Pavithra Unni

സാറയുടെ കാര്യം സാറ തീരുമാനിക്കും സാർ !

ആമസോൺ പ്രൈമിൽ റിലീസ് ആയ സാറാസ് ആണല്ലോ ഇപ്പോൾ സംസാരവിഷയം. അബോർഷൻ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. പ്രധാനമായും പ്രൊ ലൈഫ് സ്വാധീനമുള്ളവർക്കാണ് സിനിമ കൂടുതൽ വിഷമം ഉണ്ടാക്കിയത് എന്ന് തോന്നുന്നു. പ്രത്യുല്പാദനം എന്ന ചാപ്റ്റർ ഓടിച്ചു വിട്ട ഹൈസ്കൂൾ കാലം കഴിഞ്ഞു നേരെ പോയി തല വച്ചത് ഒരു കോൺവെന്റ് കോളേജിൽ ആയിരുന്നു. മുറ പോലെ ധ്യാനവും പ്രാർത്ഥനയും കഴിഞ്ഞു ദേ വരുന്നു പ്രൊ ലൈഫിന്റെ 2 ദിവസത്തെ ക്ലാസ്. സെക്സ് എഡ്യൂക്കേഷൻ എന്നാണ് പേരെങ്കിലും പ്രധാനമായും അബോർഷൻ എന്ന പാപം, സചിത്ര വിവരണങ്ങളോടെ എന്നതാണ് അജണ്ട. 16 വയസിൽ ഒരിക്കൽ പങ്കെടുത്ത എനിക്ക് പോലും ആ ക്ലാസിന്റെ ഹാങ്ങോവർ ഇത് വരെ മാറിയിട്ടില്ല. അപ്പോൾ 20-25 വർഷമായി ഈ പാപബോധം പഠിച്ചവർക്ക് ഈ സിനിമയിലെ ഉള്ളടക്കം ദഹിക്കില്ല. ഒരു ജീവനെ കൊന്നു കളയുന്നു എന്നവർ ആവലാതിപ്പെടും, സ്വാഭാവികം! മറ്റ് മതങ്ങളും ആവോളം ഈ പാപബോധം ഉണ്ടാക്കിയെടുത്തിട്ടുണ്ട്, ആരും ഇക്കാര്യത്തിൽ പുറകിലല്ല. ഗർഭനിരോധനം തന്നെ പാപമാണ് മതങ്ങൾക്ക്, പിന്നെയല്ലേ നിയമപരമായ അബോർഷൻ!

അബോർഷന്റെ ശരിയും തെറ്റും ആണ് മതവാദികളുടെ പ്രധാന ആയുധം. രാജ്യത്ത് എന്ത് കൊണ്ട് MTP ആക്ട് കൊണ്ട് വന്നു എന്നൊക്കെ ഒന്ന് ചരിത്രം വായിക്കാൻ ശ്രമിച്ചാൽ അല്പം ആശ്വാസം കിട്ടും. അതവിടെ ഇരിക്കട്ടെ. സിനിമ ആണല്ലോ ചർച്ചാ വിഷയം. ഈ പ്രത്യുല്പാദന സ്വയം നിർണയാവകാശം എന്ന് കേട്ടിട്ടുണ്ടോ ? നിയമമാണ് കേട്ടോ! ഗൂഗിളിലൊക്കെ തിരഞ്ഞാൽ കിട്ടും.

ഈ പ്രത്യുല്പാദന സ്വയം നിർണയ അവകാശം എത്രത്തോളം നടപ്പിലാകുന്നുണ്ട് എന്നതാണ് ചിന്തിക്കേണ്ട വിഷയം. ഒരു സ്ത്രീ പ്രസവിക്കണോ വേണ്ടയോ, വന്ധ്യത ചികിത്സയ്ക്ക് വിധേയയാകണോ വേണ്ടയോ, എത്ര പ്രസവിക്കണം, എപ്പോൾ പ്രസവിക്കണം, പ്രസവം നിർത്തൽ ആര് ചെയ്യണം, ആരുടെയൊക്കെ സമ്മതം വേണം അതിന്, ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാനുള്ള മതപരമായ വിലക്കുകൾ…പെണ്ണിന്റെ ശരീരത്തിന്മേൽ അധികാരം അവൾക്ക് മാത്രം ഇല്ലാത്ത അവസ്ഥ.

