പഴശ്ശിരാജ സ്വാതന്ത്ര്യ സമര സേനാനിയല്ല

269

ടി.കെ.രവീന്ദ്രനാഥ്‌

പഴശ്ശിരാജ സ്വാതന്ത്ര്യ സമര സേനാനിയല്ല

പഴശ്ശിരാജയുടെ 214-ാം ചരമവാർഷിക ദിനമാണ് നവംബർ 30. ബ്രിട്ടീഷ് പട്ടാളത്തോടേറ്റുമുട്ടി വീരചരമമടഞ്ഞ ആദ്യകാല സ്വാതന്ത്ര്യ സമര പോരാളിയാണ് പഴശ്ശിരാജ എന്ന് മാധ്യമങ്ങൾ പറയുന്നു. എന്നാൽ പഴശ്ശിയെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രപരമായി നോക്കിയാൽ ശരിയല്ല. ഒരു കാരണം ഇന്ത്യ എന്ന രാജ്യം അന്നില്ല എന്നതാണ്. 17-ാം നൂറ്റാണ്ടിൽ ഇന്ത്യ ഭൂഖണ്ഡത്തിലെ ഏതാനും പ്രദേശങ്ങളിൽ മാത്രം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് ആധിപത്യമുണ്ടായിരുന്നു എന്നു മാത്രം.

ഇന്ത്യ എന്ന വിശാല ഭൂപ്രദേശത്ത് നൂറ് കണക്കിന് സ്വതന്ത്ര പരമാധികാര രാജ്യങ്ങളു ണ്ടായിരുന്നു. ആ രാജ്യങ്ങൾ ഭരിച്ചിരുന്നത്. ഏകാധിപതികളായ രാജാക്കന്മാരായിരുന്നു. ഈ രാജാക്കന്മാർ തമ്മിൽ യുദ്ധങ്ങൾ നടക്കാറുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു രാജ്യമായിരുന്നു മൈസൂർ. അതിലെ രാജാവായിരുന്നു ടിപ്പു. കോട്ടയം എന്ന മറ്റൊരു രാജ്യമുണ്ടായിരുന്നു. അതിലെ രാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജ.
ടിപ്പു മലബാർ കീഴടക്കാൻ വന്നപ്പോൾ പഴശ്ശിരാജ ചെറുത്തു നിന്നു. 1761 ൽ ബ്രിട്ടീഷുകാരും ടിപ്പുവുമായി ഏറ്റുമുട്ടി യപ്പോൾ പഴശ്ശി മാഹിയിലും തലശ്ശേരിയിലും ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചു. ഒരു സ്വാതന്ത്ര്യ സമര സേനാനി അങ്ങിനെ ചെയ്യാമോ?

ബ്രിട്ടീഷുകാർ പഴശ്ശിയുടെ രാജ്യത്തെ അധീനപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായി നികുതി ഈടാക്കാൻ തുടങ്ങിയതാണ് പഴശ്ശിക്ക് ഈസ്റ്റിന്ത്യാ കമ്പനിയോട് വിരോധം തോന്നാൻ കാരണം.
സ്വന്തം അധികാരം നിലനിർത്താനുള്ള ഒരു രാജാവിന്റെ താല്പര്യം മാത്രമാണ് ബ്രിട്ടീഷുകാരുമായി യുദ്ധത്തിലേർപ്പെടാൻ പഴശ്ശിയെ പ്രേരിപ്പിച്ചത്. അതിനായി അടിമകളായ തന്റെ പ്രജകളിൽ ദേശ സ്നേഹം എന്ന വികാരം വളർത്തി അവരെ യുദ്ധോത്സുകരാക്കി. കോട്ടയം എന്ന രാജ്യത്തെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്നും രക്ഷിക്കുക മാത്രമായിരുന്നു പഴശ്ശിയുടെ ലക്ഷ്യം.

ടിപ്പുവിനെപ്പോലെ മറ്റാരു ആക്രമിയായിട്ടാണ് പഴശ്ശി ബ്രിട്ടീഷുകാരെയും കണ്ടത്. ടിപ്പുവിനെതിരെയുള്ള യുദ്ധം സ്വാതന്ത്ര്യ സമരമാണെങ്കിൽ ബ്രിട്ടീഷുകാർക്കെതിരായ യുദ്ധവും സ്വാതന്ത്ര്യ സമരമാണ്. അതങ്ങിനെയല്ലല്ലോ! അന്നത്തെ ദേശസ്നേഹമെന്നത് കോട്ടയം ദേശസ്നേഹമാണ്. അത് ഇന്ത്യ എന്ന രാജ്യത്തോടുള്ള സ്നേഹമായിരുന്നെന്നും ബ്രിട്ടിഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്താനാണ് പഴശ്ശി യുദ്ധം ചെയ്ത് മരിച്ചതെന്നും ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അയ്യോ കഷ്ടം എന്നേ പറയുന്നുള്ളൂ.