എനോല ഹോംസ്: ഒരു പെൺ ഡിറ്റക്റ്റീവിന്റെ കഥ
Spolier Alert-എനോല ഹോംസ് സിനിമയെക്കുറിച്ച്
പവിത്ര ഉണ്ണി
പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടി എത്തുന്ന പേര് ആരുടേതാണ്? എന്നെ സംബന്ധിച്ച് അത് ഷെർലക് ഹോംസാണ്. ആർതർ കോനൻ ഡോയലിന്റെ പ്രശസ്തനായ ഈ കഥാപാത്രത്തിന് ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ? ഷെർലക് ഹോംസിന് ഒരു സാങ്കല്പിക അനിയത്തിയെ ഉണ്ടാക്കി അവൾക്ക് എനോല ഹോംസ് എന്നൊരു പേരും നൽകിയത് അമേരിക്കൻ എഴുത്തുകാരിയായ നാൻസി സ്പ്രിങ്ങറാണ്. അവളുടെ സംഭവബഹുലമായ കഥയാണ് നെറ്റ്ഫ്ലിക്സിൽ സിനിമയായി കാണാൻ സാധിക്കുക. എനോല ഹോംസ് എന്ന കൗമാരക്കാരിയുടെ കഥ തുടങ്ങുന്നത് 2020 ൽ ഇറങ്ങിയ സിനിമയുടെ ആദ്യ ഭാഗത്തിലാണ്. ഒരു സുപ്രഭാതത്തിൽ കാണാതാകുന്ന സ്വന്തം അമ്മയെ തേടി ഇറങ്ങുന്ന എനോല ചെന്നെത്തുന്ന ഇടങ്ങളും ആളുകളും എല്ലാം രസകരമായൊരു ദൃശ്യാനുഭവമാണ്. മകൾക്ക് വേണ്ടി അമ്മ പലയിടങ്ങളിലായി സൂക്ഷിച്ചു വയ്ക്കുന്ന ക്ലൂകൾ കണ്ടെത്തുന്നതിൽ എനോലയ്ക്കൊപ്പം നമുക്ക് കൂടാം.
തമാശ, പ്രണയം, ആക്ഷൻ, സെന്റിമെന്റ്സ് എല്ലാം ചേരുന്ന മികച്ച വിനോദ സിനിമയാണ് ഇത്. ആദ്യ ഭാഗത്തിൽ പറഞ്ഞു പോയ ഫെമിനിസ്റ്റ് ചിന്തകൾ പൂർവാധികം ശക്തിയോടെ മുന്നോട്ട് വയ്ക്കുകയാണ് രണ്ടാം ഭാഗം. ഇത്തവണ ഭാവനയുടെ ലോകത്തെ ചരിത്രവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമായിരുന്നു. സ്ത്രീകളുടെ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങൾ ആവശ്യപ്പെട്ട് നടന്ന ‘മാച്ച് ഫാക്ടറി സ്ട്രൈക്ക്’ ന്റെ പരിസരത്തിലാണ് ഇത്തവണ കഥ സെറ്റ് ചെയ്തിരിക്കുന്നത്. ഫെമിനിസം വേണ്ട തുല്യത മതി എന്ന് ആവശ്യപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ കൂടിയാണിത്. എങ്ങനെയൊക്കെയാണ് ചരിത്രത്തിൽ സ്ത്രീകൾ ചൂഷണം നേരിടേണ്ടി വന്നതെന്നും തന്റേടികളും ഒച്ച വയ്ക്കുന്നവളും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി മരണം പോലും വരിച്ചു പോരാടിയവരും ചേർന്നാണ് ഇന്ന് കാണുന്ന പരിഗണന എങ്കിലും സ്ത്രീകൾക്ക് നേടിയെടുത്തതെന്ന് മനസിലാക്കാനെങ്കിലും സാധിക്കട്ടെ!
എനോലയായി എത്തുന്ന മില്ലി ബോബി ബ്രൗണിന്റെ അഭിനയം എടുത്ത് പറയേണ്ടതാണ്. ‘ഫോർത്ത് വാൾ ബ്രേക്കിംഗ്’ കൊണ്ട് ശ്രദ്ധേയമായ കഥ പറച്ചിലിൽ ഒരിടത്തും നമ്മളെ ബോറടിപ്പിക്കുന്നില്ല നായിക. ഒരു കൗമാരക്കാരിയുടെ കുട്ടിത്തവും അതേ സമയം ഷെർലക് ഹോംസിന്റെ നിഴലിൽ നിന്ന് മാറി സ്വന്തമായൊരു വ്യക്തിത്വം നിർമിക്കാനുള്ള ത്വരയും എല്ലാം മനോഹരമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് മില്ലി. കാണാതായ പെൺകുട്ടിയെ തേടിയുള്ള പ്രധാന കുറ്റാന്വേഷണ കഥയോടൊപ്പം ഒരു കമിങ് ഓഫ് ഏജ് പ്രണയകഥയുമുണ്ട് എന്നത് സിനിമയെ ഡ്രൈ ആക്കാതിരിക്കാൻ സഹായിച്ചിട്ടുണ്ട്.
ഇത്തരം പീരീഡ് സിനിമകളുടെ ആർട്ട്,സെറ്റുകൾ,ലൊക്കേഷനുകൾ, വസ്ത്രാലങ്കാരം ഒക്കെ എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഈ സിനിമയും അതിൽ നിന്ന് വിഭിന്നമല്ല. ഒരു സീനിൽ നിന്ന് മറ്റൊന്നിലേക്ക് മനോഹരമായി ബ്ലെൻഡ് ചെയ്ത് വരുന്ന ട്രാൻസിഷനുകൾ നിറഞ്ഞ എഡിറ്റിംഗും സിനിമയുടെ ചടുലതയ്ക്ക് മോടി കൂട്ടുന്നുണ്ട്. ഡിറ്റക്റ്റീവ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും മിസ് ചെയ്യരുത് ഈ സിനിമ.
ഒരു സ്ത്രീ ഡിറ്റക്റ്റീവ് കേന്ദ്ര കഥാപാത്രമാകുന്ന സിനിമ എന്നത് എനിക്ക് വ്യക്തിപരമായി സന്തോഷം തോന്നുന്ന ഒരു കാര്യമാണ്. സ്ത്രീകളുടെ കഥകൾ പറയുന്ന കൂടുതൽ സിനിമകൾ വരട്ടെ…
നിങ്ങൾ കണ്ടോ ഈ സിനിമ? അഭിപ്രായം രേഖപ്പെടുത്തൂ!