ഒരു സ്ത്രീക്ക് പ്രസവിക്കേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം നിലനിൽക്കേ(ആരോഗ്യപരമായോ ഉദ്യോഗപരമായോ വ്യക്തിപരമായോ ഉള്ള കാരണങ്ങൾ ആകാം) അത് സാധ്യമാകാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതി ആണ് നാട്ടിൽ നിലനിൽക്കുന്നത്. സിനിമയിലെ സാറയ്ക്കും (പ്രിവിലേജ്ഡ് എന്ന് വിളിക്കാം) അതെത്ര ബുദ്ധിമുട്ടേറിയ തീരുമാനം ആണെന്ന് കാണാം. അപ്പോൾ സ്രിന്ദയുടെ പോലുള്ള അവസ്ഥയിൽ ഉള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ കാര്യം ഒന്നാലോചിച്ചേ!

സ്ത്രീയെ സംബന്ധിച്ച് വന്ധ്യത എന്നത് എങ്ങനെയും പരിഹരിക്കേണ്ട ഒരു കുറവായി മാറുന്നു. തന്റെ ശരീരത്തെ തന്നെ ഒരു പരീക്ഷണശാലയായി വിട്ടുകൊടുത്ത് അമ്മയാകാനുള്ള പരിശ്രമത്തിൽ പങ്കാളി ആകുന്നവൾ. വന്ധ്യത ചികിത്സ എത്ര ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് അറിവുള്ളവർ കുറവാണ്. അത് സ്ത്രീ ശരീരം അനുഭവിക്കുന്ന പീഡനം എന്ന് തന്നെ പറയേണ്ടി വരും. പല തരം ഇൻജെക്ഷനുകൾ, ഹോർമോൺ കുത്തിവയ്പ്പ്…പലപ്പോഴും 10 മാസവും ബെഡ് റസ്റ്റ്‌ വേണ്ടി വരുന്നവർ ഉണ്ടാകും. ഒന്നിൽ കൂടുതൽ കുട്ടികളെ ഒരുമിച്ച് ഗർഭം ധരിക്കുന്ന സ്ഥിതി വിശേഷവും ഈ ചികിത്സയുടെ ഫലമായി സംഭവിക്കാം. ഹൈ റിസ്ക് പ്രെഗ്നൻസികൾ ഉണ്ടാകാം. പല വട്ടം അബോർഷൻ സംഭവിക്കാം. പരീക്ഷണങ്ങൾ പരാജയപ്പെടാം. ഇതെല്ലാം നൽകുന്ന ശാരീരിക-മാനസിക ആഘാതം ആരും പുറത്ത് പറയില്ല. കാരണം അവളെ വിധിക്കാൻ നമ്മളെല്ലാം കാത്തുനിൽപ്പല്ലേ? അമ്മയാകുക എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി ജീവൻ തന്നെ പണയം വച്ചുള്ള കളിയാണിത്! അപ്പോൾ ഗർഭധാരണം പൂർണമായും സ്ത്രീകളെ ബാധിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് അതിൽ അവസാന വാക്ക് അവളുടേത് തന്നെയാകണം. അതിൽ പാപവും പുണ്യവും കലർത്തേണ്ട ആവശ്യമില്ല.

എത്ര കുട്ടികൾ വേണം, എപ്പോൾ വേണം എന്നത് തീരുമാനിക്കാൻ എത്ര പെണ്ണുങ്ങൾക്ക് കഴിയുന്നുണ്ട്? ഒരു കുട്ടി മതി എന്ന് കരുതുന്നവൾ നമ്മളെ സംബന്ധിച്ച് മൂത്ത കുട്ടിക്ക് കൂട്ടായി ഒരു സഹോദരനെയോ സഹോദരിയെയോ കൊടുക്കാൻ മടിയുള്ളവളാണ്. കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നത് സ്ത്രീയുടെ വലിയ നന്മ ആയി/കഴിവ് ആയി കാണുന്നവരുണ്ട്. അതിനി എത്ര ആരോഗ്യം കളഞ്ഞാണെങ്കിലും 4-5 അങ്ങനെ പ്രസവങ്ങൾ നടത്താൻ മടിയില്ലാത്ത കുടുംബങ്ങളെയും നമുക്ക് കാണാം. ആൺകുട്ടിക്ക് വേണ്ടിയുള്ള പരീക്ഷണ പ്രസവങ്ങളിൽ ലോകം കണ്ട പെൺകുട്ടികൾ എത്രയെണ്ണം!

