നമുക്കെന്താണ് ഇങ്ങനെ പറ്റാത്തത് ? ആർക്കറിയാം?

0
240

Pavithra Unni

നമുക്കെന്താണ് ഇങ്ങനെ പറ്റാത്തത് ? ആർക്കറിയാം?

സിനിമയുടെ ടൈറ്റിലും നായകൻ ലാപ്ടോപ്പ് നോക്കിയിരിക്കുന്ന സുദീർഘമായ ആദ്യ സീനും കടന്നു കിട്ടാനുള്ള ക്ഷമ കാണിക്കുന്നവർക്ക് നല്ലൊരു സിനിമ അനുഭവം തന്നെയാണ് ‘ആർക്കറിയാം’. കോവിഡ് ലോക്ക്ഡൗണിൽ, സാമ്പത്തിക പ്രതിസന്ധിയിൽ ഒക്കെ പെട്ടുഴലുന്ന ഒരു കുടുംബത്തിന്റെ അതിജീവനമാണ് കഥ. മുംബൈയിൽ തുടങ്ങി കേരളത്തിൽ അവസാനിക്കുന്ന ഒരു സ്ലോ പേസ് മൂവിയാണിത്. ബിജു മേനോൻ, പാർവതി, ഷറഫുദീൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്‌.

സാധാരണ സിനിമകളിൽ കാണുന്ന പോലുള്ള ജൻഡർ സ്റ്റീരിയോ ടൈപ്പുകളെ അപ്പാടെ തകർത്തു കളഞ്ഞിട്ടുണ്ട് ഈ സിനിമ. അതും ഞങ്ങൾ ലിംഗസമത്വം കാണിക്കുന്നേ, ഫെമിനിസം പറയുന്നേ എന്നുള്ള ശബ്ദകോലാഹലം ഒന്നുമില്ലാതെ വളരെ സ്വാഭാവികമായി തന്നെ അത് സിനിമയിൽ വിളക്കിച്ചേർത്തിരിക്കുന്നു.

വലിയ ഡയലോഗുകളോ സ്റ്റാറ്റസ് ആക്കാവുന്ന മാസ് സീനുകളോ അല്ല ഈ കർത്തവ്യത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നത് പ്രശംസ അർഹിക്കുന്നു. അടുക്കളയിൽ ആകട്ടെ, ഡ്രൈവ് ചെയ്യുന്നതിൽ ആകട്ടെ, പണം കൈകാര്യം ചെയ്യുന്നതിലാകട്ടെ, വസ്തു വ്യവഹാരത്തിൽ ആകട്ടെ എല്ലായിടത്തും ആണെന്നും പെണ്ണെന്നും വിവേചനമില്ല. ഭാര്യക്ക് ദോശ ചുട്ടു കൊടുക്കുന്ന ഭർത്താവോ ലോങ്ങ് ഡ്രൈവ് ചെയ്യുന്ന ഭാര്യയോ ഒന്നും ഒരു അസ്വാഭാവികതയും ഈ സിനിമയിൽ കൊണ്ട് വരുന്നില്ല. ഇതിലെ ഭർത്താവിനെ പെങ്കോന്തൻ എന്നോ, ഭാര്യയെ, ഭർത്താവിനെ ഭരിക്കുന്ന പെണ്ണെന്നോ വിളിക്കാൻ നമുക്കാവില്ല. കാരണം അത്ര മനോഹരമാണ് ആ തുല്യതയുടെ ജീവിതം. എത്ര കുടുംബങ്ങളിൽ ഇത് കാണാൻ സാധിക്കും ? ഒന്നില്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന കണക്കാണ് പല ദാമ്പത്യങ്ങളും.

മറ്റൊരു പ്രധാന കാര്യം ഒരു സാമ്പത്തിക പ്രതിസന്ധിയെ ദമ്പതികൾ എത്ര സൗമ്യമായാണ് നേരിടുന്നത് എന്നാണ്. പലപ്പോഴും വിവാഹമോചനങ്ങൾ ആളുകളുടെ പരാജയം ആയാണല്ലോ സമൂഹം കാണുന്നത്. എന്നാൽ എങ്ങനെ മുൻ പങ്കാളികളിൽ നിന്ന് വേർപെടേണ്ടി വന്നവർക്കും സമാധാനപൂർണമായ സന്തോഷകരമായ ദാമ്പത്യം സാധ്യമാകുന്നു എന്ന് നോക്കൂ. വിവാഹമോചനം ആളുകളുടെ പരാജയം അല്ല, ആ കൂട്ടിന്റെ ചേർച്ചയില്ലായ്‌മയാണ് കാണിക്കുന്നത് എന്ന് എത്ര ലളിതമായി പറഞ്ഞു വയ്ക്കുന്നു സിനിമ. തെറ്റായ ജോഡിയിൽ പെട്ട് പോകുന്ന മനുഷ്യർ വേർപിരിയുന്നത് സ്വാഭാവികമായ ഒരു അന്തിമഫലം തന്നെയാണ്. എന്നാൽ കൃത്യമായ ജോഡിയിൽ എത്തിച്ചേരുമ്പോൾ അതേ മനുഷ്യർ എത്ര മനോഹരമായ ദാമ്പത്യം കാഴ്ച വയ്ക്കുന്നു എന്ന് കാണിക്കുന്നു ആർക്കറിയാം.

