്നെ അയാളുടെ വ്യക്തിത്വം പൂർണ്ണമായി ഇല്ലാതാക്കി വെറുമൊരു നമ്പർ മാത്രമാക്കി മാറ്റുന്നതാണ് ഏതാണ്ട് എല്ലാ ആശുപത്രികളിലെയും രീതി .നഴ്സുമാർ പോലും പറയുക പതിനഞ്ചാം ബെഡിലെ പേഷ്യന്‍റ്, ഏഴിലെ പേഷ്യന്‍റ് എന്ന മട്ടിൽ ഏതോ സാധനങ്ങളുടെ കാര്യം പറയുമ്പോലെയാണ്. ഓരോ ബെഡിലും കിടക്കുന്നത് മഹത്തായ ജീവിതം പിന്നിട്ടവരോ കാത്തിരിക്കുന്നവരോ ആയ മനുഷ്യർ തന്നെയാണ് .അവരെ മനുഷ്യരായി കാണാൻ വൈദ്യശാസ്ത്രത്തിനു കഴിയണം. കമ്പ്യൂട്ടറിലെ സൗകര്യം പറഞ്ഞ് ആളുകളെ അവരുടെ എല്ലാ നന്മതിന്മകളും ദൈവികതയുമൊക്കെ അവഗണിച്ച് വെറും നമ്പറുകൾ ആക്കി മാറ്റുന്നത് ശരിയല്ല. ഡോക്ടർമാരെ കാണാൻ വീടുകളിലെത്തുന്നവർക്കും ടോക്കണ്‍ നമ്പറുകൾ നൽകി ആ നമ്പറിൽ വിളിച്ചു പരിശോധിക്കുന്നതാണ് പലരുടെയും രീതി. പക്ഷേ ഓരോ രോഗിയും മനുഷ്യരാണ്. അവരുടെ മുഴുവൻ മനുഷ്യാവസ്ഥയ്ക്കും ആദരവ് നൽകി അവരെ അവരായി തന്നെ കണ്ടെത്തി ചികിത്സിക്കാൻ കഴിയണം. അപ്പോൾ മാത്രമേ ചികിത്സ ആതുരശുശ്രൂഷ ആവുകയുള്ളൂ.

ഇനി ,രോഗികൾ മാത്രമല്ല ഡോക്ടർമാരും മനുഷ്യരാണ്. മോഡേൺ മെഡിസിൻ പഠിക്കാൻ ചെല്ലുമ്പോൾമുതൽ പഠിപ്പിക്കാറുണ്ട് രോഗികളോട് വൈകാരികബന്ധങ്ങൾ ഒന്നും ഉണ്ടാവരുതെന്ന്. എല്ലായ്പ്പോഴും ഡോക്ടർമാർ ഒന്നു വിട്ടുനിൽക്കുന്നവർ- ഡിറ്റാച്ച്ഡ്- ആയിരിക്കണമെന്നാണ് ചിട്ട. രോഗികളോട് വൈകാരികമായ അകലം പാലിക്കണമെന്ന്. അതിനോട് പക്ഷേ എനിക്ക് തീരെ യോജിപ്പ് തോന്നിയിട്ടില്ല. വേദനിക്കുന്ന രോഗിയോട് ,കരയുന്ന രോഗിയോട് അലിവ് തോന്നണമെങ്കിൽ മനസ്സിൽ നമുക്കും കുറച്ചൊക്കെ സ്നേഹവും കാരുണ്യവും കൂടിയേതീരൂ. ഡോക്ടർമാർ രോഗികളോട് വൈകാരികമായ അകലം പാലിക്കരുതെന്നാണ് എന്‍റെ നിലപാട്.

ഡോക്ടർമാർക്ക് വേണ്ടത് വൈകാരികമായ അടുപ്പമാണ്. വേദനയും സങ്കടവും കാണുമ്പോൾ അവരെ ഒന്നു ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ കഴിഞ്ഞാലേ ഒരാൾ നല്ല ഡോക്ടർ ആവുകയുള്ളൂ എന്നാണ് എന്‍റെ പക്ഷം. ചിലപ്പോൾ നമ്മുടെ കണ്ണിലും ഒരിറ്റു കണ്ണീരു കിനിയുമായിരിക്കും. ഡോക്ടറായാലും രോഗിയായാലും നമ്മളൊക്കെ മനുഷ്യനാണല്ലോ. മനസ്സില്‍ ആ മനുഷ്യത്വവും അലിവുമില്ലാത്തവർ എത്രയൊക്കെ ശാസ്ത്രം പഠിച്ചെന്ന് പറഞ്ഞാലും എത്ര അറിവ് നേടിയാലും നല്ല ചികിത്സകനാവില്ല. ചികിത്സ ഒരു മനുഷ്യസേവനമാണ്. മനുഷ്യനെ മനുഷ്യനായി കണ്ട് മനുഷ്യത്വത്തോടെ ഇടപെടേണ്ട മേഖല. അവിടെ വികാരങ്ങളുണ്ട്, സങ്കടങ്ങളുണ്ട്, സ്നേഹവും കാരുണ്യവുമുണ്ട്. ഉണ്ടാവണം. ആരും വെറും അക്കങ്ങളല്ല. പൂർണ്ണരായ മനുഷ്യാത്മാക്കൾ ആണ്.