അടുപ്പിച്ചുള്ള പ്രസവങ്ങൾ ഒക്കെ കാണുന്നവർക്ക് നിസാരമായി തോന്നുമെങ്കിലും അനുഭവിക്കുന്ന പെണുങ്ങൾക്ക് അങ്ങനെയല്ല. ഓരോ തവണയും സിസേറിയൻ ആണെങ്കിൽ അടി വയറ്റിൽ ഉണ്ടാക്കുന്ന നീളൻ മുറിവ് ഉണങ്ങും പോലെ വേഗത്തിൽ ഗർഭപാത്രത്തിൽ ഉണ്ടാക്കിയ മുറിവ് ഉണങ്ങില്ല. സിസേറിയനിലെ ഏറ്റവും റിസ്ക് അനസ്തെഷ്യ ആണെന്ന് എത്ര പേർക്ക് ഇനിയും മനസിലാകാനുണ്ട്? വജൈനൽ ബർത്തിൽ അവസാനം കുഞ്ഞ് പെട്ടെന്ന് ഇറങ്ങി വരാൻ, യോനിയിൽ ചരിച്ചു മുറിക്കുന്നതും ആ സ്റ്റിച്ച് കൊണ്ട് ഇരിക്കുന്നതും ബാത്‌റൂമിൽ പോകുന്നതും ഒക്കെ എത്ര മനോഹരമായ ആചാരങ്ങളാണ്! എന്ത് കൊണ്ടാണ് സ്വന്തം ശരീരത്തെ ഇത്ര കണ്ടു ബാധിക്കുന്ന ഈ പ്രസവങ്ങളിൽ തീരുമാനം എടുക്കാൻ സ്ത്രീകൾക്ക് സാധിക്കാത്തത്? ഇനി എനിക്ക് പ്രസവിക്കാൻ സൗകര്യം ഇല്ല എന്ന് പറയുന്ന സ്ത്രീയെ എത്ര കുടുംബങ്ങൾ അംഗീകരിക്കുന്നു? അങ്ങനെ ഒന്ന് ചിന്തിക്കാൻ പോലും പേടിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകൾ. കാരണം കുട്ടികൾ ദൈവത്തിന്റെ ദാനമെന്നും എത്ര കുട്ടികൾ ഉരുവാകുന്നോ അതെല്ലാം കൈ നീട്ടി സ്വീകരിക്കണം എന്നല്ലേ നമ്മൾ എന്നും ഓതുന്നത്.

ഗർഭനിരോധന മാർഗങ്ങൾ എടുത്താലും ഒരുപാട് സൈഡ് എഫക്റ്റുകൾ ഉള്ള ഹോർമോൺ ഗർഭനിരോധന ഗുളികകൾ വിഴുങ്ങേണ്ടതും കോപ്പർ ടി പോലെ ഇൻഫെക്ഷൻ ഉണ്ടാക്കുന്ന ഒരു അന്യവസ്തു ഗർഭപാത്രത്തിൽ നിക്ഷേപിക്കേണ്ടതും ഇനി സ്ഥിരമായി പ്രസവം നിർത്താൻ ശസ്ത്രക്രിയ ചെയ്യേണ്ടതും പെണ്ണാണ്. കൂടുതൽ ഫലപ്രദമായ കോണ്ടം ഉപയോഗിക്കാൻ (അനുഭൂതി പൂർണമാകില്ല എന്നാണ് വാദം) വാസക്റ്റമിയോ(മുറിവുകൾ ഇല്ലാത്ത, അഡ്മിറ്റ്‌ ആകേണ്ടാത്ത മെഡിക്കൽ പ്രക്രിയ) ചെയ്യാൻ പുരുഷൻ നമ്മുടെ സമൂഹത്തിൽ നിർബന്ധിതനാകുന്നില്ല. പ്രസവം നിർത്താനുള്ള ശാസ്ത്രക്രിയക്ക് ഭർത്താവിന്റെ ഒപ്പ് യാചിക്കുന്ന പെണ്ണുങ്ങളും നമ്മുടെ പരിസരങ്ങളിൽ കാണാം. നിയമം പറയുന്നത് സ്ത്രീക്ക് അതിന് ആരുടെയും ഒപ്പ് ആവശ്യമില്ല എന്നാണ്. എന്നിട്ടും ഡോക്ടർമാർ അതിന് നിർബന്ധം പിടിക്കുന്നത് പിന്നീട് ഭർത്താക്കന്മാർ വന്ന് വിളിക്കാൻ സാധ്യതയുള്ള തെറി ഒഴിവാക്കാൻ ആകും. പ്രസവിക്കാൻ പറ്റാത്തവർ പോയി ട്യൂബക്ടമി ചെയ്യണം എന്ന് പറയുന്നവർ അറിയണം, ഇന്ത്യയിൽ 97 % സ്റ്റെറിലൈസേഷനും നടക്കുന്നത് സ്ത്രീകളിലാണ്!

