OTT: എന്റെ സ്വന്തം സിനിമാക്കൊട്ടക
ഇന്ന് ദേശീയ ചലച്ചിത്ര ദിനം
പവിത്ര ഉണ്ണി
ഇങ്ങോട്ടൊന്നും പറയേണ്ട, പറയുന്നത് അങ്ങോട്ട് കേട്ടാൽ മതിയെന്ന് പറഞ്ഞു ഞെളിഞ്ഞിരിക്കുന്നയാളാണ് മുൻപൻ-നമ്മുടെ പാവം റേഡിയോ. നിങ്ങളാവശ്യപ്പെട്ട പാട്ടുകൾ എന്നതായിരുന്നു ആകെക്കൂടി ശ്രോതാവും റേഡിയോ നിലയവും തമ്മിലുള്ള ഒരേയൊരു കൊടുക്കൽ വാങ്ങൽ. പിന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് ടി വി വന്നു, അധികം വൈകാതെ കളർ ടി വി വന്നു. തൊണ്ണൂറുകളിലാണ് രാജകീയ സിംഹാസനത്തിൽ ഇരുന്ന് കേബിൾ ടിവി ആഗതനായത്. ഇഷ്ടമുള്ള ചാനലുകൾ മാത്രം പണം നൽകി കാണാനുള്ള രീതിയും പുറകെ വന്നു. ടി വിയിലെ സിനിമക്കാഴ്ചകൾ കാത്തിരുന്ന് കാണുന്ന രീതിയായിരുന്നു പണ്ട്. അതും സിനിമ റിലീസ് ആയി മാസങ്ങൾ കാത്തിരിക്കണം. സിനിമ കാണിക്കുന്ന സമയം ഓർത്തു വച്ച്, മറ്റു പരിപാടികൾ ഒഴിവാക്കി കാണണം.
തിയറ്ററിൽ പോയി/ടി വിയിൽ കാത്തിരുന്ന് പുത്തൻപടങ്ങൾ കണ്ടിരുന്ന മലയാളിക്ക് OTT (over the top) എന്നത് പുതിയ അനുഭവം തന്നെയായിരുന്നു. വീട്ടിലെ ടി വി യിലേക്ക്/കൈയിലുള്ള മൊബൈലിലേക്ക് സിനിമ റിലീസ് ആകുന്നു എന്ന സൗകര്യം ഒരു സൗഭാഗ്യമായി മാറാൻ അവൻ വരേണ്ടി വന്നു-കൊറോണ വൈറസ്. ലോക്ക്ഡൗണിൽ ആയ ജനങ്ങൾ വിനോദത്തിനായി ആശ്രയിച്ചു തുടങ്ങിയതോടെയാണ് OTT പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ഇത്രയും ജനപ്രിയം ആയത്. ഏറ്റവും ആകർഷിച്ചത് നമ്മുടെ സൗകര്യം അനുസരിച്ച് കാണാം എന്നത് തന്നെ. സിനിമ മാത്രമല്ല, സീരീസുകൾ, റിയാലിറ്റി ഷോകൾ, ഡോക്യൂമെന്ററികൾ, കാർട്ടൂണുകൾ തുടങ്ങി ഇതാ താര വിവാഹം വരെ കാണാൻ OTT അവസരം ഒരുക്കുന്നു.
