പെറ്റമ്മയെ വേലക്കാരിയാക്കാൻ വിസ എടുത്തുകൊടുക്കുന്ന വിദേശ മലയാളികൾ

236

Paulson Pavaratty

പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന നിരവധി മലയാളികളെ ഞാൻ ദുബായിൽ കണ്ടിട്ടുണ്ട്.മകളുടെ / മരുമകളുടെ പ്രസവം അടുക്കുമ്പോഴായിരിക്കും ഇക്കൂട്ടർക്ക് അമ്മയോട് “പ്രത്യേക സ്നേഹം” കൂടുക. ആ സ്നേഹപ്രകടനത്തിൽ ഒരുവിധം അമ്മമാരൊക്കെ വീഴും.അതുവരെ പാസ്പോർട്ട്‌ പോലും ഇല്ലാത്ത അമ്മക്ക് ഞൊടിയിടയിൽ പാസ്പോർട്ട്‌ എടുക്കുന്നു, വിസ എടുക്കുന്നു, വിമാന ടിക്കറ്റ് എടുക്കുന്നു… അതാ വിദേശത്ത് അമ്മ പറന്നെത്തുന്നു.

എന്തായിരിക്കും ഈ സ്നേഹപ്രകടനത്തിന്റെ പിന്നിലെ രഹസ്യം? അത് വളരെ simple അല്ലേ. അമ്മയാവുമ്പോൾ വേലക്കാരിക്ക് കൊടുക്കേണ്ടി വരുന്ന ശമ്പളം കൊടുക്കണ്ടാ, മക്കളെ ഭംഗിയായി നോക്കുകയും ചെയ്യും. മാത്രമല്ല, വീട്ടിൽ ഒറ്റക്ക് നിർത്തി പോയാലും ഒന്നും മോഷണം പോകില്ല എന്ന സമാധാനവും ഉണ്ടാവും. പോരാത്തതിന്, വീട്ടിലെ എല്ലാ പണികളും ഒരു പരാതിയും ഇല്ലാതെ ചെയ്യുകയും ചെയ്യും.അതിനേക്കാളൊക്കെ സങ്കടം തോന്നുന്ന പല രംഗങ്ങളും കണ്ടിട്ടുണ്ട്. പള്ളിയിലേക്കോ അല്ലെങ്കിൽ ഷോപ്പിംങിനൊ ഒക്കെ പോകുമ്പോൾ ആരോഗ്യമുള്ള ഭാര്യയും ഭർത്താവും കൈകോർത്ത് ചിരിച്ചും കളിച്ചും മുന്നിൽ നടക്കുന്നുണ്ടായിരിക്കും. പ്രായമായ അമ്മച്ചി പോത്തുകുട്ടിയെപ്പോലെ ഭാരമുള്ള കുഞ്ഞിനേയും ചുമലിൽ ഏറ്റി പിന്നിൽ വേച്ചു വേച്ചു നടന്നു വരുന്നത് കാണാം.ചിലരൊടെങ്കിലും ഞാൻ മുഖത്തുനോക്കി ചോദിച്ചിട്ടുണ്ട്, വയസ്സായ അമ്മയെ ഇതുപോലെ ക്രൂരമായി പീഡിപ്പിക്കുന്ന നിങ്ങളൊക്കെ മനുഷ്യരാണോ എന്ന്. ആരോട് പറയാൻ! ആര് കേൾക്കാൻ!!