മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിനായകന്മാർ അനവധിയുണ്ട്. ഒരുപക്ഷെ നായകനെക്കാൾ തിളങ്ങുന്ന പ്രതിനായകന്മാർ. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയുന്നവരും നായകവേഷങ്ങൾ ചെയുന്ന സൂപ്പര്താരങ്ങളും എല്ലാം ഇത്തരത്തിൽ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്ന ചില പ്രതിനായക കഥാപാത്രങ്ങളിലേക്കു ഒരു എത്തിനോട്ടമാണ് ഈ പരമ്പര. Santhosh Iriveri Parootty (ചന്തു) എഴുതുന്നു.
മലയാള സിനിമയിലെ പ്രതിനായകര്‍ (ഭാഗം 9)
പോള്‍ പൈലോക്കാരന്‍ (തിലകന്‍)
ചിത്രം- നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986)
തിലകന്‍ സാറിന്റെ വില്ലൻ കഥാപാത്രങ്ങളെ കുറിച്ച് ആലോചിക്കുന്നത് തന്നെ ഒരു പാട് ആശയക്കുഴപ്പം ഉണ്ടാക്കും. ഒന്നിനൊന്നു വ്യത്യസ്തവും മികച്ചതും ആയ നിരവധി വേഷങ്ങള്‍ ആ അതുല്യ പ്രതിഭ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. “രണ്ടാം ഭാവത്തിലെ ഗോവിന്ദജി, കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളി, മഹാനഗരത്തിലെ കേളു റൈറ്റര്‍, കാട്ടുകുതിരയിലെ കഥാപാത്രം, വെണ്ടര്‍ ഡാനിയല്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, ജോർജ്ജ് കുട്ടി C/o ജോർജ്ജ് കുട്ടിയിലെ വേഷം തുടങ്ങി നിരവധി കഥാപാത്രങ്ങൾ മനസ്സിലേക്ക് ഇരമ്പി എത്തുന്നുണ്ട്. അവയിൽ ഒന്ന് മാത്രം ഇത്തവണ തിരഞ്ഞെടുക്കുന്നു- പോള്‍ പൈലോക്കാരന്‍.
“ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം.അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും.”
മലയാളികൾ നേഞ്ചോടു ചേർത്തുവച്ചതായിരുന്നു സോളമന്റെയും സോഫിയുടെയും പ്രണയം.
കെ.കെ.സുധാകരൻ രചിച്ച “നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം” എന്ന നോവലിനെ ആസ്പദമാക്കിയ തിരക്കഥയില്‍ പി പദ്മരാജന്‍ സംവിധാനം ചെയ്ത “നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി”ലെ പ്രണയജോഡികള്‍.
ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട ചിത്രത്തിൽ, നായികാനായകന്മാരുടെ പ്രണയസന്ദേശങ്ങൾ ‘ഉത്തമഗീതത്തിലെ’ ഗീതങ്ങളാലാണ് പ്രേക്ഷകരുമായി പങ്കിടുന്നത്. “പവിഴം പോല്‍ പവിഴാധരം പോല്‍ പനിനീര്‍ ചെമ്മുകുളം പോല്‍” എന്ന ഒ എന്‍ വി-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം തികച്ചും വ്യത്യസ്തമായ ഒരു നായകസങ്കല്‍പത്തിനും കൂടി നാന്ദി കുറിക്കുകയായിരുന്നു.
ഓരോ ഫ്രെയിമിലും കവിത തുളുമ്പുന്ന ഈ ചിത്രത്തില്‍ ബൈബിളിലെ സോളമന്റെ പ്രേമ ഗീതങ്ങളും മനോഹരമായ മുന്തിരിത്തോപ്പും ബ്ലെൻഡ് ചെയ്യുകയായിരുന്നു. മോഹന്‍ലാലും ശാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ പോള്‍ പൈലോക്കാരന്‍ എന്ന കൊടുംവില്ലനായി തിലകന്റെ അഭിനയം മറക്കാനാവില്ല. പോള്‍ ഇല്ലെങ്കില്‍ ഈ കഥയെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. മോഹൻലാൽ പോലും ആ കാര്യത്തിൽ തിലകനും താഴെയെ വരൂ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു അത്. കഥാപാത്രത്തോട് 100% നീതി പുലർത്തുന്ന ഒരു മഹാനടന്റെ ആത്മസമര്‍പ്പണം ഇവിടെ തെളിഞ്ഞു കാണാം.
നായികയായ ശാരി അവതരിപ്പിച്ച സോഫിയയുടെ രണ്ടാനച്ഛനാണ് തിലകന്‍ അവതരിപ്പിച്ച പോള്‍ പൈലോക്കാരന്‍. താന്‍ പൈലോക്കാരന്റെ യഥാര്‍ഥ മകളല്ലെന്നും തന്റെ അമ്മയെ രണ്ടാമതു വിവാഹം കഴിച്ചതാണയാളെന്നും അതിലുള്ളതാണ് അനുജത്തിയായ എലിസബത്തെന്നും സോഫി സോളമനെ അറിയിക്കുന്നുണ്ട്. മദ്യപാനിയും വഴക്കാളിയുമായ പൈലോക്കാരന്റെ രീതികള്‍ സോളമനിലും അസഹ്യത സൃഷ്ടിക്കുന്നുണ്ട്. പൈലോക്കാരന് സോഫിയോടുള്ള പെരുമാറ്റവും രീതിയും ഒരു മകളോടെന്നതു പോലെയായിരുന്നില്ല. ചുമരില്‍ ഫോട്ടോയ്ക്ക് ആണിയടിപ്പിക്കുമ്പോഴുള്ള അയാളുടെ മുഖത്തെ ചേഷ്ടകള്‍ ഓര്‍ക്കുക. തനിക്ക് സോഫിയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിക്കണമെന്നും സോളമന്‍ അമ്മയോടാവശ്യപ്പെട്ടപ്പോള്‍ സോഫിയയും അവളുടേ അമ്മയും സന്തോഷിക്കുമ്പോള്‍ പൈലോക്കാരന്‍ അതിനെ എതിര്‍ക്കുന്നു.
