പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ !

724

പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ.!

ഡോ.ബെറ്റിമോൾ മാത്യു (Bettymol Mathew)എഴുതുന്നു

അമ്മയുടെ ലൈംഗിക പങ്കാളിയുടെ മർദ്ദനമേറ്റ് മരണം കാത്തു കിടക്കുന്ന ഏഴു വയസ്സുകാരനും ഭർത്താവിന്റെ വീട്ടിൽ പട്ടിണി കിടന്നു മരിക്കേണ്ടി വന്ന 27കാരിയും സാംസ്കാരിക കേരളത്തിൽ ജനിച്ചവരാണ്.! ആദ്യം പരാമർശിച്ച വിഷയത്തിലേതിനു സമാനമായ സാഹചര്യത്തിൽ മരണത്തിൽ നിന്നും തലനാരിഴക്കു രക്ഷപെട്ട ഷെഫീക്കിനെയും നമുക്കു മറക്കാനായിട്ടില്ല. ! അന്നും ഇന്നും കുട്ടികളുടെ അമ്മമാർക്ക് നേരേ ഉയരുന്ന തെറി വിളികൾക്ക് ഒരു പഞ്ഞവുമില്ല.അതിലുപരിയായി ഈ സംഭവങ്ങളിൽ അമ്മമാരുടെ നിഷ്ക്രിയത്വം ലൈംഗിക പങ്കാളികളോടുള്ള വിധേയത്വം ഇവയൊക്കെ വിശകലന വിധേയമാകുന്നതേയില്ല.! സ്കൂളിൽ അദ്ധ്യാപകർ ശിക്ഷിച്ചാൽ പോലും രൂക്ഷമായി പ്രതികരിക്കുന്ന മാതാപിതാക്കളുടെ നാടാണിത്.ഇവിടെയാണ് അമ്മയുടെ ലൈംഗിക പങ്കാളി എന്ന ലേബലിന്റെ മാത്രം ബലത്തിൽ പുരുഷൻമാർക്ക് കുഞ്ഞുങ്ങളെ ക്രൂരപീഡനങ്ങളിലൂടെ എതിർപ്പുകളില്ലാതെ മരണത്തിലേക്ക് എത്തിക്കാനാവുന്നത്.. ! ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ടാനച്ഛന്മാർക്ക് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കാനാവുന്നത്.. !

തൊടുപുഴ സംഭവത്തിൽ കുട്ടിയുടെ അമ്മ ബി.ടെക് ബിരുദധാരിയാണ്. എന്നിട്ടും സ്വന്തം മക്കൾക്കു നേരേ ഉണ്ടായ കയ്യേറ്റങ്ങളെയും ലൈംഗികാതിക്രമങ്ങളെയും ചെറുക്കാൻ അവർക്കായില്ല. !

അവരുടെ ആ നിശ്ശബ്ദതയും വിധേയത്വവുമാണ് കുഞ്ഞിന്റെ ദുരന്തത്തിന്റെ കാരണം.!

സാമ്പത്തികമായി പുരുഷനെ ആശ്രയിച്ചു മാത്രം കഴിയേണ്ട ഗതികേടൊന്നും കേരളത്തിൽ ഒരു സ്ത്രീക്കും ഇല്ല. സ്വന്തം കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കാത്ത അടിമജന്മങ്ങളായി പരിണമിക്കുന്നതാണ് അടിസ്ഥാന പ്രശ്നം.!

ഭർതൃവീട്ടിൽ പട്ടിണി കിടന്ന് മരിച്ച പെൺകുട്ടിയും നിരക്ഷരയാവാനിടയില്ല… ശത്രു രാജ്യത്തിന്റെ തടവറകൾ പോലും ഭേദിച്ചു രക്ഷപെട്ട ചരിത്രമുണ്ട് സ്ത്രീകൾക്ക്.