നൂറ്റാണ്ടുകൾ ആയില്ലേ പെണ്ണിനെ തന്നെ കീറിയും തുന്നിയും ഇങ്ങനെ രസിക്കുന്നു. അപ്പോൾ പെട്ടെന്ന് പെണ്ണുങ്ങൾ സ്വന്തം ശരീരത്തിന്റെ അവകാശം വീണ്ടെടുക്കുന്നത് കാണുമ്പോൾ സഹിക്കില്ല. സിനിമ അബോർഷനെ പ്രോത്സാഹിപ്പിക്കുന്നില്ല. പകരം റെസ്പോൺസിബിൾ പാരന്റ്ഹുഡ് ഉണ്ടാകണം എന്ന ചിന്താശകലമാണ് കൈമാറുന്നത്. നാളെ മുതൽ എല്ലാ പെണ്ണുങ്ങളും പോയി അബോർഷൻ ചെയ്യും എന്ന് പേടിക്കേണ്ട. സഹജമായ മാതൃത്വ വാസന ഉള്ളവരാണ് ബഹുപൂരിപക്ഷം പെണ്ണുങ്ങളും. പക്ഷെ സാറയുടെ കാര്യം സാറ തീരുമാനിക്കും സാർ. ഇത് മറ്റേത് തന്നെയാണ്-ഫെമിനിസം.
(NB: സിനിമയെക്കുറിച്ച്-സണ്ണി വെയ്ൻ, ബെന്നി പി നായരമ്പലം, ധന്യ വർമ്മ ഒക്കെ മിസ് കാസ്റ്റിംഗ് ആയെന്ന് തോന്നുന്നു. ഫ്‌ളാറ്റുകളുടെ ഇന്റീരിയർ ഒക്കെ കിടിലൻ)

You May Also Like

“നമ്മുടെ കണ്ണും മനസ്സും നിറച്ച് ശരിക്കും നമ്മൾ ശബരിമല യിൽ പോയപോലെ ഒരു അനുഭവമാണ് ഈ മൂവി”

JP മാളികപ്പുറം ഇന്നലെ രാത്രി കണ്ടു. ഒട്ടും മുഷിച്ചിലില്ലാതെ ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ നമ്മുടെ കണ്ണും മനസ്സും…

പൃഥ്‌വിരാജിനെ പ്രോപ്പ്സ് ചെയ്യുന്ന സുന്ദരിയെ ലുലുവിൽ വച്ച് കണ്ടപ്പോൾ

2003 ൽ ആണ് സ്വപ്നക്കൂട് ഇറങ്ങുന്നത്. ആ ചിത്രത്തിൽ പൃഥ്വിരാജിനെ പ്രൊപ്പോസ് ചെയുന്ന പെൺകുട്ടിയുടെ ഒരു ചെറിയ റോളിൽ ആണ് ഇവരെ ഞാൻ ആദ്യമായി കാണുന്നത്

തോമസ്‌ എന്ന കുഷാന്‍ടാംഗ്: കദനകഥ

ഒരു കര്‍ക്കടകമാസം.എല്ലായിടത്തും വെള്ളം പൊങ്ങി.ആറ്റില്‍ ഊത്ത പിടുത്തം നടത്തുകയായിരുന്നുഞങ്ങള്‍.അപ്പോഴാണ് ആ വാര്‍ത്ത‍എത്തിയത് .

വിമർശിക്കാം, ക്രിയാത്മകമായി കളിയാക്കാം, പക്ഷെ വിസ്മരിക്കരുത്

ഈ ഇടയായി പല ഗ്രൂപ്പുകളിലും കോളേജ് കുമാരൻ എന്ന ചിത്രത്തിന്റെ സീനുകളെ കളിയാക്കിക്കൊണ്ട് ചില പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു.. വാണിജ്യ സിനിമ, പ്രേക്ഷകർക്ക്