ഒരു മനുഷ്യമൃഗമാണ് പൈലോക്കാരന്‍. അയാളുടെ നീചമായ ആഗ്രഹം മറ്റൊന്നായിരുന്നു. തന്റെ സമ്മതമില്ലാതെ സോഫിയെ സോളമനു കൊടുക്കും എന്നു മനസ്സിലാക്കിയ പൈലോക്കാരന്‍ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി സോഫിയെ മാനഭംഗപ്പെടുത്തുന്നു. പള്ളിയില്‍ പോയി കെട്ടൊക്കെയുറപ്പിച്ചുവന്ന സോളമന്റെ അമ്മയും മറ്റും കാണുന്നത് ബലാത്സംഗം ചെയ്യപ്പെട്ട സോഫിയെയാണ്.
“കൊണ്ട് പോവാന്‍ വന്നതാണോ, ഇനി കൊണ്ട് പൊയ്ക്കോ” എന്ന് പുച്ഛത്തോടെ സോളമനോട് പറയുകയാണ് പൈലോക്കാരന്‍. ആ ഒറ്റ ഡയലോഗില്‍ പൈലോക്കാരന്‍ എന്ന അധമജന്മത്തെ സംഗ്രഹിച്ചിട്ടുണ്ട് പത്മരാജന്‍. പൈലോക്കാരനെ അടിച്ചു വീഴ്ത്തി സോഫി എന്ന മാലാഖയുമായി പ്രേമം നുരയുന്ന മുന്തിരി തോട്ടത്തിലെ സ്വര്‍ഗത്തിലേക്ക് ടാങ്കര്‍ ലോറിയുമായി സോളമന്‍ പാഞ്ഞു പോകുമ്പോഴാണ് “നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍” അവസാനിക്കുന്നത്. നായകനുള്ള പെണ്ണ്‍ എപ്പോഴും പരിശുദ്ധയായിരിക്കണമെന്ന കന്യകാവാദത്തെ പൊളിച്ചെഴുതിക്കൊണ്ട് രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട നായികയെ സ്വന്തം ജീവിതത്തിലേക്ക് നായകന്‍ കൈ പിടിച്ചു കയറ്റുന്നു.
തന്റെ രക്തത്തില്‍ പിറന്നവളല്ലാത്തതുകൊണ്ട് മകളായി കാണേണ്ടവളെ സ്ത്രീയെന്ന ഉപഭോഗവസ്തുവായി കാണുകയും തന്റെ കാമപൂരണത്തിനായി അവളെ ഉപയോഗിക്കുകയും ചെയ്യുന്ന പോള്‍ പൈലോക്കാരന്‍ അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരില്‍ വെറുപ്പുണ്ടാക്കുന്ന കഥാപാത്രമാണ്. കഥാപാത്രത്തെ ഏറ്റവും വെറുക്കുക എന്നത് ആ കഥാപാത്രം ഭംഗിയായി ചെയ്ത അഭിനേതാവിനുള്ള അംഗീകാരമാണ്. അതുകൊണ്ട് ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ സോളമനോട് ആരാധനയും പൈലോക്കാരനോട് വെറുപ്പും തോന്നും. തിലകന്‍ എന്ന അസാമാന്യ അഭിനയ പ്രതിഭയോട് ആദരവും.
രണ്ടാനച്ഛന്റെ ലൈംഗീക ചോദന പ്രമേയമാക്കി പിന്നീട് മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത “മഞ്ഞു പോലെ ഒരു പെണ്‍കുട്ടി “എന്ന ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം തന്നെ ഇതാണ്. എന്നാൽ അതിനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ അത്തരമൊരു പ്രമേയത്തെ കുറിച്ച് ചിന്തിക്കാനും അത് സിനിമയാക്കാനും സാധിച്ചു എന്നതാണ് പത്മരാജന്‍ എന്ന ജീനിയസിന്റെ മിടുക്ക്.
പദ്മരാജന്റെ തന്നെ “മൂന്നാംപക്കം” എന്ന ചിത്രത്തിലെ മുത്തച്ഛനെ ഓര്‍ക്കുന്നുവോ? തന്റെ കൊച്ചുമകനെ മൂന്നാംപക്കം കവര്‍ന്ന കടലിലേക്ക് തന്റെ പ്രാണന്‍ തന്നെ മറ്റോരു മൂന്നാംപക്കം ബലിയായി നല്‍കുന്ന സ്നേഹനിധിയായ വയോധികനെ? അതില്‍ നിന്നും ഈ ചിത്രത്തിലെ പൈലോക്കാരനിലേക്കുള്ള ദൂരം- അത് തന്നെയാണ് തിലകന്‍ എന്ന മഹാനടനെ അടയാളപ്പെടുത്തുന്നതും.മറ്റൊരു കഥാപാത്രവുമായി അടുത്തയാഴ്ച തിരിച്ചെത്തുന്നത് വരെ ബൈ….