ഭർതൃഗൃഹത്തിൽ പട്ടിണിക്കിട്ടു കൊന്ന പെൺകുട്ടിക്കാണെങ്കിൽ വേണ്ടപ്പെട്ടവരെല്ലാമുണ്ട്. എന്നിട്ടും ഭർത്തൃഗൃഹത്തിലെ തടവറയിൽ നിന്നും പുറത്തു കടക്കാനും അകത്തു നടക്കുന്നതൊക്കെ പൊതു സമൂഹത്തോടു പറയാനുമുള്ള ധൈര്യം അവൾക്കില്ലാതെ പോയി. അതാണവളെ മരണത്തിലേക്കു നയിച്ചത്.

ഇവിടെയാണ് നമ്മൾ ഉയർത്തിപ്പിടിക്കുന്ന സ്ത്രീ വിദ്യാഭ്യാസത്തിലെ മുന്നേറ്റവും ശാക്തീകരണവുമൊക്കെ പാഴ് വാക്കുകളല്ലേയെന്ന സംശയം ഉണ്ടാകുന്നത്..!

നമ്മൾ ,കേരളീയ സമൂഹം നമ്മുടെ സാംസ്കാരിക പരിസരത്ത് പെൺമക്കളെ പഠിപ്പിക്കുന്ന ഒരേയൊരു പാഠം വിധേയരാകൂ… വിധേയരാകൂ… എന്നതു മാത്രമല്ലേ??

ലൈംഗിക പങ്കാളിത്തത്തെ പുരുഷനോടുള്ള വിധേയത്വവും അടിമത്തവുമാക്കി വിവരിച്ചു പഠിപ്പിച്ച് നമ്മൾ നമ്മുടെ പെൺമക്കളെ നിശ്ശബ്ദരായ അടിമകളാക്കി മാറ്റുന്നു.!.

വിവാഹ സ്വപ്നങ്ങളിൽ മുഴുകിയ 20കാരികൾ പറയുന്നു.. “കല്യാണം കഴിഞ്ഞാൽ പിന്നെ ഞാനെന്റെ ചേട്ടൻ പറയുന്നതു മാത്രമേ കേൾക്കൂ” എന്ന്.

‘ഭർത്താവു കാണപ്പെട്ട ദൈവമല്ലേ ടീച്ചറേ ‘എന്നു ചോദിക്കുന്ന കുട്ടികളെ ഫെമിനിസം പഠിപ്പിക്കേണ്ടി വരുന്ന ഒരാളിന്റെ അനുഭവസാക്ഷ്യങ്ങൾ ഓർമ്മയിൽ ഏറെയുണ്ട്.. !

ചാരിത്ര്യം, ഭാര്യാത്വം തുടങ്ങിയ കപട മൂല്യങ്ങളെ വാനോളം പുകഴ്ത്തുന്നവർ ലൈംഗികപങ്കാളിത്തം അടിമത്തമല്ലെന്ന തിരിച്ചറിവെങ്കിലും സ്വന്തം മക്കൾക്ക് പകർന്നു കൊടുക്കേണ്ടതുണ്ട്..!

നമ്മൾ ഫെമിനിസം പഠിപ്പിച്ചു തുടങ്ങേണ്ടത് ഡിഗ്രി ക്ലാസിൽ വച്ചല്ല. വീട്ടിലും സമൂഹത്തിലും അടിസ്ഥാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വച്ചാണ്.. !മതാധിഷ്ഠിത മൂല്യങ്ങളേക്കാൾ മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നല്കാൻ പൊതുവിദ്യാഭ്യാസത്തിനും കഴിയണം. സാമൂഹികമായ തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം കാലം കേരളം എന്ന സ്ത്രീവിരുദ്ധതയുടെ കൃഷിഭൂമിയിൽ പുരുഷാധിപത്യത്തിന്റെ വിളവെടുപ്പുകൾ ബാലപീഡനങ്ങളായി സ്ത്രീധന പീഡനങ്ങളായി ചുട്ടു കൊല്ലുന്ന പ്രേമമായി ആവർത്തിച്ചുകൊണ്ടിരിക്കും.

ഡോ. ബെറ്റിമോൾ മാത്യു.

facebook post