സാമ്പത്തിക പ്രതിസന്ധി, പ്രത്യേകിച്ചും ബിസിനസിൽ ഉണ്ടാകുന്ന നഷ്ടം സാധാരണ ദാമ്പത്യങ്ങളിൽ വഴക്കുകളും പരസ്പരം പഴിചാരലിലും ഭാര്യ വീട്ടിൽ നിന്ന് ഊറ്റലിലേക്കുമാണ് എത്തിക്കാറ്. ഇവിടെ വീടും പറമ്പും വിറ്റ് കടം വീട്ടാം എന്ന് ചാച്ചൻ പറയുമ്പോഴും, അത് വേണ്ട, ഞാൻ എന്തെങ്കിലും വഴി കാണാം എന്നാണ് റോയിച്ചൻ പറയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വീണ്ടും വീണ്ടും ഭാര്യ വീട്ടിൽ നിന്ന് പണം കൊണ്ടുവന്ന് തരാത്തതിന്റെ പേരിൽ പെൺകുട്ടികൾ കൊല്ലപ്പെടുകയും ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്ന നാടാണ് കേരളം എന്നത് ഇതിനോട് ചേർത്ത് വായിക്കണം. ഏതൊരു വീടും ആഗ്രഹിക്കുന്ന ഒരു ‘മറു’മകൻ തന്നെയാണ് റോയിച്ചൻ.

രണ്ടാനമ്മയും രണ്ടാനച്ഛനും ക്രൂരതയുടെ പര്യായമാകുന്ന വാർത്തകൾ വരുന്ന നാട്ടിൽ ഇങ്ങനെ ഒരു റോയിച്ചനെ കൊതിക്കാത്ത മക്കൾ കാണുമോ ? അമ്മായി അച്ഛനെയും അമ്മായി അമ്മയെയും പരിപാലിക്കുന്ന പെൺ മരുമക്കളെ കണ്ടിട്ടുള്ള മലയാള സിനിമയിൽ ചാച്ചന് കഞ്ഞി വാരി കൊടുക്കുന്ന, കുളിപ്പിക്കുന്ന ഒരു മരുമകൻ! ഒരു വസ്തു വ്യവഹാരത്തിൽ വീട്ടിലെ സ്ത്രീകൾ മുൻപിൽ നിൽക്കുന്നത് കാണിക്കുന്ന ഒരു സിനിമ. മകളെ പിക്ക് ചെയ്യാൻ പാസ് സംഘടിപ്പിക്കാൻ, തമിഴ്‌നാട്ടിലേക്ക് പോകാൻ ഒക്കെ മുന്നിട്ടിറങ്ങുന്ന അമ്മ. അടുക്കള മുതൽ അരങ്ങ് വരെ എത്ര ജൻഡർ റോളുകളാണ് ഒരു ബഹളവും ഇല്ലാതെ സിനിമ തകർത്തു വച്ചിരിക്കുന്നത് എന്ന് നോക്കൂ.

സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ നിൽക്കുന്നത് ഈ പാവനമായ ബന്ധങ്ങളാണ്, ചാച്ചനും ഷേർളിയും തമ്മിലുള്ളത്, ഷേർളിയും റോയിച്ചനും തമ്മിലുള്ളത്, റോയിച്ചനും സോഫിയയും തമ്മിലുള്ളത്, ചാച്ചനും അയൽ വീട്ടിലെ പെൺകുട്ടിയും തമ്മിലുള്ളത്.. എത്ര കനിവാർന്ന, പ്രസാദാത്മകമായ ബന്ധങ്ങൾ. ചാച്ചന്റെ രാത്രി പാൽ വേണ്ട എന്ന സീനിലെ വാശി പോലും എത്ര സൗമ്യമായാണ് ഡീൽ ചെയ്യപ്പെടുന്നത്. വാർദ്ധക്യം രണ്ടാം ബാല്യമാണെന്ന് തിരിച്ചറിയുന്ന മകൾ!ഇതൊക്കെ ഉട്ടോപ്യ ആണെന്ന് കരുതുന്നവർ ഉണ്ടാകും. എന്ത് കൊണ്ട് നമുക്ക് ഒരു റോയിച്ചനോ, ചാച്ചനോ, ഷേർളിയോ ആകാൻ സാധിക്കുന്നില്ല. പരസ്പരം മത്സരിക്കാതെ, പ്രകടമായ സ്നേഹവും സേവനവും കൊണ്ട് ബന്ധങ്ങൾ പച്ച പിടിപ്പിക്കാൻ സാധിക്കാത്തത്? ആർക്കറിയാം?