ഞാൻ ആദ്യമായി OTT യിൽ സിനിമ കണ്ടു തുടങ്ങിയത് 2020ലാണ്-കൊറോണക്കാലം. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയാണ് സബ്സ്ക്രൈബ് ചെയ്തിരുന്നത്. പിന്നീട് ഡിസ്നി ഹോട്ട്സ്റ്റാർ, സോണി ലിവ് കൂടി വന്നു. OTT കാഴ്ചകളിൽ ഓർമയിൽ നിൽക്കുന്ന പടങ്ങൾ ഇവയാണ്: തപ്പഡ്, സീ യു സൂൺ, ജോജി, ഗുലാബോ സിതാബോ, സൂഫിയും സുജാതയും, ശകുന്തള ദേവി, ഗെഹ്റായിയാം, മിന്നൽ മുരളി, ചോരി, ചുരുളി, തിങ്കളാഴ്ച നിശ്ചയം, ഗിൽറ്റി, കാണെക്കാണെ, #Home, മാലിക്,സാറാസ്, ആർക്കറിയാം, മണ്ടേല, ദി പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ്, ശ്വാഷാങ്ക് റിഡെംപ്ഷൻ, ത്രിഭംഗ, മാര്യേജ് സ്റ്റോറി, പഗ് ലേത്ത്,മീനാക്ഷി സുന്ദരേശ്വർ, ദിൽ ദഡ്ക്നേ ദോ, സിന്ദഗി ന മിലേഗി ദൊബാരാ,സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ, ഭീഷ്മപർവം, ഭൂതകാലം,ലളിതം സുന്ദരം, പുഴു,12 ത് മാൻ, ഇന്നലെ വരെ, പക,ആവാസവ്യൂഹം, മലയൻകുഞ്ഞ്, ഗാർഗി, സീതാരാമം, സുന്ദരി ഗാർഡൻസ്….
കണ്ടിട്ടും ഇഷ്ടപ്പെടാത്ത സിനിമകൾ ഉണ്ട്. ഇനിയും ഒരുപാട് സിനിമകൾ കാണാൻ ബാക്കിയുണ്ട്. എങ്കിലും ഇത്രയെങ്കിലും സിനിമകൾ കാണാൻ സാധിച്ചത് അവ OTT യിൽ ലഭ്യമായത് കൊണ്ട് മാത്രമാണ്. ഇവ കൂടാതെ പാവ കതൈകൾ, അജീബ് ദാസ്താൻ, മോഡേൺ ലവ്, മോഡേൺ ലവ് മുംബൈ പോലുള്ള ആന്തോളജി സിനിമകളും കാണാൻ സാധിച്ചു. സോഷ്യൽ ഡിലമ പോലുള്ള ഡോക്യൂമെന്ററികളും വിദേശ റിയാലിറ്റി ഷോകളും ടിവി ഷോകളും കണ്ടു.
OTT കളിൽ ഏറ്റവും യൂസർ ഫ്രണ്ട്ലി ആയി തോന്നിയിട്ടുള്ളത് നെറ്റ്ഫ്ലിക്സ് ആണ്. കണ്ടവയെല്ലാം നല്ല സിനിമകൾ ആയി തോന്നിയത് കൊണ്ട് സെലക്ഷനിൽ മുന്നിൽ സോണി ലിവ് ആണ്. പല ഭാഷകളിൽ ലഭ്യമായ സബ് ടൈറ്റിൽ OTT സിനിമ കാഴ്ചയുടെ മറ്റൊരു മികച്ച ഫീച്ചറാണ്. സ്മാർട്ട് ടി വിയിലും ലാപ്ടോപ്പിലും മൊബൈലിലും കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച ദൃശ്യാനുഭവം ടി വി യിൽ കാണുമ്പോൾ തന്നെയാണ്. ഏറ്റവും കാത്തിരുന്ന് FDFS പോലെ കണ്ട സിനിമയാണ് മിന്നൽ മുരളി. അപ്രതീക്ഷിതമായി കണ്ട് ഇഷ്ടപ്പെട്ടത് പകയാണ്. ഏറ്റവും പേടിപ്പിച്ച സിനിമ ഭൂതകാലം.
സിനിമ ആസ്വാദനക്കുറിപ്പ് എഴുതുക എന്ന പുതിയ എഴുത്ത് വഴി പരീക്ഷിക്കാൻ സാധിച്ചു എന്നതാണ് OTT എനിക്ക് നൽകിയ ഏറ്റവും സന്തോഷകരമായ നേട്ടം. തിയേറ്ററിൽ സിനിമ കാണുന്നതിനേക്കാൾ ഇപ്പോൾ എനിക്കിഷ്ട്ടം എന്റെ ഈ സ്വന്തം OTT സിനിമാകൊട്ടകയാണ്…നിങ്ങളെ സിനിമ കാണാൻ പ്രേരിപ്പിക്കുന്നതെന്താണ്? ഈ അടുത്ത് കണ്ട പ്രിയപ്പെട്ട സിനിമയെക്കുറിച്ച് കമെന്റ് ചെയ്യൂ!